പ്രിയപ്പെട്ട ഉമ്മൻചാണ്ടി ഓർമയായിട്ട് രണ്ടു വർഷമായെങ്കിലും, ആ വിയോഗം അംഗീകരിക്കാൻ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ഇന്നും തയ്യാറായിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിലെ കബറിടത്തിലേക്ക് തീർത്ഥാടനത്തിനെന്ന പോലെ ജനങ്ങൾ ഇപ്പോഴും ഒഴുകിയെത്തുന്നത്. ഒരാളുടെ ഭൗതികമായ അസാന്നിദ്ധ്യത്തിലും അയാളുടെ ആത്മീയ സാന്നിദ്ധ്യം സ്ഫുരിക്കുന്ന വേറൊരു കല്ലറ കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതാവിന്റെ പേരിലും അടയാളപ്പെടുത്തിയിട്ടില്ല, ഇന്നോളം.
ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ കാണാൻ ഓരോ ദിവസവും ആയിരക്കണക്കിനാളുകൾ എത്തുമായിരുന്നു. എവിടെയാണോ ഉമ്മൻചാണ്ടി ഉണ്ടായിരുന്നത് അവിടെയെല്ലാം എപ്പോഴും വലിയ ആൾക്കൂട്ടമായിരുന്നു. ആൾക്കൂട്ടത്തിനിടയിലല്ലാതെ ഉമ്മൻചാണ്ടിയെ കാണാൻ കഴിയുമായിരുന്നില്ല. വ്യത്യസ്ത വിഷയങ്ങളുമായാണ് അവരെല്ലാം ഉമ്മൻചാണ്ടിയെ കാണാനെത്തിയത്. അതിനെല്ലാം അദ്ദേഹത്തിന് ഒരു സൊല്യൂഷൻ ഉണ്ടായിരുന്നു. ഉമ്മൻചാണ്ടി കണ്ടാൽ ഏതു പ്രശ്നത്തിനും പരിഹാരം ഉറപ്പായിരുന്നു. ഈ വിശ്വാസമാണ് അദ്ദേഹത്തിനു ചുറ്റും സദാ ആൾക്കൂട്ടത്തെ സൃഷ്ടിച്ചത്.
കേരളത്തിലെ കോൺഗ്രസിന് ഒരിക്കലും മറക്കാനാവാത്ത സംഭാവനകൾ നൽകിയ നേതാവാണ് ഉമ്മൻചാണ്ടി. ത്യാഗത്തിന്റെയും വിശാലമായ പാർട്ടി താത്പര്യങ്ങളുടെയും മുഖമുദ്രയായി നമുക്ക് അദ്ദേഹത്തെ കാണാൻ കഴിയും. കോൺഗ്രസ് പ്രവർത്തകർക്ക് എവിടെയൊരു പ്രശ്നമുണ്ടോ, അവിടെ ഉമ്മൻചാണ്ടി ഉണ്ടാകും. അതു പരിഹരിച്ചിട്ടേ അദ്ദേഹം ഉറങ്ങിയിരുന്നുള്ളൂ. പാർട്ടി പ്രവർത്തകർക്കും പ്രവർത്തനങ്ങൾക്കും വേണ്ടി സംസ്ഥാനത്തുടനീളം ഉമ്മൻചാണ്ടിയോളം സഞ്ചരിച്ചിട്ടുള്ള നേതാക്കളെ കാണാൻ കഴിയുക പ്രയാസമാകും. എല്ലാവരെയും ചേർത്തുനിറുത്താനും എല്ലാവർക്കുമൊപ്പം ചേർന്നുനിന്ന് എല്ലാവരെയും മുന്നോട്ടു കൊണ്ടു പോകാനും മുന്നിൽ നിന്നു പ്രവർത്തിച്ച നേതാവ്.
പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാനും മറികടക്കാനും അദ്ദേഹത്തിന് അനിതര സാധാരണമായ ധൈര്യവും ഊർജ്ജവുമുണ്ടായിരുന്നു. പല സന്ദർഭങ്ങളിലും ഇണങ്ങിയും പിണങ്ങിയും ഞങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴൊക്കെയും ഏകമനസോടെ പാർട്ടി താത്പര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ രണ്ടുപേരും ബദ്ധശ്രദ്ധരായിരുന്നു. അഭിപ്രായങ്ങളിലായിരുന്നു ഭിന്നത. ചർച്ചകളിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും അതു മറികടക്കാൻ ഞങ്ങൾക്കായി. ഞാൻ കെ.പി.സി.സി പ്രസിഡന്റും അദ്ദേഹം മുഖ്യമന്ത്രിയുമായിരുന്ന കാലഘട്ടത്തിൽ പാർട്ടിയും സർക്കാരും തമ്മിലുണ്ടായിരുന്ന ഒരു കെമിസ്ട്രി, സംസ്ഥാന വികസനത്തിന്റെയും സമാധാനത്തിന്റെയും പാർട്ടി - ഭരണ അച്ചടക്കത്തിന്റെയും സുവർണകാലമെന്നു വിശേഷിപ്പിക്കാം. പാർട്ടി പ്രസിഡന്റ് എന്ന നിലയിൽ ഞാൻ ഭരണത്തിനും, മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം പാർട്ടിക്കും നൽകിയ പിന്തുണ അനിതര സാധാരണമായിരുന്നു.
ഭരണത്തിലിരിക്കെ അദ്ദേഹം നടത്തിവന്ന ജനസമ്പർക്ക പരിപാടി സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനമായിരുന്നു. ലക്ഷക്കണക്കായ ആളുകളുടെ ജീവിതം ഭരണത്തിന്റെ ചുവപ്പുനാടകളിൽ കുടുങ്ങി ജീവിതം വഴിമുട്ടി നിന്നപ്പോൾ അദ്ദേഹം ജനങ്ങൾക്കിടയിലേക്കിറങ്ങിച്ചെന്നു. ഭരണ സാങ്കേതികതകളുടെ കുരുക്കഴിക്കാനും നിരാശർക്ക് സമാശ്വാസത്തിന്റെ ലേപനം പുരട്ടാനും അദ്ദേഹത്തിന്റെ ഈ പരിപാടി സഹായിച്ചു. അതിന്റെ ഫലമാണ് മരണശേഷവും അദ്ദേഹത്തിന്റെ ഒപ്പമുണ്ടായ ജനസഞ്ചയം. മുഖ്യമന്ത്രി എന്ന നിലയിൽ പാവപ്പെട്ടവർക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല.
പാർട്ടി പ്രവർത്തകർക്കു മാത്രമല്ല, മറ്റുള്ളവർക്കും ഒരു പ്രശ്നമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ അതിനു പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്ന ആളായിരുന്നു ഉമ്മൻചാണ്ടി. ആ വിയോഗം അതുകൊണ്ടു തന്നെ കേരളീയ പൊതുസമൂഹത്തിന് തീരാനഷ്ടം തന്നെയാണ്. രണ്ടല്ല, ഇനിയങ്ങോട്ട് എത്ര വർഷം കഴിഞ്ഞാലും അദ്ദേഹത്തിന്റെ ഓർമ വിശാലമായ പച്ചത്തുരുത്തായി ജനങ്ങളുടെ മുന്നിൽ തളിരിട്ടു നിൽക്കും. ഇത്രമാത്രം കാരുണ്യവും ആർദ്രതയും കരുതലുമുള്ള ഒരു നേതാവ് കോൺഗ്രസ് പാർട്ടിയുടെ തന്നെ താങ്ങും തണലുമായിരുന്നു, എന്നും. അദ്ദേഹത്തിന്റെ വേർപാട് വരുത്തിയ ശൂന്യതയിൽ ദുഃഖിക്കുന്ന ജനലക്ഷങ്ങൾക്കൊപ്പം എന്റെയും സ്മരണാഞ്ജലി!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |