പതിനാറ് വയസുള്ള ഒരു മുസ്ലിം പെൺകുട്ടിയുടെ വിവാഹം സാധുവാണെന്ന് പ്രഖ്യാപിച്ച പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. മുസ്ലിം വ്യക്തിനിയമം അനുസരിച്ച്, പ്രായപൂർത്തിയായ ഒരു പെൺകുട്ടിക്ക് വിവാഹം കഴിക്കാമെന്ന ഹൈക്കോടതിയുടെ നിലപാടാണ് ഇതിലൂടെ സുപ്രീം കോടതി ശരിവച്ചത്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ കമ്മിഷൻ (NCPCR) ആയിരുന്നു ഈ ഹർജി സമർപ്പിച്ചത്.
ഈ കേസിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം മുസ്ലിം വ്യക്തിനിയമവും POCSO (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം) നിയമവും തമ്മിലുള്ള പൊരുത്തക്കേടാണ്. മുസ്ലീം വ്യക്തിനിയമം അനുസരിച്ച്, ഒരു പെൺകുട്ടിക്ക് 15 വയസിനു ശേഷം സ്വന്തം ഇഷ്ടപ്രകാരം വിവാഹത്തിൽ ഏർപ്പെടാം. എന്നാൽ, POCSO നിയമം 18 വയസിനു താഴെയുള്ള എല്ലാ ലൈംഗിക ബന്ധങ്ങളെയും കുറ്റകൃത്യമായി കാണുന്നു!
നിയമപരമായ ഈ തർക്കത്തിൽ ഒരു അന്തിമ തീരുമാനത്തിന് ഈ വിധിയിലൂടെ സുപ്രീം കോടതി തയ്യാറായില്ല. ഇത്തരം നിയമപരമായ ചോദ്യങ്ങൾ ഉചിതമായ സന്ദർഭങ്ങളിൽ മാത്രമേ ചർച്ച ചെയ്യേണ്ടതുള്ളൂ എന്ന് കോടതി വ്യക്തമാക്കി. കൂടാതെ, പ്രായപൂർത്തിയാകാത്തവരുടെ പ്രണയബന്ധങ്ങളെ ക്രിമിനൽ കേസുകളായി കാണരുതെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. 'പ്രണയിക്കുന്നത് തെറ്റാണോ?" എന്ന കോടതിയുടെ ചോദ്യം ഈ വിഷയത്തോടുള്ള സമീപനം വ്യക്തമാക്കുന്നു.
പഞ്ചാബ്- ഹരിയാന ഹൈക്കോടതി പതിനാറു വയസുള്ള മുസ്ലിം പെൺകുട്ടിക്കും ഭർത്താവിനും സംരക്ഷണം നൽകിയിരുന്നു. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടിയുടെ വിവാഹം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി NCPCR ഈ ഉത്തരവിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ, ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് NCPCR-ന്റെ ഹർജി തള്ളിക്കളഞ്ഞു.
NCPCRന് ഇത്തരം കേസുകളിൽ നിയമപരമായി ഇടപെടാൻ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. 'രണ്ട് കുട്ടികളെ ഹൈക്കോടതി സംരക്ഷിക്കുമ്പോൾ, അത് എങ്ങനെയാണ് NCPCR- ന് ചോദ്യം ചെയ്യാൻ സാധിക്കുക?"എന്നും കോടതി ചോദിച്ചു. പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കാനുള്ള അധികാരം കോടതികൾക്കുണ്ടെന്ന് ഈ വിധി വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |