ഏതാനും ദിവസങ്ങളുടെ അനിശ്ചിതത്വം അവസാനിപ്പിച്ചുകൊണ്ട് ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) തങ്ങളുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ആരും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയെയാണ് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ എൻ.ഡി.എ യുടെ സ്ഥാനാർത്ഥിയായി പ്രഖാപിച്ചത്. മാദ്ധ്യമങ്ങളുടെ സ്ഥാനാർഥി പ്രവചനങ്ങളാകെ തെറ്റി. മറ്റു പല പേരുകളും കേട്ടിരുന്നു, ചില ഗവർണർമാരുടെ പേരുകൾ ഉൾപ്പെടെ. ഒടുവിൽ പ്രവചനക്കാരുടെ ആരുടെയും ഭാവനയിൽപ്പെടാത്ത ഒരാൾക്കാണ് ഉപരാഷ്ട്രപതിയാകാനുള്ള അവസരം ഒരുങ്ങുന്നത്- അതും തെക്കേ ഇന്ത്യയിൽ, തമിഴ് നാട്ടിൽ നിന്ന്. പ്രതിപക്ഷ മുന്നണിയും സ്വന്തം സ്ഥാനാർഥിയായി മുൻ ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ മത്സരിപ്പിക്കാൻ രണ്ടുദിവസം വൈകിയാണെങ്കിലും തീരുമാനിച്ചു. പക്ഷെ ചുവരെഴുത്ത് വ്യക്തം. ഭരണ മുന്നണി സ്ഥാനാർഥിയായ സി.പി. രാധാകൃഷ്ണനാകും ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതി.
ആരാണ് ഈ സി.പി. രാധാകൃഷ്ണൻ? ഉപരാഷ്ട്രപതിയാകാൻ അദ്ദേഹത്തിനുള്ള അർഹത എന്ത്? മിക്കവരുടെയും മനസിൽ സ്വാഭാവികമായി ഉദിക്കുന്ന ചോദ്യങ്ങളാണ് ഇവ. അപ്രസക്തമോ ആസ്ഥാനത്തോ അല്ല ഈ ചോദ്യങ്ങൾ. പണ്ട് ലെനിൻ പറഞ്ഞു വച്ചിട്ടുള്ളത്, 'ചോദ്യങ്ങൾ ചോദിക്കുന്നതാണ് ഏറെ പ്രധാനം" എന്നാണല്ലോ. അധികമാരും അറിയുന്നയാളല്ല സി.പി. രാധാകൃഷ്ണൻ. കേരളത്തിലും, തമിഴ്നാട് ഒഴിച്ചുള്ള ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും, പിന്നെ അദ്ദേഹം ഗവർണർ പദവിയിലിരുന്ന മഹാരാഷ്ട്ര, ജാർഖണ്ഡ്, തെലങ്കാന, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലും അറിയപ്പെടുന്നതൊഴിച്ചാൽ, ഒരിക്കലും താരമൂല്യമുള്ള രാഷ്ട്രീയ നേതാവ് ആയിരുന്നില്ല സി.പി.ആർ; സ്വന്തം സംസ്ഥാനമായ തമിഴ്നാട്ടിൽപ്പോലും.
എന്നാൽ, തമിഴ്നാട്ടിൽ കക്ഷി പരിഗണനകൾക്ക് അതീതമായി ഇതര കക്ഷികളുടെ നേതാക്കളുമായി സി.പി.ആർ നല്ല സൗഹൃദത്തിലായിരുന്നു. ഡി.എം.കെ നേതാവ് എം. കരുണാനിധിയുമായും എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിതയുമായും സി.പി.ആറിന് ഊഷ്മളമായ ബന്ധമായിരുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇരു ദ്രാവിഡ കക്ഷികളെയും ബി.ജെ.പി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സംഖ്യത്തിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിർണായകമാണ്.
എന്തുകൊണ്ട് സി.പി. രാധാകൃഷ്ണൻ എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോൾ, വില്യം ഷേക്സ്പിയറുടെ 'ട്വെൽത്ത് നൈറ്റി" ലെ വരികളാണ് ഓർമ്മ വരുന്നത്. അവ ഇങ്ങനെയാണ്. "ചിലർ മഹാന്മാരായി ജനിക്കുന്നു, മറ്റു ചിലർ മഹത്വം ആർജ്ജിക്കുന്നു , ഇനിയും ചിലരിൽ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു". സി.പി.ആർ അക്ഷരാർത്ഥത്തിൽ മഹത്വം മെല്ലെ മെല്ലെ ആർജ്ജിക്കുകയാണ് ചെയ്തത്. പാർലമെന്റംഗമായപ്പോൾ, അതു കഴിഞ്ഞ് ഗവർണർ ആയപ്പോൾ, ഇപ്പോഴിതാ ഉപരാഷ്ട്രപതി ആകുമ്പോഴും ആ മാറ്റ് കൂടിവരികയാണ്.
സി.പി.ആർ എന്നും എവിടെയും വെള്ളിവെളിച്ചത്തിൽ നിന്ന് മാറിനിന്നിട്ടേയുള്ളൂ. അതുകൊണ്ടാണ് അദ്ദേഹം അത്ര അറിയപ്പെടാതെ പോയത്. സ്ഥാനമാനങ്ങൾ ചൊല്ലി അദ്ദേഹം കലഹിച്ചില്ല. എന്നാൽ കോയമ്പത്തൂർ നിന്ന് 1998-ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ, തമിഴ്നാട്ടിൽ നിന്ന് ഒന്നര ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടുന്ന, ബി.ജെ.പിയിൽ നിന്നുള്ള ആദ്യ പാർലമെന്റംഗം എന്ന നിലയിൽ സി.പി.ആർ ദേശീയശ്രദ്ധ പിടിച്ചുപറ്റി. ആരും ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അട്ടിമറി വിജയമായിരുന്നു അത്. ഒരു വർഷത്തിനുള്ളിൽ, 1999-ൽ സി.പി.ആർ വീണ്ടും അതേ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 2014-ലും 2019-ലും നടന്ന തിരഞ്ഞെടുപ്പുകളിൽ അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്.
ഒരു പിന്നാക്ക സമുദായക്കാരനായ ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി.പി.ആറിന് വ്യക്തി ജീവിതത്തിലോ രാഷ്ട്രീയ ജീവിതത്തിലോ രക്ഷാപുരുഷന്മാർ ആരുമുണ്ടായിരുന്നില്ല. പരമ്പരാഗതമായി കൃഷി ഉപജീവനമായുള്ള, തമിഴ്നാട്ടിലെ തിരുപ്പൂരിലെ ഒരു കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അച്ഛന്റെ തുണിവ്യവസായത്തിൽത്തന്നെ തുടരാൻ അദ്ദേഹം തീരുമാനിച്ചു. ബുദ്ധിയുറച്ച പ്രായം മുതൽ സി.പി.ആർ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ (ആർ.എസ്.എസ് ) ശാഖയിൽ പോയിത്തുടങ്ങി. വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്ര നിർമ്മാണം പ്രധാന പരിപാടിയാക്കിയിട്ടുള്ള സംഘ ശാഖയിലാണ് ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതിയാകാൻ ഭാഗ്യം ലഭിച്ചിട്ടുള്ള സി.പി. രാധാകൃഷ്ണന്റെ വ്യക്തിത്വം രൂപപ്പെട്ടത്.
അതുകൊണ്ടു കൂടിയാകാം മൂല്യങ്ങൾ കൈവിട്ട് അദ്ദേഹം ഒരിക്കലും മുതലിനു പിന്നാലെ പോകാത്തത്. അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും പതിറ്റാണ്ടുകൾ മുമ്പ് കന്യാകുമാരിയിലെ വിവേകാനന്ദപുരത്ത് ഒരു ആർ.എസ്.എസ് പരിശീലന ശിബിരത്തിൽ വച്ചായിരുന്നു. കഴിഞ്ഞയാഴ്ച ഒരു ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിൽ എത്തിയ അദ്ദേഹം ഒരു രാത്രി ഇവിടെ രാജ്ഭവനിൽ തങ്ങിയപ്പോഴും ഒരു മണിക്കൂറോളം ഒന്നിച്ചിരുന്ന് സംസാരിച്ചു. മഹാരാഷ്ട്ര ഗവർണർ ആണെങ്കിലും പഴയ അതേ സി.പി.ആർ തന്നെ എന്നു തോന്നി. വ്യക്തമായ കാഴ്ചപ്പാട്, ശക്തമായ നിലപാട്; അന്നും ഇന്നും.
കേരള കാര്യങ്ങളാണ് കൂടുതൽ ചർച്ച ചെയ്തത്. കേരളം സി.പി.ആറിന് സുപരിചിതമാണ്. കേരളത്തെക്കുറിച്ചുള്ള പഴയതും പുതിയതുമായ മിക്ക വിവരങ്ങളും വിരൽത്തുമ്പിൽ. ഗവർണർ ആയി നിയമിതനാകുന്നതിനു മുമ്പ് കേരളത്തിൽ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം നിയോഗിച്ച ചുമതലക്കാരൻ (പ്രഭാരി) ആയിരുന്നല്ലോ അദ്ദേഹം കുറേക്കാലം. അതിനു മുമ്പ് കൊച്ചി ആസ്ഥാനമായുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ 'കയർ ബോർഡി"ന്റെ അധ്യക്ഷനായും സി.പി.ആർ കേരളത്തിലുണ്ടായിരുന്നു.
നേടുവാനുള്ളതല്ല, നൽകുവാനുള്ളതാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നതാണ് സി.പി.ആറിനെ വ്യത്യസ്തനാക്കുന്നത്. അതിന്റെ ഒട്ടനവധി ഉദാഹരണങ്ങൾ ഈയുള്ളവന് നേരിട്ടറിയാം. കേരളത്തിലെ ബി.ജെ.പിയുടെ ചുമതലക്കാരനായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാലത്ത് അദ്ദേഹത്തിന്റെ ആവശ്യത്തിനായി പാർട്ടി അനുവദിച്ചു നൽകിയ വാഹനം സി.പി.ആർ ഉപയോഗിച്ചിരുന്നില്ല. പകരം, തന്റെ സ്വന്തം കാർ തമിഴ്നാട്ടിൽ നിന്നു വരുത്തിയാണ് ഉപയോഗിച്ചുവന്നത്. വാഹനം ഓടിക്കാനായി സ്വന്തം ഡ്രൈവറെയും അദ്ദേഹം നാട്ടിൽ നിന്നെത്തിച്ചു. അയാളുടെ വേതനം സ്വയം നൽകി. എന്തിനേറെ, ആ വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ പോലും സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ചാണ് അദ്ദേഹം ചെയ്യിച്ചിരുന്നത്. തിരുവനന്തപുരത്തെ തന്റെ താമസക്കാലത്ത് വീടിന്റെ വാടകയും മറ്റു ചെലവുകളും സി.പി.ആർ സ്വന്തം കീശയിൽ നിന്നുതന്നെ വഹിച്ചു. ഭക്ഷണം തയ്യാറാക്കാൻ ഒരു പാചകക്കാരനെയും അദ്ദേഹം കൊണ്ടുവന്നിരുന്നു.
ആദർശ രാഷ്ട്രീയത്തിന് അവധി പ്രഖ്യാപിച്ച്, അടവ് നയങ്ങൾ ആധിപത്യം ഉറപ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇന്ന് പൊതുവെ കണ്ടുവരുന്നത്. അതിനാലാണ് രാഷ്ട്രീയ രംഗത്ത് മൂല്യങ്ങൾ മുതലിന് അതിവേഗം വഴിമാറുന്നത്. ആ കുത്തൊഴുക്കിനെതിരെ നീന്തിയാണ് സി.പി.ആർ ഇതുവരെ എത്തിയത്. ഇനിയും അങ്ങനെ തന്നെ തുടരുമെന്ന് പ്രത്യാശിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |