നൂറുവർഷം മുമ്പ്, പുണ്യദിനമായ വിജയദശമിയിലാണ് രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിതമായത്. അത് പൂർണമായും പുതിയ ഒന്നിന്റെ സൃഷ്ടിയായിരുന്നില്ല. കാലാകാലങ്ങളായി ഇന്ത്യയുടെ ശാശ്വതമായ ദേശീയ ചൈതന്യം കാലഘട്ടങ്ങളുടെ വെല്ലുവിളികളെ നേരിടാൻ വിവിധ രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പുരാതന പാരമ്പര്യത്തിന്റെ പുതിയ പ്രതിഫലനമായിരുന്നു അത്! നമ്മുടെ കാലഘട്ടത്തിൽ, കാലാതീതമായ ആ ദേശീയ ബോധത്തിന്റെ മൂർത്തീഭാവമാണ് സംഘം. സംഘത്തിന്റെ ശതാബ്ദിക്ക് സാക്ഷ്യം വഹിക്കുന്നത്, നമ്മുടെ തലമുറയിലെ സ്വയംസേവകരുടെ സൗഭാഗ്യമാണ്.
ചരിത്രപരമായ ഈ വേളയിൽ, രാഷ്ട്രത്തിനും ജനങ്ങൾക്കും സേവനം ചെയ്യാനുള്ള പ്രതിജ്ഞയിൽ അർപ്പണബോധത്തോടെ നിലകൊള്ളുന്ന അസംഖ്യം സ്വയംസേവകർക്ക് ഞാൻ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. സംഘത്തിന്റെ സ്ഥാപകനും നമ്മുടെ വഴികാട്ടിയുമായ ഡോ. ഹെഡ്‌ഗേവാർജിയെയും ഞാൻ ആദരപൂർവം പ്രണമിക്കുന്നു. നൂറുവർഷത്തെ ഈ മഹത്തായ യാത്രയുടെ സ്മരണയ്ക്കായി, ഇന്ത്യാ ഗവൺമെന്റ് പ്രത്യേക തപാൽ സ്റ്റാമ്പും സ്മാരക നാണയവും പുറത്തിറക്കി.
സംഘം എന്ന
മഹാനദി
മഹാനദികളുടെ തീരങ്ങളിലാണ് മനുഷ്യനാഗരികതകൾ അഭിവൃദ്ധി പ്രാപിച്ചത്. അതുപോലെ, സംഘത്തിന്റെ സ്വാധീനത്താൽ അസംഖ്യം ജീവിതങ്ങൾ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. ഒരു നദി അതിന്റെ ജലത്താൽ സ്പർശിക്കുന്ന ഭൂമിയുടെ ഓരോ ഭാഗത്തെയും സമ്പന്നമാക്കുന്നു. അതുപോലെ, നമ്മുടെ രാജ്യത്തിന്റെ ഓരോ ഭാഗത്തെയും, നമ്മുടെ സമൂഹത്തിന്റെ ഓരോ മേഖലയെയും സംഘം പോഷിപ്പിച്ചിട്ടുണ്ട്. ഒരു നദി നിരവധി അരുവികളായി പെരുകുകയും അതിന്റെ സ്വാധീനം വികസിപ്പിക്കുകയും ചെയ്യുന്നു. സംഘത്തിന്റെ യാത്രയിലും സമാനമായ കാര്യമാണ് സംഭവിച്ചിട്ടുള്ളത്.
വിവിധ അനുബന്ധ സംഘടനകളിലൂടെ, വിദ്യാഭ്യാസം, കൃഷി, സാമൂഹ്യക്ഷേമം, ഗോത്രക്ഷേമം, സ്ത്രീ ശാക്തീകരണം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം പ്രവർത്തിക്കുന്നു. അവരുടെ പ്രവർത്തന മേഖലകളിൽ വൈവിദ്ധ്യമുണ്ടെങ്കിലും, അവയെല്ലാം ‘രാഷ്ട്രം ആദ്യം’ എന്ന ചൈതന്യവും ദൃഢനിശ്ചയവും ഉൾക്കൊള്ളുന്നു. തുടക്കം മുതൽ സംഘം രാഷ്ട്രനിർമ്മാണത്തിനായി സ്വയം സമർപ്പിച്ചു. ഇതു കൈവരിക്കുന്നതിനായി സ്വഭാവരൂപവൽക്കരണത്തിന്റെ പാത തിരഞ്ഞെടുത്തു. ‘വ്യക്തിനിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം’ എന്നതാണ് സംഘത്തിന്റെ മാർഗം.
ഇതിനായി, സംഘം ദൈനംദിന ശാഖയുടെ അതുല്യവും ലളിതവും നിലനിൽക്കുന്നതുമായ സംവിധാനം സൃഷ്ടിച്ചു. ഓരോ സ്വയംസേവകനും ‘ഞാൻ’ എന്നതിൽ നിന്ന് ‘നമ്മൾ’ എന്നതിലേക്ക് യാത്ര ആരംഭിക്കുകയും വ്യക്തിപരമായ പരിവർത്തന പ്രക്രിയയിലൂടെ കടന്നുപോവുകയും ചെയ്യുന്ന പ്രചോദനാത്മക ഇടമാണ് ശാഖ.
മഹത്തായ ദേശീയ ദൗത്യം, വ്യക്തിപരമായ പരിവർത്തനത്തിന്റെ പാത, ശാഖയുടെ പ്രായോഗിക രീതി എന്നിവയാണ് സംഘത്തിന്റെ നൂറുവർഷത്തെ യാത്രയുടെ അടിത്തറ പാകിയത്. ഇവയിലൂടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യയെ മുന്നോട്ടു നയിക്കുന്ന ലക്ഷക്കണക്കിന് സ്വയംസേവകർക്ക് സംഘം രൂപംനൽകി.
രാഷ്ട്രത്തിന് മുൻഗണന
സ്ഥാപിതമായ നിമിഷം മുതൽ രാഷ്ട്രത്തിന്റെ മുൻഗണനയാണ് സ്വന്തം മുൻഗണനയായി സംഘം കണക്കാക്കിയത്. ഡോ. ഹെഡ്‌ഗേവാർജിയും നിരവധി സ്വയംസേവകരും സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുത്തു. ഡോ. ഹെഡ്‌ഗേവാർജി നിരവധി തവണ ജയിലിലടയ്ക്കപ്പെട്ടു. നിരവധി സ്വാതന്ത്ര്യസമര സേനാനികൾക്ക് പിന്തുണയും സംരക്ഷണവും സംഘം നൽകി. സ്വാതന്ത്ര്യാനന്തരം, സംഘം രാഷ്ട്രത്തിനുവേണ്ടി പ്രവർത്തിക്കുന്നത് തുടർന്നു.
ഈ യാത്രയിൽ, സംഘത്തെ തകർക്കാനുള്ള ഗൂഢാലോചനകളും ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ടാമത്തെ സർസംഘചാലക് ആയ പരമപൂജ്യ ഗുരുജിയെ ഒരു കേസിൽ വ്യാജമായി പ്രതിചേർക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. എന്നാൽ സംഘം ഒരിക്കലും വിദ്വേഷം വേരൂന്നാൻ അനുവദിച്ചില്ല. കാരണം, സ്വയംസേവകർ വിശ്വസിക്കുന്നത്, 'നാം സമൂഹത്തിൽനിന്ന് വേർപെട്ടവരല്ല; സമൂഹം നമ്മളിൽ നിന്നാണ് രൂപം കൊണ്ടത്" എന്നതിലാണ്. സമൂഹവുമായുള്ള ഈ ഐക്യബോധവും, ഭരണഘടനയിലും ഭരണഘടനാ സ്ഥാപനങ്ങളിലുമുള്ള അചഞ്ചലമായ വിശ്വാസവും സ്വയംസേവകർക്ക് മനഃസ്ഥൈര്യം നൽകി.
ദേശസ്നേഹം, സമൂഹസേവനം
അത്യന്തം ദുഷ്കരമായ പ്രതിസന്ധികളിൽപ്പോലും സമൂഹത്തോട് സംവേദനക്ഷമത പുലർത്താൻ കഴിഞ്ഞു.
ദേശസ്നേഹത്തിന്റെയും സേവനത്തിന്റെയും പര്യായമാണ് എക്കാലവും സംഘം. വിഭജനം ലക്ഷക്കണക്കിനു കുടുംബങ്ങളെ ഭവനരഹിതരാക്കിയപ്പോൾ അഭയാർഥികളെ സേവിക്കാൻ സ്വയംസേവകർ മുന്നോട്ടുവന്നു. അവർ അവിടെ മുൻനിരയിൽ പ്രവർത്തിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ഇത് ദുരിതാശ്വാസ പ്രവർത്തനം മാത്രമല്ല, രാജ്യത്തിന്റെ ചൈതന്യത്തിന് കരുത്തേകുന്നതിനുള്ള പ്രവർത്തനവുമാണ്.
നൂറ്റാണ്ടിന്റെ ഈ യാത്രയിൽ, സംഘം സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്വയം അവബോധവും ആത്മവിശ്വാസവും ഉണർത്തി. രാജ്യത്തിന്റെ ഏറ്റവും വിദൂരവും എത്തിപ്പെടാൻ പ്രയാസമുള്ളതുമായ ഭാഗങ്ങളിൽപ്പോലും അത് പ്രവർത്തിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി, ഗോത്രസമൂഹങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും സംഘം സ്വയം സമർപ്പിച്ചിരിക്കുന്നു. ഇന്ന്, സേവാഭാരതി, വിദ്യാഭാരതി, ഏകൽ വിദ്യാലയങ്ങൾ, വനവാസി കല്യാൺ ആശ്രമം തുടങ്ങിയ സ്ഥാപനങ്ങൾ ഗോത്രസമൂഹങ്ങളുടെ ശാക്തീകരണത്തിന്റെ കരുത്തുറ്റ സ്തംഭങ്ങളായി മാറിയിരിക്കുന്നു.
നൂറ്റാണ്ടുകളായി ജാതി വിവേചനം, തൊട്ടുകൂടായ്മ തുടങ്ങിയ സാമൂഹ്യതിന്മകൾ ഹിന്ദു സമൂഹത്തിന് വെല്ലുവിളിയായിരുന്നു. ഡോ. ഹെഡ്‌ഗേവാർജിയുടെ കാലംമുതൽ ഇന്നുവരെ, സംഘത്തിലെ ഓരോ അംഗവും, ഓരോ സർസംഘചാലകും, അത്തരം വിവേചനത്തിനെതിരെ പോരാടിയിട്ടുണ്ട്. ‘ന ഹിന്ദു പതിതോ ഭവേത്’ (ഒരു ഹിന്ദുവും ഒരിക്കലും തളരരുത്) എന്നതിന്റെ സത്ത പരമപൂജ്യ ഗുരുജി നിരന്തരം മുന്നോട്ടുകൊണ്ടുപോയി. ബാലാ സാഹെബ് ദേവരസ് ജി പ്രഖ്യാപിച്ചത് ഇങ്ങനെയാണ്: 'തൊട്ടുകൂടായ്മ തെറ്റല്ലെങ്കിൽ, ലോകത്ത് മറ്റൊന്നും തെറ്റല്ല." പിന്നീട്, രജ്ജു ഭയ്യാജിയും സുദർശൻജിയും ഈ സന്ദേശം മുന്നോട്ടുകൊണ്ടുപോയി.
വികസനദൗത്യം പങ്കിടുന്നു
ഇന്നത്തെ കാലഘട്ടത്തിൽ, നിലവിലെ സർസംഘ ചാലക്, ബഹുമാന്യനായ മോഹൻ ഭാഗവത് ജി ‘എല്ലാവർക്കും ഒരു കിണർ, ഒരു ക്ഷേത്രം, ഒരു ശ്മശാനം’ എന്ന ആഹ്വാനത്തോടെ വ്യക്തമായ ഐക്യസന്ദേശമാണ് നൽകുന്നത്.
ഒരു നൂറ്റാണ്ടുമുമ്പ് സംഘത്തിനു രൂപംനൽകിയപ്പോൾ, അന്നത്തെ ആവശ്യങ്ങളും പോരാട്ടങ്ങളും ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ഇന്ന്, ഇന്ത്യ വികസിത രാഷ്ട്രമെന്ന നിലയിലേക്കു മുന്നേറുമ്പോൾ പുതിയ വെല്ലുവിളികൾ ഉയർന്നുവരികയാണ്. വിദേശരാജ്യങ്ങളെ ആശ്രയിക്കൽ, നമ്മുടെ ഐക്യത്തെ വിഭജിക്കാനുള്ള ഗൂഢാലോചനകൾ, നുഴഞ്ഞുകയറ്റത്തിലൂടെയുള്ള ജനസംഖ്യാപരമായ മാറ്റങ്ങൾ തുടങ്ങിയവ അവയിൽ ചിലതാണ്.
നമ്മുടെ സർക്കാർ ഇവയെ സജീവമായി നേരിടുന്നു. അവയെ നേരിടാൻ ആർ.എസ്.എസും കൃത്യമായ രൂപരേഖ തയ്യാറാക്കിയതിൽ എനിക്കു സന്തോഷമുണ്ട്. സംഘത്തിന്റെ ‘പഞ്ചപരിവർത്തൻ’ ഓരോ സ്വയംസേവകനും ഇന്നത്തെ വെല്ലുവിളികളെ അതിജീവിക്കാനുള്ള പാതയൊരുക്കുന്നു. ‘പഞ്ചപരിവർത്തൻ’ പ്രതിജ്ഞകളാൽ നയിക്കപ്പെടുന്ന സംഘം അടുത്ത നൂറ്റാണ്ടിലേക്കുള്ള യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. 2047-ഓടെ വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ദൗത്യത്തിൽ സംഘത്തിന്റെ സംഭാവന നിർണായകമായിരിക്കും. എല്ലാ സ്വയംസേവകർക്കും എന്റെ ആശംസകൾ.
പഞ്ചപരിവർത്തൻ എന്നാൽ എന്ത്?
സ്വബോധ്: അധിനിവേശ മനോഭാവത്തിൽ നിന്ന് സ്വയം മോചിതരാകാനും, നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കാനും, സ്വദേശി എന്ന തത്വം മുന്നോട്ടു കൊണ്ടുപോകാനും സ്വത്വബോധം നമ്മെ സഹായിക്കുന്നു.
സാമാജിക് സമരസത: പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് മുൻഗണന നൽകി സാമൂഹ്യനീതി ഉറപ്പാക്കുന്നതിലൂടെയാണ് സാമൂഹ്യ ഐക്യം കൈവരിക്കുന്നത്. ഇന്ന്, നുഴഞ്ഞുകയറ്റം മൂലമുണ്ടാകുന്ന ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ നമ്മുടെ സാമൂഹ്യ ഐക്യത്തിന് ഗുരുതരമായ വെല്ലുവിളിയാണ്. ഇതു പരിഹരിക്കുന്നതിന്, രാഷ്ട്രം ഉന്നതാധികാര ജനസംഖ്യാദൗത്യം പ്രഖ്യാപിച്ചു.
കുടുംബ് പ്രബോധൻ: കുടുംബ മൂല്യങ്ങൾ നമ്മുടെ സംസ്കാരത്തിന്റെ അടിത്തറയായ കുടുംബ സ്ഥാപനത്തിന് കരുത്തേകുന്നു.
നാഗരിക് ശിഷ്ടാചാർ: ഓരോ പൗരനിലും പൗരബോധവും ഉത്തരവാദിത്വ ബോധവും ഉണർത്തേണ്ടത് അനിവാര്യമാണ്.
പര്യാവരൺ: വരുംതലമുറകളുടെ ഭാവി സുരക്ഷിതമാക്കാൻ പരിസ്ഥിതി സംരക്ഷണം പരമപ്രധാനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |