SignIn
Kerala Kaumudi Online
Sunday, 20 July 2025 9.02 PM IST

കെ. ബാലകൃഷ്ണൻ എന്ന തീ അണഞ്ഞിട്ട് 41 വ‌ർഷം ജ്വാലയിൽ ഉണരുന്ന ജീൻ

Increase Font Size Decrease Font Size Print Page
blg

പത്രപ്രവർത്തകൻ പ്രസന്നരാജൻ എഴുതിയ കെ. ബാലകൃഷ്ണന്റെ ജീവചരിത്രത്തിന്റെ പേര് 'കെടാത്ത ജ്വാല" എന്നാണ്. അദ്ദേഹത്തിന്റെ ആത്മകഥയും ഒരു ജ്വാലയുളവാക്കുന്നുണ്ട്. 'നനഞ്ഞു പോയി; എങ്കിലും ജ്വാല" എന്നാണ് ആത്മകഥയുടെ ശീർഷകം. രണ്ടു തലക്കെട്ടുകളും സ്വാഭാവികമായി വാർന്നുവീണതാകാനേ തരമുള്ളൂ. രണ്ടും ധ്വന്യാത്മകവുമാണ്. കെ. ബാലകൃഷ്ണന്റെ ജീവിതവും പെയ്തൊഴിയാത്ത ഓർമ്മകളുടെ സുഗന്ധവും നമ്മുടെ മനസിലേക്ക് കൊണ്ടുവരുന്നത് അണയാൻ കൂട്ടാക്കാത്ത ജ്വാലാനാളങ്ങളാണ്.

രാഷ്ട്രീയക്കാരിലെ ധിഷണാശാലിയും, ധിഷണാശാലികളിലെ രാഷ്ട്രീയക്കാരനുമായിരുന്നു കെ. ബാലകൃഷ്ണൻ. വേണമെങ്കിൽ, പത്രപ്രവർത്തകരിലെ ധിഷണാശാലിയും, ധിഷണാശാലികളിലെ പത്രപ്രവർത്തകനുമായിരുന്നു കെ. ബാലകൃഷ്ണൻ എന്നും പറയാവുന്നതാണ്. അഥവാ, ദേശീയ സ്വാതന്ത്ര്യ സമരകാലത്തെ,​ സ്വന്തം പ്രതിഭാവിലാസം കൊണ്ട് അടയാളപ്പെടുത്തിയ ഒരു തലമുറയുടെ അണഞ്ഞുപോകാത്ത ഓർമ്മകളുടെ പ്രതീകം കൂടിയാണ് അദ്ദേഹം. ജീവിതത്തിന്റെ ഏതു തുറകളിലും വ്യാകരണത്തെറ്റുകൾ അരങ്ങുതകർക്കുന്ന കാലത്ത് അവയെ ചോദ്യം ചെയ്യാൻ അവതരിച്ചതായിരുന്നു കെ. ബാലകൃഷ്ണൻ.

കാലുഷ്യങ്ങളോട്

കലഹ കാലം

കേവലം സിദ്ധാന്തങ്ങൾ കൊണ്ടല്ല, ജീവിതത്തിന്റെ തുറസ്സുകളിൽ കണ്ണും കർമ്മവും സമർപ്പിച്ചുകൊണ്ടാണ് അദ്ദേഹം കാലത്തിന്റെ കാലുഷ്യങ്ങളോട് കലഹിച്ചത്. സ്വന്തം ഡി.എൻ.എയിൽ ഉരുവംകൊണ്ട ചിന്തയുടെയും പ്രതിഭയുടെയും അനന്യമായ കിരണങ്ങൾ ആ കലഹസഞ്ചാരങ്ങൾക്ക് അസാധാരണമായ വെളിച്ചവും നൽകി. അതിന്റെ ഈടുവയ്പിൽ അദ്ദേഹം ഒരു ജീവിതത്തിൽത്തന്നെ പല ജീവിതം ജീവിക്കുകയും ചെയ്തു. പത്രാധിപരും രാഷ്ട്രീയ നേതാവും എന്നതിനപ്പുറം, പ്രഭാഷകനും പ്രസാധകനും എഴുത്തുകാരനും കോളമിസ്റ്റും ആയിരുന്നു. എല്ലാ ജീവിതങ്ങളിലും സ്വന്തം അടയാളങ്ങൾ ചാർത്തുകയും ചെയ്തു. അവയൊക്കെയും സന്ദിഗ്ദ്ധതകളിൽ കൈവിട്ടുപോകുന്ന ജീവിതത്തെ തിരിച്ചുപിടിക്കാൻ നമ്മെ സഹായിച്ചെന്നും വരും. ഇവിടെയാണ് കെ. ബാലകൃഷ്ണന്റെ ആത്മകഥയുടെയും ജീവചരിത്രത്തിന്റെയും പേരുകളിലെ പെരുമ കുടികൊള്ളുന്നത്.

അറുപതു വയസു പോലും എത്തുന്നതിനു മുമ്പാണ് അദ്ദേഹം ഓർമ്മകളിലേക്കു മടങ്ങിയത്. പക്ഷെ, ഒരു പുരുഷായുസിന്റെ കാലപ്രയാണംകൊണ്ട് അടയാളപ്പെടുത്താൻ കഴിയുന്നതിലും ഏറെ നമ്മുടെ ഓർമ്മകളിലേക്ക് നിറച്ചുകൊണ്ടാണ് അദ്ദേഹം പോയത്. തിരു- കൊച്ചി മുഖ്യമന്ത്രിയും സ്‌റ്റേറ്റ് കോൺഗ്രസ് നേതൃത്രയത്തിലെ മുമ്പനും ആയിരുന്ന സി. കേശവന്റെ (ടി.എം. വർഗീസും പട്ടം താണുപിള്ളയുമായിരുന്നു മറ്റു രണ്ടു പേർ) മകനായി ജനനം. നിരീശ്വരവാദിയും, ദിവാൻ സർ സി.പി. രാമസ്വാമി അയ്യരോട് ഏറ്റുമുട്ടാൻ ധീരത കാണിക്കുകയും ചെയ്ത സി. കേശവന്റെ മകനും തീരെ മോശമാകാനിടയില്ലല്ലോ.

സ്വന്തം വഴി സ്വയം

വെട്ടിയൊരുക്കി

പിന്നെയുമുണ്ടായിരുന്നു ഈടുവയ്പ്. മുത്തച്ഛൻ സമാനമായ വിധത്തിൽ ഗാംഭീര്യമാർന്ന വ്യക്തിത്വത്തിനുടമയായ സാക്ഷാൽ സി.വി. കുഞ്ഞുരാമൻ. പത്രാധിപന്മാരിലെയും എഴുത്തുകാരിലെയും ആചാര്യസ്ഥാനം അലങ്കരിച്ചിരുന്ന യാളായിരുന്നുവല്ലോ സി.വി. അങ്ങനെ, ഒരു വശത്ത് അച്ഛന്റെ രാഷ്ട്രീയ- അധികാര ശാസനങ്ങളുടെ ശീതളിമ. അതേ സമയം തന്നെ മുത്തച്ഛന്റെ പത്രപ്രവർത്തന - സാഹിത്യ പാരമ്പര്യത്തിന്റെ പ്രകാശപൂർണമായ വഴി. വേണമെങ്കിൽ ഇതിൽ ഏതിന്റെയെങ്കിലും പിൻബലത്തിൽ ഒന്നു പയറ്റാൻ കഴിയുമായിരുന്നു,​ കെ. ബാലകൃഷ്ണന്. എന്നാൽ സുകരമായേക്കാവുന്ന ആ വഴിയിലൂടെ സഞ്ചരിക്കാനല്ല അദ്ദേഹം തീരുമാനിച്ചത്! തന്റെ വഴി സ്വന്തമായി വെട്ടിത്തെളിക്കേണ്ടതാണെന്ന ഉറച്ച ബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഊഷ്മളമായ പാരമ്പര്യത്തിന്റെ എല്ലാ നന്മകളും അദ്ദേഹം ഏറ്റുവാങ്ങി. എന്നാലും അതിന്റെയെല്ലാം ഊർജ്ജത്തിൽ സ്വന്തം വഴി കണ്ടെത്തുകയായിരുന്നു അദ്ദേഹം.

ദേശീയ സ്വാതന്ത്ര്യ സമരകാലത്തെ എല്ലാ പോരാളികളെയും പോലെ എഴുത്തും പത്രപ്രവർത്തനവും രാഷ്ട്രീയവുമൊക്കെ ഒരു മിഷൻ എന്ന നിലയിലാണ് അദ്ദേഹവും കണ്ടത്. സ്വാതന്ത്ര്യവും ജനാധിപത്യവും മാനവികതയുമൊക്കെ പൂത്തുലയുന്ന ഒരു സാമൂഹ്യക്രമത്തിനു വേണ്ടി സ്വയം സമർപ്പിക്കുകയായിരുന്നു. എന്നാൽ അത് അച്ഛൻ സി. കേശവന്റെ കോൺഗ്രസ് പ്രവർത്തനംകൊണ്ട് നേടാൻ കഴിയുന്നതല്ലെന്ന ചിന്താഗതിക്കാരനായിരുന്നു കെ. ബാലകൃഷ്ണൻ. ചെറുപ്പത്തിലേ തന്നെ മൗലികചിന്ത തലയിൽ കൂടുകൂട്ടിയ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയമാണ് കൂടുതൽ ശരിയെന്നു വിശ്വസിച്ചു. മാർക്സിസ്റ്റ് ധാരയോടായിരുന്നു കൂടുതൽ അടുപ്പം. എന്നിട്ടും കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പം ചേരാനും തയ്യാറായില്ല.

ഇതേത്തുടർന്ന് ആദ്യം കെ.എസ്.പിയുടെയും പിന്നീട് ആർ.എസ്.പിയുടേയും പതാകാവാഹകനായി. അച്ഛൻ പിന്തുടർന്നിരുന്ന രാഷ്ട്രീയത്തോട് നേർക്കുനേർ ഏറ്റുമുട്ടുന്ന നിലപാടെടുത്തു. സ്‌റ്റേറ്റ് കോൺഗ്രസ് നേതാക്കളുടെ യോഗം വീട്ടിൽ ചേരുമ്പോൾ മച്ചിൻപുറത്ത് പതുങ്ങിയിരുന്ന് ആ യോഗങ്ങളിലെ രഹസ്യങ്ങൾ ചോർത്തിയെടുത്തിരുന്ന ബാലകൃഷ്ണനെപ്പറ്റി ചില കഥകൾ പ്രചാരത്തിലുണ്ട്. മാർക്സിസത്തെപ്പറ്റി ഇ.എം.എസിനോട് ആശയപരമായി ഏറ്റുമുട്ടാൻ ധൈര്യം കാണിച്ച കെ. ബാലകൃഷ്ണനെപ്പറ്റി ഇ.എം.എസ് തന്നെ എഴുതിയിട്ടുണ്ട്. കെ.എസ്.പിയുടെ നയപ്രഖ്യാപനത്തെ വിമർശിച്ചുകൊണ്ട് ഇ.എം.എസ് 'കമ്യൂണിസ്റ്റി"ൽ എഴുതിയ ലേഖനങ്ങളായിരുന്നു ഇതിന് ആധാരം.


ഇ.എം.എസിനെയും

വെല്ലുവിളിച്ച്...

കെ.എസ്.പി.യുടേതല്ല യഥാർത്ഥ മാർക്സിസ്റ്റ് കാഴ്ചപ്പാട് എന്നായിരുന്നു പ്രസ്തുത ലേഖനങ്ങളിൽ ഇ.എം.എസ് വിശദീകരിച്ചിത് . ഇതിനെതിരെ ബാലകൃഷ്ണൻ കോഴിക്കോട് സംഘടിപ്പിച്ച ഒരു പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് ഇതേപ്പറ്റി പരസ്യ സംവാദത്തിന് ഇ.എം.എസിനെ വെല്ലുവിളിച്ചത്. വെല്ലുവിളിക്കുകയും വെല്ലുവിളിക്ക് മറുപടി പറയുകയും ചെയ്യുന്നത് തന്റെ പതിവല്ലെന്നും, എന്നാൽ നാട്ടുകാരുടെയിടയിൽ ആശയക്കുഴപ്പമുണ്ടാകാൻ ഇടയുള്ളതിനാൽ അതു തീർക്കുന്നതിനുള്ള വാദപ്രതിവാദം നടത്തുന്നതിന് താൻ തയ്യാറാണെന്നുമാണ് ഇ.എം.എസ് പറഞ്ഞത്. ചില നിബന്ധനകൾക്കു വിധേയമായി വാദപ്രതിവാദത്തിനു തയ്യാറാണെന്ന് ഇ.എം.എസ് പറയുകയും ചെയ്തു.

ഇക്കാര്യം ഇ.എം.എസിന്റെ സമ്പൂർണ കൃതികളുടെ എട്ടാം വാല്യത്തിൽ 'കെ.എസ്.പി.യെപ്പറ്റി വീണ്ടും" എന്ന ലേഖനത്തിൽ (പേജ് 43 - 44) ഇ.എം.എസ് തന്നെ എഴുതിയിട്ടുണ്ട്. ഇ.എം.എസിനെപ്പോലെ ധിഷണാശാലിയായ ഒരാളെ പരസ്യമായി വെല്ലുവിളിക്കാൻ കാട്ടിയ ധീരത ചെറുതല്ല. തിരു- കൊച്ചി നിയമസഭയിലെ എം.എൽ.എയും (1954) അമ്പലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള എം.പിയും (1971) ആയിരുന്നു അദ്ദേഹം. എന്നാൽ രാഷ്ട്രീയ രംഗത്തെ ഈ പാർലമെന്ററി ഇടപെടലുകളേക്കാൾ, പത്രാധിപരും പ്രഭാഷകനും എഴുത്തുകാരനുമായ കെ. ബാലകൃഷ്ണന്റെ ഓർമ്മകളാണ് നമ്മെ കൂടുതൽ ഉണർത്തുന്നത്.

കൗമുദിയിലെ

ജ്വാലാമുഖി

കെ. ബാലകൃഷ്ണന്റെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന 'കൗമുദി" വാരിക അക്കാലത്തെ രാഷ്ട്രീയ,​ സാംസ്കാരിക ചലനങ്ങളുടെ പ്രതിഫലനംകൊണ്ട് സജീവമായിരുന്നു. കേരളത്തിന്റെ സാംസ്കാരിക ചരിത്ര മുന്നേറ്റത്തിലെ ദിശാസൂചകമായാണ് 'കൗമുദി" പ്രസിദ്ധീകരിച്ചിരുന്നത്. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലുള്ള കഥയിലെ സുൽത്താന്മാരും വയലാറിനെപ്പോലെ കാവ്യകലയിലെ സർവാഭരണ വിഭൂഷിതരുമൊക്കെ 'കൗമുദി"യുടെ താളുകളെ ദാസുരമാക്കിയവരാണ്. ഇരുവരുമായും ബാലകൃഷ്ണൻ അനന്യ സുഭഗമായ സൗഹൃദവും കാത്തുസൂക്ഷിച്ചിരുന്നു.

1960 കളിലും 70 കളിലും 'കൗമുദി"യിൽ ഒരു കഥയോ കവിതയോ പ്രസിദ്ധീകരിച്ചു വരുന്നത് എഴുത്തുകാർക്ക് സാഹിത്യ രംഗത്ത് സ്വയം അടയാളപ്പെടുത്താനുള്ള അവസരമായും ഏറെപ്പേർ കണ്ടിരുന്നു. 'പത്രാധിപരോടു ചോദിക്കുക" എന്ന,​ കെ. ബാലകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന പംക്തി 'കൗമുദി"യുടെ മുഖമുദ്ര‌യായിട്ടാണ് വായനക്കാർ സ്വീകരിച്ചിരുന്നത്. 'ഗൂഗിളും" 'മെറ്റ"യുമൊക്കെ സ്വപ്നത്തിൽപ്പോലും വരാത്ത കാലത്ത് സൂര്യനു കീഴെയുള്ള ഏതു വിഷയത്തെക്കുറിച്ചും വായനക്കാർക്ക് ഈ പംക്തിയിൽ ചോദിക്കാമായിരുന്നു. ഏതു ചോദ്യത്തിനും വ്യക്തവും യുക്തിസഹവുമായ മറുപടി നൽകാൻ കെ. ബാലകൃഷ്ണൻ എന്ന പത്രാധിപർക്ക് കഴിയുകയും ചെയ്തിരുന്നു.

പ്രഭാഷകൻ എന്ന നിലയിലുള്ള ബാലകൃഷ്ണന്റെ ഗാംഭീര്യവും ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. 1935 മെയ് 11-ലെ ചരിത്ര പ്രസിദ്ധമായ 'കോഴഞ്ചേരി പ്രസംഗ"ത്തിലൂടെ സാക്ഷാൽ സർ സി.പി. രാമസ്വാമി അയ്യരെത്തന്നെ വെല്ലുവിളിക്കാൻ ധൈര്യം കാണിച്ച സി. കേശവന്റെ മകന്റെ പ്രഭാഷണചാതുരി അസാധാരണമായതിൽ അത്ഭുതപ്പെടേണ്ടതില്ലല്ലോ. രാഷ്ട്രീയമോ സാഹിത്യമോ ചരിത്രമോ സംസ്കാരമോ എന്തുമാകട്ടെ, ബാലകൃഷ്ണന്റെ പ്രഭാഷണങ്ങൾക്ക് കേരളത്തിലെവിടെയും ശ്രോതാക്കൾ ഏറെയായിരുന്നു. പ്രഭാഷണ കലയിലെ സൗമ്യദീപ്ത സാന്നിദ്ധ്യമായ പ്രൊഫ എം.കെ. സാനു മാഷ്,​ കെ. ബാലകൃഷ്ണനുമൊത്ത് നടത്തിയിട്ടുള്ള പ്രഭാഷണ പര്യടനത്തെപ്പറ്റി ധാരാളം എഴുതിയിട്ടുണ്ട്.

ഇന്നിപ്പോൾ കെ. ബാലകൃഷ്ണൻ ഓർമ്മകളിലേക്കു മറഞ്ഞിട്ട് 41 വർഷമാകുന്നു. ആശയവിനിമയ സംവിധാനങ്ങൾ ഇന്ന് വിസ്മയകരമായി മാറിയിരിക്കുകയാണ്. പത്രങ്ങൾ മാത്രം ആധിപത്യം പുലർത്തിയിരുന്ന കാലത്താണ് കെ. ബാലകൃഷ്ണന്റെ ജീവിതവും സാമൂഹൃ ഇടപെടലുകളും നിറവോടെ നിന്നത്. തന്റെ ബുദ്ധിയും സിദ്ധിയും ഭാവനയും പ്രതിബദ്ധതയുമൊക്കെ അങ്ങേയറ്റം ആർജ്ജവത്തോടെയും ഉത്തരവാദിത്വത്തോടെയുമായിരുന്നു അദ്ദേഹം ഉപയോഗപ്പെടുത്തിയത്.

ഇന്ന് നിർമ്മിതബുദ്ധിയും ചാറ്റ് ജിപിടിയും ഡീപ് ഫെയ്ക്കുമൊക്കെ സാമൂഹ്യ ജീവിതത്തിന്റെ അഖിലാണ്ഡ മണ്ഡലങ്ങളിലും അരങ്ങുതകർക്കുന്ന കാഴ്ചയാണ്. അല്പബുദ്ധികളും അവിദഗ്ദ്ധരുമായവർ പോലും സാങ്കേതികവിദ്യയുടെ തോണിയിൽ ആഞ്ഞു തുഴഞ്ഞുകൊണ്ടിരിക്കുകയാണ്. മാജിക്ക് കാട്ടുന്നതാണ് പത്രപ്രവർത്തനം എന്നു പോലും ധരിക്കുന്നവർ കുലപതികളായി സ്വയം പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന കാലവുമാണ്. അവിടെ കെ. ബാലകൃഷ്ണൻ എന്ന ജീനിയസിനെ എത്രപേർ ഓർക്കുന്നുണ്ടെന്ന് ഉറക്കെ ചോദിക്കേണ്ടിയിരിക്കുന്നു.

(ലേഖകൻ മുൻ വിവരാവകാശ കമ്മിഷണറാണ് )

TAGS: BALAKRISHNAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.