രാജ്യത്തെ ഭൂമി രജിസ്‌ട്രേഷൻ സംവിധാനം നൂറ്റാണ്ടുകൾ പഴക്കമുള്ള കടലാസ് അധിഷ്ഠിത രീതികളിൽ നിന്ന് പൂർണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറാൻ ഒരുങ്ങുന്നു. കേന്ദ്ര സർക്കാർ പുറത്തിറക്കിയ രജിസ്‌ട്രേഷൻ ബിൽ 2025-ന്റെ കരട് ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ്. 1908-ലെ കാലഹരണപ്പെട്ട നിയമത്തിന് പകരമായി, ഭൂമി ഇടപാടുകളിൽ സുതാര്യതയും വേഗതയും കാര്യക്ഷമതയും ഉറപ്പാക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾക്കാണ് പുതിയ ബിൽ വഴിയൊരുക്കുന്നത്.
പുതിയ ബില്ലിന്റെ
സവിശേഷതകൾ
പുതിയ രജിസ്‌ട്രേഷൻ ബിൽ- 2025, പൗരന്മാർക്ക് ഭൂമി ഇടപാടുകൾ കൂടുതൽ ലളിതവും സുരക്ഷിതവുമാക്കുന്ന നിരവധി സവിശേഷതകളോടെയാണ് എത്തുന്നത്:
പൂർണ ഡിജിറ്റൽ രജിസ്‌ട്രേഷൻ: ഇനി പ്രോപ്പർട്ടി രേഖകൾ സമർപ്പിക്കാനും വെരിഫൈ ചെയ്യാനും രജിസ്റ്റർ ചെയ്യാനും പൂർണമായും ഓൺലൈൻ സംവിധാനം ഉപയോഗിക്കാം. ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ, ഇലക്ട്രോണിക് ഒപ്പുകൾ, ബയോമെട്രിക് അംഗീകാരം, ഇ- സർട്ടിഫിക്കറ്റുകൾ എന്നിവ ഈ പ്രക്രിയയെ അങ്ങേയറ്റം ലളിതമാക്കും.
വ്യാപ്തിയുടെ വിപുലീകരണം: നിലവിൽ രജിസ്റ്റർ ചെയ്യേണ്ട രേഖകൾക്കു പുറമെ, വസ്തു വിൽപ്പന കരാറുകൾ (Agreement to Sale), കൈവശാവകാശ സർട്ടിഫിക്കറ്റുകൾ (Certificate of Possession), പവർ ഒഫ് അറ്റോർണി, ഈക്വിറ്റബിൾ മോർട്ട്‌ഗേജുകൾ, കോടതി ഉത്തരവുകൾ എന്നിവയുടെയെല്ലാം രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നുണ്ട്. ഇത് നിയമപരമായ വ്യക്തത വർദ്ധിപ്പിക്കും.
ഭൂനികുതി രേഖകളുമായുള്ള സയോജനം: വിവിധ സർക്കാർ വകുപ്പുകളിലെ ഡാറ്റാബേസുകൾ പരസ്പരം ബന്ധിപ്പിക്കുന്നത് ഉടമസ്ഥാവകാശ പരിശോധന കൂടുതൽ കാര്യക്ഷമമാക്കും. ഭൂമി ഡാറ്റാ ബേസുകൾ, പാൻ (PAN), മുനിസിപ്പൽ സംവിധാനങ്ങൾ എന്നിവയുടെ സയോജനം തട്ടിപ്പുകൾ തടയാൻ സഹായിക്കും.
ഒസ്യത്ത് രജിസ്‌ട്രേഷൻ ലളിതമാക്കും: ഒസ്യത്തുകൾ (Wills) ഇനി ഇ- രജിസ്റ്റർ ചെയ്യാനും സുരക്ഷിതമായി ഡിജിറ്റലായി സൂക്ഷിക്കാനും സൗകര്യമുണ്ടാകും. ഇത് അവയുടെ ദുരുപയോഗം തടയാനും നിയമപരമായ അംഗീകാരം ഉറപ്പാക്കാനും സഹായിക്കും.
തട്ടിപ്പ് തടയലും അപ്പീൽ സംവിധാനവും: രജിസ്‌ട്രേഷൻ നിരസിക്കാനുള്ള വ്യക്തമായ മാനദണ്ഡങ്ങൾ, തെറ്റുകൾ തിരുത്താനുള്ള വ്യവസ്ഥകൾ, തർക്കപരിഹാര അതോറിട്ടി എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് നിയമപരമായ സുരക്ഷ ഉറപ്പാക്കുന്നു. ഇത് ഭൂമി തട്ടിപ്പുകൾക്ക് വലിയൊരളവ് വരെ തടയിടും.
പൗര കേന്ദ്രീകൃത പരിഷ്‌കാരങ്ങൾ: സാധാരണക്കാർക്ക് മനസിലാക്കാൻ എളുപ്പമുള്ള ഭാഷ, റെഡിമെയ്ഡ് ടെംപ്ലേറ്റുകൾ, ഓപ്ഷണൽ ഹാജർ സംവിധാനം, വേഗതയേറിയ നടപടിക്രമങ്ങൾ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് രജിസ്‌ട്രേഷൻ കൂടുതൽ എളുപ്പമാകും.
പിഴകളിലെ മാറ്റങ്ങൾ: നിയമലംഘനങ്ങൾക്കുള്ള പരമാവധി തടവ് ശിക്ഷ ഏഴുവർഷത്തിൽ നിന്ന് മൂന്നു വർഷമായി കുറച്ചിട്ടുണ്ട്.
ഈ ബിൽ നടപ്പിലാകുന്നതോടെ, ഭൂമി ഇടപാടുകളിൽ പേപ്പർ വർക്കുകളുടെയും ഇടനിലക്കാരുടെയും ആവശ്യം ഗണ്യമായി കുറയും. മുതിർന്ന പൗരന്മാർ, പ്രവാസികൾ (NRI), ജോലിക്കാർ എന്നിവരുൾപ്പെടെ എല്ലാവർക്കും വീട്ടിലിരുന്നു തന്നെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നത് വലിയ ആശ്വാസമാകും. ഭൂമി ഇടപാടുകളിലെ നിയമപരമായ വ്യക്തത, തട്ടിപ്പുകൾ കുറയുന്നത്, ഉടമസ്ഥാവകാശ തർക്കങ്ങൾ ഒഴിവാകുന്നത് എന്നിവയാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |