SignIn
Kerala Kaumudi Online
Tuesday, 21 October 2025 4.19 PM IST

ഉന്നതിയില്ലാതെ ഉന്നതികൾ

Increase Font Size Decrease Font Size Print Page

veedu

ഊരുകൾ മാറി ഉന്നതികളായപ്പോൾ എന്ത് മാറ്റമാണ് ഉണ്ടാകുക എന്ന ചോദ്യം അന്നേ ഉയർന്നിരുന്നു. കുറേ മാറ്റങ്ങളുണ്ടായെങ്കിലും അതൊന്നും പോരായെന്ന് വ്യക്തമാകുന്നതാണ് ചില ഉന്നതികളിലെ കണ്ണീർക്കാഴ്ചകൾ. പഴയ കാലത്തുനിന്ന് അവരുടെ ജീവിത നിലവാരത്തിൽ ഉയർച്ചയുണ്ടായിട്ടുണ്ടെങ്കിലും ചോർച്ചയില്ലാത്ത, വന്യമൃഗങ്ങളിൽ നിന്ന് സുരക്ഷയില്ലാത്ത വീടുകളിൽ കഴിയുന്നവർ ഏറെയുണ്ട്. ജീവിതപ്രാരാബ്ധങ്ങൾ മറികടന്ന് ഡോക്ടറും എൻജിനീയറും ഐ.എ.എസുകാരിയുമെല്ലാം ഉയർന്നുവരുമ്പോഴും അവരിൽ പലരുടെയും മാതാപിതാക്കൾ കഴിയുന്നത് അസൗകര്യങ്ങളുടെ നടുവിലാണ്. അങ്ങനെയാണ് അന്നുമിന്നും. വികസനത്തിന്റെയും ജലസേചന പദ്ധതികളുടെയും മറ്റും പേരിൽ കുടിയിറക്കപ്പെട്ടവർ,​ വന്യമൃഗങ്ങളാൽ കൊല്ലപ്പെടുന്നവർ,​ മാറാരോഗങ്ങളിൽ കഴിയുന്നവർ,​ ലഹരിക്ക് അടിമയാകുന്നവർ... അങ്ങനെ നിരവധി പേർ.

കേരളത്തിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ വാഴച്ചാലിനടുത്തുള്ള പൊകലപ്പാറ ഉന്നതിയിലെ പ്രത്യേക ദുർബല ഗോത്രവിഭാഗങ്ങളിലൊന്നായ കാടർ വിഭാഗങ്ങളുടെ ജീവിതസാഹചര്യങ്ങൾ കണ്ടാൽ അത് വ്യക്തമാകും. 'രാത്രി പുലിയുടെ മുരൾച്ച കേൾക്കാറുണ്ട്... അപ്പോ മക്കളെ ചേർത്തുപിടിക്കും, ഈ കമ്പി ചാരിവച്ചത് ഒരു ധൈര്യത്തിനാണ്, പുലി വന്ന് ഒന്നു തള്ളിയാൽ തീർന്നു..." അതിരപ്പിള്ളിയും വാഴച്ചാലും കടന്ന് പൊകലപ്പാറ ഉന്നതിയിൽ ചോർന്നൊലിക്കുന്ന വീടിന്റെ പൊളിയാറായ അടുക്കളവാതിലിൽ ചാരിവച്ച കമ്പിയിലേക്ക് വിരൽചൂണ്ടി പറഞ്ഞത് സബീനയാണ്. പന്ത്രണ്ടുവർഷം മുമ്പാണ് വാർക്ക വീട് സർക്കാർ പണിത് നൽകിയത്. വാതിലുകളെല്ലാം ജീർണിച്ചു. പലയിടത്തും കുഴി. അതിലൊരു കുഴിയിലാണ് ഇരുമ്പുകമ്പി താങ്ങായി കുത്തിനിറുത്തിയത്. ജനലുകൾക്ക് അടച്ചുറപ്പില്ലത്തതിനാൽ പകരം പഴകിയ സാരിത്തുണി വലിച്ചു കെട്ടി. സബീന ആശാവർക്കറാണ്. ഭർത്താവ് പ്രമോദ് കാട്ടിൽ നിന്ന് വനവിഭവം ശേഖരിക്കാൻ പോകും. മൂത്തമകൾ ദേവിക അഞ്ചാം ക്ലാസിലും മകൻ ദേവിക് അംഗൻവാടിയിലുമാണ്. പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥരെത്തി വീട് പുതുക്കിപ്പണിയാമെന്ന് പറഞ്ഞ ഉറപ്പാണ് ഏകപ്രതീക്ഷ. അടച്ചുറപ്പില്ലാത്ത വീടുകളാണ് ഭൂരിഭാഗം ഉന്നതിയിലേതും. ജൂൺ എട്ടിന് പുലി കൊന്നുതിന്ന പശുക്കുട്ടിയുടെ ജഡം പോസ്റ്റുമോർട്ടം ചെയ്യാനെത്തിയ അധികൃതർ കണ്ടത് രണ്ടു പുലികളെയായിരുന്നു. കാട്ടാനകളും കാട്ടുപന്നികളും വരുത്തിവയ്ക്കുന്ന ദുരിതം വേറെ. 2011-ലെ സെൻസസ് കാടരുടെ ജനസംഖ്യ 2949 ലാണ്. 2013-ൽ പട്ടികവർഗ വികസന വകുപ്പിന്റെ സാമൂഹിക സാമ്പത്തിക സർവേയിൽ ജനസംഖ്യ 1974 ആയി കുറഞ്ഞു. കുടുംബങ്ങൾ 545 ആയി.

കോൺക്രീറ്റ് അടർന്ന

മേൽക്കൂരകൾ

'കോൺക്രീറ്റ് അടർന്ന് മോന്റെ തലയിൽ വീഴുമോന്നാ പേടി..." പൊകലപ്പാറ ഉന്നതിയിലെ ബാബു ഈ വാക്കുകൾ പറയുമ്പോൾ കണ്ണുകളിൽ ഉത്കണ്ഠയും വാക്കുകളിൽ ഭീതിയുമുണ്ട്. ബാബുവും ഭാര്യ റീനയും അഞ്ചാം ക്ലാസ് വിദ്യാർത്ഥി വിമലും ബംഗളൂരുവിൽ ഓട്ടോമൊബൈൽ കോഴ്‌സ് പഠിക്കുന്ന മകൾ ബിന്ദ്യയും അടങ്ങുന്ന കുടുംബവുമാണ് തകർന്നുവീഴാറായ കൂരയിൽ അന്തിയുറങ്ങുന്നത്. പന്ത്രണ്ട് വർഷത്തോളം പഴക്കമുള്ള പൊകലപ്പാറയിലെ ഭൂരിഭാഗം വീടുകളിലെയും അവസ്ഥ ഇതാണ്. വീടുകളിൽ ടാർപോളിൻ വലിച്ചുകെട്ടിയാണ് താമസം. മഴവെള്ളം വീഴാതിരിക്കാൻ മുറികളിൽ ബക്കറ്റുകൾ വയ്ക്കും. വീട് നിർമ്മിച്ച് അഞ്ചുവർഷം കഴിയുമ്പോഴേക്കും നശിച്ചുതുടങ്ങും. മഴയിൽ മരങ്ങൾ വീണ് വൈദ്യുതിക്കമ്പികൾ പൊട്ടുമ്പോൾ രാവും പകലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങും. തകരാർ പരിഹരിക്കാൻ ദിവസങ്ങളെടുക്കും. അതോടെ കുട്ടികളുടെ പഠനവും മുടങ്ങും. പുറംലോകവുമായി ബന്ധപ്പെടാൻ ബി.എസ്.എൻ.എൽ കണക്ഷനുള്ള മൊബൈലാണ് ഇവർക്ക് ആശ്രയം. വൈദ്യുതിയില്ലാത്തതിനാൽ ഫോൺ ചാർജ് ചെയ്യാൻ സർക്കാർ ഓഫീസുകളെ ആശ്രയിക്കേണ്ടി വരും.

വനാവകാശ നിയമ പ്രകാരം പതിച്ചുകിട്ടിയ ഭൂമിയിൽ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുനീക്കാത്തതിന്റെ പ്രതിഷേധവും പൊകലപ്പാറയിലുണ്ട്. വനംവകുപ്പ് മുറിക്കാൻ തയ്യാറാണെന്ന് പറഞ്ഞ് പല മരങ്ങളിലും നമ്പർ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും മരം മുറിക്കുന്നില്ല. മഴയിൽ വീഴുന്ന മരങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെടുന്നതെന്ന് പൊകലപ്പാറ ഉന്നതിയിലെ വിജയ രാജ് കുമാർ പറയുന്നു.

പ്രത്യേക ദുർബല

വിഭാഗങ്ങൾ, എന്നിട്ടും...

കേരളത്തിലെ പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങളിലൊന്നായ കാടർ വിഭാഗത്തിൽപ്പെട്ടവരാണിവർ. ചോലനായ്ക്കർ, കുറുമ്പർ, കാട്ടുനായ്ക്കർ എന്നിവരാണ് മറ്റ് ഗോത്രവിഭാഗങ്ങൾ. തൃശൂരിലെ മലക്കപ്പാറ, ഷോളയാർ, ആനക്കയം, വാച്ചുമരം, പൊകലപ്പാറ, വാഴച്ചാൽ, ആനപ്പാന്തം എന്നിവിടങ്ങളിലുമാണ് കാടർ ഭൂരിഭാഗവും താമസിക്കുന്നത്. പാലക്കാട് ജില്ലയിലെ കുരിയാർകുട്ടി, പറമ്പിക്കുളം, തേക്കടി, കൽച്ചാടി, ചെറുനീലി, തളിയക്കല്ല് എന്നിവിടങ്ങളിലുമുണ്ട്. വനവിഭവശേഖരണമാണ് ഉപജീവനം. വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന പ്രധാന വിഭാഗമാണിവർ. കാടരുടെ അധിവാസ കേന്ദ്രത്തെ 'പതി" എന്നാണ് വിളിക്കുന്നത്. പതിയുടെ തലവനെ 'മൂപ്പൻ" എന്നു വിളിക്കും. പതിയുടെ നിയന്ത്രണം കൈകാര്യം ചെയ്യുന്നത് മൂപ്പനാണ്. അംഗങ്ങൾ സംഗീത നൃത്തപരിപാടികളിൽ സംഗീതോപകരണമായി പ്രത്യേകതരം കുഴൽ ഉപയോഗിക്കാറുണ്ട്. ഇത് നിർമ്മിക്കാൻ അറിയുന്നവർ ഇന്ന് അപൂർവമാണ്.

വളർത്തുനായ്ക്കൾ

തോഴൻമാർ, പക്ഷേ...

ഉന്നതിയിലെ എല്ലാ വീടുകളിലും നാടൻ നായ്ക്കളുണ്ട്. വന്യമൃഗങ്ങൾ പ്രദേശത്തെത്തിയാൽ മുന്നറിയിപ്പ് നൽകുന്നത് നായ്ക്കളാണ്. ഈ നായ്ക്കൾക്ക് ഉദ്യോഗസ്ഥർ കുത്തിവയ്പ് നൽകാറില്ല. കഴിഞ്ഞ ജൂണിൽ വാഴച്ചാൽ കാടർ ഉന്നതിയിലെ രാമന്റെ (48) മരണം പേവിഷബാധ മൂലമാണെന്ന് വ്യക്തമാകുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. വീട്ടിൽ ഏഴ് വളർത്തു നായ്ക്കളുണ്ടെന്നും തെരുവുനായ്ക്കളെയും രാമൻ പരിചരിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു.

ലഹരിസംഘങ്ങളുടെ ഇരകൾ

വനവിഭവങ്ങൾ ശേഖരിച്ച് വിറ്റുകിട്ടുന്ന പണം കൈക്കലാക്കി ലഹരിവസ്തുക്കൾ ഉന്നതികളിലെത്തിക്കുന്ന സംഘങ്ങളും കുറവല്ല. പുരുഷന്മാരെ മാത്രമല്ല, സ്ത്രീകളെയും കുട്ടികളെയും ഇവർ അടിമകളാക്കും. ഇവരെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. ലഹരിയിൽ നിന്ന് ചെറുപ്പക്കാരെ മോചിപ്പിക്കാൻ കളിസ്ഥലങ്ങൾ ഒരുക്കാനുള്ള ശ്രമം പോലും അധികൃതരുടെ ഭാഗത്തു നിന്നുമില്ല. ലൈബ്രറി, റീഡിംഗ് റൂം എന്നിവയിലേക്കെത്തിക്കാനുള്ള ശ്രമങ്ങളുമില്ല. മദ്യപിച്ച് തുടങ്ങിയാൽ നിയന്ത്രിക്കാനാകാത്ത നിലയുമുണ്ട്. വലിയ അളവിലാണ് പലരും മദ്യം ഉപയോഗിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വാറ്റുസംഘങ്ങളും ഇവരെ ഇരകളാക്കുന്നുണ്ടെന്നാണ് വിവരം. രോഗങ്ങളും കൂടി വരുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന വിവരം. ജീവിതശൈലി രോഗങ്ങൾ കൂടി. അമിത ഭക്ഷണമല്ല, പോഷക സമ്പന്നമായ സമീകൃതാഹാരമില്ലാത്തതാണ് പ്രശ്‌നം. പ്രമേഹം, രക്തസമ്മർദ്ദം, തൈറോയ്ഡ് തുടങ്ങിയ അസുഖങ്ങളും കൂടുന്നുണ്ട്. ചൂഷണങ്ങൾക്ക് വിധേയരാകുമ്പോൾ ഇവരിൽ മാനസിക സംഘർഷം കൂടുന്നതായി കൗൺസിലർമാർ പറയുന്നു. ജീവനൊടുക്കുന്നവരും കൂടുന്നു. ലഹരിയുടെ അമിതോപയോഗമാണ് കാരണങ്ങളിലൊന്ന്. വിനോദങ്ങളോ മാനസികോല്ലാസ പ്രവർത്തനങ്ങളോ ഇല്ലാത്തതും നിരാശരാക്കുന്നു. ഇത്തരം പ്രശ്നങ്ങളിൽ നിന്നും ആദിവാസി ഊരുകളെ കൈപിടിച്ചുയർത്താൻ വയനാട് മേഖലയിൽ 2018-ൽ മാനസികാരോഗ്യ പദ്ധതി തയ്യാറാക്കിയിരുന്നു.

TAGS: UNNATHI, TRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.