ബിറ്റുമെൻ റോഡുകളുടെ (മക്കാഡം, കോൺക്രീറ്റ് (ബി.എം, ബി.സി) തുടർച്ചയായ നവീകരണം കേരളത്തിന്റെ റോഡ് ഗതാഗത മേഖലയിൽ വലിയ വെല്ലുവിളിയായി മാറുകയാണ്. ഓരോ തവണ റോഡ് പുനർനിർമ്മിക്കുമ്പോഴും പുതിയ പാളികൾ ചേർക്കുന്നതിനാൽ റോഡിന്റെ ഉയരം വർദ്ധിക്കുകയും, അത് ഡ്രെയിനേജ് സംവിധാനങ്ങളെ തടസപ്പെടുത്തുകയും ചെയ്യുന്നു. ഇത് മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടുകൾക്ക് കാരണമാകുന്നതിനൊപ്പം, നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രകൃതിവിഭവങ്ങളുടെ വലിയ തോതിലുള്ള ദുരുപയോഗത്തിലേക്കും മാലിന്യങ്ങളുടെ വർദ്ധനവിലേക്കും നയിക്കുന്നു. ഈ സാഹചര്യത്തിൽ, ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ബദൽ മാർഗങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 17,000 കിലോമീറ്ററിൽ അധികം റോഡുകൾ ബി.എം, ബി.സി നിലവാരത്തിലേക്ക് ഉയർത്തിയതായി രേഖകൾ സൂചിപ്പിക്കുന്നു. ഈ നവീകരണ പ്രക്രിയയിൽ നിലവിലുള്ള റോഡിനു മീതെ പുതിയൊരു പാളി ബിറ്റുമെൻ കോൺക്രീറ്റ് ഉപയോഗിച്ച് പുനർനിർമ്മിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ഇത് റോഡിന്റെ ഉയരം വർദ്ധിപ്പിക്കുന്നു. തത്ഫലമായി, റോഡിന് ഇരുവശത്തുമുള്ള ഓടകൾ അടഞ്ഞുപോവുകയും, വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ വരികയും ചെയ്യുന്നു. ഇത് സമീപത്തെ കെട്ടിടങ്ങൾക്കും കൃഷിസ്ഥലങ്ങൾക്കും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. ഒരോ തവണയും നടപ്പാത റോഡിനേക്കാൾ താഴ്ന്നുപോകുന്നു. കൂടാതെ, ഓരോ നവീകരണത്തിനും ആവശ്യമായ, വലിയ അളവിലുള്ള പാറ, മണ്ണ് തുടങ്ങിയ അസംസ്കൃത വസ്തുക്കൾ പ്രകൃതിക്ക് ദോഷകരമായ രീതിയിൽ ഖനനം ചെയ്യേണ്ടിയും വരുന്നു. ബിറ്റുമെൻ ഉപയോഗം വൻതോതിൽ കാർബൺ ബഹിർഗമനത്തിനും കാരണമാകുന്നു.
ഈ പ്രശ്നങ്ങൾക്ക് ഒരു മികച്ച പരിഹാരമാണ് പൊളിച്ചു മാറ്റുന്ന റോഡ് മാലിന്യങ്ങൾ പുനരുപയോഗിക്കുക എന്നത്. അമേരിക്കൻ ഫെഡറൽ ഹൈവേ അഡ്മിനിസ്ട്രേഷൻ (എഫ്.എച്ച്.ഡബ്ല്യു.എ) പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ ഈ രീതിയെ പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നു . ഉയർത്തേണ്ട അത്രയും ഭാഗത്തെ അസ്‌ഫാൾട്ട് ആവരണം യന്ത്രസഹായത്തോടെ കൃത്യതയോടെ തോണ്ടിയെടുത്തു ശേഖരിച്ച്, പുനരുപയോഗ പ്ലാന്റുകളിൽ സംസ്കാരിച്ചെടുക്കാം. റോഡ് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിലൂടെ നിർമ്മാണച്ചെലവും പാരിസ്ഥിതിക ആഘാതവും 50 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
'റീക്ലെയിംഡ് അസ്‌ഫാൾട്ട് പേവ്‌മെന്റ്' (RAP) എന്ന് അറിയപ്പെടുന്ന ഈ സാങ്കേതികവിദ്യയിൽ, പഴയ റോഡിൽ നിന്ന് ലഭിക്കുന്ന അസ്‌ഫാൾട്ട്, കോൺക്രീറ്റ് തുടങ്ങിയവ പൊടിച്ച് പുതിയ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്നു.
ഇന്ത്യൻ റോഡ്സ് കോൺഗ്രസിന്റെ (IRC) IRC സ്റ്റാൻഡേർഡ് 121-2017 ഈ രീതിക്ക് ഔദ്യോഗിക അംഗീകാരം നൽകിയിട്ടുണ്ട്. ഡൽഹിയിൽ നടന്ന ഒരു പൈലറ്റ് പ്രോജക്റ്റിൽ, സംസ്കരിച്ച നിർമ്മാണ മാലിന്യങ്ങൾ ഉപയോഗിച്ച് ഒരു റോഡ് വിജയകരമായി നിർമ്മിക്കുകയും അതിന്റെ സാധ്യതകൾ തെളിയിക്കുകയും ചെയ്തിരുന്നു.
പഴയ ആസ്‌ഫാൽട്ടിന്റെ ഗുണമേന്മയെക്കുറിച്ച് ചില ആശങ്കകൾ ഉണ്ടെങ്കിലും, ശരിയായ രീതിയിൽ സംസ്കരിച്ച് പുതിയ വസ്തുക്കളുമായോ പുനരുജ്ജീവന ഏജന്റുകളുമായോ സംയോജിപ്പിക്കുമ്പോൾ, പുനരുപയോഗം ചെയ്ത അസ്‌ഫാൾട്ടിന് പുതിയ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച റോഡുകൾ പോലെ തന്നെ ശക്തവും ഈടുനിൽക്കുന്നതുമായി നിൽക്കാൻ
കഴിയുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പുനരുപയോഗം ചെയ്ത മിശ്രിതങ്ങൾക്ക് വിള്ളലുകൾ, ഈർപ്പം എന്നിവയ്‌ക്കെതിരായ പ്രതിരോധം വർദ്ധിപ്പിക്കുന്നതു പോലുള്ള മെച്ചപ്പെട്ട ഗുണങ്ങൾ ഉണ്ടായിരിക്കുമെന്നാണ്.
റോഡുകളുടെ ഉയരം കൂടുന്നത് തടയാനും ഡ്രെയിനേജ് പ്രശ്നങ്ങൾ പരിഹരിക്കാനും പുനരുപയോഗം സഹായിക്കും. റോഡിന്റെ ഉപരിതലം മാത്രം പുനരുപയോഗിക്കുമ്പോൾ അതിന്റെ ഉയരം വർദ്ധിക്കുന്നില്ല. ഇത് വെള്ളക്കെട്ടിനുള്ള സാദ്ധ്യത കുറയ്ക്കുന്നു. കൂടാതെ, പുതിയ അസംസ്കൃത വസ്തുക്കളുടെ ആവശ്യം കുറയ്ക്കുന്നതിലൂടെ പ്രകൃതി സംരക്ഷണത്തിനും സഹായിക്കുന്നു. കേരളത്തിൽ വലിയ തോതിൽ ഈ പദ്ധതികൾ നടപ്പാക്കുന്നതിനു മുൻപ്, ചെറിയ പൈലറ്റ് പ്രോജക്റ്റുകളിലൂടെ ഈ സാങ്കേതികവിദ്യയുടെ ഗുണനിലവാരവും പ്രായോഗികതയും വിലയിരുത്താവുന്നതാണ്. ഇത് ഭാവിയിൽ ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ റോഡ് നിർമ്മാണത്തിന് കേരളത്തിന് ഒരു മാതൃകയാകും.
(എഴുത്തുകാരനും കോളമിസ്റ്റുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |