ചരിത്രത്തിലെ ഏറ്റവും ധീരമായ സാമ്പത്തിക പരിഷ്കാരത്തിനാണ് 2017 ജൂലൈയിൽ ഇന്ത്യ സാക്ഷ്യം വഹിച്ചത്. വ്യത്യസ്തമായ 17 നികുതികൾക്കും 13 സെസുകൾക്കും പകരമുള്ള ഏകീകൃത നികുതി സമ്പ്രദായമെന്ന നിലയിൽ ചരക്ക് സേവന നികുതി (GST) നിലവിൽ വന്നു. ഈ പരിഷ്കാരം രാജ്യത്തിന്റെ സാമ്പത്തികഘടനയെ അടിസ്ഥാനതലം മുതൽ പുനർനിർമ്മിക്കുകയായിരുന്നു. കേവലം നികുതി പരിഷ്കരണമെന്നതിലുപരി, ഒരു രാഷ്ട്രം, ഒരു നികുതി, ഒരു വിപണി എന്ന ആശയം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഇന്ത്യയുടെ ധീരമായ പ്രയാണത്തിന്റെ ആരംഭമായിരുന്നു അത്.
എട്ട് വർഷങ്ങൾക്കു ശേഷം ജി.എസ്.ടി പരിഷ്കരണത്തിലൂടെ സാദ്ധ്യമായ പരിവർത്തനത്തെ അദ്ഭുതകരമെന്നേ വിശേഷിപ്പിക്കാനാവൂ. നികുതി വരുമാനം, 2017-2018 ലെ 7.19 ലക്ഷം കോടി രൂപയിൽ നിന്ന് മൂന്നിരട്ടിയായി വർദ്ധിച്ച്, 2024-2025 ആയപ്പോൾ 22.08 ലക്ഷം കോടിയിലെത്തി. നികുതിദായകരുടെ എണ്ണം 65 ലക്ഷത്തിൽ നിന്ന് ഇരട്ടിയാവുകയും ചെയ്തു. ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളെ ഔപചാരിക സമ്പദ്വ്യവസ്ഥയിലേക്കും മുഖ്യധാരയിലേക്കും ആനയിച്ചു. ഈ അടിത്തറയിലൂന്നിയാണ് ഇക്കഴിഞ്ഞ സെപ്റ്റംബർ 22-ന് പുതുതലമുറ ജി.എസ്.ടി യുഗത്തിലേക്ക് ഇന്ത്യ പ്രവേശിച്ചത്. അതിലൂടെ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകളായി ജി.എസ്.ടിയെ ലളിതവത്കരിച്ചു. ഹാനികരമായ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും, ആഡംബര വസ്തുക്കൾക്കും 40 ശതമാനം എന്ന ഉയർന്ന നികുതി ബാധകമാക്കുകയും ചെയ്തു.
അഞ്ചുവർഷം,
ഇരട്ടി മൂല്യം
കുടുംബങ്ങൾക്കും കർഷകർക്കും വ്യവസായങ്ങൾക്കും നികുതി പരിഷ്കാരങ്ങൾ ആശ്വാസം പകർന്നതുപോലെ വസ്ത്ര നിർമ്മാണ മേഖലയ്ക്കും ഇത് നവോന്മേഷം പകർന്നു. കൃഷി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ തൊഴിൽദാതാവും ആത്മനിർഭർ ഭാരത് എന്ന ആശയത്തിന്റെ സചേതനമായ ഉദാഹരണവുമായ ടെക്സ്റ്റൈൽസ് വ്യവസായത്തിന്റെ സമ്പൂർണ പരിവർത്തനത്തിന് ജി,എസ്,ടി പരിഷ്കരണം വഴിയൊരുക്കുന്നു. ഇന്ത്യയിലെ വസ്ത്ര വ്യവസായത്തിന്റെ ഇപ്പോഴത്തെ മൂല്യം 179 ബില്യൺ ഡോളറാണ്. നാലര കോടിയിലധികം പേർക്ക് ഈ മേഖല തൊഴിലവസരങ്ങൾ നല്കുന്നു. തൊഴിലെടുക്കുന്നവരിൽ ഭൂരിഭാഗവും വനിതകളാണ്. അഞ്ചുവർഷംകൊണ്ട് വസ്ത്ര വ്യവസായ മേഖലയുടെ മൂല്യം 350 ബില്യൺ ഡോളറായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
തുണിത്തരങ്ങളിൽ ജി.എസ്.ടി 2.0 മുഖേന സംഭവിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് മനുഷ്യനിർമ്മിത അസംസ്കൃത നൂലുകളുടെ (പ്രകൃതിദത്തമല്ലാത്തവ) ഉത്പാദനത്തെ ദോഷകരമായി ബാധിച്ചതും, ഏറെക്കാലമായി നിലനിൽക്കുന്നതുമായ വിപരീത തീരുവ ഘടനയുടെ പ്രശ്നം പരിഹരിക്കുന്നു എന്നതാണ്. നേരത്തേ, മനുഷ്യനിർമ്മിത അസംസ്കൃത നൂലുകൾക്ക് 18 ശതമാനം, നൂലിഴകൾക്ക് 12 ശതമാനം, തുണിത്തരങ്ങൾക്ക് 5 ശതമാനം എന്നിങ്ങനെയായിരുന്നു നികുതി. ഈ ഘടന അസംസ്കൃത വസ്തുക്കൾക്ക് ഉത്പന്നങ്ങളേക്കാൾ വില കൂടാൻ ഇടയാക്കി. പ്രവർത്തന മൂലധനത്തിന്റെ ഒഴുക്കും പുതിയ നിക്ഷേപങ്ങളും തടസപ്പെടുത്തി.
ഫൈബർ ന്യൂട്രൽ
ആവാസവ്യവസ്ഥ
ഇപ്പോൾ മനുഷ്യനിർമ്മിത നൂൽ ഉത്പന്നങ്ങൾക്ക് 5 ശതമാനം ഏകീകൃത നികുതി ബാധകമാക്കിയത് ഫൈബർ- ന്യൂട്രൽ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിന് സഹായകമായിട്ടുണ്ട്. ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിന്റെ 80 ശതമാനം വരുന്ന ലക്ഷക്കണക്കിന് സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്. മനുഷ്യനിർമ്മിത നൂൽ ഉത്പന്ന മേഖലയുടെ ആഗോള കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ അഭിലാഷത്തെ ഇത് ശക്തിപ്പെടുത്തുന്നു. കുറഞ്ഞ ചെലവ്, മത്സരശേഷി, വിപണി ആവശ്യകത എന്നിവയ്ക്ക് അനുഗുണമാകുന്ന വിധത്തിൽ 22,000 ദശലക്ഷം വസ്ത്രങ്ങളുടെ പ്രതിവർഷ ഉത്പാദനമാണ് ഇതിലൂടെ സാദ്ധ്യമാവുക. ഇത് വസ്ത്രങ്ങളുടെ വില കുറയാനും കയറ്റുമതി വർദ്ധിക്കാനും വഴിയൊരുക്കും.
ജി,എസ്.ടി- 2.0 യുടെ സാമ്പത്തിക സ്വാധീനം സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ പ്രത്യക്ഷമായി അനുഭവവേദ്യമാകുന്നതാണ്. 2014-ൽ യു.പി.എ സർക്കാരിനു കീഴിൽ, ദൈനംദിന ആവശ്യങ്ങൾക്കായി പ്രതിവർഷം ഒരു ലക്ഷം രൂപ ചെലവഴിക്കുന്ന ഒരു കുടുംബം ഏകദേശം 25,000 രൂപ നികുതിയായി നൽകിയിരുന്നു. ഇന്ന് ജി.എസ്.ടി പരിഷ്കരണങ്ങൾക്കു ശേഷം അതേ കുടുംബത്തിന് നല്കേണ്ടിവരുന്ന നികുതി ഏകദേശം 5000 മുതൽ 6,000 രൂപ വരെ മാത്രമാണ്. അതായത്, പ്രതിവർഷം ഏകദേശം 20,000 രൂപ ലാഭിക്കുകയും, കുട്ടികളുടെ വിദ്യാഭ്യാസം, മെച്ചപ്പെട്ട പോഷകാഹാരം, കുടുംബങ്ങളുടെ ക്ഷേമം എന്നിവയ്ക്കായി പണം വഴിതിരിച്ചുവിടുകയും ചെയ്യുന്നു.
മുന്നേറ്റത്തിന്റെ
മാർഗരേഖ
കേവലം സാമ്പത്തിക പരിവർത്തനത്തിലുപരിയായ ഗുണഫലങ്ങൾ ജി.എസ്.ടി 2.0-യുടെ ടെക്സ്റ്റൈൽ പരിഷ്കാരങ്ങൾ ഉളവാക്കുന്നുണ്ട്. ഇന്ത്യയിലുടനീളമുള്ള 65 ലക്ഷം നെയ്ത്തുകാരെയും കരകൗശല വിദഗ്ദ്ധരെയും നേരിട്ട് സ്വാധീനിക്കുന്ന സമഗ്ര വളർച്ച ഇതിലൂടെ സാദ്ധ്യമാകുന്നു. നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാൻ സഹായിക്കുക മാത്രമല്ല, ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് വനിതകളുടെ ഉപജീവനമാർഗത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വാങ്ങൽ ശേഷി വർദ്ധിച്ചു വരുന്നതോടെ ഇന്ത്യൻ നിർമ്മിത വസ്ത്രങ്ങൾക്കുള്ള ആവശ്യകത വർദ്ധിക്കുകയും നെയ്ത്തുകാർക്കും തയ്യൽക്കാർക്കും വസ്ത്ര തൊഴിലാളികൾക്കും കൂടുതൽ തൊഴിലുകൾ സൃഷ്ടിക്കുകയും എല്ലാ വിഭാഗക്കാർക്കും പ്രയോജനം ചെയ്യുന്ന ചാക്രിക വളർച്ച സൃഷ്ടിക്കുകയും ചെയ്യും.
ഇന്ത്യ അമൃതകാലത്തേക്ക് പ്രവേശിക്കുകയും 2047-ലേക്ക് ഉറ്റു നോക്കുകയും ചെയ്യുമ്പോൾ ജി.എസ്.ടി 2.0 എന്നത് വെറും നികുതി പരിഷ്കാരമല്ല, വികസിത ഭാരതം സാക്ഷാത്കരിക്കുന്നതിനുള്ള വളർച്ചാതന്ത്രമായി നിലകൊള്ളുന്നു. സ്ലാബുകൾ ലളിതമാക്കുന്നതിലൂടെയും, ഗാർഹിക ചെലവുകൾ ലഘൂകരിക്കുന്നതിലൂടെയും, കർഷകരെ ശാക്തീകരിക്കുന്നതിലൂടെയും, എം.എസ്.എം.ഇകളെ പിന്തുണയ്ക്കുന്നതിലൂടെയും, തൊഴിൽ പ്രാധാന്യമുള്ള വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും അത് ജീവിതവും ബിസിനസും സുഗമമാക്കുന്നു. ഇന്ത്യയുടെ പരോക്ഷ നികുതി വ്യവസ്ഥയെ ലാളിത്യം, നീതി, വളർച്ച എന്നിവ മുഖമുദ്രയാക്കി മുന്നോട്ടു നയിക്കുന്നതിന് ദാർശനിക നേതൃത്വം നൽകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഴുവൻ ടെക്സ്റ്റൈൽ മൂല്യശൃംഖലയ്ക്കും വേണ്ടി ഞാൻ നന്ദി പറയുന്നു. 2047-ഓടെ വികസിത രാഷ്ട്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ മുന്നേറ്റ മാർഗരേഖയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |