സംസ്ഥാനത്ത് മന്ത്രവാദവും ആഭിചാര പ്രവൃത്തികളും തടയാൻ നിയമം കൊണ്ടുവരുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ട് വർഷങ്ങളായി. ഇലന്തൂർ നരബലി കേസിൽ ഞെട്ടിത്തരിച്ച നാട്, നിയമനിർമ്മാണത്തിനുള്ള ആവശ്യം ശക്തമായി ഉന്നയിച്ചു. ഇത്തരമൊരു ബിൽ കൊണ്ടുവരുമെന്ന് സർക്കാർ തുടർന്ന് പ്രഖ്യാപിച്ചു. ബില്ലിന് നീട്ടിപ്പിടിച്ചൊരു പേരുമിട്ടു. ബിൽ ഇക്കുറി അവതരിപ്പിക്കുമെന്ന് ഓരോ നിയമസഭാ സമ്മേളനത്തിനും മുമ്പ് വാർത്തവന്നു. ഒന്നും സംഭവിച്ചില്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ അതുണ്ടാകുമെന്ന് സമൂഹം പ്രതീക്ഷിച്ചു. എന്നാൽ നിയമ നിർമ്മാണ നീക്കം രണ്ടു വർഷം മുമ്പേ ഉപേക്ഷിച്ചതാണെന്ന് സർക്കാർ ഇപ്പോൾ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. ബിൽ ആവിയായതും അക്കാര്യം സർക്കാർ മറച്ചുവച്ചതും തിരിച്ചടികൾ ഭയന്നാണെന്ന് കരുതണം. ആരേയും പിണക്കേണ്ടെന്ന നിലപാടാണ് ഇതിലേക്ക് നയിച്ചതെന്ന് വ്യക്തം.
ഒരു നൂറ്റാണ്ട് മുമ്പ് വരെ ദുരാചാരങ്ങളുടെ വിളനിലമായിരുന്നു കേരളം. തുടർച്ചയായ നവോത്ഥാന പ്രവർത്തനങ്ങളാണ് സമൂഹത്തെ പ്രബുദ്ധമാക്കിയത്. പിന്നീട് സമ്പൂർണ സാക്ഷരതയിലൂടെ നമ്മുടെ നാട് രാജ്യത്തിന്റെ അഭിമാനമായി. കേരളത്തിലേത് പരിഷ്കൃത സമൂഹമാണെന്ന് ലോകം വാഴ്ത്തി. എന്നാൽ ഈ ഡിജിറ്റൽ യുഗത്തിൽ ചില വിഭാഗങ്ങൾ നെഗറ്രീവ് എനർജിയുമായി തലപൊക്കുയാണ്.
പ്രാകൃതമായ ആചാരങ്ങളും ആഭിചാര പ്രവർത്തനങ്ങളും പല കോണുകളിലും തുടരുന്നു. ഇതിന്റെ അങ്ങേയറ്റമായ നരബലിടയക്കം കേരളത്തിൽ നടമാടി. മന്ത്രവാദവും ബാധയൊഴിപ്പിക്കലും സംബന്ധിച്ച് ക്രിമിനൽ കേസുകൾ നിത്യേനയെന്നോണമുണ്ട്. ഈ സാഹചര്യത്തിലാണ് സമൂഹം സർക്കാരിന്റെ നിയമ നിർമ്മാണത്തിൽ പ്രതീക്ഷയർപ്പിച്ചത്. 'കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഒഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക് മാജിക് ബിൽ 2022" സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.സുധാകരന്റെ വീട്ടിലെ കൂടോത്ര വിവാദത്തോടെ വിഷയം വീണ്ടും സജീവമായി. എന്നാൽ അതിന് മുമ്പേ തന്നെ ബില്ലിൽ നിന്ന് സർക്കാർ പിന്മാറിയിരുന്നുവെന്നാണ് ഇപ്പോൾ വെളിപ്പെടുന്നത്. ഇക്കാര്യമാണ് വൈകിയ വേളയിൽ സർക്കാർ ഹൈക്കോടതിൽ അറിയിച്ചിരിക്കുന്നത്. പ്രശ്നം കോടതി ഗൗരവമായി എടുക്കുകയും ചെയ്തു.
ഉഴപ്പൻ സത്യവാങ്മൂലം
മന്ത്രവാദ, ആഭിചാര പ്രവർത്തനങ്ങൾക്കെതിരേ നിയമനിർമ്മാണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം മൂന്നുവർഷം മുമ്പ് സമർപ്പിച്ച ഹർജിയാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്. പുതിയ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ ചുമതലയേറ്റതോടെയാണ് കേസിന് വീണ്ടും ജീവൻ വച്ചത്. ഹർജിക്കാരുടെ ആവശ്യത്തിൽ സർക്കാരിന്റെ നിലപാട് തേടുകയും ചെയ്തു. ഇതിൽ ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സത്യവാങ്മൂലം സമർപ്പിച്ചപ്പോഴാണ് നിയമനിർമ്മാണത്തിൽ നിന്ന് സർക്കാർ പിൻവാങ്ങിയകാര്യം പുറംലോകമറിഞ്ഞത്. വാസ്തവത്തിൽ രണ്ടു വർഷം മുമ്പ് നടന്ന മന്ത്രിസഭാ യോഗത്തിൽ ഇങ്ങനെയൊരു തീരുമാനമെടുത്തിരുന്നു. നിയമ നിർമ്മാണം സർക്കാർ കാര്യമായതിനാൽ കോടതി ഇടപെടേണ്ടതില്ലെന്ന മറുപടിയും ലാഘവത്തോടെ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ടായിരുന്നു. ദുരാചാരങ്ങളെ സർക്കാർ അംഗീകരിച്ച് നൽകുകയാണോയെന്ന ചോദ്യം തുടർന്ന് കോടതിക്ക് ഉന്നയിക്കേണ്ടി വന്നു. മതവികാരം വ്രണപ്പെട്ടേക്കുമെന്ന ഭീതി, മതസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്രമെന്ന് വ്യാഖ്യാനിക്കാനുള്ള സാദ്ധ്യത... ഇതെല്ലാമാകണം സർക്കാരിനെ മഥിക്കുന്നത്. അതിനാൽ ആരേയും പിണക്കേണ്ടതില്ലെന്നാകണം ചിന്താഗതി.
പാഴായ 10 വർഷം
എ. ഹേമചന്ദ്രൻ എ.ഡി.ജി.പി ആയിരുന്നപ്പോൾ അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയൽ ബിൽ-2014 എന്ന പേരിൽ ഒരു കരട് തയാറാക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നടക്കം അഭിപ്രായങ്ങൾ സ്വീകരിച്ചാണ് ഇത് തയ്യാറാക്കിയത്. അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് ഏഴുവർഷം വരെ തടവും രണ്ടുലക്ഷംരൂപവരെ പിഴയുമാണ് നിർദ്ദേശിച്ചത്. ചർച്ചകൾക്കുശേഷം നിയമം യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.
നിയമസഭാംഗമായിരുന്ന പി.ടി. തോമസ് 2018ൽ ദുർമന്ത്രവാദവും അന്ധവിശ്വാസ പ്രവൃത്തികളും നിരോധിക്കുന്നതിന് സ്വകാര്യബിൽ അവതരിപ്പിച്ചു. സമഗ്രനിയമം നിർമിക്കുന്നത് പരിഗണനയിലാണെന്നു പറഞ്ഞ് സ്വകാര്യബില്ലിനെ സർക്കാർ അംഗീകരിച്ചില്ല. 2021ൽ കെ.ഡി. പ്രസേനൻ അവതരിപ്പിച്ച കേരള അന്ധവിശ്വാസ അനാചാര നിർമ്മാർജന ബില്ലിനും ഇതേ ഗതിയായി. എന്ന സ്വകാര്യബില്ലിനും ഇതായിരുന്നു ഗതി. ജസ്റ്റിസ് കെ.ടി. തോമസ് അദ്ധ്യക്ഷനായ ഭരണപരിഷ്‌കരണ കമ്മിഷൻ 2019 തയ്യാറാക്കിയ ദുർമന്ത്രവാദ, ആഭിചാരക്രിയകൾ തടയലും ഇല്ലാതാക്കലും ബിൽ ഉടൻ പരിഗണിക്കുമെന്ന് ഇടതു സർക്കാർ വ്യക്തമാക്കിയെങ്കിലും അതും ഫ്രീസറിൽ ഒതുങ്ങി. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങൾക്ക് ഒരുവർഷം മുതൽ ഏഴുവർഷംവരെ തടവും 5000 മുതൽ 50,000 വരെ പിഴയുമാണ് ഇതിൽ നിർദ്ദേശിച്ചിരുന്നത്. ഇരകളെ പരിക്കേൽപ്പിച്ചാലോ കൊലപാതകം നടത്തിയാലോ ക്രിമിനൽ പ്രകാരമുള്ള വകുപ്പുകൾ ബാധകമായിരിക്കും. സർക്കാരിന്റെ നിർദ്ദേശം കൂടി കണക്കിലെടുത്താണ് കമ്മിഷൻ ഈ വിഷയത്തിലുള്ള ബിൽ തയ്യാറാക്കിയത്. ഇതിലെ ശുപാർശകൾ പരിഗണിച്ച് നിയമ നിർമ്മാണം നടത്തണമെന്നാണ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണയിലുള്ള ഹർജിയിലെ ആവശ്യം. മഹാരാഷ്ടയിലും കർണാടകയിലും ഇത്തരം നിയമങ്ങൾ നടപ്പാക്കിയ കാര്യവും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മറുപടി നിർണായകം
നിയമനിർമ്മാണത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ, ഇത്തരം ദുരാചാരങ്ങൾ നിയന്ത്രിക്കാൻ എന്തു നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഉയർന്ന ഉദ്യോഗസ്ഥനായ ആഭ്യന്തര വകുപ്പ് സെക്രട്ടറി തന്നെ ജൂലായ് 15നകം മറുപടി നൽകേണ്ടതുണ്ട്. ഒരു പ്രത്യേക വിഷയത്തിൽ നിയമനിർമ്മാണത്തിന് നിർദ്ദേശിക്കാൻ കോടതികൾക്കാവില്ലെന്നും ഹർജി തള്ളണമെന്നുമാണ് ഡെപ്യൂട്ടി സെക്രട്ടറി എം. മഞ്ജു സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരുന്നത്. നിയമ നിർമ്മാണത്തിന് നിർബന്ധിക്കാനാകില്ലെന്ന വാദം ശരിയാണെങ്കിലും ഒരു ഇടപെടലും പാടില്ലെന്ന് അതിനർത്ഥമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സാമൂഹിക പ്രാധാന്യമുള്ള വിഷയത്തിൽ ഇത്തരമൊരു സത്യവാങ്മൂലമല്ല പ്രതീക്ഷിക്കുന്നതെന്നും വിമർശിച്ചു. സർക്കാർ ഇക്കാര്യത്തിൽ സമർപ്പിക്കുന്ന മറുപടിയും ഹൈക്കോടതിയുടെ തീർപ്പും ഇക്കാര്യത്തിൽ നിർണായകമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |