SignIn
Kerala Kaumudi Online
Wednesday, 20 August 2025 1.58 PM IST

ആരും പുറത്തല്ലാത്തൊരു ലോകം

Increase Font Size Decrease Font Size Print Page

sd

മാനുഷരെല്ലാരുമൊന്നുപോലെ വാഴുന്ന മഹാബലി തമ്പുരാന്റെ വിശ്വമാനവികതയും ഏകതയും മനുഷ്യരുള്ളിടത്തോളം ജീവസുറ്റ് നിലനിൽക്കുന്നൊരു മഹാദർശനമാണ്. അതിന്റെ ദീപ്ത സ്മരണകളുയർത്തുന്ന പൊന്നിൻ ചിങ്ങമാസം മലയാളികൾക്ക് പുതുവത്സരവും ശ്രീനാരായണീയർക്ക് ഗുരുവർഷവുമാണ് സമ്മാനിക്കുന്നത്. മാനുഷരെല്ലാരും ഒന്നുപോലെ വാഴുകയെന്ന മഹാബലിയുടെ ദർശനം തന്നെയാണ് ശ്രീനാരായണ ഗുരുദേവന്റെ 'സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാന"മെന്ന ദർശനത്തിലും ഉള്ളടങ്ങി വിളങ്ങുന്നത്.

ആരും പുറത്തല്ലാത്ത, അല്ലെങ്കിൽ ആരെയും പുറത്തുനിറുത്താത്ത ഒരു ഏകലോകം- അതാണ് ഈ രണ്ടു ദർശനത്തിന്റെയും മഹനീയവും മതാതീതവുമായ കാന്തി. 'മനുഷ്യരൊക്കെയും ഒരു ജാതി. അതാണ് നമ്മുടെ മതം" എന്ന ഗുരുദേവ ദർശനത്തിനകത്താണ് സമസ്ത ലോകരും. അതുകൊണ്ടുതന്നെ ഗുരുവിന്റെ കണ്ണിൽ അതിനു പുറത്ത് ഒരാൾപോലുമില്ല. എന്നാൽ ജാതിയുടെയും മതത്തിന്റെയും വിചാരവുമായി നടക്കുകയും പ്രവർത്തിക്കുകയും മനുഷ്യരിൽ ഭേദചിന്ത രൂപപ്പെടുത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്നവരെ ഗുരു കാണാതിരുന്നുമില്ല.
ജാതിഭേദവും മതദ്വേഷവുമില്ലാതെ സർവരെയും ആത്മസഹോദരരായി കാണാനുള്ള കണ്ണു തുറക്കാനും തുറപ്പിക്കാനുമാണ് ഗുരുദേവൻ 1888-ൽ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയതു തന്നെ. ദൈവത്തെയും ദൈവാരാധനയെയും വിശ്വാസത്തെയും ഒരുപോലെ സ്വതന്ത്രമാക്കിയ സമാനതയില്ലാത്തൊരു ദാർശനിക വിപ്ലവമായിരുന്നു ആ പ്രതിഷ്ഠ. പക്ഷേ,​ ആ പ്രതിഷ്ഠയുടെ ദാർശനികവും ആത്മീയവുമായ ആഴം അറിഞ്ഞവർ കുറവായിപ്പോയതിനാൽ ഗുരുവിനെ പലരും ഒരു പ്രത്യേക മതത്തോടും ജാതിയോടും ചേർത്തുനിറുത്തി. അകവും പുറവും സൃഷ്ടിക്കുന്ന ആ ജാതിമത അതിരുകളെയാണ് അരുവിപ്പുറം പ്രതിഷ്ഠ വഴിയും,​ 1916-ലെ ജാതിയില്ലാവിളംബരം വഴിയും ഗുരുദേവൻ നിരർത്ഥകവും നിഷ്പ്രഭവുമാക്കിയത്. എന്നിട്ടും 'നാം പ്രത്യേക ജാതിയിലോ മതത്തിലോ, ഉൾപ്പെടുന്നില്ല" എന്ന് സ്വയം വെളിപ്പെടുത്തിയ ഗുരുവിനെ ജാതിയിൽപ്പെടുത്തി വിചാരം ചെയ്യുന്നവർ ഏറെയാണ്. അവർ ഗുരുവിന്റെ ദർശനത്തെയോ ധർമ്മത്തെയോ മാർഗത്തെയോ അറിഞ്ഞവരോ പിൻതുടരുന്നവരോ അല്ല എന്നതാണ് യാഥാർത്ഥ്യം.

'ഒരു ജാതി,​ ഒരു മതം,​ ഒരു ദൈവം മനുഷ്യന്" എന്നു പറഞ്ഞ ഗുരുദേവൻ, 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന് ഉപദേശിച്ച ഗുരുദേവൻ, 'ജാതി ചോദിക്കരുത്,​ പറയരുത്,​ വിചാരിക്കരുത്" എന്നു കല്പിച്ച ഗുരുദേവൻ, 'പലമതസാരവുമേക"മെന്ന് സർവമത സമ്മേളനം നടത്തി തിരിച്ചറിവേകിയ ഗുരുദേവൻ, രവീന്ദ്രനാഥ ടാഗോറും സി.എഫ്. ആൻഡ്രൂസും മഹാത്മാഗാന്ധിയും വിനോബാഭാവേയും സ്വാമി ശ്രദ്ധാനന്ദജിയും കുമാരനാശാനും സഹോദരൻ അയ്യപ്പനും അറിഞ്ഞ ഗുരുദേവൻ.... ആ ഗുരുസ്വരൂപത്തെ അറിയാനും ഗുരുവിന്റെ മംഗള വചനങ്ങളാൽ പരിവർത്തനപ്പെടാനും ആവണമെങ്കിൽ,​ അതിന് നമ്മുടെയുള്ളിൽ നമ്മൾ വളർത്തി വച്ചിരിക്കുന്ന ഭേദചിന്തകളും മതിലുകളും പൊളിഞ്ഞുവീഴുക തന്നെ വേണം. ഗുരുദേവൻ ജീവിതകാലമത്രയും ചിന്തിച്ചതും പ്രയത്നിച്ചതുമെല്ലാം മനുഷ്യരുടെയാകെ ഒന്നാകലിനും നന്നാകലിനുമാണ്.

ആത്മീയോത്കർഷത്തിലൂടെ പ്രാപ്യമാകുന്ന ഭൗതികോത്കർഷത്തിലൂടെ ലോകമംഗളത്തിനായി പ്രവർത്തിക്കുന്ന മനുഷ്യനെയാണ് ഗുരു സങ്കല്പം ചെയ്തിരുന്നത്. ഗുരുവിന്റെ ആ മനുഷ്യ സങ്കല്പത്തിലേക്ക് ഇന്ന് ലോകം കടന്നുവരുന്ന വലിയ കാഴ്ച പ്രത്യാശാഭരിതമാണ്. ഗുരുദർശനം ആഗോളതലത്തിൽ അറിയാനും അറിയിക്കാനും സഹായകമായിത്തീർന്ന, 2024 നവംബറിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിദ്ധ്യത്തിൽ നടന്ന സർവമത ശതാബ്ദി സമ്മേളനം ആ പ്രത്യാശയുടെ വലിയ ഗോപുരവാതിലാണ് തുറന്നിട്ടത്. ഗുരുദർശനം ഉൾക്കൊണ്ട്, മനുഷ്യരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നും അവരുടെ ക്ഷേമത്തിനായി എല്ലാ മതങ്ങളും ഒന്നിക്കണമെന്നും അന്നവിടെ മാർപാപ്പ പറയുകയുണ്ടായി. മതങ്ങളുണ്ടാക്കുന്ന വിഭജനങ്ങളും വിഭാഗീയതകളും മനുഷ്യരെ വേറുവേറാക്കുന്ന സാഹചര്യങ്ങളും ലോകത്ത് ഭീതി പരത്തുന്നതു കണ്ടിട്ടാണ് അദ്ദേഹം അതു പറഞ്ഞത്.

മനുഷ്യർ മതങ്ങൾക്കായി പിറവികൊണ്ടവരല്ലെന്നും, മറിച്ച് മതങ്ങളെല്ലാം മനുഷ്യർക്കായി പിറവികൊണ്ടതാണെന്നും നമ്മെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് ആ മഹിത വചനങ്ങൾ. ഗുരുദേവ ദർശനത്തിനു കിട്ടിയ ആ ആഗോള സ്വീകാര്യതയുടെ തുടർച്ചയെന്നോണം,​ ഈ വരുന്ന ഒക്ടോബറിൽ ആസ്‌ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിലും ഒരു സർവമത ശതാബ്ദി സമ്മേളനം നടക്കാൻ പോവുകയാണ്. ഇങ്ങനെ ഗുരുദർശനം ഉയർത്തിക്കാട്ടുന്ന സർവധർമ്മ സമഭാവനയിലേക്ക് ലോകരാജ്യങ്ങൾ തന്നെ കടന്നുവരുമ്പോൾ കാലുഷ്യമാർന്ന ജാതി,​ മതവിചാരങ്ങളുയർത്തുന്ന ഏതൊരു സാഹചര്യത്തെയും നിരുത്സാഹപ്പെടുത്തുവാനാണ് ശ്രീനാരായണീയ സമൂഹം വിവേകം കാട്ടേണ്ടത്.

മനുഷ്യത്വമെന്ന ജാതിയിൽപ്പെടാത്തവരായി ഒരാൾപോലും മനുഷ്യവർഗത്തിൽ ഇല്ലെന്നിരിക്കെ ജാതി,​ മതഭേദവും ജാതി,​ മതവിചാരവും മതപരിവർത്തനങ്ങളും മതത്തിന്റെ പേരിലുള്ള സംഘട്ടനങ്ങളും മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തെയും സ്വത്വത്തെയും കെടുത്തുമെന്ന ചിന്ത നമുക്കു വേണം. സ്വാതന്ത്ര്യം കെട്ടുപോയാൽ ഒരു രംഗത്തും മനുഷ്യന് വിജയിക്കാനാവുകയില്ല. 'മനുഷ്യൻ കെട്ടുപോയാൽ ഈ ലോകം നന്നായിട്ട് എന്തു പ്രയോജന"മെന്ന ഗുരുദേവന്റെ ചോദ്യം നമ്മോടുള്ളതാണ്. സത്യസന്ധമായി അതിന് ഉത്തരം നൽകാൻ നമുക്കാവണമെങ്കിൽ നമ്മുടെ സ്വാതന്ത്ര്യം കെട്ടുപോകാതിരിക്കണം.
വാക്കുകൊണ്ടും വിചാരം കൊണ്ടും പ്രവൃത്തികൊണ്ടും കെട്ടുപോകാത്ത മനുഷ്യരെ സൃഷ്ടിക്കാനായി അവതരിച്ച ഗുരുവിന്റെ അനുയായികളും പിൻതുടർച്ചക്കാരും വിശ്വാസികളും ഭക്തന്മാരും പഠിതാക്കളുമെല്ലാം ഗുരുവിൽ അനുഭവശീലന്മാരാകട്ടെ എന്നാണ് പ്രാർത്ഥന. ചിങ്ങം ഒന്നു മുതൽ കന്നിമാസം 11 വരെ ( ഗുരുദേവൻ തന്റെ അനന്തരഗാമിയായി ദിവ്യശ്രീ ബോധാനന്ദ സ്വാമികളെ വാഴിച്ചതിന്റെ ശതാബ്ദി ദിനം) നീണ്ടുനിൽക്കുന്ന ശ്രീനാരായണ മാസാചരണവും ധർമ്മചര്യാ യജ്ഞവും അതിനു വേണ്ടത്ര കരുത്തും ശുദ്ധിയും പകരുമെന്നതിനാൽ ഏവരുടെയും ഹൃദയകമലത്തിൽ ഗുരുവും ഗുരുദർശനവും ചിരപ്രതിഷ്ഠിതമാകട്ടെയെന്ന് ആശംസിക്കുന്നു.

TAGS: GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.