ലഹരി വിരുദ്ധ കാമ്പെയ്‌നിന്റെ ഭാഗമായി സ്‌കൂളുകളിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസിനെതിരെയാണ് ചില മുസ്ളീം മതസംഘടനകളുടെ പുതിയ ഹാലിളക്കം. മേനിയഴക് പ്രകടിപ്പിക്കാനും ആൺ- പെൺകുട്ടികൾ
ഇടകലർന്ന് ആടിപ്പാടാനും, ധാർമ്മികബോധമുള്ള വിദ്യാർത്ഥികൾക്ക് അത് ബുദ്ധിമുട്ടാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള കടന്നുകയറ്റമാണെന്നുമൊക്കെയാണ് ഇവരുടെ വാദഗതികൾ. ധാർമ്മികതയ്ക്ക് വിരുദ്ധമായ ഒന്നും അനുവദിക്കില്ലെന്നും മതപണ്ഡിതർ ചമഞ്ഞെത്തുന്ന ചിലർ മുന്നറിയിപ്പ് നൽകുന്നുമുണ്ട്. ഇവരുടെയൊക്കെ ജല്പനങ്ങൾ കേട്ടാൽ തോന്നുക കേരളം ഏതോ അറബി രാജ്യമെന്നാണ്.
കായികക്ഷമതയും വിനോദവും സംയോജിപ്പിച്ച് 180-ലേറെ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള നൃത്ത, സംഗീത അധിഷ്ഠിത എയ്റോബിക് ഫിറ്റ്‌നസ് പരിപാടിയാണ് സൂംബ. പതിവ് വ്യായാമങ്ങളിലെ വിരസതയും മടുപ്പും ഒഴിവാക്കാൻ ഇതിലെ സംഗീതവും നൃത്തച്ചുവടുകളും സഹായിക്കും. പണ്ട് വിദ്യാലയങ്ങളിൽ ഉണ്ടായിരുന്ന ഡ്രില്ലിന്റെ പുതിയൊരു രൂപമായ സൂംബ ഹൃദയാരോഗ്യത്തിനും ആസ്ത്‌മ, പ്രമേഹ പ്രതിരോധത്തിനും ശാരീരികക്ഷമതയ്ക്കും ഏകാഗ്രതയ്ക്കും മാനസികോല്ലാസത്തിനും ഉത്തമമാണ്. കൊളംബിയൻ നൃത്തസംവിധായകൻ ആൽബെർട്ടോ ബെറ്റോ പെരെസ് കാൽ നൂറ്റാണ്ടു മുമ്പാണ് സൂംബ രൂപപ്പെടുത്തിയത്. വ്യായാമത്തെ ആഘോഷമാക്കുന്നതാണ് സൂംബയുടെ ജനപ്രീതിയുടെ രഹസ്യം. പഠനസമ്മർദ്ദം ലഘൂകരിക്കാനും ഇത് കുട്ടികളെ സഹായിക്കും.
നൃത്തവും സംഗീതവും കലാവാസനയും രക്തത്തിൽ കൊണ്ടുനടക്കുന്നവർ ജീവിക്കുന്ന കേരളത്തിൽ
സൂംബ ഡാൻസിനെതിരെ ഉയർന്ന എതിർപ്പ് തീരെ ബാലിശമായിപ്പോയി. മുസ്ളീം ജനവിഭാഗത്തെ സമൂഹത്തിനു മുന്നിൽ പരിഹാസ്യരാക്കുന്നതാണ് ഇത്തരം നിലപാടുകൾ. ജീവിതത്തിന്റെ എല്ലാ മേഖലകളിലും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മര്യാദയല്ല. സൗദി അറേബ്യ പോലെ മതാധിഷ്ഠിതമായ മുസ്ളീം രാജ്യങ്ങൾ പോലും പുരോഗമന ചിന്തയിലേക്ക് പോകുമ്പോൾ സമ്പൂർണ സാക്ഷരതയുള്ള കേരളത്തിലെ ചില വിവരദോഷികളായ പുരോഹിതരുടെ തീട്ടൂരങ്ങൾക്ക് മുസ്ളീം ജനത നിന്നുകൊടുക്കരുത്. സാമൂഹ്യബോധമുള്ള, ഉത്തരവാദപ്പെട്ട മുസ്ളീം മതനേതൃത്വങ്ങൾ ഇത്തരം അപക്വവും അപരിഷ്കൃതവുമായ നിലപാടുകളെ തള്ളിപ്പറയണം. നിങ്ങൾ മൗനം പാലിക്കുന്നത് ഇക്കൂട്ടരെ അംഗീകരിക്കുന്നതിനു തുല്യമാണ്.
സർക്കാരുകൾ ഏതൊരു പരിഷ്കാരം കൊണ്ടുവരുമ്പോഴും മുസ്ളീം മതനേതൃത്വങ്ങളുടെ അനുമതി വേണമെന്ന നിലയിലേക്കാണ് കേരളത്തിൽ കാര്യങ്ങൾ പോകുന്നത്. ആഴ്ചകൾക്കു മുമ്പ് സ്കൂൾ സമയം പരിഷ്കരിച്ചപ്പോൾ വെള്ളിയാഴ്ച മദ്രസ പഠനമുള്ളതിനാൽ പാടില്ലെന്നായിരുന്നു ഇവരുടെ നിലപാട്. പതിവുപോലെ അതിനും സർക്കാർ വഴങ്ങി. കേരളത്തിലെ 12,600-ലേറെ പൊതുവിദ്യാലയങ്ങളിൽ വെള്ളിയാഴ്ചകളിൽ പതിറ്റാണ്ടുകൾക്കു മുമ്പേ ഉച്ചയ്ക്ക് ദീർഘമായ ഇടവേള നൽകുന്നുണ്ട്. എന്നാൽ കേരളത്തിൽത്തന്നെയുള്ള 3000-ത്തിലേറെ സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ മുസ്ളീം കുട്ടികളുടെ വെള്ളിയാഴ്ചകൾക്ക് ഒരു സൗജന്യവുമില്ലതാനും. അവിടെ ഈ തന്ത്രമൊന്നും ചെലവാകില്ല. സർക്കാർ ഓഫീസുകളിലെ മുസ്ളീം ജീവനക്കാർക്ക് അപ്രഖ്യാപിത നിസ്കാരസമയവും ലഭ്യമാകുന്നുണ്ട്. യൂണിഫോമിന്റെ കാര്യത്തിലും അടുത്തിടെ പെൺകുട്ടികൾക്ക് നിസ്കാര സൗകര്യം വേണമെന്നുമൊക്കെ പറഞ്ഞ് വിവാദങ്ങൾ ഉയർന്നു. യോഗയ്ക്കെതിരെയും എതിർപ്പുകളുടെ പെരുമഴയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ മലപ്പുറത്തെ മെക്ക് 7 വ്യായാമ കൂട്ടായ്മയ്ക്കെതിരെയും ഇക്കൂട്ടർ രംഗത്തുവന്നിരുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ച് വ്യായാമം ചെയ്യുന്നതാണ് 'പണ്ഡിതന്മാരെ" ചൊടിപ്പിച്ചത്.
മറ്റൊരു മതവും കേരളത്തിൽ ഇത്തരം പ്രത്യേക അവകാശങ്ങൾ ചോദിച്ചു വരുന്നില്ല. ഇങ്ങനെ പോയാൽ മുസ്ളീം മതനേതാക്കളുടെ സൗകര്യം നോക്കി വേണ്ടിവരും കേരളത്തിൽ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കാൻ. ഇവരുടെ കടുംപിടിത്തങ്ങൾക്ക് ഇനിയും വഴങ്ങിയാൽ മറ്റു മതങ്ങളും ആവശ്യങ്ങളുമായി എത്തും. ഹിന്ദുക്കൾക്ക് മണ്ഡലവ്രതവും കറുപ്പുടുക്കലും താടിയും മുടിയും വളർത്തലും, ക്രൈസ്തവർക്ക് നോമ്പുകാലവും മറ്റും ഉണ്ടെന്ന് മറക്കേണ്ട. ഹിന്ദു, ബുദ്ധ, ജൈന, സിക്ക് മതങ്ങൾ പിറവികൊണ്ട മണ്ണാണ് ഇവിടം. ഹൈന്ദവ സംസ്കാരത്തിനാകട്ടെ സഹസ്രാബ്ദങ്ങളുടെ ചരിത്രമുണ്ട്. കാലഹരണപ്പെട്ട മതശാസനകൾ അതേപടി പിന്തുടരണമെന്ന് ഈ മതങ്ങളൊന്നും കടുംപിടിത്തം പിടിക്കുന്നില്ല.
പ്രാകൃതമായ ആചാരങ്ങൾ കെട്ടിപ്പിടിച്ചിരിക്കുകയല്ല വേണ്ടത്. കാലത്തിനൊപ്പം സഞ്ചരിക്കാൻ ഏതു മതവും തയ്യാറാകണം. ലോകം മുന്നോട്ടു പോകുമ്പോൾ പിന്നോട്ടു നടക്കാൻ ഉപദേശിക്കുന്ന മുസ്ളീം മതത്തിലെ ചില പണ്ഡിതരോട് സഹതപിക്കാനേ കഴിയൂ. ഇവരുടെ അഭിപ്രായപ്രകടനങ്ങൾ നവോത്ഥാന കേരളത്തിന് അപമാനമാണ്. ഇന്ത്യയ്ക്ക് അഭിമാനമായി ശുഭാംശു ശുക്ള ഭൂമിക്ക് 400 കിലോമീറ്റർ ഉയരെ ബഹിരാകാശ സ്റ്റേഷനിൽ എത്തിയ വേളയിലാണ് സാമാന്യയുക്തിക്ക് നിരക്കാത്ത വാദങ്ങളുമായി ഈ 'മഹാപണ്ഡിതർ" കേരളസമൂഹത്തിൽ വിഹരിക്കുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യകളും വളർന്നത് ഇവരൊന്നും അറിയുന്നില്ലേ? കേന്ദ്രസർക്കാർ ഏക സിവിൽ കോഡ് നടപ്പാക്കിയാൽ മതവും കെട്ടിപ്പിടിച്ചിരിക്കുന്നവർ നാട് വിടുമോ?
വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സ്വന്തമായി ആവിഷ്കരിച്ച് നടപ്പാക്കുന്നതൊന്നുമല്ല സൂംബ ഡാൻസ്. ഒട്ടേറെ രാജ്യങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതാണ്. യൂണിഫോം ധരിച്ചുകൊണ്ടു തന്നെ ചെയ്യാനുമാകും. മതസാമ്രാജ്യം കെട്ടിപ്പടുക്കുവാനുള്ള ചിലരുടെ തീവ്രയജ്ഞത്തിന്റെ ഭാഗമാണ് സൂംബയെ എതിർക്കലെന്ന് മറ്റുള്ളവർ തെറ്റിദ്ധരിച്ചാൽ നിഷേധിക്കാനുമാവില്ല. സർക്കാർ ഏതു പരിഷ്കാരങ്ങൾ കൊണ്ടുവരുമ്പോഴും മതത്തിന്റെ പേരുപറഞ്ഞ് എതിർക്കുകയും അതേ സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും അർഹതപ്പെട്ടതിൽ കൂടുതൽ കണക്കുപറഞ്ഞ് മേടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇക്കൂട്ടർ സ്വീകരിക്കുന്നത്.
സർക്കാർ സ്കൂളുകളിലും സർക്കാർ ശമ്പളവും പരിപാലനച്ചെലവും നൽകുന്ന സ്വകാര്യ വിദ്യാലയങ്ങളിലും നിയമം അനുവദിക്കുന്ന എന്തു പരിഷ്കാരവും നടപ്പാക്കാൻ സർക്കാരിന് അധികാരമുണ്ട്. ഏതെങ്കിലും വിവരദോഷികളായ പണ്ഡിതരുടെ തീട്ടൂരം നടപ്പാക്കേണ്ട ഇടമല്ല സ്കൂളുകൾ. സർക്കാർ നിർദ്ദേശം പാലിക്കാത്തവയുടെ അംഗീകാരം പിൻവലിക്കുമെന്നും എയ്‌ഡ് നിറുത്തുമെന്നും പറഞ്ഞാൽ തീരാവുന്ന ശൗര്യമേ ഇവർക്കുള്ളൂവെന്ന് ഇടതുസർക്കാരെങ്കിലും തിരിച്ചറിയണം. വിമോചന സമരത്തിന്റെ കാലമൊക്കെ കഴിഞ്ഞു. കുട്ടികൾ കളിച്ചും ചിരിച്ചും പഠിച്ചും ചിന്തിച്ചും വളരട്ടെ. അവരുടെ മനസുകളിൽ അമിതമായ മതചിന്തകളും മതവൈരവും കുത്തിവയ്ക്കുന്ന പുരോഹിത വർഗത്തെ, അവർ ഏതു മതത്തിൽപ്പെട്ടവരായാലും പടിയടച്ച് പിണ്ഡം വയ്ക്കാൻ ജനം തയ്യാറാകണം.
മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവരുൾ ഇക്കൂട്ടരുടെ മനസുകളിലേക്ക് കടത്തിവിടാനുള്ള എന്തെങ്കിലും പദ്ധതി കൂടി സർക്കാർ ആലോചിക്കണം. സൂംബ ഡാൻസ് നിശ്ചയിച്ച പോലെ തന്നെ മുന്നോട്ടുകൊണ്ടുപോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് ശുഭകരമാണ്. ഇത് സ്‌കൂളുകളിൽ നടപ്പാക്കുന്നതിനെ എസ്.എൻ.ഡി.പി യോഗം സർവാത്മനാ പിന്തുണയ്ക്കുന്നു. ഒരു കാരണവശാലും തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകരുതെന്നും അഭ്യർത്ഥിക്കുന്നു.
`
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |