SignIn
Kerala Kaumudi Online
Sunday, 05 October 2025 4.09 AM IST

ഒരു പ്രാർത്ഥനയുടെ കഥ

Increase Font Size Decrease Font Size Print Page
rss

രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ പ്രാർത്ഥന വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. ഈയിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വിധാൻ സഭയിൽ ആർ.എസ്.എസ് പ്രാർത്ഥന ചൊല്ലിക്കേൾപ്പിച്ചതാണ് വാർത്ത സൃഷ്ടിച്ചുകൊണ്ട് ചർച്ചയായത്. ഈ പംക്തിയിലും വിഷയം ചർച്ച ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഇതാ അതേ പ്രാർത്ഥന വീണ്ടും വാർത്തയാവുന്നത്തോടെ, അതിനെക്കുറിച്ച് ഒരിക്കൽക്കൂടി എഴുതാതെ വയ്യ. പ്രശസ്ത സംഗീതജ്ഞൻ ശങ്കർ മഹാദേവൻ അത് പാടി പുറത്തിറക്കിയത്തോടെയാണ് വീണ്ടും പ്രാർത്ഥന വാർത്ത സൃഷ്ടിച്ചത്!

ആർ.എസ്.എസ് നേതൃത്വം തന്നെ ശങ്കർ മഹാദേവൻ ആലപിച്ച പ്രാർത്ഥനാഗാനം ഔദ്യോഗികമായി പുറത്തിറക്കുകയായിരുന്നു. സംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് അത് പ്രകാശനം ചെയ്തത്.
ആർ.എസ്.എസ് മേധാവി, സർസംഘചാലക് മോഹൻജി ഭാഗവതും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മറ്റും പങ്കെടുത്ത ചടങ്ങിലാണ് പുറത്തിറക്കിയത് എന്നത് ആ പ്രക്രിയക്ക് നൽകിയ പ്രാധാന്യം വിളിച്ചറിയിക്കുന്നു. മാദ്ധ്യമങ്ങൾ, പ്രത്യേകിച്ച് സാമൂഹ്യ മാദ്ധ്യമങ്ങൾ ഇതിനു മുമ്പ് ഇത്രയേറെ പ്രചാരണം ഒരു ഗാനം പ്രകാശനം ചെയ്യുന്നതിന് നൽകിയിട്ടുള്ളതായി തോന്നുന്നില്ല.

'നമസ്‌തേ സദാ വത്സലേ മാതൃഭൂമേ... " എന്നു തുടങ്ങുന്ന, പതിമൂന്ന് വരികളുള്ള പ്രാർത്ഥനാ ഗീതത്തിന് അത്ര വലിയ സംഗീതാത്മകതയൊന്നും ഇല്ല. എന്നിട്ടും ആ പ്രാർത്ഥന ഓളമാവുന്നത് ശങ്കർ മഹാദേവനെപ്പോലെ ഒരു പ്രസിദ്ധ ഗായകൻ പാടിയതുകൊണ്ടുമല്ല. അധികം സംഗീതോപകരണങ്ങളുടെ അകമ്പടിയുമില്ല. എന്നിട്ടും ആ ഗാനം ഇന്ത്യയിലാകെ മാത്രമല്ല, ഇന്ത്യക്കാർ നിവസിക്കുന്ന ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ കാട്ടുതീ പോലെ പടർന്ന് പ്രചരിക്കുന്നു!

കാരണം ലളിതം. ലക്ഷക്കണക്കിനുള്ള ആർ.എസ്.എസ് പ്രവർത്തകർക്കും അനുഭാവികൾക്കും ആ പ്രാർത്ഥന ഒരു വികാരമാണ്. അത് ചൊല്ലുമ്പോഴും കേൾക്കുമ്പോഴും അവരിൽ പലർക്കും വികാരത്തള്ളിച്ച മൂലം കണ്ണു നിറയും, തൊണ്ട വരളും, ചുണ്ട് വിതുമ്പും. അവരുടെ ആലാപനം ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നാണ്. എയ്രോ പേർ, പ്രതിയോഗികളാൽ വെട്ടിവീഴ്ത്തപ്പെടുമ്പോൾ പോലും ഈ പ്രാർത്ഥന ഉള്ളിൽ ചൊല്ലി അന്ത്യശ്വാസം വലിച്ചിട്ടുണ്ടാവും; അക്ഷരാർത്ഥത്തിൽ സ്വന്തം ജീവനും ശരീരവും ദൈവിക ദൗത്യത്തിനായി സമർപ്പിച്ചുകൊണ്ട്.

ആ പ്രാർത്ഥന ചൊല്ലി പൂർത്തിയാക്കുന്നത് 'ഭാരത് മാതാ കീ ജയ്" എന്ന് പറഞ്ഞുകൊണ്ടാണ്. ഹിന്ദിയിലുള്ള ഈയൊരു വാചകം ഒഴിച്ചാൽ പ്രാർത്ഥന പൂർണമായും സംസ്‌കൃതത്തിലാണ്. ആശയഗംഭീരവും അർത്ഥസമ്പുഷ്ടവുമാണ് ഒരോ വരിയും. രാഷ്ട്രത്തെ പരമ വൈഭവത്തിൽ എത്തിക്കാൻ പ്രാർത്ഥിച്ചുകൊണ്ട്, അതിനായി ശരീരം സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിക്കുകയാണ് സ്വയം സേവകൻ എന്നറിയപ്പെടുന്ന ആർ.എസ്.എസ് പ്രവർത്തകൻ. ദൈനംദിന ശാഖയുടെ സമാപനം പ്രാർത്ഥനയോടെയാണ്. പിന്നെ പതാകയ്ക്ക്, ഭഗവദ്ധ്വജത്തിന് പ്രണാമം അർപ്പിച്ച് പിരിയുകയാണ്.

പ്രാർത്ഥനയ്ക്കുള്ള ശക്തി അളവറ്റതാണ്. 'മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരീം..." എന്ന് ഭഗവദ്ഗീത. മൂകനെ വാചാലനാക്കാനും മുടന്തനെ മല കയറ്റാനും കഴിയും എന്നർത്ഥം. ഇവിടെ സ്വാർത്ഥ താത്പര്യത്തിനായല്ല, രാഷ്ട്രത്തിന്റെ പരമ വൈഭവത്തിനായാണ് പ്രാർത്ഥിക്കുന്നത്; 'ഇദം ന മമ രാഷ്ട്രായ സ്വാ:" എന്ന് പ്രഖ്യാപിച്ചുകൊണ്ട്. അതും ഒറ്റയ്ക്കല്ല, ഒത്തൊരുമിച്ച്, ദിവസേന ഏതാണ്ട് ഒരേ സമയത്ത് ലക്ഷക്കണക്കിന് സ്വയം സേവകർ ഭാരതമാകെ ഒരു നൂറ്റാണ്ടായി നടത്തിവരുന്ന പ്രാർത്ഥന ഉണർത്തുന്ന ഊർജ്ജം എത്ര ശക്തമായിരിക്കും!

അതുതന്നെയല്ലേ നൂറ്റാണ്ടു പിന്നിട്ട് പടർന്നു പന്തലിക്കുന്ന ഈ പ്രസ്ഥാനത്തിന്റെ പ്രധാന ശക്തി?​ ആ ഊർജ്ജവും ശക്തിയും സമൂഹത്തിലേക്കാണ് പ്രസരിക്കുന്നത്. സംഘ പ്രാർത്ഥനയിൽ പ്രത്യേകിച്ച് ഒരു ദേവനെയോ ദേവിയേയോ പേരെടുത്തു പറഞ്ഞ് അപേക്ഷിക്കുന്നില്ല. അതുകൊണ്ടു കൂടി മതാതീതമാണത്. സ്വരാഷ്ട്രത്തിന്റെ ശ്രേയസ് കാംക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും ആ പ്രാർത്ഥന നിഷിദ്ധമല്ല- രാഷ്ട്രഭക്തിയുണ്ടാവണം എന്നു മാത്രം.

നൂറുവയസായ ആർ.എസ്.എസിന്റെ ജനനം 1925-ൽ ആണ്. ആർ.എസ്.എസ് ശാഖയിൽ ചൊല്ലുന്ന പ്രാർത്ഥന ആദ്യമായി ആലപിച്ചത് 1940-ൽ. കൃത്യമായി പറഞ്ഞാൽ മേയ് പതിനെട്ടിന്, നാഗ്പൂരിൽ. ഇത്ര വ്യാപകമായി പ്രചരിച്ചിട്ടും പ്രാർത്ഥനയുടെ രചയിതാവിന് ഒട്ടും പ്രചാരണം കിട്ടിയിട്ടില്ല എന്നതാണ് വാസ്തവം. നരഹരി നാരായണ ബിഡേയുടെ വരികളാണ് ഒരു മാറ്റവുമില്ലാതെ അന്നുതൊട്ട് ഇന്നുവരെ ചൊല്ലി വരുന്നത്. ആദ്യ സർസംഘ ചാലക് ഡോ. കെ.ബി. ഹെഡ്ഗവാർ, അദ്ദേഹത്തിന്റെ പിൻഗാമി ഗുരുജി ഗോൾവാൽക്കർ എന്നിവരുടെ നിർദേശവും ഉപദേശവും പ്രകാരമാണ് നരഹരി നാരായണ ബിഡേ സംഘത്തിന്റെ പ്രാർത്ഥന എഴുതി തയ്യാറാക്കിയത്. ആദ്യമായി ആലപിക്കാൻ അവസരം ലഭിച്ചത് ആർ.എസ്.എസ് പ്രചാരകൻ ആയിരുന്ന യാദവ് റാവു ജോഷിക്ക്, നാഗ്പൂരിൽ ഒരു പരിശീലന ശിബിരത്തിൽ, 1940-ലെ ഒരു മേയ് മാസപ്പുലരിയിൽ.
പ്രാർത്ഥന കൂടാതെ, സംഘശാഖയിൽ ആലപിക്കുന്ന കുറെ ദേശഭക്തി ഗാനങ്ങൾ കൂടി ശങ്കർ മഹാദേവൻ പാടി പുറത്തിറക്കിയിട്ടുണ്ട്. ശാഖയിൽ പാടുന്ന ഗാനങ്ങൾ ഗണഗീതങ്ങൾ എന്നാണ് അറിയപ്പെടുന്നത്. കുറേക്കാലമായി ഗണഗീതങ്ങൾ പൊതുസമൂഹം ഏറ്റെടുക്കുകയും ഏറ്റു പാടിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഒരു തരത്തിലും വിഭാഗീയമോ വിദ്വേഷജനകമോ അല്ല ഈ ഗാനങ്ങളെങ്കിലും അവർക്കെതിരെ കേരളത്തിൽ ചിലപ്പോഴൊക്കെ വിവാദം ഉയർത്തിവിടുന്നുണ്ട്.

ഗണഗീതങ്ങൾക്ക് ബദലായി അടുത്തിടെ ഒരു അമ്പലത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് വിപ്ലവഗാനം ആലപിച്ചിരുന്നു. ദേശഭക്തി മാത്രമാണ് ഗണഗീതങ്ങളുടെ ഇതിവൃത്തം. അവ അമ്പലങ്ങളിൽ വേണോ വേണ്ടയോ എന്നത് വിശ്വാസികൾക്കു വിടാം. അവിശ്വാസിയായി അറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് കവി ഒ.എൻ.വി രചിച്ച ഗാനവും ഗണഗീതമായി ആർ.എസ്.എസ് ശാഖകളിലും പൊതു പരിപാടികളിലും പാടാറുണ്ട് എന്നത് എടുത്തു പറയേണ്ടതുണ്ട്. കവിയുടെ മുൻകൂർ അനുമതി വാങ്ങിയിട്ടാണ് അത് പതിറ്റാണ്ടുകളായി സ്വയംസേവകർ പാടി വരുന്നത്.

TAGS: RSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.