1975 ജൂൺ 25ന് അർദ്ധരാത്രി ക്യാബിനറ്റ് വിളിക്കാതെ, ഭരിക്കുന്നവരുടെ കുടുംബസ്വത്താണ് ഇന്ത്യയെന്നു വിശ്വസിച്ച് ഇന്ദിരയുടെ ഭരണകൂടം അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ വലിയ ജയിലറകളാക്കി. പ്രസ് സെൻസർഷിപ്പ് ഏർപ്പെടുത്തി പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി, ജീവിക്കാനുള്ള പൗരന്റെ അവകാശം കവർന്നെടുത്ത് കോടതികളുടെ ഇടപെടലുകളും വിലക്കി. രാഷ്ട്രീയ എതിരാളികളെ വിചാരണയില്ലാതെ തുറുങ്കിലടച്ചു. 634 ദിവസങ്ങൾ രാജ്യമെന്നത് ജനങ്ങൾക്ക് അവകാശപ്പെട്ടതല്ലെന്ന് വരുത്തിത്തീർത്തു.
21 മാസം നീണ്ട ആ ദുരവസ്ഥയുടെ നാളുകളിൽ കാട്ടുനീതിയായിരുന്നു. ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, എ.ബി. വാജ്‌പേയി, എൽ.കെ. അദ്വാനി, രാജ് നാരായൺ തുടങ്ങി ഒട്ടേറെ നേതാക്കളെ മിസാ തടവുകാരാക്കി ജയിലിലടച്ചു. ആർ.എസ്.എസ് സർസംഘചാലക് ബാലാ സാഹബ് ദേവറസ് 211 മാസവും മിസാ തടവുകാരനായി ജയിലിൽ കിടന്നു. കേരളത്തിൽ അടിയന്തരാവസ്ഥയുടെ ഫലമായി ഏറ്റവും കൂടുതൽ ശാരീരികപീഡനം ഏറ്റുവാങ്ങേണ്ടിവന്നത് ആർ.എസ്.എസ് - നക്‌സലൈറ്റ് പ്രവർത്തകർക്കായിരുന്നു.
ജനാധിപത്യത്തിന്റെ തിരിച്ചുവരവിനുശേഷം അക്കാലത്തെ അതിക്രമങ്ങൾ അന്വേഷിച്ച ജുഡിഷ്യൽ കമ്മിഷനായ ജസ്റ്റിസ് ഷാ കമ്മിഷൻ റിപ്പോർട്ട് അനുസരിച്ച് മിസ, ഡി.ഐ.ആർ, കോഫെപോസ നിയമങ്ങൾ പ്രകാരം 1,12,890 പേരെ അറസ്റ്റുചെയ്ത് തടവിലാക്കിയതായി കണ്ടെത്തി. അടിയന്തരാവസ്ഥയിൽ വന്ധ്യംകരണത്തിന് വിധേയരായവരോ നിർബന്ധിതമായി ഉത്പാദനശേഷി നഷ്ടപ്പെട്ടവരോ ആയ ഹതഭാഗ്യരുടെ എണ്ണം 1975 -76 ൽ 26,24,755, 1975-77 ലേത് 81,32,209 എന്നിങ്ങനെയായിരുന്നു. ഇവരിൽ നല്ലൊരു ഭാഗം ദൽഹിയിലെ മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവരായിരുന്നു.
1973-ൽ ഭരണഘടനയുടെ അടിസ്ഥാനഘടനയെ ദോഷം ചെയ്യുന്ന ഭേദഗതികൾ പാടില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പ്രഖ്യാപിച്ചതിന്റെ പേരിൽ കോൺഗ്രസ് ഭരണകൂടം, വിധി പറഞ്ഞവരിൽപ്പെട്ട മൂന്ന് സീനിയർ ജഡ്ജിമാരെ മറികടന്ന് ജൂനിയറായ ജസ്റ്റിസ് എ.എൻ. റെയെ ചീഫ് ജസ്റ്റിസാക്കി. ഈ പ്രതികാരം ജുഡിഷ്യറിയുടെ സ്വാതന്ത്യ്രം തകർത്തു. ഇതിൽ പ്രതിഷേധിച്ച്, സൂപ്പർസീഡ് ചെയ്യപ്പെട്ട സീനിയർ ജഡ്ജിമാരായ ജസ്റ്റിസ് ജെ.എം. ഷെലാത്ത്, ജസ്റ്റിസ് എ.എൻ. ഗ്രോവർ, ജസ്റ്റിസ് കെ.എസ്. ഹെഗ്‌ഡേ എന്നിവർ ന്യായാധിപസ്ഥാനം രാജിവച്ചു. ഭാരതത്തെ ഉരുക്കുമുഷ്ടികൊണ്ട് തടവറയിലാക്കിയ അടിയന്തരാവസ്ഥയുടെ കറുത്തരാത്രികൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത ഇന്ത്യൻ സമൂഹത്തിനുണ്ടെന്ന് 1977-ൽ തെളിയിക്കപ്പെട്ടു.
അഹിംസയിലൂന്നി സഹനസമരത്തിലൂടെ ജനങ്ങൾ ഏകാധിപത്യത്തെ തുരത്തിയ നാടെന്ന ബഹുമതി ഭാരതത്തിന് ലഭിച്ചത് 1977 മാർച്ച് 21-നായിരുന്നു. അന്നാണ് അടിയന്തരാവസ്ഥ പിൻവലിക്കപ്പെട്ടത്. ജനാധിപത്യത്തെ കൊന്ന് ചാര മാക്കിയെങ്കിലും പൂർവാധികം പ്രഭാവത്തോടെ ഫീനിക്സ് പക്ഷിയെപ്പോലെ കുഴിമാടത്തിൽ നിന്ന് നമ്മുടെ നാട് ഉയിർത്തെഴുന്നേറ്റു. ഗ്രീസിനും ഏഥൻസിനും പകരം ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി പോലും ലോകത്തിലെ ഒരുവിഭാഗം രാജ്യങ്ങൾ വിവക്ഷിക്കുന്നു.1947-ൽ സ്വാതന്ത്ര്യം കിട്ടിയപ്പോഴും 1950-ൽ ഭരണഘടന നിലവിൽ വന്നപ്പോഴും ഇത് യഥാർത്ഥ സ്വാതന്ത്ര്യമല്ലെന്നും, അതിനാൽ അംഗീകരിക്കില്ലെന്നും വാദിച്ചവർ ഇന്ന് വർത്തമാന കേരളത്തിൽ ശക്തരായ പാർട്ടികളാണ്.
ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുമെന്ന് പ്രഖ്യാപിച്ചത് 1947 ഫെബ്രുവരിയിലാണ്. തുടർന്ന് സ്വാതന്ത്ര്യം കിട്ടുന്ന ഇന്ത്യ എങ്ങനെയായിരിക്കണമെന്ന് ആരാഞ്ഞ് അറിയാൻ ബ്രിട്ടീഷ് ക്യാബിനറ്റ് മിഷൻ പ്രതിനിധികൾ ഇന്ത്യയിലേക്കു വന്നു. അവർക്കു മുന്നിൽ ഗാന്ധിജിയുടെ പ്രസ്ഥാനം ഇന്ത്യയെ വിഭജിക്കരുതെന്നും ഏകരാഷ്ട്രമായി നിലനിറുത്തണമെന്നുമുള്ള മെമ്മോറാണ്ടമാണ് നൽകിയത്. മതത്തിന്റെ പേരിൽ രാജ്യത്തെ രണ്ടായി കീറിമുറിക്കണമെന്നായിരുന്നു മുഹമ്മദലി ജിന്നയുടെ ആവശ്യം. എന്നാൽ ഇന്ത്യയെ 16 പരമാധികാര റിപ്പബ്ലിക്കുകളായി വിഭജിക്കണമെന്നും ഇതിനായി ഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മെമ്മോറാണ്ടം. പക്ഷേ ഇന്ത്യൻ ഭരണഘടന ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ ഭരണഘടനയായി അംഗീകരിക്കപ്പെട്ടു. ഭരണഘടന നെഞ്ചിലേറ്റിയും പാർലമെന്റിന്റെ ആദ്യ പടവുകളിൽ സാഷ്ടാംഗം പ്രണമിച്ചുമാണ് വർത്തമാനകാല ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി പാർലമെന്റിലേക്ക് പ്രവേശിച്ചത്.
(ഗോവ ഗവർണർ ആണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |