ലോകം എ.ഐ സാങ്കേതികവിദ്യയിലേക്കു മുന്നേറുമ്പോൾ കേരളം ഒട്ടും പുറകിലാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് ബെവ്‌കോ ഓൺലൈൻ സേവനത്തിലൂടെ മദ്യം വീട്ടിലെത്തിക്കാൻ ആലോചിച്ചത്. ജനപ്രിയ സർക്കാരിന്റെ മനസറിഞ്ഞുള്ള നീക്കമായിരുന്നെങ്കിലും സംഗതി പൊളിഞ്ഞുപോയി! ഔട്‌ലെറ്റുകളിലെ തിരക്കു കുറയ്ക്കാനും ഹെൽമറ്റ് വച്ചും കുടചൂടിയും വരിയിൽ നിൽക്കാനുള്ള അസൗകര്യവും കണക്കിലെടുത്താണ് ബെവ്‌കോ സി.എം.ഡി ഹർഷിത അട്ടല്ലൂരി ഇത്തരമൊരു നീക്കം നടത്തിയത്. സ്‌കൂളിലും കോളേജിലും പഠിക്കുന്ന കുട്ട്യോൾ ഇതു ദുരുപയോഗം ചെയ്താലോ എന്നൊരു ശങ്ക എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന് പൊടുന്നനെ ഉണ്ടായത് ഭാഗ്യമായി. 23 വയസിൽ താഴെയുള്ള ആരും ഇപ്പോൾ ലഹരി ഉപയോഗിക്കുന്നില്ലെന്ന് സർക്കാരിന് ഉറപ്പുണ്ട്. ആ സ്ഥിതി മാറിയേക്കാം. ഒതുക്കത്തിൽ സാധനം വീട്ടിലെത്തിയാൽ പലരും ജോലിക്കു പോകാതെ ജീവിതം 'ജാ"ളിയാക്കാനും സാദ്ധ്യതയുണ്ട്. ഓൺലൈൻ പരിപാടിക്കെതിരെ മദ്യവിരുദ്ധരായ കോൺഗ്രസുകാർ പ്രക്ഷോഭം നടത്താനും ആലോചിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് അത്തരമൊരു ഏർപ്പാട് വേണ്ടെന്ന് തീരുമാനിച്ചു.
സംശുദ്ധമായ മദ്യനയമാണ് ഇടതുസർക്കാരിനുള്ളതെന്ന് ആർക്കാണ് അറിയാത്തത്. 'അതിവീര്യം, ബഹുകേമം" എന്ന സർക്കാർ നയത്തിൽ വെള്ളമോ സോഡയോ ചേർക്കാൻ ആരെയും അനുവദിക്കില്ല. വീര്യം കൂടിയ സാധനത്തിന് വിലയും കൂടും. അരണ്ട വെളിച്ചത്തിൽ അൽപം സേവിച്ച് കൗണ്ടർ വിടുംമുൻപേ നിലാവിൽ നീരാടുന്ന അനുഭവമുണ്ടാക്കുന്ന അത്യപൂർവ ദ്രവീകൃത ഇന്ധനമാണ് നൽകുന്നത്. കേരളത്തിലെ കുടിയന്മാരുടെ കാശ് കൃത്യമായി വീടുകളിലെത്തിക്കാൻ ലക്ഷ്യമിട്ട് എ.കെ. ആന്റണി സർക്കാർ നടപ്പാക്കിയ ചാരായനിരോധനം തുഗ്ലക് പരിഷ്‌കാരമായിരുന്നെന്ന് കോൺഗ്രസുകാർ തന്നെ വാതോരാതെ പറയുന്നുണ്ടെങ്കിലും സഖാക്കൾ അതിനോട് യോജിക്കുന്നില്ല. ദീർഘദർശിയായിരുന്നു ആന്റണി. സാദ്ധ്യതകൾ ദൂരദർശിനിയിലൂടെ കണ്ടെത്തിയ ഗലീലിയോ എന്നും വിശേഷിപ്പിക്കാം. പാവങ്ങളുടെ സർക്കാരിന് ഇന്ധനം പകരുന്നത് ഈ സംഗതിയാണ്. പച്ചവെള്ളത്തിന്റെ നിറമുള്ള അപരിഷ്‌കൃത ദ്രാവകത്തെ ബഹുവർണ മാന്ത്രികജലമാക്കാൻ ഇടതുസർക്കാരുകൾക്ക് കഴിഞ്ഞു. ഇപ്പോഴത്തെ സർക്കാർ അതു കൂടുതൽ ജനകീയമാക്കി. കൊടുക്കുന്ന കാശിന് പരമാവധി സന്തോഷം നൽകുകയെന്നതാണ് നയം. ഇത്തിരി സേവയിലൂടെ ഒത്തിരി അതീന്ദ്രിയ അനുഭവങ്ങൾ ഉണ്ടാകുകയെന്നത് നിസാരമല്ല. പുകച്ചുരുളുകളിലൂടെ നോക്കിയാൽ, ആത്മീയതയും ഭൗതികതയും ഒരേ സത്യത്തിന്റെ രണ്ടു ഭാവങ്ങളാണെന്നു തിരിച്ചറിയാമെന്നു ചെഗുവേര സഖാവടക്കമുള്ള ഇടതു താത്വികന്മാർ പണ്ടേ പറഞ്ഞിട്ടുണ്ട്.
ചാരായം നിരോധിച്ചെങ്കിലും, പകരമായി അതിലും നിലവാരവും വിലക്കുറവുമുള്ള ഇന്ധനം നൽകണമെന്നായിരുന്നു ഇടതു സർക്കാരിന്റെ ആഗ്രഹമെങ്കിലും നടന്നില്ല. എ.സി മുറി, ഫ്രീ ടച്ചിംഗ്‌സ്, അരണ്ടവെളിച്ചം തുടങ്ങിയ സൗകര്യങ്ങളൊരുക്കുമ്പോൾ ചെലവു കൂടും. അത്രയേ കേരളത്തിൽ സംഭവിച്ചുള്ളൂ. കൂടുതൽ കാശുവാങ്ങി എൻഡോസൾഫാനാണ് നൽകുന്നതെന്ന് ചില കുബുദ്ധികൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ശരിയല്ല. ധ്യാനത്തിലൂടെ നേടുന്ന ആത്മനിർവൃതി കുറഞ്ഞ ചെലവിൽ അനുഭവിക്കാനും മണ്ണും മനുഷ്യനും രണ്ടല്ലെന്നു തിരിച്ചറിഞ്ഞ് ശയനപ്രദക്ഷിണത്തിനും അവസരമൊരുക്കുന്നു.
ലോട്ടറിയും മദ്യവും ജീവിതത്തിന്റെ ഭാഗമാണെന്ന് ഉദ്‌ബോധിപ്പിക്കുന്ന ജനകീയ സർക്കാരാണിത്. ആദ്യത്തേത്ത് കൈനിറയെ കാശും രണ്ടാമത്തേത് കാലാതീത ദർശനങ്ങളും നൽകുന്നു. അതേസമയം ഒന്നാം തീയതിയിലും ചില പൊതുഅവധി ദിവസങ്ങളിലും മദ്യം നൽകുന്നുമില്ല. ദീർഘവീക്ഷണമുള്ളവർക്ക് തലേന്നു വാങ്ങി സ്റ്റോക്ക് ചെയ്യാം. ഇതൊക്കെയാണെങ്കിലും ആരും മദ്യപിക്കരുതെന്നാണ് സർക്കാരിന്റെ ആഗ്രഹം. കരൾ വാടിപ്പോകും. അതുകൊണ്ടാണ് സ്പിരിറ്റിൽ കളറുകയറ്റി
കഷ്ടിച്ച് 50 രൂപയ്ക്കു നിർമ്മിക്കുന്ന സാധനം 1000 രൂപയ്ക്കു വിൽക്കുന്നത്. എന്നിട്ടും പഹയന്മാർ കുടിനിറുത്തുന്നില്ല. പല വിദേശരാജ്യങ്ങളിലും കലർപ്പില്ലാത്ത ഇന്ത്യൻ നിർമിത മദ്യം ഇവിടുത്തേക്കാൾ പകുതി വിലയ്ക്കു കിട്ടും. പ്രവാസി മലയാളികളെ കുടിയന്മാരാക്കാനുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ഉറപ്പാണ്. ഹൃദയപക്ഷത്തുനിന്നു ചിന്തിക്കുന്നവർക്കേ ഈ ഗുട്ടൻസുകൾ മനസിലാകൂ.
പാപികൾക്കു മാപ്പില്ലെന്ന്
കെ. മുരളീധരൻ
കരുണാകരന്റെ ശാപം കിട്ടിയവർ ഒരുകാലത്തും ഗതിപിടിക്കില്ലെന്ന് തൃശൂർ എം.പി ആകേണ്ടിയിരുന്ന കെ. മുരളീധരൻ പറഞ്ഞത് ആരുടെയൊക്കെയോ, എവിടെയൊക്കെയോ കൊണ്ടു. രമേശ് ചെന്നിത്തലയെ ഉദ്ദേശിച്ചല്ല എന്ന് കോൺഗ്രസുകാർക്ക് മനസിലായി. ചെന്നിത്തലയോടും കുറിപോയ ഉണ്ണിത്താനോടും മുരളിക്ക് പ്രത്യേക ഇഷ്ടമുണ്ടുതാനും. മുരളിയെക്കുറിച്ച് ഉണ്ണിത്താൻ എന്നും നല്ലതേ പറഞ്ഞിട്ടുള്ളൂ. അതൊക്കെ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ കറങ്ങിനടപ്പുണ്ട്. ആരെയൊക്കെയോ മദാമ്മയെന്നും അലുമിനിയം പട്ടേലെന്നും ആക്ഷേപിച്ച് മുരളിജി ഡെമോക്രാറ്റിക് ഇന്ദിര കോൺഗ്രസ് അഥവാ ഡി.ഐ.സി എന്ന പാർട്ടിയുണ്ടാക്കിയപ്പോൾ, 'ഡിക്ക് " പാർട്ടിയുടെ നേതാവ് എന്നു വിശേഷിപ്പിച്ചത് ചെന്നിത്തലയാണ്. ഡി.ഐ.സി എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ഒരു ഘനഗംഭീരൻ പേരിനെയാണ് വെറും 'ശൂ" ആക്കിയത്. പലരും കിങ്ങിണിക്കുട്ടൻ എന്നാക്ഷേപിച്ചെങ്കിലും ഇത്രയും സങ്കടമുണ്ടായില്ല. കെ. മുരളീധരൻ ലോക്‌സഭയിൽ എഴുന്നേറ്റത്, അഴിഞ്ഞുപോയ മുണ്ട് ഉടുക്കാനായിരുന്നില്ലെന്ന് അറിയാഞ്ഞിട്ടല്ല ഈ ആക്ഷേപങ്ങൾ. പ്രായവും പക്വതയും കൂടുമ്പോൾ സങ്കടങ്ങൾ തികട്ടിവരുന്നത് സ്വാഭാവികമാണ്.
കരുണാകരനെ വേദനിപ്പിച്ചവർ ഇപ്പോൾ ഒരു പദവിയുമില്ലാതെ പിൻബെഞ്ചിലിരുന്ന് കാഴ്ചകൾ കാണുകയാണെന്നാണ് മൂപ്പര് പറഞ്ഞത്. വേറെ ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. മകനെ ലീഡർ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതാണ് പ്രിയ ശിഷ്യന്മാർക്ക് ഇഷ്ടപ്പെടാതിരുന്നത്. കരുണാകരൻജി 'ശങ്ക" തീർക്കാൻ പോയ ഗ്യാപ്പിൽ എ.കെ. ആന്റണിജിയാണ് കെ. മുരളീധരന്റെ പേരു പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലേക്ക് നിർബന്ധിച്ചു കൊണ്ടുവന്നത് എന്ന് ഇവർക്ക് അറിയാഞ്ഞിട്ടല്ല. ശങ്കതീർത്തു മടങ്ങിവന്ന കരുണാകരൻ, ആന്റപ്പാ ഇതു വേണ്ടായിരുന്നു എന്നു പറഞ്ഞെങ്കിലും ആന്റണി കേട്ടില്ല. അതുകൊണ്ട് നല്ല കെ.പി.സി.സി പ്രസിഡന്റിനെയും എം.പിയെയും എം.എൽ.എയുമൊക്കെ കിട്ടി. മുരളീധരൻ അഴിമതിക്കാരനാണെന്ന് കമ്മ്യൂണിസ്റ്റുകാരുപോലും പറയില്ല. ആർക്കും, ഏതു പാതിരാത്രിയിലും സഹായം തേടി എത്തുകയും ചെയ്യാമായിരുന്നു. ഇന്നും അതിനു മാറ്റമില്ല. ഇടയ്‌ക്കൊരു ആറുമാസം മന്ത്രിയാകാൻ യോഗം കിട്ടിയെങ്കിലും, ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസുകാർ തന്നെ പണികൊടുത്തു. ഏറ്റവുമൊടുവിൽ തൃശൂർ എം.പിയാകേണ്ടതായിരുന്നു. പക്ഷേ, കള്ളവോട്ട് ചെയ്ത് തോൽപിച്ചുകളഞ്ഞു.
അതേസമയം, കെ.കരുണാകരന്റെ അനുഗ്രഹം കിട്ടിയ ഒരു മിടുക്കൻ കോൺഗ്രസിലുണ്ടെന്നും മുരളി കണ്ടെത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ആ ഭാഗ്യവാൻ. അടുത്ത യു.ഡി.എഫ് സർക്കാരിനെ നയിക്കേണ്ടത് സതീശനാണെന്ന് മുരളി പറയാതെ പറഞ്ഞു. നല്ലതു പറഞ്ഞു കൂടെ നിൽക്കുന്നവരെ സതീശൻ മറക്കില്ലെന്നൊരു പ്രതീക്ഷയും ഇല്ലാതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |