'നിൽക്കണോ, അതോ പോണോ" എന്നു മാണി സാറിന്റെ മോൻ ജോക്കുട്ടൻ സ്വയം ചോദിച്ചു തുടങ്ങിയിട്ട് കുറേക്കാലം ആയെങ്കിലും വ്യക്തമായ ഉത്തരം കിട്ടുന്നില്ല. മാണി സാർ പോയതോടെ പാലാക്കാർക്ക് മോനോടുള്ള ഇഷ്ടവും പോയെന്നു കേരള കോൺഗ്രസുകാർ തന്നെ പറയുന്നതിനാൽ നെഞ്ചിലൊരു പെടപെടച്ചിൽ. 'പാലാ കോൺഗ്രസിന്റെ" പ്രതാപത്തിന് വലിയ തട്ടുകേട് പറ്റിയില്ലെങ്കിലും അതിന്റെ ഗുണം ജോസ് മോനില്ല. ജോക്കുട്ടാ, ജോമോനെ എന്നുമാത്രം വിളിച്ചിരുന്ന പാലാക്കാർ 'എന്നാ ഒണ്ടടാവ്വേ, ഇവിടെയൊക്കെയുണ്ടോ" എന്നു ചോദിച്ച് നൈസായി താങ്ങുന്നതാണ് സഹിക്കാത്തത്. പാലാ പോയെങ്കിലും കടുത്തുരുത്തി മണ്ഡലമുണ്ടല്ലോ എന്നൊരു സമാധാനം ഉണ്ടെങ്കിലും, മത്സരിച്ചാൽ അറിയാം കഥ എന്നൊരു ആശങ്ക ഇല്ലാതില്ല. പാലാ പോയ കേരള കോൺഗ്രസും പാലു വറ്റിയ റബർ മരവും ഒരുപോലെയാണെന്ന് പഴയകാല പ്രവർത്തകർ സങ്കടപ്പെടുമ്പോൾ ജോസ് മോൻ പൊട്ടിക്കരഞ്ഞു പോകുന്നു.
എൽ.ഡി.എഫിലേക്ക് കേരള കോൺഗ്രസ് ചാടിയതിന്റെ ഗുണം ജോസ് മോന് കിട്ടിയില്ലെങ്കിലും പാർട്ടിയിലെ ചിലർക്കു കിട്ടി. സ്റ്റേറ്റ് കാറിൽ കൊടിപാറിച്ചു പോകുന്നവർ ഈ സങ്കടം അറിയുന്നതായി ഭാവിക്കുന്നില്ല. മണ്ണും ചാരി നിന്നവൻ...! 'മടങ്ങിവരൂ മോനെ" എന്ന് കോൺഗ്രസുകാരും 'ജ്ജ് ഇങ്ങു പോരെ പുള്ളേ" എന്നു ബിരിയാണിയുമായി ലീഗുകാരും വിളിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി. പറന്നുനടക്കുന്ന അപ്പൂപ്പൻതാടിക്കു നേരെ ആവേശത്തോടെ കൈനീട്ടുന്നവർ, അടുത്തെത്തുമ്പോൾ ഊതിപ്പറപ്പിക്കുമോ എന്നാണു പേടി. അങ്ങനെയൊരു കഥയുണ്ടുതാനും.
ലീഗുകാരെ നമ്പിയാലും കോൺഗ്രസുകാരെ നമ്പരുതു മോനേയെന്ന് അപ്പച്ചൻ പണ്ടേ പറഞ്ഞുതന്നിട്ടുണ്ട്. എൽ.ഡി.എഫിലെ വിജയനങ്കിൾ കരുതലും സ്‌നേഹവുമുള്ള ആളായതിനാൽ വിട്ടുപോകാനൊരു മടി. തിരുവനന്തപുരത്ത് നടുറോഡിൽ അപ്പച്ചനെതിരെ 'അപ്പിസമരം" നടത്തി തലസ്ഥാനത്തെ പൂങ്കാവനമാക്കിയ പ്രസ്ഥാനത്തിൽ വിശ്വസിക്കാൻ പറ്റിയ ഏക മനുഷ്യനാണ് അങ്കിൾ. പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറയും. പക്ഷേ, ഒറിജിനൽ കമ്മ്യൂണിസ്റ്റുകളാണെന്നു ഭാവിക്കുന്ന ചില വലതന്മാരുടെ പാര അസഹ്യം. 'എൽ.ഡി.എഫിലെ കാര്യസ്ഥനാണ്, കാര്യമൊന്നുമില്ലതാനും" എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാത്ത, നെൽക്കതിരുള്ള ചെങ്കൊടിയുമായി നടക്കുന്ന ആ കക്ഷിയുടെ പീഡനം അസഹ്യം. വിജയനങ്കിളും ഇവരെക്കൊണ്ട് ആകെ മടുത്തിരിക്കുവാണെങ്കിലും ക്ഷമയുള്ളതിനാൽ പ്രതികരിക്കുന്നില്ല. വലിയ പേരുണ്ടെങ്കിലും തൂത്തുവാരാൻ മാത്രം അണികളുമുള്ള അവർക്ക് കാശും അണികളുമുള്ള പാലാ കോൺഗ്രസിനെ അത്ര പിടിക്കുന്നില്ല. അങ്ങ് അമേരിക്കയിലും റോമിലുമൊക്കെ പിടിപാടുള്ള മതേതര കക്ഷിയായ പ്രസ്ഥാനത്തെ പുച്ഛിക്കുന്നവർക്ക് കാലം തിരിച്ചടി നൽകും. പക്ഷേ, അവരോട് ജോസ് മോന് പിണക്കമൊന്നുമില്ല. 'കൊതുകിനുമില്ലേ കൃമികടി" എന്നേ കരുതുന്നുള്ളൂ. തട്ടുകടയിൽ കക്ഷം കാട്ടി നീട്ടിയടിക്കുന്ന നെടുനീളൻ ചായയ്ക്ക് (ലംബാ ടീ) യഥാർത്ഥത്തിൽ അത്രയും നീളമില്ലെന്നും, ഒരു കൊച്ചു ചില്ലു ഗ്ലാസിൽ കൊള്ളാനുള്ളതേയുള്ളൂ എന്നും വലതു കമ്മ്യൂണിസ്റ്റുകൾ ഇനിയെങ്കിലും തിരിച്ചറിയണം.
ആരുമില്ലാത്തവർക്ക്
ഏണിയുണ്ട്!
ജോസ് മോൻ പോയതോടെ യു.ഡി.എഫിന്റെ ബാലൻസ് നഷ്ടപ്പെട്ടു എന്നു തിരിച്ചറിഞ്ഞത് ലീഗിലെ കുഞ്ഞാലിക്കുട്ടി സാഹിബ് മാത്രമാണ്. ലീഗും കേരള കോൺഗ്രസുമാണ് യു.ഡി.എഫിനെ താങ്ങിനിറുത്തിയിരുന്നത്. മേനിപറയാൻ വേറെ ചില കക്ഷികളുണ്ടെങ്കിലും തൂമ്പാക്കൈ ഉറപ്പിക്കാൻ ചെറിയ ചീളുകൾ വയ്ക്കുന്നതുപോലെയുള്ളൂ. തൂമ്പാക്കൈ എവിടെ, ചീളുസംഗതികളെവിടെ! പേരിനൊരു കേരള കോൺഗ്രസ് യു.ഡി.എഫിൽ ഇപ്പോഴുണ്ടെങ്കിലും അത്രപോരാ. അതുകൊണ്ട് രണ്ടു മതനിരപേക്ഷ കക്ഷികൾ ഒരുമിച്ചുനിന്ന് കേരളത്തിൽ യു.ഡി.എഫിനെയും കേന്ദ്രത്തിൽ രാഹുൽജിയെയും ശക്തിപ്പെടുത്തണമെന്നാണ് കുഞ്ഞാലി സാഹിബ് പറഞ്ഞത്. മതനിരപേക്ഷത റിവേഴ്സ് ഗിയറിലായതിനാൽ അടിയന്തര ഇടപെടൽ ആവശ്യമാണ്.
വോട്ടേഴ്സ് ലിസ്റ്റ് തുപ്പലുതൊട്ട് തിരുത്തിയതും പോരാഞ്ഞ്, എവിടെ ഞെക്കിയാലും താമരയ്ക്കു വോട്ടുവീഴുന്ന മെഷീനും ഉപയോഗിച്ച് കേന്ദ്രത്തിൽ അധികാരത്തിലെത്തിയവരെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു. ഈ സത്യങ്ങൾ അറിഞ്ഞിട്ടും കോൺഗ്രസുകാരുടെ ക്ഷണത്തിന് ഒരു പവറില്ലാത്തതിൽ ജോസ്‌മോന് വലിയ സങ്കടമുണ്ട്.
ഉപമുഖ്യമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയാകാൻ യോഗ്യതയുള്ള ഒരുപാടുപേരുള്ള പാർട്ടിയാണ് മുസ്ലിം ലീഗ്. സ്വന്തമായി 20 എം.എൽ.എമാർ ഉണ്ടായതുകൊണ്ടു മാത്രം, അന്നത്തെ മുഖ്യമന്ത്രിയെ അറിയിക്കാതെ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചത് തെറ്റായിരുന്നില്ലെന്ന് ജോസ് മോൻ ഇപ്പോൾ തിരിച്ചറിയുന്നു. പക്ഷേ, നേരും നെറിയുമുള്ള പ്രസ്ഥാനത്തിന്റെ അമരക്കാരനായതു കൊണ്ട് ജോസ് മോൻ ഇനി ഉടനെയൊരു ചാട്ടത്തിനില്ലെന്നാണ് വിവരം. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തു. അതുകഴിഞ്ഞാൽ വൈകാതെ അസംബ്ലിയിലേക്കും. തിരക്കിട്ടൊരു തീരുമാനമെടുത്താൽ ആരൊക്കെ കൂടെയുണ്ടാകുമെന്ന് ഉറപ്പില്ല. നിലവിൽ സ്റ്റേറ്റ് കാറിൽ വിലസുന്ന ചിലരും ലൊട്ടുലൊടുക്കു പരിവാരങ്ങളും വരണമെന്നുമില്ല. ഇങ്ങനെയൊക്കെയാണു സംഗതികളെങ്കിലും, ഓഫറുകൾ കൂമ്പാരമായാൽ തീരുമാനങ്ങൾ മാറ്റാമെന്നതാണ് പരമ്പരാഗത പാർട്ടി ലൈൻ. കറയുള്ള മരവും കനമുള്ള കീശയുമാണ് ആദർശത്തിന്റെ പവർ!.
വിളിച്ചാൽ വിളി
കേൾക്കുന്ന പാർട്ടി
കേരളത്തിൽ സമദൂര സിദ്ധാന്തം പിന്തുടരുന്ന ഏക പാർട്ടിയാണ് കേരള കോൺഗ്രസ് (എം). എൽ.ഡി.എഫിനെയും യു.ഡി.എഫിനെയും എൻ.ഡി.എയെയും ഒരേ അകലത്തിൽ നിറുത്തുന്ന പ്രസ്ഥാനം. ഒരു ചുവടുവച്ചാൽ ഏതിലുമെത്താം. എൽ.ഡി.എഫിലും യു.ഡി.എഫിലും പ്രവർത്തിച്ച അനുഭവം വേണ്ടുവോളമുള്ള പ്രസ്ഥാനമാണ്. യു.ഡി.എഫിൽ മാത്രം ഉറച്ചുനിന്നിട്ടു കാര്യമില്ലെന്ന തിരിച്ചറിവുണ്ടാകാൻ വൈകി. അത് ഓർമ്മിപ്പിക്കാനും സഭാ പിതാക്കന്മാർ വേണ്ടിവന്നു. ഓരോ അഞ്ചുവർഷവും യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ഭരിക്കുന്ന കേരളത്തിൽ അഞ്ചുവർഷം വലിയൊരു ഇടവേളയാണെന്നും, അതുകൊണ്ട് കേരള കോൺഗ്രസ് രണ്ടായി ഇരുമുന്നണികളുടെയും ഭാഗമാകണമെന്നായിരുന്നു ഉപദേശമെന്ന് തെമ്മാടിക്കുഴികൾ കാത്തിരിക്കുന്ന ചില പിന്തിരിപ്പൻമാർ വെളിപ്പെടുത്തുന്നു. നല്ല ഐഡിയ ആണെന്നു വൈകാതെ ബോദ്ധ്യമാവുകയും ചെയ്തു. ഇനി ബാക്കിയുള്ളത് സംഘികളുടെ എൻ.ഡി.എയാണ്. പണ്ടു കൂടെയുണ്ടായിരുന്ന പലരും ഇപ്പോൾ അവിടെയാണ്. അവരുടെ പത്രാസു കാണുമ്പോൾ കൊതിയാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |