ഏറെക്കാലമായി സമദൂരത്തിലൂടെ ശരിദൂരം കണ്ടെത്തിയിരുന്ന നായർ സർവീസ് സൊസൈറ്റിയുടെ ഇടത്തോട്ടുള്ള മനംമാറ്റം രാഷ്ട്രീയ കേരളത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ശബരിമല യുവതീ പ്രവേശനമടക്കമുള്ള വിഷയങ്ങളിൽ വളരെക്കാലമായി എൽ.ഡി.എഫുമായി ഇടഞ്ഞുനിന്ന എൻ.എസ്.എസ്, ആഗോള അയ്യപ്പസംഗമത്തെ പിന്തുണച്ചതിനു പിന്നാലെ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ സർക്കാർ അനുകൂല പരാമർശം യു.ഡി.എഫിനെയും ബി.ജെ.പിയെയും ആശങ്കയിലാഴ്ത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻ.എസ്.എസ് ഇടത്തോട്ട് ചാഞ്ഞതും കോൺഗ്രസിനും യു.ഡി.എഫിനും എതിരെ നടത്തിയ രൂക്ഷവിമർശനവും യു.ഡി.എഫ് ക്യാമ്പിലാണ് ആശങ്കയും അങ്കലാപ്പും സൃഷ്ടിച്ചത്. എക്കാലവും യു.ഡി.എഫിന്റെ വോട്ട്ബാങ്കായിരുന്ന നായർ സമുദായാംഗങ്ങളിൽ നല്ലൊരുഭാഗം എൻ.എസ്.എസ് നിലപാടിനോട് യോജിച്ചാൽ കേരളത്തിൽ പ്രകടമായ രാഷ്ട്രീയമാറ്റത്തിനാകും അത് വഴിവയ്ക്കുക. എൻ.എസ്.എസ് നിലപാടിൽ പ്രതിഷേധിച്ച് നേതൃത്വത്തിനെതിരെ കരയോഗങ്ങളിൽ നിന്നും സമുദായാംഗങ്ങളിൽ നിന്നും ഉയർന്ന ഒറ്റപ്പെട്ട പ്രതിഷേധങ്ങളൊഴിച്ചാൽ എൽ.ഡി.എഫിന്റെ മൂന്നാം തുടർഭരണമെന്ന സ്വപ്നത്തിന് ആക്കം കൂട്ടുന്നതാണ് ഇപ്പോഴത്തെ എൻ.എസ്.എസ് നിലപാട്. സർക്കാർ പക്ഷത്തേക്കുള്ള എൻ.എസ്.എസിന്റെ ചായ്‌വ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കാര്യമായി പ്രതിഫലിച്ചാൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം തന്നെ അത് മാറ്റിക്കുറിക്കും. പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമം പ്രതിനിധികളുടെ പങ്കാളിത്തമില്ലാതെ ശുഷ്ക്കമായെന്ന പഴി സർക്കാർ കേട്ടെങ്കിലും കേരളത്തിലെ പ്രബലസമുദായങ്ങളായ എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും കൂടാതെ കെ.പി.എം.എസ് പോലുള്ള ദളിത് സംഘടനകളെയും ഒപ്പം നിറുത്താനായെന്നത് എൽ.ഡി.എഫിന്റെ രാഷ്ട്രീയ വിജയമായാണ് വിലയിരുത്തുന്നത്.
കോൺഗ്രസിനെ
പരസ്യമായി തള്ളി
ശബരിമല വിഷയത്തിലും ആചാര സംരക്ഷണത്തിലും കോൺഗ്രസിന്റേത് കള്ളക്കളിയാണെന്ന് പരസ്യമായി കുറ്റപ്പെടുത്തിയ ജി.സുകുമാരൻ നായർ, കോൺഗ്രസിന് ഉറച്ച നിലപാടില്ലെന്നും തുറന്നടിച്ചു. ഭൂരിപക്ഷ സമുദായത്തെ പരിഗണിക്കാതെ ന്യൂനപക്ഷ സമുദായങ്ങളെ താലോലിച്ച് അവരുടെ വോട്ട് മാത്രം ലക്ഷ്യമിടുകയാണ് കോൺഗ്രസ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഏറെ പഴികൾ കേട്ടതിന് പുറമെ പാർലമെന്റ് തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്നുണ്ടായ മനംമാറ്റ സൂചനയായാണ് സി.പി.എം ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചത്. അതിലേക്ക് പ്രതിനിധിയെ അയച്ചതു മുതൽ എൻ.എസ്.എസിനെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ശബരിമലയിലെ ആചാര സംരക്ഷണ വിഷയത്തിൽ മുഖ്യമന്ത്രിയിൽ നിന്ന് തന്നെ ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് ജി. സുകുമാരൻ നായർ പറഞ്ഞത്. വിശ്വാസ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞാണ് ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും എൻ.എസ്.എസ് പ്രതിക്കൂട്ടിലാക്കിയത്. നിയമം കൊണ്ടുവരുമെന്ന ഉറപ്പ് അവർ പാലിച്ചില്ലെന്ന കുറ്റപ്പെടുത്തലുമുണ്ട്. നായർ സമുദായാംഗങ്ങളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നതോടെ ശബരിമല ആചാരസംരക്ഷണ വിഷയത്തിലൊഴികെ സമദൂര നിലപാടാണെന്ന് തിരുത്താൻ സുകുമാരൻ നായർ തയ്യാറായിട്ടുണ്ട്.
എല്ലാം നൽകി
പിണറായി സർക്കാർ
സമദൂരം വിട്ട് ഇടതുമുന്നണിയെ പിന്തുണയ്ക്കാൻ തീരുമാനിച്ച എൻ.എസ്.എസ് നിലപാടിനെതിരെ കോൺഗ്രസടക്കമുള്ള രാഷ്ട്രീയ കക്ഷികൾ അതൃപ്തി പ്രകടിപ്പിക്കുമ്പോഴും രണ്ടാം പിണറായി സർക്കാരിൽ നിന്ന് നായർ അടക്കമുള്ള മുന്നാക്ക സമുദായങ്ങൾക്ക് ലഭിച്ച ആനുകൂല്യങ്ങൾ സമാനതയില്ലാത്തതാണെന്ന് ജി. സുകുമാരൻ നായരെങ്കിലും തിരിച്ചറിയുന്നുണ്ടാകും. കേരളത്തിലെ മന്ത്രിസഭകളുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്തവിധം നായർ സമുദായാംഗങ്ങളായ 9 മന്ത്രിമാരാണ് ഇപ്പോഴത്തെ മന്ത്രിസഭയിലുള്ളത്. കൂടാതെ ചീഫ് വിപ്പും. എൻ.എസ്.എസ് കാലങ്ങളായി പിന്തുണച്ചിരുന്ന യു.ഡി.എഫ് സർക്കാരുകളിലൊന്നും ഇത്രയും വലിയ പ്രാതിനിദ്ധ്യം നായർ സമുദായത്തിന് ലഭിച്ചിട്ടേയില്ല. ഇനിയൊരു യു.ഡി.എഫ് സർക്കാർ വന്നാലും ഇത്രയും പ്രാതിനിദ്ധ്യം ലഭിക്കില്ലെന്നും എൻ.എസ്.എസ് നേതൃത്വത്തിന് ഉത്തമ ബോദ്ധ്യമുണ്ട്. രാജ്യത്ത് ആദ്യമായി മുന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ സംസ്ഥാനമെന്ന ഖ്യാതിയും കേരളത്തിനാണ്. 2019 ഒക്ടോബറിൽ സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിൽ പത്തുശതമാനം സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങി. യു.ഡി.എഫ് സർക്കാർ പോലും ചെയ്യാൻ ഭയക്കുന്ന നടപടിയാണ് പിണറായി സർക്കാർ നിഷ്പ്രയാസം നടപ്പാക്കിയത്. മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകാൻ 2017ൽ തന്നെ മന്ത്രിസഭ തീരുമാനിച്ചെങ്കിലും നടപ്പാക്കാൻ വൈകിയതിനെതിരെ രംഗത്തെത്തിയ എൻ.എസ്.എസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ദേവസ്വം ബോർഡുകളിൽ മുന്നാക്കസംവരണം നടപ്പാക്കിയത്. നിലവിൽ തന്നെ 90 ശതമാനത്തിലേറെ മുന്നാക്ക വിഭാഗത്തിൽപ്പെട്ടവർ ജോലി ചെയ്യുന്ന ദേവസ്വം ബോർഡുകളിൽ 10 ശതമാനം സാമ്പത്തികസംവരണം കൂടി അനുവദിച്ചതോടെ പിന്നാക്കക്കാർക്കുള്ള അവസരങ്ങൾ വെറും നാമമാത്രമായി ചുരുങ്ങി.കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ ദേവസ്വം ബോർഡുകളിൽ സാമ്പത്തിക സംവരണം നടപ്പാക്കിയതിന്റെ ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാർ സർവീസുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനാ ഭേദഗതിയോടെ 10 ശതമാനം സാമ്പത്തിക സംവരണം കേന്ദ്ര സർക്കാർ നടപ്പാക്കിയതെന്നതും വിസ്മരിക്കാനാകാത്തതാണ്. മൂന്നാം എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ഇനിയും ആനുകൂല്യങ്ങൾ ലഭിക്കുമെന്ന ഉറപ്പ് എൻ.എസ്.എസ് നേതൃത്വത്തിന് ലഭിച്ചതായാണ് വിവരം.
ബി.ജെ.പി ക്ക് മൗനം
എൻ.എസ്.എസിന്റെ നിലപാട് മാറ്റത്തിൽ ഇതുവരെ കാര്യമായ അഭിപ്രായ പ്രകടനമൊന്നും നടത്താത്ത ബി.ജെ.പിയെ സംബന്ധിച്ച് രാഷ്ട്രീയമായി നഷ്ടമൊന്നും സംഭവിക്കാനില്ല. എൽ.ഡി.എഫിനെ പിന്തുണയ്ക്കാനുള്ള എൻ.എസ്.എസ് നിലപാടിൽ ഉള്ളുകൊണ്ട് സന്തോഷിക്കുന്നതിനൊപ്പം വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇതിനെ തങ്ങൾക്കനുകൂലമാക്കി എങ്ങനെ മാറ്റാമെന്ന ചിന്തയിലാണ് ബി.ജെ.പി നേതൃത്വം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെക്കാൾ എൽ.ഡി.എഫ് അധികാരത്തിലെത്തുന്നതിനോടാണ് ബി.ജെ.പിക്ക് താത്പര്യമെന്നത് ഇതിനകം വ്യക്തമായതാണ്. സംസ്ഥാനത്ത് 20 ശതമാനത്തോളം വോട്ടുള്ള ബി.ജെ.പിയുടെ പ്രധാന ലക്ഷ്യം അടുത്ത തിരഞ്ഞെടുപ്പിൽ ഏതാനും സീറ്റുകൾ നേടുകയെന്നതാണ്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാം സ്ഥാനത്തും 9 ഇടത്ത് രണ്ടാം സ്ഥാനത്തും എത്തിയ ബി.ജെ.പി, നായർ സമുദായാംഗങ്ങളുടെ കൂടി പിന്തുണ ഉറപ്പാക്കി ലക്ഷ്യം നേടാനാണ് ശ്രമം.
അനുനയ നീക്കവുമായി
കോൺഗ്രസ്
എൻ.എസ്.എസ് നിലപാട് മാറ്റത്തിൽ ആകെ അങ്കലാപ്പിലായ കോൺഗ്രസ് നേതൃത്വം അനുനയ നീക്കവുമായി രംഗത്തിറങ്ങിയെങ്കിലും സുകുമാരൻ നായരിൽ നിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായതെന്നാണ് സൂചന. പി.ജെ കുര്യന് പിന്നാലെ തിരുവഞ്ചൂർ രാധാകൃഷ്ണനും പെരുന്നയിലെത്തി ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ആശാവഹമായി ഒന്നും സംഭവിച്ചില്ലെന്ന് ഇവരുടെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാണ്. സുകുമാരൻ നായരുമായി ഉറ്റ ബന്ധമുള്ള രമേശ് ചെന്നിത്തലയെ കൂടാതെ എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാലും വരും ദിവസങ്ങളിൽ പെരുന്നയിലെത്തിയേക്കും. അവസാനവട്ട ശ്രമമെന്ന നിലയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും എത്തിക്കാനും നീക്കമുണ്ട്. എൻ.എസ്.എസ് നിനിലപാടുമാറ്റം ആത്യന്തികമായി എത്തിനിൽക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരായാണ്. പ്രതിപക്ഷ നേതാവായത് മുതലേ സതീശനെ എൻ.എസ്.എസ് നേതൃത്വം അംഗീകരിച്ചിരുന്നില്ല. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും പിന്നീട് രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായിരുന്നപ്പോഴും എൻ.എസ്.എസിനെതിരായി സതീശൻ നടത്തിയ പ്രസ്താവനകളും സ്വീകരിച്ച നിലപാടുകളുമാണ് സുകുമാരൻ നായരെ അദ്ദേഹത്തിനെതിരാക്കിയത്. പ്രതിപക്ഷനേതാവായ ശേഷം എൻ.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചെങ്കിലും അനുമതി നൽകിയിരുന്നില്ല. അതേസമയം ശശി തരൂരിനെയും രമേശ് ചെന്നിത്തലയെയും പെരുന്നയിൽ പല പരിപാടികൾക്കും ക്ഷണിക്കുകയും ചെയ്തിരുന്നു. സമദൂരം സ്വീകരിച്ചിരുന്ന കാലത്ത് പോലും കോൺഗ്രസ് നേതൃത്വം സുപ്രധാന വിഷയങ്ങളിൽ എൻ.എസ്.എസ് നേതൃത്വവുമായി കൂടിയാലോചിച്ചിരുന്നുവെന്നത് രഹസ്യമല്ല. ഭൂരിപക്ഷ വിഭാഗങ്ങളെക്കാൾ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന നയമാണ് സതീശന്റെ നേതൃത്വത്തിലെ യു.ഡി.എഫിനെന്ന പരാതി എൻ.എസ്.എസ് നേതൃത്വത്തിനുണ്ട്. എന്തായാലും എൻ.എസ്.എസിന്റെ നിലപാടുമാറ്റം തിരഞ്ഞെടുപ്പ് സാദ്ധ്യതകളെക്കാളുപരി കോൺഗ്രസിലെ ശാക്തിക ചേരിയുടെ കൂട്ടപ്പോരിലേയ്ക്കാകും വരുനാളുകളിൽ കൊണ്ടെത്തിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |