ഇന്ത്യയിൽ ഏറ്റവുമധികം വിലക്കയറ്റം കേരളത്തിലാണെന്നും, ഇവിടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണെന്നും ഒരു പ്രചാരണം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. നിതി ആയോഗ് ഉൾപ്പെടെയുള്ള എല്ലാ അംഗീകൃത സ്ഥാപനങ്ങളുടെയും റേറ്റിംഗുകളിൽ ഭരണമികവിനും വ്യവസായ സൗഹൃദത്തിനും അഴിമതിരാഹിത്യത്തിനും ജീവിത നിലവാര സൂചകങ്ങളിലുമെല്ലാം ഏറ്റവും മികച്ച റാങ്കിലുള്ള കേരളത്തിന്റെ പ്രകടനത്തെ വസ്തുതകൾ നിരത്തി ആർക്കും തള്ളിക്കളയാൻ കഴിയുകയില്ല.
എന്നാൽ ഡാറ്റകളെ ദുരുദ്ദേശ്യത്തോടെ ദുർവ്യാഖ്യാനിച്ച് സംസ്ഥാനത്തിന്റെ മികവിനെ താറടിക്കാൻ കേരളത്തിന്റെ ശത്രുക്കൾ രാജവ്യാപകമായി ശ്രമിക്കുന്നു. ഭരണസേവന മികവിനെ മാത്രമല്ല അവർ ലക്ഷ്യം വയ്ക്കുന്നത്. മതമൈത്രിയും സാഹോദര്യവും സാമൂഹ്യതുല്യതയും നിലനിൽക്കുന്ന ഈ മാതൃക അവർക്ക് സഹിക്കാൻ കഴിയുന്നതല്ല. എന്നാൽ സംസ്ഥാനത്തെ പ്രതിപക്ഷം ഉൾപ്പെടെ അറിഞ്ഞോ അറിയാതെയോ ഇത്തരം പ്രചാരണങ്ങളെ പല ഘട്ടങ്ങളിലും ഏറ്റെടുക്കാറുണ്ട്. ഈ നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ഇക്കാര്യമുന്നയിച്ച് ഒരു അടിയന്തര പ്രമേയം കൊണ്ടുവരികയും, സർക്കാർ അത് ചർച്ചയ്ക്കെടുക്കാൻ തയ്യാറാവുകയും ചെയ്തു. സഭയ്ക്കകത്തു മാത്രമല്ല, പുറത്തും ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതാണ് എന്ന അഭിപ്രായമാണ് സർക്കാരിനുള്ളത്.
പണപ്പെരുപ്പം
അളക്കുന്നത്
കേരളത്തിലെ 2025 ജൂൺ, ജൂലായ് മാസങ്ങളിലെ പണപ്പെരുപ്പ നിരക്ക് 8.9 ശതമാനവും ആഗസ്റ്റിലേത് 9.04 ശതമാനവും ആണെന്നും ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കാണെന്നുമുള്ള വിവരമാണ് ഇപ്പോഴത്തെ പ്രചാരണങ്ങളുടെ അടിസ്ഥാനം. ഈ സാചര്യത്തിൽ, എങ്ങനെയാണ് ഇൻഫ്‌ളേഷന്റെ അഥവാ പണപ്പെരുപ്പത്തിന്റെ അളവെടുക്കുന്നത് എന്ന് സാധാരണ ജനങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. പല വിധത്തിലുള്ള സങ്കീർണമായ കണക്കു കൂട്ടലുകളിലാണ് അതിന്റെ രീതിശാസ്ത്രം. വിലവ്യത്യാസങ്ങൾ അളക്കുന്നതിനായി ഒരു അടിസ്ഥാനവർഷം നിശ്ചയിക്കുന്നു. ഇപ്പോൾ ഔദ്യോഗികമായി അത് 2011- 12 ആണ്. അതായത്, വിലനിലവാരത്തെ 2011- 12 = 100 എന്ന് നിശ്ചയിക്കുന്നു.
ഉദാഹരണമായി, 2020- ൽ അതിൽ നിന്നുണ്ടായ വർദ്ധനവ് 70 ആണെങ്കിൽ 2020= 170 എന്നു പറയും. 2021-ൽ 2011- 12-നെ അപേക്ഷിച്ച് 80 ആണ് വർദ്ധനവെങ്കിൽ 2021=180 ആയിരിക്കും. എന്നാൽ 2021-ലെ വാർഷിക അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം 10 ശതമാനം എന്നല്ല പറയുക. രണ്ടു വർഷങ്ങൾ തമ്മിലുള്ള വ്യത്യാസമായ 10-നെ ആദ്യവർഷത്തെ ആധാരമായി എടുത്ത്, ആ വർഷത്തെ നിരക്കുകൊണ്ട് ഹരിച്ച് ശതമാനം കാണുകയാണ് ചെയ്യുന്നത്. 10-നെ 170 കൊണ്ട് ഹരിച്ച് 100 കൊണ്ട് ഗുണിച്ചു കിട്ടുന്ന സംഖ്യയായ 5.88 ശതമാനമാണ് 2021-ലെ വാർഷിക പണപ്പെരുപ്പ ശതമാനം.
തൊട്ടു മുമ്പുള്ള വർഷത്തിൽ നിന്നുണ്ടായ വളർച്ചയാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ഏറ്റവും ഉയർന്ന പണപ്പെരുപ്പം കേരളത്തിലാണ് എന്നു പറഞ്ഞാൽ ഏറ്റവും ഉയർന്ന വില കേരളത്തിലാണ് എന്ന് അർത്ഥമില്ല. കേവല വിലകൾ താഴ്ന്നു നിന്നാലും പണപ്പെരുപ്പം കൂടാം. മറിച്ചുമാകാം. രണ്ടു വർഷത്തിനപ്പുറം ഉപഭോക്തൃ വില സൂചിക പ്രകാരം ദേശീയതലത്തിൽ ഏറ്റവും താഴ്ന്ന വില കേരളത്തിലായിരുന്നു. 2020- 21, 2021- 22, 2022- 23, 2023- 24 വർഷങ്ങളിലെ പണപ്പെരുപ്പ കണക്കുകൾ പ്രകാരം കേരളത്തിന്റെ റാങ്ക് 14, 15, 17 എന്നിങ്ങനെയായിരുന്നു.
ഭക്ഷ്യ വകുപ്പ് മന്ത്രി
താത്കാലിക
പ്രതിഭാസം
പണപ്പെരുപ്പത്തിലെ ഹ്രസ്വകാല വർദ്ധനവ് ഒരു താത്കാലിക പ്രതിഭാസമെന്നാണ് മനസിലാക്കേണ്ടത്. 2022 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെ ദേശീയ ശരാശരിയേക്കാൾ താഴ്ന്നു നില്ക്കുകയും, പിന്നീട് 2025 മേയ് വരെ വലിയ വർദ്ധനവ് ഇല്ലാതിരിക്കുകയും ചെയ്ത കേരളത്തിലെ പണപ്പെരുപ്പ നിരക്കിൽ പിന്നീട് വലിയ മാറ്റമുണ്ടാകാൻ കാരണമെന്തെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ഭക്ഷണ- പാനീയങ്ങൾ, വസ്ത്രങ്ങളും പാദരക്ഷകളും, ഇന്ധനവും വെളിച്ചവും, പാർപ്പിട സൗകര്യം, പലവക എന്നിങ്ങനെയുള്ള വിഭാഗങ്ങൾ തിരിച്ചാണ് ഇത് കണക്കാക്കുന്നത്. ഇതിൽ ഭക്ഷണപാനീയങ്ങളുടെയും പലവകയുടെയും കാര്യത്തിലുണ്ടായ നിരക്കു വർദ്ധനയാണ് ഈ ഹ്രസ്വകാല നിരക്കു വർദ്ധനവിന് കാരണമായത് എന്നാണ് പ്രാഥമികമായി മനസിലാക്കുന്നത്.
മറ്റ് ഇനങ്ങളിലൊന്നും കാര്യമായ വ്യത്യാസമുണ്ടായിട്ടില്ല. ഭക്ഷണ- പാനീയ വിഭാഗത്തിൽ ഉൾപ്പെടുന്ന വെളിച്ചെണ്ണ കേരളത്തിൽ ഏറ്റവും അധികം ഉപഭോഗം ചെയ്യപ്പെടുകയും ലഭ്യതക്കുറവ് വിലക്കയറ്റത്തിന് ഇടയാക്കുകയും ചെയ്യുന്ന ഇനമാണ്. അടുത്തകാലത്ത് വെളിച്ചെണ്ണയുടെ വില അസാധാരണമായി വർദ്ധിച്ചപ്പോൾ സർക്കാർ അടിയന്തരമായി ഇടപെട്ടു. വ്യവസായ, കൃഷി വകുപ്പ് മന്ത്രിമാരുമായി ചേർന്ന് സംരംഭകരുടെയും കേരഫെഡ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു. 529 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ സപ്ലൈകോ വഴി 457 രൂപയ്ക്കും, തുടർന്ന് 445, 429 രൂപ നിരക്കുകളിലും ലഭ്യമാക്കി. ഈ വരുന്ന തിങ്കളാഴ്ച മുതൽ വില ഇനിയും കുറച്ച് 419 എന്ന നിരക്കിൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണ സബ്സിഡിയായി 349 രൂപയ്ക്കും, നോൺ സബ്സിഡി 429 രൂപയ്ക്കും ലഭ്യമാക്കി. സബ്സിഡി വില തുടർന്ന് 339 രൂപയായി കുറച്ചു. ഇനി 319 ആയി കുറയ്ക്കും. നോൺ സബ്സിഡി വെളിച്ചെണ്ണവില ലിറ്ററിന് 389 രൂപയായി കുറച്ചു, തിങ്കളാഴ്ച മുതൽ 359 ആയി ഇതിന്റെയും വില കുറയും. സപ്ലൈകോ വിൽപന ശാലകൾ വഴി ഈ ഓണക്കാലത്ത് മാത്രം 22,36,441 ലിറ്റർ ശബരി, കേര വെളിച്ചെണ്ണകൾ വില്പന നടത്തി. ഇതിന്റെയെല്ലാം ഫലമായി പൊതുവിപണിയിൽ വില നിയന്ത്രിക്കാൻ കഴിഞ്ഞു. കോർപ്പറേറ്റ് സൂപ്പർ മാർക്കറ്റുകൾക്കു പോലും സപ്ലൈകോയുടെ വിലകളെ അടിസ്ഥാനപ്പെടുത്തി വില പരിഷ്‌കരിക്കേണ്ടിവന്നു.
സ്വർണവിലയും
പ്രതിഫലിച്ചു
ഉയർന്ന കൂലി നിരക്കുകളും പ്രതിശീർഷ വരുമാനവും നിലനില്ക്കുന്ന കേരളത്തിൽ പലവക ചരക്കുകളുടെ ഉപഭോഗം കൂടി നിൽക്കുകയും, ഇതിലുണ്ടാകുന്ന മാറ്റം പണപ്പെരുപ്പ നിരക്കുകളിൽ ശക്തമായി പ്രതിഫലിക്കുകയും ചെയ്യും. ഇതിൽ ഉൾപ്പെടുന്ന ഗാർഹികചരക്കുകളും സേവനങ്ങളും, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതവും ആശയവിനിമയവും, വിനോദങ്ങൾ, വ്യക്തഗത പരിചരണ സേവനങ്ങൾ എന്നിവയിൽ അവസാനത്തേതിൽ മാത്രമാണ് കാര്യമായ വർദ്ധനവ്. സ്വർണ്ണം, വെള്ളി, രത്നങ്ങൾ, മുത്തുകൾ, സിഗരറ്റ്, സോപ്പ്, പെർഫ്യൂം, വാച്ച് എന്നിവയെല്ലാം ഇതിന്റെ ഉപഘടകങ്ങളാണ്. സൂക്ഷ്മമായി നോക്കിയാൽ സ്വർണ്ണം, വെള്ളി എന്നിവയുടെ വിലയിലുണ്ടായ അഭൂതപൂർവമായ മാറ്റമാണ് പലവക ചരക്കുകളിലും അതുവഴി കേരളത്തിന്റെ പൊതു പണപ്പെരുപ്പ നിരക്കുകളിലും വർദ്ധനവായി പ്രതിഫലിച്ചത് എന്ന് മനസിലാക്കാൻ കഴിയും.
കേരളത്തിലെ സാമാന്യ ജനജീവിതത്തെ വിലക്കയറ്റം തരിമ്പുപോലും ബാധിക്കാത്ത വിധത്തിലുള്ള ശക്തമായ വിപണി ഇടപെടലാണ് ഈ ഓണക്കാലത്ത് നടത്തിയത്. പൊതുവിതരണ വകുപ്പ്, സപ്ലൈകോ, കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ്പ് ഇവയെല്ലാം ചേർന്ന് അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറിയുടെയും വില പിടിച്ചുനിറുത്തി. ഇടതുപക്ഷം രാജ്യത്തിനു മുമ്പാകെ വയ്ക്കുന്ന ഈ ജനപക്ഷ മാതൃകയെ താറടിക്കാൻ അർദ്ധസത്യങ്ങളും അസത്യങ്ങളും ഡാറ്റയുടെ ദുർവ്യാഖ്യാനവും വ്യാപകമാവുന്ന ഇക്കാലത്ത് കൂടുതൽ ജാഗ്രത ആവശ്യമാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ പോലും കേന്ദ്ര ഭരണകൂടത്തിന് ഒത്താശ ചെയ്യുന്നുവെന്ന ആരോപണങ്ങൾ ഉയരുന്ന ഘട്ടത്തിൽ സർക്കാരിനു കീഴിലുള്ള സ്ഥിതിവിവരക്കണക്ക് ഏജൻസികളുടെ പ്രവർത്തനം കൂടുതൽ ജാഗ്രതയോടെ നിരീക്ഷിക്കപ്പെടേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |