പത്തനംതിട്ട നഗരത്തിലൂടെ നടക്കാനിറങ്ങുന്ന ഒരാൾക്ക് തെരുവുനായയുടെ കടി ഉറപ്പാണെന്ന സ്ഥിതിയാണിപ്പോൾ. പ്രതീക്ഷിക്കാതെ നായയുടെ കടി കിട്ടിയാലുണ്ടാകുന്ന ഭീതിയും അമ്പരപ്പും മാനസിക പ്രശ്നങ്ങളും പറഞ്ഞറിയിക്കാനാവാത്തതാണ്. ആശുപത്രിയിൽ കുത്തിവയ്പും ചികിത്സയുമായി എത്രനാൾ നടക്കേണ്ടി വരും. മറ്റ് അസുഖങ്ങൾ ഉള്ളവരുടെ കാര്യമാണെങ്കിൽ പറയുകയും വേണ്ട! പേവിഷ ബാധയ്ക്കെതിരെയുള്ള പ്രതിരോധ മരുന്നകൾ പണ്ടേപ്പോലെ ഫലിക്കുന്നുമില്ല. പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർക്കും പേവിഷ ബാധയേറ്റതിനെ തുടർന്ന് കടി കിട്ടിയവരെ സംബന്ധിച്ച് ഒരുതരം മരണഭീതിയാണ് വേട്ടയാടുന്നത്. ആശുപത്രിയിലെ ചികിത്സകളിൽ മതിയായ ശ്രദ്ധ കിട്ടാറില്ലെന്നും ആരോപണങ്ങളുണ്ട്.
നിരത്തിൽ ഭീതി നിറയുമ്പോഴും തെരുവുനായകൾക്കെതിരെ നടപടി എടുക്കന്നതിലുള്ള മെല്ലപ്പോക്ക് ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നു. നായയുടെ കടിയേറ്റ് അഞ്ചുപേരാണ് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഒരു മാസത്തിനുള്ളിൽ പത്തനംതിട്ട സ്വദേശിയായ അൻപത്തിയേഴുകാരി മരിച്ചതാണ് ഒടുവിലത്തെ ദാരുണ സംഭവം. തിരുവോണത്തലേന്ന് നഗരത്തിൽ പതിമൂന്ന് പേരെ തെരുവുനായ കടിച്ചസംഭവത്തിൽ ഉൾപ്പെട്ട ആളാണ് മരിച്ച സ്ത്രീ. ജില്ലയിൽ ഈ വർഷം ഇതുവരെ അയ്യായിരത്തിലേറെ ആളുകൾക്ക് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. നടന്നുപോകുന്നവർക്കും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നവർക്കും നേരെയുമാണ് ആക്രമണം കൂടുതൽ. തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി പേരിന് മാത്രമാണെന്ന നിലയിലാണ്.
എ.ബി.സി എവിടെപ്പോയി ?
ജില്ലയിൽ തെരുവുനായകളുടെ ആക്രമണം നടക്കാത്ത സ്ഥലങ്ങൾ അപൂർവമാണ്. രണ്ടുമാസത്തിനിടെ വിവിധ സ്ഥലങ്ങളിലായി നാൽപ്പത്തിയഞ്ച് പേർക്ക് കടിയറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. തെരുവുനായകളെ പിടിച്ച് വന്ധ്യംകരണം നടത്തുന്നതിന് ജില്ലയിൽ തുടങ്ങിയ പദ്ധതികളും എങ്ങുമെത്തിയില്ല. മൃഗസംരക്ഷണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. നായകളെ പിടികൂടുന്നതിനായി ജില്ലയിൽ പതിമൂന്ന് ഡോഗ് ക്യാച്ചേഴ്സിനെ തിരഞ്ഞെടുത്തിരുന്നു. ഒരു തെരുവുനായയെ പിടികൂടുന്നതിന് മുന്നൂറ് രൂപയാണ് പ്രതിഫലം. ഇത് നൽകേണ്ടതും അതാത് തദ്ദേശസ്ഥാപനങ്ങളാണ്. എന്നാലിപ്പോൾ നാല് ഡോഗ് ക്യാച്ചേഴ്സ് മാത്രമാണ് കർമ്മരംഗത്തുള്ളത്. ഇത് തെരുവുനായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുളിക്കീഴിൽ നിർമ്മിക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിയായ എ.ബി.സിയ്ക്കു വേണ്ടിയുള്ള കെട്ടിടം മേയിൽ പൂർത്തിയാകുമെന്നായിരുന്നു മാർച്ച് മാസത്തെ പ്രഖ്യാപനം. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും കെട്ടിടം പൂർത്തിയായില്ല. പുളിക്കീഴിൽ പമ്പ റിവർ ഫാക്ടറി വക സ്ഥലത്ത് മൃഗാശുപത്രിയോട് ചേർന്നാണ് നിർമാണം. ഇവിടെ താത്കാലികമായി ഒരുക്കിയ കെട്ടിടമാണ് മുമ്പ് പദ്ധതിയ്ക്കായി ഉപയോഗിച്ചിരുന്നത്. സ്ഥിരം സംവിധാനത്തിനു വേണ്ടിയാണ് അത് പൊളിച്ച് പുതിയ കെട്ടിടം പണിയാൻ പദ്ധതിയിട്ടത്. രണ്ടുകോടി രൂപ അനുവദിച്ചു. നാൽപ്പത് സെന്റ് സ്ഥലത്താണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. ആദ്യനിലയുടെ വാർപ്പ് പൂർത്തിയായതേ ഉള്ളൂ. പദ്ധതി നിലച്ചിട്ട് മൂന്നരവർഷമായി. ഈ വർഷം തന്നെ കെട്ടിടം പണി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം പറയുന്നു.
തെരുവുനായ കടിച്ചാൽ പ്രാഥമികമായി നടത്തേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവത്ക്കരണം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. മൃഗങ്ങളിൽ നിന്ന് കടിയോ പോറലോ ഏൽക്കുകയോ ഉമിനീർ മുറിവിൽ പുരളുകയോ ചെയ്യുമ്പോൾ മുറിവേറ്റഭാഗം നന്നായി കഴുകണം. വെള്ളം മുറിവിൽ നേരിട്ട് പതിപ്പിച്ച് സോപ്പ് ഉപയോഗിച്ച് നന്നായി പതിനഞ്ച് മിനിറ്റെങ്കിലും കഴുകണം. തല, കൺപോള, ചെവി പോലുള്ള ഭാഗങ്ങളിൽ കടിയേറ്റാൽ പലരും പേടികാരണം കൃത്യമായി കഴുകാറില്ല. ഇത് അപകടത്തിനിടയാക്കും. പ്രഥമ ശുശ്രൂഷ കഴിഞ്ഞാലുടൻ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു.
വകുപ്പുകൾ ഉണരണം
മലയോര മേഖലയിൽ വന്യമൃഗങ്ങൾ മനുഷ്യരെ ആക്രമിച്ചാൽ വലിയ ജനരോഷമാണ് ഉണ്ടാകുന്നത്. കൊല്ലപ്പെടുന്നവരുടെ മൃതദേഹവുമായി റോഡിലും വനംവകുപ്പ് ഓഫീസുകൾക്ക് മുന്നിലും കിടത്തി പ്രത്യക്ഷ സമരം അരങ്ങേറുന്നുണ്ട്. തെരുവുനായ ആക്രമണമുണ്ടാകുമ്പോൾ ഇത്തരം ജനരോഷം ഉയർന്നുവരാത്തത് അതിശയകരമാണ്. കുഞ്ഞു കുട്ടികളെയടക്കം തെരുവുനായ കൊന്നിട്ടുണ്ട്. എന്നാൽ, ബന്ധപ്പെട്ട മൃഗസംരക്ഷണ വകുപ്പിന്റെയോ തദ്ദേശവകുപ്പിന്റെയോ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ നടക്കാറില്ല. തെരുവുനായ ആക്രമിച്ചാൽ നഷ്ടപരിഹാരത്തുക നൽകണമെന്ന് നിയമമുണ്ട്. ഇത് ചുരുക്കം ചിലർ മാത്രമാണ് നേടിയെടുക്കുന്നത്. തെരുവുനായയുടെ ആക്രമണങ്ങൾ ഇല്ലാതാകണമെങ്കിൽ ശക്തമായ ജനരോഷമുയരണം. എന്നാൽ മാത്രമേ ബന്ധപ്പെട്ട വകുപ്പുകൾ ഉണർന്ന് പ്രവർത്തിക്കുകയുള്ളൂ.
അടുത്തമാസം ശബരിമല മണ്ഡലകാല തീർത്ഥാടനം ആരംഭിക്കും. അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള അയ്യപ്പഭക്തർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്താറുണ്ട്. അവർ ഭക്ഷണം കഴിക്കാനും മറ്റുമായി ജംഗ്ഷനുകളിൽ ഇറങ്ങി നടക്കാറുണ്ട്. തെരുവുനായകൾ വിഹരിക്കുന്ന സ്ഥലത്താണെങ്കിൽ ഭക്തൻമാർ സുരക്ഷിതമായി നാട്ടിൽ തിരിച്ചു ചെല്ലുമെന്ന് ഉറപ്പില്ലാത്ത സ്ഥിതിയാണ്. റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം തണൽമരച്ചുവട്ടിൽ കൂടിയരുന്ന് ഭക്ഷണം കഴിക്കുന്ന ഭക്തരുണ്ട്. ഇവരുടെ സമീപത്തേക്ക് പൊരിയുന്ന വയറുമായി തെരുവ് നയാകൾ ചെന്നാൽ അപകട ഭീഷണിയാണ്. തീർത്ഥാടനം ആരംഭിക്കാൻ ഇനി ഒരു മാസം കൂടി ബാക്കിയുണ്ട്. അധികൃതർ മനസുവച്ചാൽ തെരുവുനായകൾക്ക് പേവിഷ പ്രതിരോധ വാക്സിൻ കുത്തിവയ്ക്കാൻ ഇനിയും സമയമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |