SignIn
Kerala Kaumudi Online
Thursday, 28 August 2025 12.15 AM IST

കരുണ, ഇല്ലെങ്കിൽ പിന്നെന്ത് ചെയ്യും?

Increase Font Size Decrease Font Size Print Page
as

കഴിഞ്ഞ മാർച്ച് 19ന് ചേർന്ന മന്ത്രിസഭാ യോഗം ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടിരുന്നു. രാജ്യത്തെ ഞെട്ടിച്ച മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് പഠനാവശ്യത്തിന് മാത്രമായി ധനസഹായമായിരുന്നു പദ്ധതി. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഏഴ് കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടമായ പതിനാല് കുട്ടികൾക്കുമായി പഠനാവശ്യത്തിന് പത്തുലക്ഷം രൂപ വീതം അനുവദിക്കാനായിരുന്നു സർക്കാർ തീരുമാനം. പതിനെട്ട് വയസുവരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം. വനിതാ ശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്. ഉരുൾ ദുരിതബാധിതരെ നെഞ്ചോട് ചേർത്തുപിടിച്ച് അവർക്കായി ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന പിണറായി സർക്കാരിന്റെ നല്ലൊരു തീരുമാനമായിരുന്നു ഇത്. മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിലിൽ 2.1 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. ഇത് സംബന്ധിച്ച് വെബ്സൈറ്റിൽ എല്ലാം വ്യക്തം. എന്നാൽ സർക്കാർ എത്ര നന്നായി പ്രവർത്തിച്ചിട്ടും കാര്യമില്ലല്ലോ. അത് നടപ്പിലാക്കാൻ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥർ കൂടി മനസുവയ്‌ക്കണ്ടേ,​ അല്ലെങ്കിൽ പഴി കേൾക്കുന്നതും സർക്കാരിന് തന്നെയായിരിക്കും. വയനാട്ടിൽ സംഭവിച്ചതും അതുതന്നെ. കുറച്ച് ഉദ്യോഗസ്ഥർക്ക് തുടർനടപടികൾ എടുക്കുന്നതിൽ എന്തോ ഒരു മടി. ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷാകർത്താവിന് ഓരോ മാസവും നൽകുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ മാസങ്ങളായിട്ടും തുടർനടപടികൾ ഉണ്ടായില്ല.

നടപടികളിൽ

ഗുരുതരമായ വീഴ്ച

ഉരുൾ ദുരിതബാധിതർ വിധിയെ ശപിച്ച് കഴിയുകയാണ്. ഒരു പ്രദേശത്ത് അല്ലലും അലട്ടലുമില്ലാതെ കഴിഞ്ഞ ജനതയ്ക്കാണ് ഒരു രാത്രിയുടെ മറവിൽ എല്ലാം നഷ്ടപ്പെട്ടത്. അവരെയാണ് സർക്കാർ നെഞ്ചോട് ചേർത്തു പിടിക്കുന്നത്. കുട്ടികളുടെ പേരിൽ അനുവദിച്ച തുകയെ ചൊല്ലി ബന്ധപ്പെട്ടവർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. ഇതിനായി നിരന്തരം പോരാടി. വിഷയം ആകെ ചർച്ചയായി. ഇതിൽ കഴിഞ്ഞ ദിവസമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉണർന്ന് പ്രവർത്തിക്കാൻ ഇറങ്ങിയത്. അതും വ്യാപകമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. കുട്ടികളുടെ രക്ഷിതാക്കൾക്ക് അനുവദിച്ച സാമ്പത്തിക ധനസഹായത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥ തലത്തിൽ ഗുരുതര വീഴ്ചയുണ്ടായി. രക്ഷിതാക്കൾ ഇതുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് ഇങ്ങനെയൊരു സാമ്പത്തിക ധനസഹായത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അറിയുന്നത് തന്നെ! തുക ബന്ധപ്പെട്ട കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് എത്തിയിരുന്നെങ്കിൽ ഈ കോലാഹലം ഉണ്ടാകുമായിരുന്നില്ല.

പതിനെട്ടാം വയസിൽ

തുക കുട്ടിക്ക്

21 കുട്ടികളിൽ നാലുപേർക്ക് 18 വയസ് പൂർത്തിയായി. ബാക്കി 17 കുട്ടികളിൽ ഒൻപത് കുട്ടികൾക്കായാണ് ജില്ലാ കളക്ടറുടെ പേരിൽ പ്രത്യേക സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ തുറന്നത്. ഇവരിൽ ഒരു കുട്ടി തമിഴ്നാട് സ്വദേശിയാണ്. ഈ കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിൽ ട്രഷറിയിൽ സംയുക്ത അക്കൗണ്ട് ആരംഭിക്കുന്ന മുറയ്ക്ക് ജില്ലാ കളക്ടറുടെ പേരിൽ സ്ഥിര നിക്ഷേപമായി തുക സൂക്ഷിക്കും. ബാക്കിയുള്ള ഏഴ് കുട്ടികളിൽ എല്ലാവരുടെയും പ്രായം എട്ടു വയസിൽ താഴെയായതിനാൽ ഇവർക്കുള്ള സ്ഥിര നിക്ഷേപം ആരംഭിച്ചിട്ടില്ല. ട്രഷറിയിൽ 10 വർഷത്തിൽ കൂടുതൽ സ്ഥിര നിക്ഷേപം നടത്താൻ സാങ്കേതിക തടസങ്ങളുള്ളതാണ് കാരണം. 2.1 കോടിയിൽ 1.60 കോടി കിഴിച്ചുള്ള തുക നിലവിൽ ട്രഷറിയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്.
ട്രഷറിയിൽ 10 വർഷത്തിൽ കൂടുതൽ സ്ഥിര നിക്ഷേപം നടത്താനുള്ള സാങ്കേതിക തടസം പരിഹരിക്കുന്ന മുറയ്ക്ക് അക്കൗണ്ട് ആരംഭിച്ച് തുക നിക്ഷേപിക്കും. ട്രഷറിയിൽ നിക്ഷേപിക്കുന്ന തുകയിൽ നിന്നും മാസവസാനം 6250 രൂപയാണ് പലിശയായി ലഭിക്കുക. കുട്ടികൾക്ക് 18 വയസ് പൂർത്തിയായാൽ ട്രഷറിയിൽ നിന്നും തുക അക്കൗണ്ടുകളിലേക്ക് കൈമാറും.

വനിതാ ശിശുവികസന വകുപ്പ് മുഖേന സംസ്ഥാന സർക്കാർ വിതരണം ചെയ്ത ധനസഹായത്തിന്റെ പലിശ കൃത്യമായി രക്ഷിതാക്കൾക്ക് ലഭിക്കുന്നുമുണ്ട്. അച്ഛനും അമ്മയും നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷം രൂപയും ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ടവർക്ക് അഞ്ചുലക്ഷം രൂപയുമാണ് വനിതാശിശു വികസന വകുപ്പ് മുഖേന വിതരണം ചെയ്തത്. ഇതിന് പുറമെ പത്തൊമ്പത് കുട്ടികൾക്ക് കേന്ദ്ര സർക്കാരിന്റെ സ്പോൺസർ ഷിപ്പ് പദ്ധയിൽ പ്രതിമാസം നാലായിരം രൂപയും ലഭിക്കുന്നുണ്ട്. മാതാപിതാക്കൾ ഇരുവരും നഷ്ടപ്പെട്ട കുട്ടികൾക്ക് സ്വകാര്യ സംഘടനകളും വ്യക്തികളും സംസ്ഥാന സർക്കാർ മുഖേന 31.24 ലക്ഷം രൂപയും ഇതുവരെ കൈമാറിയിട്ടുണ്ട്.

പ്രശ്നങ്ങൾ കാര്യമായി

എടുക്കണം

സർക്കാർ നടപടിപ്രകാരം ഏപ്രിലിൽ തന്നെ അക്കൗണ്ടിൽ സ്ഥിര നിക്ഷേപം നടത്തിയിരുന്നെങ്കിൽ പ്രതിമാസം 6250 രൂപ വീതം ലഭിക്കുമായിരുന്നു. ഉരുൾദുരന്തത്തെ തുടർന്ന് പഠനം പ്രതിസന്ധിയിലായ കുട്ടികൾക്ക് ഈ തുക വലിയൊരു അനുഗ്രഹമായി മാറുമായിരുന്നു. നഷ്ടപ്പെട്ട നാലുമാസത്തെ തുക സംബന്ധിച്ച് വ്യക്തമായ ഒരു തീരുമാനം ഉണ്ടായതുമില്ല. ആ നഷ്ടം രക്ഷിതാക്കൾക്ക് ആര് നൽകും. അറിയില്ല. 2.1 കോടിയിൽ 1.60 കോടി കിഴിച്ചുളള തുക നിലവിൽ ട്രഷറിയിൽ തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഉരുൾ ദുരിതബാധിതർക്ക് വേണ്ടത് അൽപ്പം ആശ്വാസമാണ്. എന്നാൽ ഒന്നിന് പുറമെ മറ്റൊന്നായി പ്രശ്നങ്ങൾ ഇവരെ വേട്ടയാടുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ വളരെ കാര്യമായി എടുക്കേണ്ടതാണ്. സർക്കാർ എടുത്ത തീരുമാനം നടപ്പിലാക്കാതെ ഏതാനും ഉദ്യോഗസ്ഥർ അവരുടെ ഇഷ്ടപ്രകാരം കാര്യങ്ങൾ നീക്കുന്നത് ഗുണത്തെക്കാൾ ദോഷം ചെയ്യും. വേണ്ടത് അൽപ്പം കരുണയാണ്. അതില്ലെങ്കിൽ പിന്നെന്ത് ചെയ്യും?

TAGS: WAYAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.