SignIn
Kerala Kaumudi Online
Saturday, 30 August 2025 1.43 PM IST

രാവണൻ സൂക്ഷിച്ച വിദ്വേഷ ഭക്തി!

Increase Font Size Decrease Font Size Print Page

ravanan

രാധയ്ക്ക് കൃഷ്ണനോടുള്ളത് പ്രേമഭക്തിയാണ്. ഹനുമാന് ശ്രീരാമനോടുള്ള ഭക്തിയെ സമർപ്പിത ഭക്തിയെന്നോ ദാസ്യ ഭക്തിയെന്നോ വിശേഷിപ്പിക്കാം. രാവണന് ശ്രീരാമനോടുള്ളത് വിദ്വേഷ ഭക്തിയാണ്. വിദ്വേഷത്തിന്റെ വഴിയിലായാലും അവൻ ചിന്തിക്കുന്നത് തന്നെക്കുറിച്ചാണല്ലോ എന്നാണ് ഭഗവാൻ കാണുന്നത്. ഏതു രീതിയിൽ ചിന്തിച്ചാലും അനുഗ്രഹിക്കുവാനുള്ള അപാര കൃപ ഭഗവാനുണ്ട്. യഥാർത്ഥ ഭക്തന്റെ മനസ് കടലിന്റെ അടിത്തട്ടു പോലെ ശാന്തമായിരിക്കും. എന്നാൽ,​ ഭഗവാനോടുള്ള ശ്രദ്ധ വിദ്വേഷ രൂപത്തിലാണെങ്കിൽ ആ വ്യക്തിയുടെ മനസും ശരീരവും ഒരിക്കലും ശാന്തമായിരിക്കില്ല. അതാണ് രാവണൻ!

തെറ്റിന്റെ വഴിയിലൂടെ സഞ്ചരിച്ച് വളരെ ദൂരം മുന്നോട്ടു പോയാൽ പിന്നീട് ശരിയിലേക്ക് തിരികെ വരാൻ കഴിയില്ല എന്ന പാഠം രാവണൻ നമ്മെ പഠിപ്പിക്കുന്നു. ചെയ്തുകൂട്ടിയ തെറ്റുകളുടെ കൂമ്പാരത്തിൽ ചവിട്ടിനിന്ന് അനിവാര്യമായ മരണത്തിലേക്ക് നടന്നു കയറുകയായിരുന്നു രാവണൻ. അധികാരം നൽകുന്ന ധിക്കാരങ്ങളുടെ അതിർത്തിപ്പുരകളിലാണ് യുദ്ധങ്ങളുടെ ഗർഭഗൃഹം എന്ന സത്യം രാമായണം നമ്മെ പഠിപ്പിക്കുന്നു.

വിരുദ്ധ സ്വഭാവങ്ങൾ പേറുന്നവരാണ് രാമായണത്തിലെ നായകനും പ്രതിനായകനും. അധികാരം ഉപേക്ഷിച്ച് കാട്ടിലേക്കു പോയ രാമനും,​ കാടിനെ ഉപേക്ഷിച്ച് അധികാരത്തിലേക്ക് നടന്നു കയറിയ രാവണനും! ഉത്തമ ഗുണങ്ങളുടെയും നന്മയുടെയും ആൾരൂപമാണ് രാമനെങ്കിൽ,​ അധർമ്മത്തിന്റെയും അനീതിയുടെയും അരാജകത്വത്തിന്റെയും പാതയിൽ മാത്രം സഞ്ചരിച്ച രാക്ഷസ ചക്രവർത്തിയാണ് രാവണൻ. ബ്രഹ്മാവിൽ നിന്ന് ലഭിച്ച വരത്തിന്റെയും പരമശിവൻ വരമായി നൽകിയ ചന്ദ്രഹാസത്തിന്റെയും അഹങ്കാരത്തിൽ രാവണൻ എല്ലാം മറന്നു. ഇഷ്ടപ്പെട്ടതെല്ലാം ബലപ്രയോഗത്തിലൂടെ കൈയടക്കി.

ധിക്കാരിയായ ലങ്കാധിപൻ

കൈലാസമെടുത്ത് അമ്മാനമാടിയതും മയാസുരന്റെ രഥവലയം ഭേദിച്ച് മണ്ഡോദരിയെ തട്ടിയെടുത്തതും രാവണന്റെ ഗർവ് വർദ്ധിപ്പിച്ചതേയുള്ളൂ. ലോകൈക ചക്രവർത്തിയായ രാവണന് സീതയെന്ന ത്രൈലോക്യ സുന്ദരിയെ പട്ടമഹിഷിയായി ലഭിച്ചില്ലെങ്കിൽ അപൂർണനായ ചക്രവർത്തിയായിരിക്കും രാവണൻ എന്ന് ഉപദേശിച്ചത് സഹോദരി ശൂർപ്പണഖയാണ്. സീത ലങ്കയ്ക്ക് അലങ്കാരമാവുമെന്ന് രാവണനും ചിന്തിച്ചു. ശൂർപ്പണഖയുടെ ഉപദേശം അഹങ്കാരിയായ രാവണനെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടു.

പരാജയങ്ങളിൽ നിന്ന് രാവണൻ പാഠം പഠിച്ചില്ല. കാർത്തവീര്യാർജുനനുമായി ഏറ്റുമുട്ടി പരാജിതനായി തടവറയിൽ അടയ്ക്കപ്പെട്ട രാവണനെ രക്ഷിച്ചത് പിതാമഹൻ പുലസ്ത്യനാണ്. വാനരരാജാവായ ബാലിയെ തോല്പിച്ചാൽ ലഭിക്കാവുന്ന ഖ്യാതിയെക്കുറിച്ച് ചിന്തിച്ച് രാവണൻ ബാലിയെ ആക്രമിക്കാനും തീരുമാനിച്ചു. സമുദ്രതീരത്ത് സ്നാനം കഴിഞ്ഞ് പ്രാർത്ഥിച്ചു നിന്നിരുന്ന ബാലിയെ പിറകിലൂടെ ചെന്ന് ആക്രമിച്ചു,​ രാവണൻ. ബാലി രാവണനെ വാൽകൊണ്ട് വരിഞ്ഞുകെട്ടി ആകാശത്തിലൂടെ തെക്കേ സമുദ്രതീരത്തേക്കു പോയി. പിന്നീട് ആകാശമാർഗം തിരികെവന്നു. രക്ഷിക്കണമെന്ന് കേണപേക്ഷിച്ച രാവണനെ ബാലി മോചിപ്പിക്കുകയായിരുന്നു. മനുഷ്യരിൽ നിന്നല്ലാതെ മരണമില്ല എന്നായിരുന്നു ബ്രഹ്മദേവനിൽ നിന്ന് രാവണനു ലഭിച്ച വരം!

രൗദ്രതയും ആർദ്രതയും

രൗദ്രതയിൽ നിന്ന് ആർദ്രതയിലേക്ക് രാവണന്റെ ഭാവം വഴിമാറുന്ന മനോഹരമായ ചിത്രം 'യുദ്ധകാണ്ഡ"ത്തിൽ നമുക്കു കാണാം. രാവണന്റെ മനസിൽ സ്ത്രീയെക്കുറിച്ച് ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും വഴി തുറക്കുന്ന കാഴ്ചയാണ് 'യുദ്ധകാണ്ഡ"ത്തിൽ. പ്രിയപുത്രൻ ഇന്ദ്രജിത്ത് ലക്ഷമണനാൽ വധിക്കപ്പെട്ട വാർത്ത രാവണനെ ദു:ഖിപ്പിച്ചു.

ഇന്ദ്രജിത്തിനെക്കുറിച്ചുള്ള ആർദ്രമായ ഓർമ്മകൾ രാവണനെ വേദനിപ്പിച്ചു. താൻ ചെയ്ത തെറ്റുകളുടെ രക്തസാക്ഷിയാണ് അവൻ. ഒരച്ഛനും ഇതുപോലെ മകനെ ബലി കൊടുക്കാൻ പാടില്ല!

രാവണന്റെ മനസിൽ രാമന്റെയും ഇന്ദ്രജിത്തിന്റെയും രൂപം ഒന്നിച്ച് കടന്നുവന്നു. ദശരഥന്റെ തെറ്റുകൊണ്ട് കാട്ടിൽ പോകേണ്ടി വന്ന രാമൻ. രാവണന്റെ തെറ്റുകൊണ്ട് മരണം ഏറ്റുവാങ്ങേണ്ടി വന്ന പുത്രൻ ഇന്ദ്രജിത്ത്. രാമവിയോഗത്താൽ ഉണ്ടായ ദുഃഖം സഹിക്കവയ്യാതെയാണ് ദശരഥൻ മരിച്ചത്. ഇന്ദ്രജിത്തിനെ നഷ്ടപ്പെട്ട വേദനയിൽ പിടയുന്ന തന്റെ മനസിലെ ദുഃഖം മറികടക്കാൻ ഏക പോംവഴി മരണമാണെന്ന് രാവണൻ തീർച്ചയാക്കുന്നു.

അവസാന യുദ്ധത്തിനു സമയമായി എന്ന് രാവണൻ തിരിച്ചറിയുന്നു. അനിവാര്യമായ മരണത്തെ ഏറ്റുവാങ്ങാൻ രാവണൻ മനസിനെ പാകപ്പെടുത്തി. മണ്ഡോദരിയോട് യാത്ര പറയാൻ രാവണൻ അന്ത:പുരത്തിലെത്തി.

മരണമെന്ന മഹാസത്യം

രാവണൻ പറഞ്ഞുതുടങ്ങി: 'ഇത് നമ്മുടെ അവസാന യുദ്ധമാണ്. യുദ്ധം പിറക്കുന്നത് മനസിലാണെന്ന് നാം തിരിച്ചറിയുന്നു. മരണത്തെ നേരിൽക്കാണാൻ യുദ്ധത്തിന്റെ മുഖത്തു നോക്കിയാൽ മതി. കബന്ധങ്ങളുടെ ഭൂമിയും കറുത്ത ചിറകിട്ടടിക്കുന്ന ആകാശവും മരണമായി മാറുന്നു. മരണം തന്നെ എല്ലാം...!" രാവണന്റെ ചിന്തകൾ ദാർശനിക തലത്തിലേക്ക് ഉയരുന്ന ചിത്രമാണ് നമ്മൾ കാണുന്നത്. ലോകചരിത്രം പരിശോധിച്ചാൽ ഓരോ യുദ്ധവും പിറവിയെടുത്തത് മനുഷ്യ മനസിലാണ് എന്ന സത്യം നാം തിരിച്ചറിയുന്നു. യുദ്ധത്തിൽ ജയമായാലും പരാജയമായാലും അന്തിമഫലം മരണമാണെന്ന സത്യമാണ് രാവണൻ മണ്ഡോദരിയോടു പറയുന്നത്.

മനുഷ്യ രൂപം പൂണ്ട് വിശുദ്ധിയാർന്ന രാമനെ രാവണൻ നോക്കിനിന്നു. മനസിൽ നിറയെ സീതയെ സംരക്ഷിച്ചു നടക്കുന്ന രാമൻ. തപസുകൊണ്ട് താൻ നേടിയെടുത്ത വരം മരണമാല്യമായി അണിയാൻ സമയമായി എന്ന് രാവണൻ മനസിലാക്കി. രാമനോട് മരണം ഒരു വരം പോലെ ചോദിച്ചുകൊണ്ട് രാവണൻ അസ്ത്രങ്ങൾ അയച്ചു. രാമസായകത്തിലൂടെ രാക്ഷസ ജീവിതത്തിന് അന്ത്യംകുറിച്ച് രാമനിലേക്കു ലയിക്കാൻ രാവണൻ വെമ്പൽകൊള്ളുകയായിരുന്നു. രാമനോടുള്ള വിദ്വേഷം പവിത്രമായ ഭക്തിയായി രൂപാന്തരപ്പെട്ട്,​ രാവണൻ രാമനിലേക്ക് ലയിച്ചു.

(സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസറായ ലേഖകൻ തന്ത്രി കുടുംബാംഗമാണ്)​

TAGS: RAMAYANAM, SEETHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.