1902 ഒക്ടോബർ 11ന്, ധർമ്മ- സംസ്കൃതി ജ്ഞാനഭൂമിയായ ബീഹാറിലെ ഗംഗ, ഘാഗ്ര നദികളുടെ സംഗമസ്ഥാനത്ത് സീതാബ്ദിയാര ഗ്രാമത്തിലാണ് ജനാധിപത്യത്തിന്റെ ചാമ്പ്യൻ ലോക് നായക് ജയപ്രകാശ് നാരായൺജിയുടെ ജനനം. ഈ വർഷം, ജനങ്ങളുടെ സമ്പൂർണ്ണ വിപ്ലവത്തിന്റെ ശില്പിയുടെ 123-ാം ജന്മദിനം നാം ആഘോഷിക്കുന്നു. ജെ.പി എന്ന് സ്നേഹപൂർവ്വം ഓർമ്മിക്കപ്പെടുന്ന അദ്ദേഹം ഒരു രാഷ്ട്രതന്ത്രജ്ഞനായിരുന്നു. അദ്ദേഹം ഒരിക്കലും സ്വന്തം കാര്യം ചിന്തിച്ചിരുന്നില്ല, മറിച്ച് എല്ലായ്പ്പോഴും രാജ്യത്തെ ദരിദ്രർക്ക് മുൻഗണന നൽകിയിരുന്നു. 'ലോക് നായക്"എന്ന പദവി ഒരു മഹാനായ വ്യക്തിയും അദ്ദേഹത്തിന് നൽകിയതല്ല 1974 ജൂൺ 5ന് പാട്നയിലെ ഗാന്ധി മൈതാനത്ത് ഒത്തുകൂടിയ ഇന്ത്യയിലെ ലക്ഷക്കണക്കിന് ജനങ്ങളാണ് സ്നേഹത്തോടെ അദ്ദേഹത്തെ അങ്ങനെ അഭിസംബോധന ചെയ്തത്.
രാഷ്ട്രീയ അവബോധത്തിലേക്ക്
സീതാബ്ദിയാരയിൽ നിന്നുള്ള ലോക് നായകിന്റെ എളിയ തുടക്കം അദ്ദേഹത്തെ ജീവിതശൈലിയിലും ദരിദ്രരെ അലട്ടുന്ന പ്രശ്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു. സീതാബ്ദിയാരയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, പട്നയിലെ പണ്ഡിതോചിതവും ദേശീയതയുടേതുമായ അന്തരീക്ഷത്തിൽ അദ്ദേഹം ഇടപഴകിയിരുന്നു. അത് അദ്ദേഹത്തിൽ ദേശീയതയുടെ വിത്തുകൾ പാകി. ഇന്റർമീഡിയറ്റ് വിദ്യാഭ്യാസകാലത്ത്, ഇന്ത്യയിലുടനീളം ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചതിനെതിരായ, അഹിംസ, നിസഹകരണ പ്രസ്ഥാനം എന്നിവയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ ആഴത്തിലുള്ള സ്വാധീനവും ചെലുത്തിയതോടെ എല്ലാ ആഡംബരങ്ങളും ഉപേക്ഷിച്ച് അദ്ദേഹം സ്വദേശിയായി.
യു.എസ്.എയിലെ ഏഴുവർഷത്തെ വിദ്യാഭ്യാസത്തിനിടയിൽ, അദ്ദേഹം മാർക്സിസത്തിലേക്കും ആകർഷിക്കപ്പെട്ടു. ആ സമയത്ത് ഇന്ത്യയുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണിതെന്ന് കരുതി. എന്നിരുന്നാലും, മാർക്സിസത്തിന്റെ തത്ത്വചിന്തയെ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമാക്കുന്നതിന്റെ സാദ്ധ്യതകൾ അന്വേഷിച്ച ശേഷം, ഇന്ത്യയിലേക്ക് മടങ്ങിയപ്പോൾ, ജനാധിപത്യ സോഷ്യലിസവും സർവോദയയുമാണ് ഇന്ത്യയുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ന് അദ്ദേഹം മനസിലാക്കി. ഈ പ്രായോഗിക സമീപനം ജെ.പിയുടെ ജ്ഞാനത്തിനും രാഷ്ട്രതന്ത്രജ്ഞതയ്ക്കും സാക്ഷ്യം വഹിക്കുന്നു.
1952-ൽ, വിനോബ ഭാവെയുടെ ഭൂദാൻ പ്രസ്ഥാനവും സർവോദയയുടെ തത്ത്വചിന്തയും സംയോജിപ്പിച്ച് ഇന്ത്യയിലെ ഭൂപ്രശ്നങ്ങൾക്കുള്ള പ്രായോഗിക പരിഹാരം കണ്ടെത്താമെന്ന് അദ്ദേഹം കരുതി. 1954-1973 കാലഘട്ടത്തിൽ ചമ്പലിലെ കൊള്ളക്കാരുടെ പുനരധിവാസം, അഹിംസാത്മകമായ സമ്പൂർണ വിപ്ലവം തുടങ്ങിയ അദ്ദേഹത്തിന്റെ സംരംഭങ്ങൾ ലോകമെമ്പാടും അംഗീകരിക്കപ്പെടുകയും ചെയ്തു.
അദ്ധ്വാനത്തിന്റെ മൂല്യം
ലോക് നായക് ജയപ്രകാശ് ജിയുടെ അനുഭവത്തിൽ 'അദ്ധ്വാനത്തിന്റെ അന്തസ്സ് " എന്ന ആശയത്തെക്കുറിച്ചുള്ള ധാരണ സൈദ്ധാന്തികമായിരുന്നില്ല, അത് സ്വന്തം ജീവിതത്തിൽ നിന്നാണ് ഉടലെടുത്തത്. അമേരിക്കയിലെ പഠനകാലത്ത്, നിരവധി ജോലികളിലൂടെ സാമ്പത്തിക സ്ഥിരതയ്ക്കായി അദ്ദേഹത്തിന് പഠിക്കുമ്പോൾ തന്നെ സമ്പാദിക്കേണ്ടി വന്നു. ഈ അനുഭവങ്ങൾ തൊഴിലാളിവർഗത്തെക്കുറിച്ചുള്ള വിഷയങ്ങളെക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകി, ഇന്ത്യയിൽ മടങ്ങിയെത്തിയപ്പോൾ, നീതിയുക്തമായ ഒരു സമൂഹത്തിന്റെ അടിത്തറ തൊഴിലാളി വർഗത്തിന്റെ ക്ഷേമത്തിൽ അധിഷ്ഠിതമായിരിക്കണമെന്ന ശക്തമായ ബോദ്ധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.1947ൽ, ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ, ഓൾ ഇന്ത്യ പോസ്റ്റ്മാൻ ആൻഡ് ടെലിഗ്രാഫ് ലോവർ ഗ്രേഡ് സ്റ്റാഫ് യൂണിയൻ, ഓൾ ഇന്ത്യ ഓർഡനൻസ് ഫാക്ടറിസ് വർക്കേഴ്സ് യൂണിയൻ എന്നീ മൂന്ന് പ്രധാന അഖിലേന്ത്യാ തൊഴിലാളി സംഘടനകളുടെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
ബീഹാറിലെ വരൾച്ച
ലോക് നായക് ജയപ്രകാശ് ജിയുടെ യാത്ര, സ്വാതന്ത്ര്യ പ്രസ്ഥാനത്തോടെ അവസാനിച്ചില്ല. അധികാരം നേടുന്നതിൽ അദ്ദേഹം ഒരിക്കലും ആകൃഷ്ടനായില്ല, മറിച്ച് പൊതുജനങ്ങൾക്ക് സേവനം നൽകണമെന്ന് ആഗ്രഹിച്ചു. 1960-കളിൽ, ബീഹാറിൽ കാലവർഷം കനിയാതിരുന്നപ്പോൾ സംസ്ഥാനം വരൾച്ചയുടെ അവസ്ഥയിലായിരുന്നു. ജയപ്രകാശ് ജിയും ഭൂദാൻ പ്രസ്ഥാനത്തിലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും അനുയായികളും ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 'ബീഹാർ റാഹത്ത് കമ്മിറ്റി"യുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സമയത്താണ്, ആർ.എസ്.എസ് സ്വയംസേവകരുടെ 'രാഷ്ട്രസേവന സമീപന"ത്തെക്കുറിച്ച് നേരിട്ട് അനുഭവമുണ്ടായത്, അത് അദ്ദേഹത്തെ വളരെയധികം സ്പർശിച്ചു.
എന്റെ അനുഭവം
ജീവിതത്തിന്റെ നാനാതുറകളിലും അഴിമതി കണ്ടപ്പോൾ, ലോക് നായക് ജയപ്രകാശ് ജിക്ക്, ഇന്ത്യൻ സമൂഹത്തിന്റെ പുനരുജ്ജീവനത്തിനും പുനർനിർമ്മാണത്തിനും തുടക്കമിടാൻ രാജ്യത്തെ യുവാക്കളെ പ്രചോദിപ്പിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങളിൽ ആളുകൾക്ക് വിശ്വാസം നഷ്ടപ്പെട്ടപ്പോൾ, ഈ പ്രസ്ഥാനത്തിലൂടെ അദ്ദേഹം ജനങ്ങളുടെ പ്രതീക്ഷയും ജനാധിപത്യത്തിന്റെ ശക്തിയിലുള്ള വിശ്വാസവും പുനഃസ്ഥാപിച്ചു. 1973ൽ വിനോബ ഭാവെയുടെ പൗനാർ ആശ്രമത്തിൽ നിന്ന് അദ്ദേഹം 'സമ്പൂർണ വിപ്ലവം" എന്ന വ്യക്തമായ ആഹ്വാനം നൽകി. സമ്പൂർണ വിപ്ലവ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യം ഒരു ആദർശ സമൂഹത്തിന്റെ മാനവിക പതിപ്പ് കൈവരിക്കുക എന്നതായിരുന്നു. അക്കാലത്തെ രാഷ്ട്രീയത്തിൽ വേരൂന്നിയ അഴിമതിക്കെതിരായ അദ്ദേഹത്തിന്റെ അക്ഷീണ ശബ്ദം, ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തി സ്ഥാപിക്കുന്നതിൽ നിർണായകമായിരുന്നു. 1977ൽ ഇന്ത്യയിൽ ഒരു പുതിയ ക്രമം സ്ഥാപിക്കുന്നതിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കാനും അവരുടെ കോപത്തെ തിരിച്ചുവിടാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് ശ്രദ്ധേയമായിരുന്നു. ഈ പ്രസ്ഥാനത്തിലൂടെ, ജനാധിപത്യം എന്നാൽ ജനങ്ങളെ ഭരിക്കലല്ല, മറിച്ച് ജനങ്ങളുടെ ശബ്ദമായിരിക്കലാണെന്ന് അദ്ദേഹം തെളിയിച്ചു.
ഒരു ചെറുപ്പക്കാരനെന്ന നിലയിലും കോയമ്പത്തൂരിലെ ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി എന്ന നിലയിലും സമ്പൂർണ ക്രാന്തി പ്രസ്ഥാനത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് എനിക്ക് ഒരു ബഹുമതിയും വലിയ പദവിയുമായി തോന്നി. ഇന്ത്യയുടെ ചരിത്രത്തിലെ ആ നിർണായക ഘട്ടത്തിൽ, ഈ ഘട്ടത്തിൽ ഞാൻ നേടിയ പഠനങ്ങൾ, ഒരു യുവാവിൽ നിന്ന് ആത്മവിശ്വാസവും സാമൂഹിക അവബോധവുമുള്ള ഒരു നേതാവായി എന്നെ രൂപാന്തരപ്പെടുത്തി. ഈ പ്രസ്ഥാനം എന്നിൽ നേതൃത്വത്തിന്റെ അവശ്യ ഗുണങ്ങളായ പക്വത, ധാർമ്മികത, പൗരബോധം എന്നിവ വളർത്തി.
നമ്മുടെ പ്രിയപ്പെട്ട നേതാവ് ജയപ്രകാശ് ജിയെ ഇന്ന് നമ്മൾ സ്നേഹപൂർവ്വം ഓർക്കുന്നതുപോലെ, ഇന്ത്യയിലെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിനായി ബ്രഹ്മചര്യ പ്രതിജ്ഞയെടുത്ത അദ്ദേഹത്തിന്റെ ഭാര്യ പ്രഭാവതി ദേവിയുടെ നിരന്തരമായ പിന്തുണയെ നിസ്വാർത്ഥമായ ഒരു പ്രവൃത്തിയായി നമുക്ക് അംഗീകരിക്കാൻ കഴിയും. ഗാന്ധിജിയുടെ ആദർശങ്ങൾ നിസ്വാർത്ഥമായി പിന്തുടരുന്നതിനായി അവർ തന്റെ ഊർജ്ജം വിനിയോഗിക്കുകയും സമർപ്പിക്കുകയും ചെയ്തു.
ജയപ്രകാശ് ജിയുടെ പൈതൃകം
1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം മുതൽ 1970 കളിൽ അദ്ദേഹം നയിച്ച ജനങ്ങളുടെ സമ്പൂർണ്ണ വിപ്ലവം വരെ അദ്ദേഹത്തെ മുന്നോട്ടു നയിച്ച ഒരു സ്ഥിരം ഘടകം രാഷ്ട്രത്തോടുള്ള സ്നേഹമായിരുന്നു. ഗവൺമെന്റിൽ ഇഷ്ടമുള്ള ഏത് പദവിയും വഹിക്കാൻ അവസരം ലഭിച്ചിട്ടും, അധികാരമോഹത്തിന് അദ്ദേഹം ഒരിക്കലും വഴങ്ങിയില്ല. മറിച്ച്, രാഷ്ട്രത്തിനായുള്ള നിസ്വാർത്ഥ സേവനത്തിന് പ്രതിജ്ഞാബദ്ധനായി തുടർന്നു. ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായുള്ള അദ്ദേഹത്തിന്റെ ത്യാഗമനോഭാവത്തെ മറികടക്കാൻ മറ്റൊന്നില്ല.
ജയപ്രകാശ് ജി നയിച്ച സമ്പൂർണ്ണ വിപ്ലവം അഹിംസയിൽ മാത്രം അധിഷ്ഠിതമായിരുന്നു. ഒരു അഹിംസാ ജനകീയ പ്രസ്ഥാനത്തിലൂടെ, വ്യവസ്ഥയിലും സമൂഹത്തിലും മാനവികതയുടെയും ധാർമ്മികതയുടെയും മൂല്യങ്ങളിൽ പുരോഗമിക്കുന്ന ഒരു ഭാരതത്തിന്റെ അടിത്തറ പാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒക്ടോബർ 11ന് ഈ മഹാനായ നേതാവിനെ നാം സ്നേഹപൂർവ്വം സ്മരിക്കുകയും ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്യുമ്പോൾ, അദ്ദേഹം സംരക്ഷിക്കാൻ സഹായിച്ച ജനാധിപത്യത്തിന്റെ ജാഗ്രതയുള്ള സംരക്ഷകരായി തുടരുമെന്ന് നാം പ്രതിജ്ഞയെടുക്കണം. 'ഭാരതരത്ന" നൽകി അദ്ദേഹത്തെ ആദരിച്ചു ഈ മഹാനായ മനുഷ്യന് അതിനുമപ്പുറം ബഹുമതി നൽകണമെന്ന് ഞാൻ വിശ്വസിക്കുന്നു, കാരണം അദ്ദേഹമാണ് ഭാരതത്തിന്റെ യഥാർത്ഥ രത്നം. ഈ ദിവസം, ഞാൻ മഹാനായ ഈ നേതാവിന് 'പ്രണാമം" അർപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |