പത്തനാപുരം മുതൽ പത്തനാപുരം വരെ നീളുന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റും സെക്രട്ടറിയും എം.എൽ.എയും മന്ത്രിയുമെല്ലാമായ കെ.ബി ഗണേശ്കുമാറിന്റെ പല നിലപാടുകളും ചർച്ചയാകാറുണ്ട്. ഏകാംഗ എം.എൽ.എ ആയ അദ്ദേഹത്തിന് ഇടതുമുന്നണി ഘടകകക്ഷിയെന്ന നിലയിൽ മുന്നണി ധാരണ പ്രകാരം അവസാന രണ്ടരവർഷം ഗതാഗത വകുപ്പിന്റെ ചുമതല നൽകുമ്പോൾ ആരും അത്ഭുതമൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ആന്റണി രാജുവിന്റെ പിൻഗാമി എന്നതിനപ്പുറം ഗതാഗത വകുപ്പിൽ മാന്ത്രികവിദ്യകളൊന്നും കാട്ടുന്നുമില്ല. കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ നിന്ന് കരകയറ്റി ലാഭത്തിലാക്കുമെന്ന് പറഞ്ഞ അദ്ദേഹത്തിന് തന്നെ അറിയാം അത്തരം മാന്ത്രിക വിദ്യകളൊന്നും തന്റെ കൈയ്യിലില്ലെന്ന്. എന്നാൽ മാടമ്പിത്തരം കാട്ടുന്നതിൽ പിണറായി മന്ത്രിസഭയിലെ ഏത് മന്ത്രിയെയും വെല്ലുന്നയാളാണ് താനെന്ന് ഗണേശ്കുമാർ പലവട്ടം തെളിയിച്ചതാണ്. യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റിനെ മന്ത്രിവാഹനത്തിൽ സിനിമ സ്റ്റൈലിൽ ചേസ് ചെയ്ത് തടഞ്ഞുനിറുത്തി ജീവനക്കാരെ പുറത്തിറക്കി പരസ്യമായി ശകാരിച്ച നടപടിയാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.
ഈ മാസം 1ന് പൊൻകുന്നം ഡിപ്പോയിലെ ബസ് എം.സി റോഡിൽ ആയൂരിന് സമീപം തടഞ്ഞു നിറുത്തി, ഏതോ ഗുരുതരമായ കുറ്റം കണ്ടുപിടിച്ചുവെന്ന മട്ടിലായിരുന്നു ജീവനക്കാർക്ക് നേരെ മന്ത്രിയുടെ ശകാരം. ഡ്രൈവർ കുടിക്കുന്ന വെള്ളത്തിന്റെ കുപ്പി ബസിന്റെ മുന്നിലെ കണ്ണാടിയുടെ ഉള്ളിൽ ഇട്ടുവെന്നതായിരുന്നു മന്ത്രി കണ്ടെത്തിയ ഗുരുതരമായ കുറ്റം. മന്ത്രിയുടെ സന്തതസഹചാരികളായ പ്രാദേശിക യൂട്യൂബ് ചാനലുകാർ മന്ത്രിയുടെ 'കുപ്പി ഷോ" ലൈവായിത്തന്നെ കാണിച്ചു. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫിനെയാണ് പരസ്യമായി റോഡിൽ നിറുത്തി കുറ്റവിചാരണ നടത്തിയത്. ബസിനുള്ളിൽ പ്ളാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഇടരുതെന്ന് സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും അതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടി എടുക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഇതിനെതിരായ വിമർശനവും പരിഹാസവും പൊതുസമൂഹത്തിൽ നിന്നും ട്രാൻ. ജീവനക്കാരുടെ സംഘടനകളിൽ നിന്നും ഉയർന്നപ്പോൾ അതിനെയും തന്റെ മാടമ്പി സ്റ്റൈലിൽ ധാർഷ്ട്യത്തോടെയാണ് മന്ത്രി നേരിട്ടത്. ''ഒരുത്തനും തന്നെ വിമർശിക്കാൻ വരേണ്ടതില്ല, ഇതൊന്നും കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ നെഞ്ചത്ത് കയറലല്ല. ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം കൊടുത്തപ്പോൾ ഒരുത്തനെയും കണ്ടില്ല"". ഇങ്ങനെയായിരുന്നു മന്ത്രിയുടെ പ്രതികരണം. യാത്രക്കാരുമായി പോകുന്ന ദീർഘദൂര ബസിനെ നടുറോഡിൽ തടഞ്ഞു നിറുത്തി ജീവനക്കാരെ പുറത്തിറക്കി കുറ്റവിചാരണ ചെയ്യുന്നത് മന്ത്രിയല്ല, ആരായാലും നിയമവിരുദ്ധമാണ്. മന്ത്രി തടഞ്ഞ ബസിലെ യാത്രക്കാരിൽ ആരെങ്കിലും പരാതിയുമായി കോടതിയെ സമീപിച്ചെങ്കിൽ കോടതിയിൽ നിന്ന് ശകാരം കേൾക്കേണ്ടി വരുമായിരുന്നുവെന്നതിൽ സംശയമില്ല.
ജീവനക്കാരെ സ്ഥലം മാറ്റി, ഇല്ല !
മന്ത്രിയുടെ 'കുപ്പി ഷോ"യ്ക്കെതിരെ വിമർശനം നിലനിൽക്കെ പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജെയ്മോൻ ജോസഫ്, വെഹിക്കിൾ സൂപ്പർവൈസർ കെ.എസ് സജീവ്, മെക്കാനിക്കൽ വിഭാഗം ചാർജ്മാൻ വിനോദ് എന്നിവരെ സ്ഥലം മാറ്റിയെങ്കിലും തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദത്താൽ നടപടി താത്ക്കാലികമായി മരവിപ്പിച്ചു. മന്ത്രിയുടെ നിലപാടിൽ മാറ്റമില്ലാത്തതിനാൽ വൈകാതെ സ്ഥലം മാറ്റം നടപ്പാകുമെന്നാണ് കരുതുന്നത്. കെ.എസ്.ആർ.ടി.സി ബസിൽ പ്ളാസ്റ്റിക് കുപ്പികൾ കണ്ടതിന്റെ പേരിൽ ജീവനക്കാർക്കെതിരെ എടുത്ത ശിക്ഷാനടപടിയെ ന്യായീകരിച്ച മന്ത്രി, താൻ മന്ത്രിയായിരിക്കുന്നിടത്തോളം ബസിൽ മാലിന്യം ഇടാൻ അനുവദിക്കില്ലെന്നും പ്രഖ്യാപിച്ചു. ബസിനുള്ളിലും പുറത്തും വൃത്തിയാക്കുന്ന ജീവനക്കാരുടെ ഉത്തരവാദിത്വമാണ് മാലിന്യം നീക്കം ചെയ്യുകയെന്നത്. ബസിൽ ജീവനക്കാർക്ക് അവരുടെ കുടിവെള്ളവും ബാഗുകളും വയ്ക്കാൻ പോലുമുള്ള സൗകര്യമില്ല. അഞ്ഞൂറ് കിലോമീറ്ററിലധികം ബസോടിക്കുന്ന ഡ്രൈവർ കുടിച്ച വെള്ളത്തിന്റെ കുപ്പികൾ കണ്ടപ്പോഴാണ് ശീതീകരിച്ച കാറിൽ സുഖിച്ച് പോകുന്ന മന്ത്രിയുടെ ഷോ.
പത്തനാപുരം പുതിയ ഹബ്
പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയെ പുതിയ ഹബാക്കി മാറ്റുന്ന മന്ത്രിയുടെ നീക്കത്തിനെതിരെയും പ്രതിഷേധമുയരുന്നുണ്ട്. കേരളത്തിലെ നൂറുകണക്കിന് ചെറു ടൗണുകളിൽ ഒന്ന് മാത്രമായ പത്തനാപുരത്തിന് മന്ത്രിയുടെ നിയോജകമണ്ഡലം എന്നതിനപ്പുറം വലിയ പ്രാധാന്യമൊന്നുമില്ല. ഇവിടെ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ദീർഘദൂര സർവീസുകൾ ഓപ്പറേറ്റ് ചെയ്യാൻ തുടങ്ങിയത് മന്ത്രിയുടെ സ്വാർത്ഥ താത്പര്യം മാത്രമാണെന്നാണ് വിമർശനം. ഇടുക്കിയിൽ നിന്നും വയനാട്ടിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ ഇപ്പോൾ പത്തനാപുരത്തേക്ക് ബസുകളുണ്ട്. ഗണേഷ് കുമാറിന്റെ പിതാവ് ആർ. ബാലകൃഷ്ണ പിള്ള ഗതാഗത മന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരത്തുനിന്നുള്ള ഭൂരിഭാഗം ബസ് സർവീസുകളും കൊട്ടാരക്കര വഴിയായിരുന്നു. പിതാവിന്റെ പാതയാണ് ഗണേഷ് കുമാറും പിന്തുടരുന്നതെന്നാണ് വിമർശനം.
പത്തനാപുരം ഡിപ്പോയിൽ നിയമിച്ചിട്ടുള്ള ജീവനക്കാരിൽ ഏറെയും ഗണേശന്റെ വിശ്വസ്തരായ പിണിയാളുകളാണ്. മന്ത്രിയുടെ 'കുപ്പി ഷോ"യിൽ പ്രതിഷേധിച്ച് പത്തനാപുരത്തെ കോൺഗ്രസ് നേതാവും ഗ്രാമപഞ്ചായത്തംഗവുമായ അഡ്വ. സാജുഖാൻ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ എത്തിയപ്പോൾ സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സാജുഖാനെ മർദ്ദിക്കാൻ ശ്രമിച്ചു. ഫിറ്റ്നസും പൊല്യൂഷൻ സർട്ടിഫിക്കറ്റും ഇൻഷ്വറൻസും ഇല്ലാത്തതും കണ്ടം ചെയ്യാറായതുമായ ബസുകളുടെ വീഡിയോ പകർത്താൻ ശ്രമിച്ചതിനാണ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ബസിൽ കുപ്പി ഷോ നടത്തിയ മന്ത്രി ആദ്യം ഇതൊക്കെ ശരിയാക്കട്ടെ എന്നാണ് സാജുഖാൻ പറഞ്ഞത്.
ആളില്ലാ പരിപാടി റദ്ദാക്കിയും ഷോ
ഗതാഗത വകുപ്പ് പുതുതായി വാങ്ങിയ 12 വാഹനങ്ങളുടെ ഫ്ളാഗോഫ് ചടങ്ങ് തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്നുവെങ്കിലും ആള് കുറഞ്ഞുവെന്ന് പറഞ്ഞ് ചടങ്ങ് തന്നെ റദ്ദാക്കുകയും ഉദ്യോഗസ്ഥരെ പരസ്യമായി ശകാരിക്കുകയും ചെയ്തു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വിശദീകരണം ചോദിച്ച് നോട്ടീസ് നൽകിയിരിക്കുകയാണിപ്പോൾ. 12 വാഹനങ്ങളും പുറത്തിറക്കാനാകാതെ പൊടിയടിച്ച് കിടക്കുകയാണ്. കെ.എസ്.ആർ.ടിസിയിൽ ഇപ്പോൾ ഒന്നാം തീയതി ശമ്പളം നൽകുന്നുവെന്ന് പറയുന്ന മന്ത്രിയുടെ ഔദാര്യമാണോ ശമ്പളം എന്നാണ് ജീവനക്കാരുടെ ചോദ്യം. കോർപ്പറേഷന്റെ പ്രതിമാസ വരുമാനം 240 കോടി രൂപയാണ്. 44,000 തൊഴിലാളികൾ ഉണ്ടായിരുന്നപ്പോൾ അവർക്ക് ശമ്പളം നൽകാൻ 80 കോടി രൂപ വേണമായിരുന്നു. എന്നാൽ ഇന്ന് സ്ഥിരം ജീവനക്കാർ 22,000 ആയി ചുരുങ്ങിയപ്പോഴും 80 കോടി വേണമെന്ന് പറയുന്നത് എങ്ങനെ പൊരുത്തപ്പെടുമെന്ന് ജീവനക്കാർ ചോദിക്കുന്നു. കഴിഞ്ഞ 8 വർഷമായി വരവ് ചെലവ് കണക്കുകൾ ആഡിറ്റ് ചെയ്യപ്പെടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. 2006 മുതൽ വിരമിച്ച ജീവനക്കാർക്ക് ഇനിയും കൃത്യമായി പെൻഷൻ ലഭിക്കുന്നില്ല. പി.എഫിൽ പിടിച്ച തുകപോലും തിരികെ നൽകാത്തതിനാൽ വിരമിച്ച ജീവനക്കാരുടെ ചികിത്സയ്ക്കോ മക്കളെ വിവാഹം ചെയ്തയക്കാനോ കഴിയാത്ത സ്ഥിതിയുണ്ട്. 179 ബസുകളാണ് ഈ സർക്കാർ വന്നശേഷം വാങ്ങിയത്. യു.ഡി.എഫ് ഭരണകാലത്ത് 4800 ബസുകൾ വാങ്ങിയിടത്താണ് 179 പുത്തൻ തലമുറ ബസുകൾ വാങ്ങിയെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |