SignIn
Kerala Kaumudi Online
Friday, 25 July 2025 8.38 AM IST

ലോകം ഭാരതത്തെ വീണ്ടും കണ്ടെത്തുന്ന കാലം

Increase Font Size Decrease Font Size Print Page
a

കഴിഞ്ഞ ദശകത്തിൽ, ഇന്ത്യ സന്ദർശിക്കപ്പെടുകയായിരുന്നില്ല - വീണ്ടും കണ്ടെത്തപ്പെടുകയായിരുന്നു. ബോധ് ഗയയുടെ ധ്യാനാത്മകമായ ശാന്തിയും സാരനാഥിന്റെ ഉജ്ജ്വലമായ നിശബ്ദതയും ആവാഹിക്കുന്ന ഇന്ത്യയുടെ ആദ്ധ്യാത്മിക മനസ് ഓരോ തീർത്ഥാടകനും ഉണർവേകുന്നു. പർവതങ്ങളെ കേവലമായ ഭൂപ്രകൃതിയെന്ന നിലയിലല്ല; ജീവസുറ്റ പുണ്യസങ്കേതങ്ങളായാണ് വീക്ഷിക്കപ്പെടുന്നത്. 2014-നും 2024-നും മദ്ധ്യേ ഈ ആത്മീയ ഉണർവ് രാജ്യത്തിന്റെ സാംസ്‌കാരിക ഭൂപടത്തെ പുനർനിർമ്മിച്ചു. പ്രകൃതി ദുരന്തത്തിന്റെ പ്രതീകമായിരുന്ന കേദാർനാഥ് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റു.

കഴിഞ്ഞ വർഷം ദശലക്ഷത്തിലധികം തീർത്ഥാടകർക്ക് സ്വാഗതമരുളിയ ഈ പുണ്യസങ്കേതം ഒരു ദശാബ്ദം മുമ്പ് സന്ദർശിച്ചത് കേവലം 40,000 പേർ മാത്രമായിരുന്നു. മഹാകാൽ നഗരമായി പുനരുജ്ജീവിപ്പിക്കപ്പെട്ട ഉജ്ജൈൻ കഴിഞ്ഞ വർഷം 7.32 കോടി സന്ദർശകരെ ആകർഷിച്ചു. പ്രകാശത്തിലും പവിത്രതയിലും പുനർജ്ജനിച്ച കാശിയുടെ പുണ്യ മാർഗങ്ങളിലൂടെ 11 കോടി തീർത്ഥാടകർ സഞ്ചരിച്ചു. ബോധ് ഗയയുടെയും സാരനാഥിന്റെയും നിശബ്ദത ഭൂഖണ്ഡങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ചു. 2023 ൽ ഈ രണ്ട് തീർത്ഥാടന കേന്ദ്രങ്ങളും മൂന്ന് ദശലക്ഷത്തിലധികം സഞ്ചാരികളെ ആകർഷിച്ചു.

പിന്നീട്, സ്ഥിതിവിവരക്കണക്കുകളെ കാറ്റിൽപ്പറത്തിയ ആ നിമിഷം സമാഗതമായി- 2024 ജനുവരിയിൽ അയോദ്ധ്യയിൽ നടന്ന രാം ലല്ലയുടെ പ്രാണപ്രതിഷ്ഠ. അതൊരു ഉദ്ഘാടനമായിരുന്നില്ല; സാംസ്കാരിക ഹൃദയത്തുടിപ്പിന്റെ പുനഃസ്ഥാപനമായിരുന്നു. വെറും ആറ് മാസത്തിനുള്ളിൽ 11 കോടിയിലധികം ഭക്തർ അവിടെയെത്തി. ലോകത്തെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലായ 2025-ലെ മഹാകുംഭമേള ഏതാണ്ട് അതുപോലെ തന്നെ ചരിത്രപരമായി പരിണമിച്ചു. വിശ്വാസത്തിന്റെയും അതീന്ദ്രിയതയുടെയും സംഗമഭൂമിയിൽ 65 കോടിയിലധികം തീർത്ഥാടകർ സന്നിഹിതരായി. അയോദ്ധ്യയും പ്രയാഗ്‌രാജും ഇന്ത്യയുടെ ആത്മീയ നവോത്ഥാനത്തിന്റെ ഇരട്ട വിളക്കുമാടങ്ങളായി മാറി. അത് കേവലം വിനോദസഞ്ചാരമായിരുന്നില്ല; തിരിച്ചുവരവായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആ തിരിച്ചുവരവിന് രൂപവും ഭാവവും ആത്മാവും ലഭിച്ചു.

ആത്മീയതയുടെ

യാത്രാപഥങ്ങൾ

ദേശീയ പുനരുജ്ജീവനത്തിനുള്ള ശക്തിയെന്ന നിലയ്ക്കാണ് മോദി സർക്കാർ തുടക്കം മുതൽ വിനോദസഞ്ചാരത്തെ വീക്ഷിച്ചത്. സ്വദേശ് ദർശൻ, അതിന്റെ തന്നെ നവീകരിച്ച പതിപ്പായ സ്വദേശ് ദർശൻ 2.0 എന്നിവയിലൂടെ രാമായണം, ബുദ്ധമതം, സമുദ്രതീരം, ഗോത്രം തുടങ്ങിയ പ്രമേയധിഷ്ഠിത സർക്യൂട്ടുകൾക്കു കീഴിൽ വിനോദസഞ്ചാര മന്ത്രാലയം 110 പദ്ധതികൾ വികസിപ്പിച്ചു. 2014-15 ൽ ആരംഭിച്ച ആദ്യ പദ്ധതിയിൽ, 5,287.90 കോടി രൂപ ചെലവു വരുന്ന 76 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. സ്വദേശ് ദർശൻ 2.0- ൽ, സുസ്ഥിര ലക്ഷ്യസ്ഥാനങ്ങൾ വികസിപ്പിക്കുന്നതിനായി 52 പദ്ധതികൾ കൂടി ചേർത്ത് 2,106.44 കോടി രൂപ ലഭ്യമാക്കി.

2024-25 സാമ്പത്തിക വർഷത്തെ കേന്ദ്ര ബഡ്ജറ്റിലെ നാഴികക്കല്ലായി മാറിയ പ്രഖ്യാപനത്തിലൂടെ, നിക്ഷേപവും ധനസഹായവും സുഗമമാക്കുകയും 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ നിർദ്ദേശിക്കുകയും അവയെ ഇൻഫ്രാസ്ട്രക്ചർ ഹാർമണിസേഷൻ മാസ്റ്റർ ലിസ്റ്റിൽ (IHML) ഉൾപ്പെടുത്തുകയും ചെയ്തു. പുനരുജ്ജീവനം പുണ്യസ്ഥലങ്ങളിൽ മാത്രം ഒതുങ്ങിനിന്നില്ല. 2018- ൽ അനാച്ഛാദനം ചെയ്ത ഏകതാപ്രതിമ, രാജ്യത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്മാരകങ്ങളിലൊന്നായി മാറി. 2023 ൽ 50 ലക്ഷത്തിലധികം സന്ദർശകരെയാണ് ഇവിടം ആകർഷിച്ചത്. അതിനു ചുറ്റും പരിസ്ഥിതി സൗഹൃദ -വിനോദസഞ്ചാര പാർക്കുകൾ, ടെന്റ് സിറ്റികൾ, ഗോത്ര മ്യൂസിയങ്ങൾ എന്നിവ സ്ഥാപിതമായി.

പരിവർത്തനം

പവിത്രം

ഇന്ത്യയുടെ സാംസ്ക്കാരിക ആത്മവിശ്വാസം നയതന്ത്രതലത്തിലും പ്രതിഫലിക്കാൻ തുടങ്ങി. ഫ്രാൻസ്, ജപ്പാൻ, യു.എ.ഇ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ നയതന്ത്രജ്ഞരെ ഡൽഹിയിൽ മാത്രമല്ല, വാരണാസി, ഉദയ്‌പൂർ, അയോദ്ധ്യ, മഹാബലിപുരം എന്നിവിടങ്ങളിലും സ്വാഗതം ചെയ്തു. മൃദുശക്തി കേവലം മൃദുവായിരുന്നില്ല; അത് ആഴത്തിലുള്ള സ്വാധീനമായി മാറി. നദീയാത്രകൾ, ദീപോത്സവങ്ങൾ, ആത്മീയ പര്യടനങ്ങൾ, സാംസ്‌കാരിക പ്രകടനങ്ങൾ എന്നിവ, സ്റ്റേറ്റ്‌ക്രാഫ്റ്റിനെ സോൾക്രാഫ്റ്റാക്കി പരിവർത്തനം ചെയ്തു. അതേസമയം, 'ഇൻക്രെഡിബിൾ ഇന്ത്യ" 2.0,​ സ്മരകങ്ങളുടെ നാട് എന്ന നിലയിൽ നിന്ന് ഇന്ത്യയെ പരിവർത്തനത്തിന്റെ നാടാക്കി മാറ്റി. ഋഷികേശിലെ യോഗ, കേരളത്തിലെ ആയുർവേദം, വടക്കുകിഴക്കൻ മേഖലയിലെ ഗോത്ര ഉത്സവങ്ങൾ, കച്ചിലെ കരകൗശല വസ്തുക്കൾ എന്നിവ വിനോദസഞ്ചാര ആവാസവ്യവസ്ഥയ്ക്ക് ഊർജ്ജസ്വലതയും വ്യത്യസ്തതയും കൊണ്ടുവന്നു. വിപണിയും വിനോദസഞ്ചാരവും വേർതിരിക്കാനാവാത്ത വിധം സമന്വയിക്കപ്പെട്ടു.

ഈ മേഖലയുടെ സാമ്പത്തിക പ്രകടനവും ശ്രദ്ധേയമാണ്. 2000 ഏപ്രിലിനും 2023 ഡിസംബറിനും ഇടയിൽ, വിനോദസഞ്ചാര മേഖലയിൽ മാത്രം ഇന്ത്യ 18 ബില്യൺ ഡോളറിലധികം നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിച്ചു. 2014-22 കാലയളവിൽ പ്രധാന അതിഥിസത്കാര- അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൂടെ 9 ബില്യൺ ഡോളറിന്റെ നിക്ഷേപം ലഭിച്ചു. 2023-ൽ മാത്രം നമ്മൾ 9.52 ദശലക്ഷം വിദേശ വിനോദസഞ്ചാരികളിലൂടെ 2.31 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം നേടി (മുൻ വർഷത്തേക്കാൾ 47.9 ശതമാനം വളർച്ച)​. 2023-24 ൽ ഈ മേഖല 84.63 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിച്ചു, അങ്ങനെ വിനോദസഞ്ചാര മേഖല ഇന്ത്യയുടെ വളർച്ചയുടെയും തൊഴിൽ സൃഷ്ടിയുടെയും ആധാരശിലയായി ഉയർന്നുവന്നു.

പുതിയ ഭാരതത്തിൽ, വിനോദസഞ്ചാരം ഋതുഭേദങ്ങളാൽ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല. അത് സംസ്ക്കാരത്തെ ആധാരമാക്കിയുള്ളതാണ്. ദർശനവും വികസനവും സംഗമിക്കുന്ന, തീർത്ഥാടനവും പുരോഗതിയും സംഗമിക്കുന്ന, ഉത്സവങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംഗമിക്കുന്ന ഒരു അനുഭവമാണത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യ ലോകത്തെ സ്വാഗതം ചെയ്യുക മാത്രമല്ല; ആശ്ലേഷിക്കുകയാണ്. ബോധിവൃക്ഷത്തിനു ചുറ്റും സന്യാസിമാർ വലം വയ്ക്കുമ്പോൾ, കേദാർനാഥിലെ ശാന്തമായ അന്തരീക്ഷത്തിൽ തീർത്ഥാടകർ മന്ത്രം ജപിക്കുമ്പോൾ, അതിർത്തി ഗ്രാമങ്ങൾ കൗതുകത്തോടെ സഞ്ചാരികളെ സ്വീകരിക്കുമ്പോൾ, ഓരോ പുണ്യ പാതയിലും നിശബ്ദ ഇടനാഴിയിലും സത്യം പ്രതിധ്വനിക്കുന്നു: ഇന്ത്യ നിങ്ങൾ സന്ദർശിക്കുന്ന കേവലമൊരു സ്ഥലമല്ല; ശാശ്വത സത്യം തേടി നിങ്ങൾ മടങ്ങിയെത്തുന്ന ഒരു രാജ്യമാണ്.

TAGS: KEDARNATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.