താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ, താന്താനനുഭവിച്ചീടുകെന്നേ വരൂ...! എന്നറിഞ്ഞതോടു കൂടിയാണ് രാമായണത്തിലെ കർമ്മഫലങ്ങളുടെ തുടക്കം. ബാലിയുടെ കൽപ്പിതവും കർമ്മഫലവും മറ്റൊന്നാണ്. മയന്റെ പുത്രനായ മായാവിയുമായുള്ള യുദ്ധമദ്ധ്യേ അസുരനെ വധിയ്ക്കാൻ ബാലി, ഗഹ്വരത്തിൽ കടക്കുകയും അസുരനെ വധിച്ചു പുറത്തുവരാൻ വൈകിയതിലൂടെ ഗത്യന്തരമില്ലാതെ രാജ്യാധികാരമേറ്റ സുഗ്രീവനെ ശത്രുവായിക്കണ്ടു നിഗ്രഹിയ്ക്കാൻ പുറപ്പെടുന്നതും ശ്രീരാമനാൽ വധിയ്ക്കപ്പെടുന്നതും ബാലിയുടെ കർമ്മഫലമാണ്.
രാമനെത്തന്നെ ചിന്തിച്ചു തപധ്യാനചിത്തനായിരിയ്ക്കുന്ന മാരീചന്റെ അടുത്തുചെന്ന് രാവണൻ, തനിയ്ക്ക് സീതയെ അപഹരിയ്ക്കാൻ വഴിയൊരുക്കുന്നതിന് രാമലക്ഷ്മണന്മാരെ ദൂരെയകറ്റുവാൻ ഹേമവർണ്ണംപൂണ്ട മാനായിച്ചെന്ന് സീതയെ മോഹിതയാക്കുവാൻ പറയുമ്പോൾ, രാവണനോടുള്ള എല്ലാ ഉപദേശങ്ങളും വൃഥാവിലെന്നുകണ്ട് ഒടുവിൽ പൊൻമാനായിച്ചെന്ന് രാഘവ ശരമേറ്റുവീഴുന്നതും കർമ്മഫലമല്ലാതെ മറ്റെന്ത്!
മാരീചോപദേശത്തിനു മറുപടിയായി, തന്നെ വധിയ്ക്കാൻ സത്യസങ്കൽപ്പനായ ഭഗവാൻ നേരത്തേതന്നെ നിശ്ചയിച്ചുറച്ചതാണെന്നും അതിനെ അതിജീവിയ്ക്കുവാൻ ആർക്കും സാദ്ധ്യമല്ലെന്നും പറയുന്ന ദശമുഖൻ മറ്റൊരു സന്ദർഭത്തിൽ, ശ്രീരാമചന്ദ്രനെ ചെന്നുവണങ്ങിയാൽ ആശ്രിത വത്സലനായ അദ്ദേഹംതന്നെ ഹൃദയപൂർവ്വം സ്വീകരിയ്ക്കുമെന്നു അറിയാമെന്നിരുന്നിട്ടും, എന്നാൽ ഭഗവാന്റെ കൈകളാൽ വധിയ്ക്കപ്പെട്ടാൽ തത്ക്ഷണം മോക്ഷം പ്രാപിയ്ക്കാമെന്നു ചിന്തിയ്ക്കുകയും ഒടുവിൽഅങ്ങനെതന്നെ സംഭവിയ്ക്കുന്നതും, കർമ്മഫലംതന്നെ .
ഇവിടെയെല്ലാം ഓർമ്മവരുന്നത് "കർമ്മമത്രേ തടുക്കാവതല്ലാർക്കുമേ..!”എന്ന ശ്രവണകുമാരവാക്യമാണ്.
ആ മുനികുമാരന് ദശരഥനിലൂടെ സംഭവിച്ച അപ്രതിഹതമായ വിധിയും കർമ്മഫലംതന്നെ! വിരാധനും ഖരനും ശൂർപ്പണഖയുമെല്ലാം കർമ്മഫലങ്ങളുടെ പ്രതീകങ്ങളാണ് .കർമ്മഗുണഗണഫലങ്ങൾ എങ്ങനെ ജീവിതഗതിയിൽ ബന്ധിയ്ക്കപ്പെടുന്നുവെന്ന് ഇതെല്ലാംതന്നെ വ്യക്തമാക്കുന്നു.
വാത്മീകി പൂർവ്വജന്മകൃതമെന്നോണം ശൈശവത്തിൽത്തന്നെ മാതാപിതാക്കന്മാരാൽ പരിത്യക്തനായി. അങ്ങനെയിരിക്കെ, ബാലനായ രത്‌നാകരനെ കള്ളന്മാർ തട്ടിക്കൊണ്ടുപോയി വളർത്തി. കർമ്മഫലമെന്നു പറയട്ടെ, തുടർന്ന് അക്രമസ്വഭാവങ്ങളെ, കണ്ടും പരിചയിച്ചും കാട്ടാളനായി മാറി, ആ ബാലൻ. കാട്ടാളന്റെ സഹജമായ അക്രമവാസനയാൽ മുനിവരന്മാരോട് ആക്രമണോൽസുകനായിച്ചെന്നു രത്നാകരനെ നോക്കി 'നിന്റെ കുടുംബത്തിനുവേണ്ടി നീ ചെയ്യുന്ന ഹീനകൃത്യങ്ങളുടെ ഫലം അവർകൂടി പകുത്തുവാങ്ങുമോ ?'എന്നന്വേഷിച്ചുവരാൻ മുനിമാർ പറഞ്ഞതിൽ നിന്നുമുണ്ടായ അന്വേഷണവും തത്ഭവമായി വന്നുചേർന്ന ഉൾക്കാഴ്ചയുമാണ് രാമായണത്തിന്റെ സൃഷ്ടിസൗന്ദര്യത്തിനു കാരണം.
കർമ്മഫലങ്ങളുടെ കഥയാണ് രാമായണം; എന്നാൽ അതിനു പല അർത്ഥതലങ്ങളുണ്ടെന്നു മാത്രം! ഇതെല്ലാംതന്നെ കർമ്മഗുണഗണ ഫലങ്ങൾ എങ്ങനെ ജീവിതഗതിയിൽ ഉടനീളം ബന്ധിയ്ക്കപ്പെടുന്നുവെന്ന് വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |