പ്രായമായവർ മാത്രം മരുന്ന് കഴിച്ചുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു, എന്നാൽ ഇന്നതല്ല സ്ഥിതി. യൗവനാരംഭത്തിൽ തന്നെ ഏതെങ്കിലും തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നവരുടെ എണ്ണവും സംസ്ഥാനത്ത് കൂടിവരികയാണ്. ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്നതിന്റെ പ്രത്യാഘാതം തന്നെയാണിതെന്ന് ആരോഗ്യവിദഗ്ദ്ധരും അടിവരയിട്ട് പറയുന്നു. പ്രത്യേക അവയവത്തിലോ, കലകളിലോ എത്തിച്ചേർന്നു പ്രവർത്തിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാനാണല്ലോ മരുന്നുകൾ ഉപയോഗിക്കുന്നത്. പക്ഷേ, മരുന്നുകളുടെ ഫലസിദ്ധിയേക്കാൾ കൂടുതൽ അതിന്റെ പാർശ്വഫലങ്ങൾ ചർച്ചയാകുന്ന കാലമാണിത്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം വലിയ ആരോഗ്യപ്രതിസന്ധിയിലേക്ക് നയിക്കുന്ന സാഹചര്യവും ഇന്നുണ്ട്.
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം പൂർണമായും നിറുത്തലാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞവർഷം സർക്കാറിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുമുണ്ടായി. സ്ഥിരമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് മൂലം ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ സാദ്ധ്യതയുള്ള രോഗാണുക്കൾ കൊണ്ടുള്ള അണുബാധ ഉണ്ടാകുകയും ഇത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ലോകാരോഗ്യ സംഘടന തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
ഗവേഷണ ഫലസിദ്ധി
ആയുർവേദത്തിലൂടെ
അതേസമയം ആയുർവേദം, ഹോമിയോ മരുന്നുകൾക്കെതിരെയും പ്രചാരണങ്ങളുയർന്നു. തുടർന്ന്, ആയുർവേദ മരുന്നുകളെക്കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിലടക്കമുള്ള പ്രചാരണങ്ങളെ തെളിവുസഹിതം തള്ളാനുള്ള ഗവേഷണങ്ങൾ ആരോഗ്യശാസ്ത്ര സർവകലാശാലയുടെ കീഴിലെ തൃപ്പൂണിത്തുറ സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദയിൽ ഊർജിതമാകുന്നത്. ആയുർവേദ രസായന ഔഷധം എങ്ങനെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുമെന്നും രോഗങ്ങളെ ചെറുക്കുമെന്നും എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോയെന്നുമുള്ള ഗവേഷണം ഏതാനും മാസങ്ങളായി ഇവിടെ നടക്കുകയാണ്. ഇത് പൂർത്തിയായാൽ ആസവഅരിഷ്ടങ്ങൾ അടക്കമുള്ള മരുന്നുകളിലും ഗവേഷണം നടക്കും.
അതോടെ മരുന്നുകളിൽ ലോഹാംശങ്ങളുണ്ടെന്ന പ്രചാരണത്തെ പ്രതിരോധിക്കാനായേക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. രോഗികൾക്ക് കൂടുതലായി നിർദ്ദേശിക്കുന്ന മരുന്നുകളിലാണ് പരീക്ഷണം. ഇതിന്റെ ഫലങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. രസായനങ്ങളിലെ ഗവേഷണഫലം, രണ്ടുവർഷത്തിനകം സമർപ്പിക്കും. ഇതോടെ പകർച്ചവ്യാധികളിലും ക്യാൻസറിലും അടക്കം ച്യവനപ്രാശം, ലേഹ്യങ്ങൾ അടക്കമുള്ള രസായനം പ്രയോഗിക്കാനുള്ള വഴിയൊരുങ്ങും. തെളിവധിഷ്ഠിത പഠനം പൂർത്തിയായാൽ വിദേശരാജ്യങ്ങളിലേക്കടക്കം മരുന്ന് കയറ്റി അയയ്ക്കാം.
കരൾരോഗത്തിനുള്ളവയും
പരിഗണിച്ചേക്കും
ആരോഗ്യശാസ്ത്ര സർവകലാശാലയ്ക്ക് കീഴിൽ, കേരളത്തിലെ ആയുർവേദ കോളേജുകളിൽ കരൾ രോഗത്തിന് ആയുർവേദ സാദ്ധ്യതകൾ സംബന്ധിച്ചുള്ള പഠനസംഗ്രഹം പുറത്തിറക്കിയിരുന്നു. കരൾ രോഗബാധിതരും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും കൂടിവരുന്നതിനാൽ ആയുർവേദ മരുന്നുകളുടെ ഫലസിദ്ധിയും പരിഗണിച്ചേക്കും. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ശേഖരിച്ച നാൽപ്പതോളം പഠനസംഗ്രഹം ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൽ സർവകലാശാല രജിസ്ട്രാർ ഡോ. എസ്. ഗോപകുമാർ പ്രകാശനം ചെയ്തിരുന്നു. നോൺ ആൽക്കഹോളിക് ലിവർ ഡിസീസ് തുടങ്ങി കരൾ അർബുദം അടക്കമുള്ളവയെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങളാണിത്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട് 26 പഠനങ്ങളുണ്ട്. ചിറ്റമൃത്, തിപ്പലി എന്നിവയുടെ അർബുദ നിവാരണശേഷി, പാരസെറ്റമോളിന്റെ അമിത ഉപയോഗം മൂലമുണ്ടായ കരൾനാശത്തിന് അമൃതാദി കഷായത്തിന്റെ പ്രവർത്തനം, മദ്യപാനത്തിലൂടെയുള്ള കരൾനാശത്തിൽ കൗഢജത്രിഫലയുടെ പ്രയോഗം, കരൾരോഗ ചികിത്സാ രീതികളുടെ പഠനം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മരുന്നുകളുടെ പ്രതിപ്രവർത്തനങ്ങളും ഫലസിദ്ധിയും ശാസ്ത്രീയമായി തെളിയിക്കപ്പെടുന്നതോടെ ആയുർവേദത്തിനെതിരായ പ്രചാരണങ്ങൾക്ക് മറുപടിയാകുമെന്നും തൃപ്പൂണിത്തുറ സ്‌കൂൾ ഒഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ മേധാവി ഡോ.എം.വി. അനിൽകുമാർ പറയുന്നു.
രസായനങ്ങളിൽ നെല്ലിക്കയാണ് പ്രധാനം. കോശങ്ങളുടെ പുനരുജ്ജീവനത്തിനും പ്രതിരോധശേഷിക്കും നെല്ലിക്കയും ബ്രഹ്മിയും ചിറ്റമൃതും അടക്കമുള്ള ഫലങ്ങളും സസ്യങ്ങളും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് സൂക്ഷ്മമായി പഠിക്കും. കോശങ്ങളെ എങ്ങനെ പരിവർത്തനം ചെയ്യുമെന്നും കണ്ടെത്തും. കൊവിഡ് അടക്കമുള്ള വൈറസും ബാക്ടീരിയകളും ആഗോള ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കുമ്പോൾ രോഗപ്രതിരോധശേഷിയും പുനരുജ്ജീവനവുമാണ് കരുത്താകുകയെന്നാണ് ആയുർവേദ ഗവേഷണമേഖലയിലെ വിദഗ്ദ്ധർ പറയുന്നത്. ആന്റിബയോട്ടിക്കുകളെ നിഷ്പ്രഭമാക്കി ബാക്ടീരിയകൾ കരുത്താർജ്ജിക്കുന്നുവെന്ന കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഇത്തരം ഗവേഷണം നിർണായകമാകും. കൊവിഡിന്റെ തുടക്കത്തിൽ ആയുർവേദ ചികിത്സ അനുവദിച്ചില്ലെങ്കിലും സംസ്ഥാനത്ത് രോഗികൾക്ക് ആയുർവേദ മരുന്ന് നൽകി രോഗവ്യാപനം കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകിയിരുന്നു. ഇത് സംബന്ധിച്ച കേരളകൗമുദി വാർത്തയെ തുടർന്നായിരുന്നു ആയുർവേദത്തിന് ചികിത്സാനുമതി ലഭിച്ചത്.
കൊവിഡ് കാലത്ത് പൊതുസമൂഹം ഏറ്റെടുത്തപ്പോൾ ആയുർവേദത്തിന്റെ സാദ്ധ്യതകൾ കൂടുതൽ തെളിയുകയായിരുന്നു. കൊവിഡ് രോഗികളിലടക്കം ചികിത്സ നടത്തി ഫലം ലോകത്തിനു മുന്നിൽ കാണിക്കാൻ കേരളത്തിനായി. ഔഷധസസ്യങ്ങൾ കൂടുതൽ ഉത്പാദിപ്പിക്കുകയും ആയുർവേദ മരുന്ന് നിർമ്മാണത്തിന് ആവശ്യമായവയെല്ലാം അതിന്റെ എല്ലാ ഗുണങ്ങളോടെയും ലഭ്യമാക്കുകയും ചെയ്താൽ ഈ ചികിത്സാശാസ്ത്രത്തിന്റെ ഫലസിദ്ധി ഇതിലേറെ വ്യക്തമാകും. മരുന്ന് നിർമ്മാണത്തിനു പോലും പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കുമെന്ന പോലെ അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടുണ്ടാവരുത്. കാരണം കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. സസ്യലതാദികൾക്ക് വേരുറപ്പിക്കാൻ കേരളം പോലെ മറ്റൊരു നാടില്ല. പ്രളയവും വെള്ളപ്പൊക്കവും കാലാവസ്ഥാ വ്യതിയാനങ്ങളും ഗുരുതരമായി ബാധിക്കുമ്പോഴും കേരളത്തിൽ ഇനിയും ഗവേഷണത്തിനും പഠനത്തിലും മരുന്ന് ഉത്പാദനത്തിനും സാദ്ധ്യതകളേറെയുണ്ടെന്ന് അറിയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |