SignIn
Kerala Kaumudi Online
Sunday, 12 October 2025 9.17 PM IST

ഉറക്കം കെടുത്തുന്നു, ചിന്നം വിളികൾ

Increase Font Size Decrease Font Size Print Page
elephant

കാട്ടാനകൾ യാതൊരു ദാക്ഷണ്യവുമില്ലാതെ കുടിയേറ്റ കർഷകരെയും തോട്ടം തൊഴിലാളികളെയും വേട്ടയാടുമ്പോൾ കൈയും കെട്ടി നോക്കിയിരിക്കുകയാണ് വനംവകുപ്പ് അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ. മുമ്പ് വല്ലപ്പോഴുമാണ് വന്യജീവി ആക്രമണങ്ങളിൽ ജനം കൊല്ലപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ ദൈനംദിന സംഭവമായി മാറി. പത്തുമാസത്തിനുള്ളിൽ ജില്ലയിൽ കാട്ടാനാക്രമണത്തിൽ പൊലിഞ്ഞത് അഞ്ച് ജീവനുകളാണ്. ഇതിൽ പീരുമേട് താലൂക്കിൽ മാത്രം മൂന്നുപേരാണ് കൊല്ലപ്പെട്ടത്. 2024ൽ ഏഴുപേരാണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്തുവർഷത്തിനിടെ 47 പേർ മരിച്ചതായാണ് സർക്കാർ കണക്ക്. ഏറ്റവുമൊടുവിൽ കാട്ടാനക്കലിക്ക് ഇരയായത് പന്നിയാർ എസ്റ്റേറ്റിലെ മുൻ ജീവനക്കാരനായ വേലുച്ചാമിയാണ് (62). തിങ്കളാഴ്ച രാവിലെ 11നാണ് ചിന്നക്കനാൽ ചൂണ്ടലിൽ കാട്ടാന വേലുച്ചാമിയെ കൃഷിയിടത്തിൽ ആക്രമിച്ചത്. ഇതിന് രണ്ടുമാസം മുമ്പ് ജൂലായ് 29ന് റബ്ബർ കർഷകനായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) മതമ്പയിൽ പാട്ടത്തിനെടുത്ത റബർ തോട്ടത്തിൽ മകൻ രാഹുലിനൊപ്പം ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനും ഒന്നരമാസം മുമ്പ് ജൂൺ 12നാണ് പീരുമേട് തോട്ടാപ്പുരയിലെ ആദിവാസി വീട്ടമ്മ സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. പുരുഷോമത്തനെ കാട്ടാന ആക്രമിച്ച സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെ ഫെബ്രുവരി പത്തിന് കൊമ്പൻപാറ നെല്ലിവിള പുതുപ്പറമ്പിൽ സോഫിയ ഇസ്മായിലെ (46) കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഫെബ്രുവരിയിൽ തന്നെയാണ്ചിന്നാർ വന്യജീവി സങ്കേതത്തിൽ ഫയർലൈൻ തെളിക്കാൻ പോയ ചമ്പക്കാട് ഗോത്രവർഗ ഗ്രാമത്തിലെ വിമൽ മരിക്കുന്നത്. കാടിറങ്ങുന്ന വന്യമൃഗങ്ങൾ ജനവാസമേഖലയിലെത്തി ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കുകുത്തിയായി മാറുകയാണെന്നാണ് ജനങ്ങളുടെ പരാതി.

2011 മുതൽ ഇതുവരെ 285 പേർക്ക് കാട്ടാനയാക്രമണത്തിൽ ജീവൻ നഷ്ടമായെന്നാണ് സർക്കാർ കണക്ക്. എന്നാൽ ഈ കണക്കിൽ പാെരുത്തക്കേടുകളുണ്ടെന്നാണ് കർഷക സംഘടനകളുടെ ആരോപണം. കാട്ടാനയാക്രമണം തടയുന്നതിനായി സർക്കാരും വനം വകുപ്പും ജില്ലയിൽ ആവിഷ്‌കരിച്ച പദ്ധതികളെല്ലാം പൂർണമായി പരാജയപ്പെട്ടു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചുള്ള പുതിയ പദ്ധതികൾ നടപ്പാക്കാനുള്ള വ്യഗ്രതയിലാണ് അധികൃതർ. 2022ൽ ദേവികുളം റേഞ്ചിന് കീഴിൽ കാട്ടാന ശല്യത്തിന് പരിഹാരം കാണുന്നതിനായി രണ്ടുകോടിയോളം രൂപയുടെ പദ്ധതിക്കാണ് വനംവകുപ്പ് അനുമതി നൽകിയത്. ചിന്നക്കനാലിൽ സോളർ ഫെൻസിംഗ് സ്ഥാപിച്ച് ജനവാസ മേഖലകളെ സുരക്ഷിതമാക്കുന്നതിനായി കൊണ്ടുവന്ന പദ്ധതി ഫലപ്രദമായി നടപ്പാക്കാനായില്ല. പന്തടിക്കളത്ത് 3.2 കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് ഫെൻസിംഗ് സ്ഥാപിച്ചത്. ആർ.ആർ.ടി യൂണിറ്റുകൾ ശക്തിപ്പെടുത്തുക, ശല്യക്കാരായ കാട്ടാനകളെ മയക്കു വെടിവച്ചു പിടികൂടി കാട് മാറ്റുക തുടങ്ങിയ ആവശ്യങ്ങളാെന്നും അധികൃതർ ഇതുവരെ പരിഗണിച്ചിട്ടില്ല.

വില്ലനായി ചക്കക്കൊമ്പൻ

ചിന്നക്കനാൽ മേഖലയിൽ നാട്ടുകാരുടെ പേടിസ്വപ്നമായിരുന്ന അരിക്കാെമ്പനെ 2023 ഏപ്രിൽ 29ന് മയക്കുവെടി വച്ച് പിടികൂടി നാടുകടത്തിയശേഷം, ആ സ്ഥാനത്തേക്കു കടന്നുവന്ന ഒറ്റയാനാണ് തിങ്കളാഴ്ച ഗൃഹനാഥനെ ചവിട്ടിക്കൊന്ന ചക്കക്കാെമ്പൻ. കൃഷിയിടങ്ങളിലെ പ്ലാവുകളിൽ തുമ്പിക്കൈ എത്തുന്ന ദൂരത്തെ ചക്ക മുഴുവൻ പറിച്ചു തിന്നുന്നതാണ് ഈ ഒറ്റയാന്റെ പതിവ്. അരിക്കാെമ്പൻ പോയശേഷം ചക്കക്കാെമ്പൻ ജനവാസമേഖലകളിൽ വ്യാപകനാശമാണുണ്ടാക്കുന്നത്. കഴിഞ്ഞവർഷം ഒരാളെയും രണ്ടു കാട്ടാനകളെയും ചക്കക്കാെമ്പൻ കൊലപ്പെടുത്തി. 2024 ജനുവരി 22ന് ബിഎൽ റാം സ്വദേശി സൗന്ദർരാജനെ (68) കൃഷിയിടത്തിൽ വച്ചാണു കൊന്നത്. 2024 ആഗസ്റ്റിൽ മുറിവാലൻ കാെമ്പനെയും ജൂണിൽ മറ്റൊരു കുട്ടിക്കാെമ്പനെയും കാെലപ്പെടുത്തി. ഒന്നരവർഷത്തിനിടെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി പത്തിലധികം വീടുകളും ചക്കക്കാെമ്പന്റെ ആക്രമണത്തിനിരയായി. 2024 മാർച്ചിൽ ചക്കക്കാെമ്പൻ പന്നിയാറിലെ റേഷൻകടയുടെ ഭിത്തി തകർത്ത് അരിയെടുത്തു തിന്നു. 2024 സെപ്തംബറിൽ ആനയിറങ്കലിലെ റേഷൻകടയുടെ ഭിത്തി തകർത്ത ചക്കക്കാെമ്പൻ അരിച്ചാക്ക് വലിച്ചു പുറത്തിട്ടിരുന്നു.

നോക്കുകുത്തിയായി വനംവകുപ്പ്

മുമ്പെങ്ങുമില്ലാത്ത വിധം വന്യമൃഗശല്യം രൂക്ഷമാകുമ്പോഴും ഫലപ്രദമായ പ്രതിരോധ നടപടികൾ ഒരുക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വന്യമൃഗങ്ങളിൽ നിന്ന് കൃഷി സംരക്ഷിക്കാൻ വൈദ്യുത വേലി പോലെയുള്ള അശാസ്ത്രീയ മാർഗങ്ങൾ പരീക്ഷിക്കാൻ കർഷകർ നിർബന്ധിതരാവുകയാണ്. വന്യജീവികൾ ജനവാസ മേഖലയിലിറങ്ങാൻ കാരണം വനത്തിലെ ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടതു കൊണ്ടാണെന്നാണ് വനംവകുപ്പിന്റെ വാദം. വന്യമൃഗ ശല്യം പ്രതിരോധിക്കാൻ ഓരോ വർഷവും ലക്ഷങ്ങളുടെ പദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കുന്നതെങ്കിലും പ്രയോജനമുണ്ടാകുന്നില്ല. 2016ന് ശേഷം ജില്ലയിൽ 10 കോടിയിലേറെയാണ് വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനായി ചെലവഴിച്ചത്. എന്നാൽ നടപ്പാക്കിയ പദ്ധതികളെല്ലാം പാഴാവുകയായിരുന്നു. ഇതു കൂടാതെ എക്കോ റീസ്റ്റോറേഷൻ, കാടുവെട്ട്, ഫയർലൈൻ തെളിക്കൽ, ഫയർ ബ്രേക്കിംഗ്, ട്രഞ്ച് പാത്ത് തുടങ്ങിയ പേരുകളിലും ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.

നഷ്ടപരിഹാരം പ്രതിഷേധിച്ചാൽ മാത്രം

കാട്ടുമൃഗങ്ങൾ കൃഷി നശിപ്പിക്കുമ്പോൾ വനംവകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരം ലഭിക്കാൻ കാലതാമസം നേരിടുന്നതായും ലഭിക്കുന്ന നഷ്ടപരിഹാരം നാമമാത്രമാണെന്നും ആക്ഷേപമുണ്ട്. പീരുമേട് തോട്ടാപ്പുരയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സീതയുടെ കുടുംബത്തിന് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കാട്ടാന വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് വനംവകുപ്പ് നൽകുന്ന നഷ്ടപരിഹാരം. പരിക്കേൽക്കുന്നവർക്ക് ചികിത്സയ്ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയുമാണ് നൽകുന്നത്.

TAGS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.