SignIn
Kerala Kaumudi Online
Thursday, 28 August 2025 4.10 PM IST

ഇന്ന് അയ്യങ്കാളി ജയന്തി , നവോത്ഥാന വിപ്ലവം ഇവിടെ തുടങ്ങുന്നു

Increase Font Size Decrease Font Size Print Page
as

വ്യത്യസ്തമായ വിപ്ലവബോധത്തിന്റെ സാരഥിയായിരുന്ന മഹാത്മാ അയ്യങ്കാളി എക്കാലവും പ്രതിരോധത്തിന്റെ യുവത്വം തുളുമ്പുന്ന ഓർമ്മയാണ്. ആധുനിക ചരിത്രത്തിൽ നമുക്ക് പരിചിതമായ വിപ്ലവ പ്രക്രിയകളോട് താരതമ്യം ചെയ്യുമ്പോഴാണ് അയ്യങ്കാളി നടപ്പിലാക്കിയ വിപ്ലവ ശൈലികളുടെ പ്രത്യേകത തിരിച്ചറിയാനാവുക. ഒത്തുതീർപ്പുകൾക്ക് വിലയ്‌ക്കെടുക്കാനാകാത്ത ശൈലിയും ഭീഷണികൾക്ക് വഴങ്ങാത്ത നിശ്ചയദാർഢ്യവും അദ്ദേഹം ജീവിതാന്ത്യം വരെ പിന്തുടർന്നു. അയ്യങ്കാളിയിൽ നിന്നാണ് കേരളീയ നവോത്ഥാനത്തിന്റെ വിപ്ലവ ചരിത്രം ആരംഭിക്കുന്നത്.

അടിച്ചമർത്തലിന്റെ ആഴങ്ങളിൽ ആണ്ടുപോയ ജനതയെ ഇരുകാലി മൃഗങ്ങളായിപ്പോലും പരിഗണിക്കാതിരുന്ന കാലത്താണ് അയ്യങ്കാളിയുടെ ജനനം. എങ്കിലും അക്കാലത്തെ പുലയ സമുദായത്തിലെ മറ്റു കുടുംബങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു അയ്യങ്കാളിയുടെ കുടുംബം. തിരുവനന്തപുരത്ത് വെങ്ങാനൂർ പെരുങ്കാറ്റുവിള പ്ലാവറത്തറ വീട്ടിൽ അയ്യന്റെയും മാലയുടെയും മകനായി 1863 ആഗസ്റ്റ് 28-നായിരുന്നു കാളിയുടെ ജനനം. അച്ഛന്റെ പേര് ചേർത്ത് അയ്യങ്കാളി എന്നാണ് എല്ലാവരും വിളിച്ചത്.

കായിക പരിശീലനവും അദ്ധ്വാനവും ഉത്സാഹശീലവും കൗമാരത്തിൽത്തന്നെ സമപ്രായക്കാരിൽ നിന്ന് അയ്യങ്കാളിയെ വ്യത്യസ്തനാക്കി. ആരെയും കൂസാത്ത മനസും ശരീരവുമായിരുന്നു അദ്ദേഹത്തിന്. തല കുമ്പിട്ട് ഭയന്ന് വിറങ്ങലിച്ചു കഴിഞ്ഞിരുന്ന അന്നത്തെ പിന്നാക്ക സമൂഹത്തിനിടയിൽ അയ്യങ്കാളി വളരെ വേഗം ശ്രദ്ധ നേടി. അടിച്ചമർത്തപ്പെടുന്ന ജനതയെ അതിജീവനത്തിന് പ്രാപ്തരാക്കണമെങ്കിൽ വിദ്യാഭ്യാസം അനിവാര്യമാണെന്ന് അക്ഷരം നിഷേധിക്കപ്പെട്ട അയ്യങ്കാളിക്ക് ബോദ്ധ്യമുണ്ടായിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ് 1904-ൽ വെങ്ങാനൂരിൽ അദ്ദേഹം കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത്. ദളിതൻ അക്ഷരം പഠിച്ചാൽ തങ്ങൾക്ക് സംഭവിക്കാൻ പോകുന്ന നഷ്ടങ്ങളെക്കുറിച്ച് ബോദ്ധ്യമുണ്ടായിരുന്ന ഒരു വിഭാഗം സവർണർ ആ കുടിപ്പള്ളിക്കൂടം അഗ്നിക്കിരയാക്കി.

പക്ഷേ, അയ്യങ്കാളിയുടെയും സഹപ്രവർത്തകരുടെയും ഇച്ഛാശക്തിയിൽ പള്ളിക്കൂടം പുനഃസ്ഥാപിച്ചു. വിദ്യാഭ്യാസം നേടാനുള്ള ഒരു ജനതയുടെ സമാനതകളില്ലാത്ത പോരാട്ടങ്ങളുടെ തുടക്കമായിരുന്നു അത്. 1907-ൽ സാധുജന പരിപാലന സംഘത്തിന് അദ്ദേഹം രൂപം നൽകി. താഴ്‌ത്തപ്പെട്ട സമുദായങ്ങളിൽ പിറന്നവർ കോടിയുടുക്കാൻ പാടില്ലെന്നായിരുന്നു അക്കാലത്ത് സവർണ്ണ പ്രമാണികൾ രൂപപ്പെടുത്തിയ സാമൂഹിക ക്രമം. പുതിയ തുണി ചെളിയിൽ മുക്കി ഉടുക്കാം, അരയ്ക്കു മുകളിലും മുട്ടിനു താഴെയും വസ്ത്രം പാടില്ല, മീശ വയ്ക്കാനും ചെരിപ്പിടാനും പാടില്ല. ഇങ്ങനെ നീളുന്ന കല്പനകളെ അയ്യങ്കാളി ഓരോ ഘട്ടത്തിലും ചോദ്യം ചെയ്തു. പ്രമാണിമാരുടെ ശാസനകളെ എതിർക്കാൻ തുടങ്ങിയതോടെ അയ്യങ്കാളിക്ക് അനുയായികളും ആരാധകരും കൂടി വന്നു.

1888-ൽ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത് പ്രാമാണിക വർഗത്തെ ചെറിയ തോതിലൊന്നുമല്ല ഉലച്ചത്. ആചാര സംരക്ഷകർ ഉറഞ്ഞുതുള്ളിയപ്പോൾ അന്ന് സഹപ്രവർത്തകർക്കൊപ്പം ഗുരുവിനെ കണ്ട് അയ്യങ്കാളി സർവ പിന്തുണയും പ്രഖ്യാപിച്ച് ഉപദേശങ്ങൾ സ്വീകരിച്ചു. പിന്നാക്ക ജാതിക്കാർക്ക് പൊതുവഴിയിലൂടെ നടക്കാൻ അവകാശമില്ലാതിരുന്ന അക്കാലത്ത്, 1893-ൽ പൊതുനിരത്തിലൂടെ വില്ലുവണ്ടി പായിച്ച് അദ്ദേഹം വ്യവസ്ഥിതികളെ വെല്ലുവിളിച്ചു. 1898-ൽ അനുയായികൾക്കൊപ്പം ആറാലുംമൂട് ചന്തയിലേക്ക് പദയാത്ര നടത്തിയാണ് സവർണരുടെ മാത്രം ഇടമായിരുന്ന ചന്തകളെ പൊതു മാർക്കറ്റാക്കിയത്.

മാറ്റങ്ങളുടെ

മാറ്റൊലി


കല്ലുമാലകൾ പൊട്ടിച്ചെറിഞ്ഞ്, മാറു മറച്ച് മനുഷ്യരെപ്പോലെ നടക്കാൻ ദളിത് സ്തീകളെ പ്രാപ്തരാക്കിയ കൊല്ലം പെരിനാട് വിപ്ലവം അയ്യങ്കാളിയുടെ അസാമാന്യ ഇടപെടലിനു തെളിവാണ്. സമൂഹത്തിലെ മറ്റെല്ലാ ഇടങ്ങളിലുമെന്ന പോലെ കോടതികളിലെ നീതിന്യായ വ്യവസ്ഥയിൽ നിന്നും അടിസ്ഥാന ജനവിഭാഗങ്ങൾ നേരിട്ടിരുന്നത് അവഗണനയും അവഹേളനവും അപമാനവുമായിരുന്നു. പ്ലാമൂട് കച്ചേരി എന്നറിയപ്പെട്ടിരുന്ന കോടതികളിൽ സവർണരുടെ കേസുകളെല്ലാം കേട്ടശേഷം സമയം ശേഷിക്കുന്നുണ്ടെങ്കിൽ താഴ്‌ത്തപ്പെട്ടവരുടെ കേസുകൾ കേൾക്കുന്നതായിരുന്നു പതിവ്. ഈ അപമാനത്തിന് അറുതി വരുത്താനാണ് സർക്കാർ കോടതികളുടെ ഏകദേശ മാതൃകയിൽ സമുദായ കോടതികൾ അദ്ദേഹം സ്ഥാപിച്ചത്.

സാധുജന പരിപാലന സംഘത്തിന്റെ ആശയ പ്രചാരണത്തിനായി സാധുജന പരിപാലിനി എന്ന പ്രസിദ്ധീകരണവും അദ്ദേഹം ആരംഭിച്ചു. അധികാരവർഗത്തോട് നിരന്തരം കലഹിച്ച അയ്യങ്കാളി 1941 ജൂൺ 18- ന് ജീവിത സമരം അവസാനിപ്പിച്ച് മടങ്ങി. സമുദായ പരിഷ്‌കർത്താവ്, തൊഴിലാളി നേതാവ്, അടിസ്ഥാന ജനതയുടെ വിമോചകൻ, ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളിൽ പ്രധാനി, സാമൂഹിക വിപ്ലവകാരി തുടങ്ങി ചരിത്രകാരന്മാർ നൽകുന്ന ഏത് വിശേഷണവും അയ്യൻകാളിക്ക് യോജിക്കും. ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ അയ്യങ്കാളിക്കു തുല്യനായി അദ്ദേഹം മാത്രമേയുള്ളൂ.

(കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റും കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)

TAGS: AYYANKALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.