ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ പതിവുപോലെ കണ്ടാൽ മിണ്ടാത്ത നേതാക്കന്മാരും അണികളും ചിരിയുടെ 'കുമ്മോജി" ഫിറ്റ് ചെയ്തുകൊണ്ട് കാണുന്നവരോടൊക്കെ കുശലാന്വേഷണം തുടങ്ങിയിട്ടുണ്ട്. എന്തൊരു സ്നേഹം. അഞ്ചുവർഷം മുമ്പ് ജയിച്ച് സ്വന്തം വാർഡുകൾ മറന്നുപോയവർ മുതൽ അതേ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവർവരെ ഊണും ഉറക്കവുമില്ലാതെ വാർഡുകൾ കയറിയിറങ്ങുന്നു. വയനാട്ടിൽ ഇന്നലെ പ്രഭാത നടത്തത്തിനിടയിൽ ഗ്രാമത്തിലെ ചായക്കടയിലൊന്നു കയറി. യുവ കവിയും സാമൂഹ്യമാദ്ധ്യമങ്ങളിലെ നിറസാന്നിദ്ധ്യവുമായ ടി.കെ. ഹാരീസുമായി ചായക്കടയിലുള്ള സാധാരണക്കാർ തർക്കിക്കുകയായിരുന്നു. എന്തിനും ഏതിനും ഉരുളക്ക് ഉപ്പേരിപോലെ മറുപടി പറയുന്ന ഹാരീസിന്റെ പല അഭിപ്രായങ്ങളും കേട്ട് ഉള്ളുതുറന്ന് ചിരിച്ച് പോയി. അദ്ദേഹത്തിന്റെ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ സമകാലിക വയനാടിന്റെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള ചില യാഥാർത്ഥ്യങ്ങളായിരുന്നു.
കണക്കു കൂട്ടൽ തെറ്രി!
നഗരസഭാ ചെയർമാൻ എന്ന ബോർഡ് വച്ച വണ്ടിയുടെ മുൻ സീറ്റിലിരുന്ന് 'അഴകിയ രാവണനായി" കറങ്ങുന്ന സ്വപ്നമാണ് ഇത്തിരി തല മുതിർന്നവർക്ക്. കഴിഞ്ഞ അഞ്ചുവർഷം മുഴുവൻ ഭരണപക്ഷവും പ്രതിപക്ഷവും അങ്ങോട്ടുമിങ്ങോട്ടും പോര് വിളിച്ചും ഒഴിവ് കിട്ടുമ്പോൾ മാത്രം വല്ലപ്പോഴും ചെയ്യുന്ന റോഡ് പണിയിലോ, കമ്പ്യൂട്ടർ, കട്ടിൽ, മേശതുടങ്ങി കുറച്ചെണ്ണം ഏതെങ്കിലും പാവപ്പെട്ടവർക്ക് കൊടുത്ത് ഫോട്ടോ വെണ്ടയ്ക്ക വലിപ്പത്തിൽ അച്ചടിക്കുമ്പോൾ ഫോട്ടോ വരാത്താവിധം കുറേയെണ്ണം വേണ്ടപ്പെട്ടവർക്കും നൽകുന്നു. അനധികൃത കമ്പനികൾ വഴി കിട്ടുന്ന കമ്മിഷൻ പരസ്പരം വീതിച്ചെടുത്തും തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ ഒന്നിച്ച് എതിർത്തും പരസ്പര സഹായ സഹകരണ ഐക്യമുന്നണിയായി പ്രവർത്തിച്ചും പുറമേ കീരിയും പാമ്പും അകമേ ഈച്ചയും കാട്ടവുമായി പരസ്പരം ഒട്ടിച്ചേർന്ന് രാഷ്ട്രീയം കളിച്ചും ആസ്വദിച്ചവർ എല്ലാവരുമിന്ന് ലോകാവസാനം കണ്ട നായ്ക്കുട്ടിയെ പോലെ നെട്ടോട്ടമോടുകയാണ്. ഈ വാർഡ് ഞാനെടുക്കാം ആ വാർഡ് നീയെടുത്തോ എന്നൊക്കെ വീതംവച്ചു കണക്കുകൂട്ടി കുപ്പായം തേച്ചുവച്ച് നടന്ന ആൺപുലികളൊക്കെയും നിരാശരായി. തിരഞ്ഞെടുപ്പ് വാർത്തയും വാർഡ് വിഭജന നറുക്കെടുപ്പും എല്ലാം കഴിഞ്ഞു.
പുരുഷ വാർഡുകളൊക്കെയും പെണ്ണ് വാർഡായും പെണ്ണ് വാർഡുകളൊക്കെയും പട്ടിക വർഗ വാർഡായും സംവരണ വാർഡായും മാറിയപ്പോൾ വിധിയുടെ വിളയാട്ടം എന്ന ഭീകരജീവി ഇവന്മാരുടെ തലമണ്ടക്കടിച്ച് മുതുകിൽ ചവിട്ടി കടന്നുപോയി. വാർഡുകളൊക്കെ ഇങ്ങനെ സംവരണക്കാർ കൈയടക്കിയതോടെ സ്ഥാനാർത്ഥി കുപ്പായം സ്വപ്നം കണ്ടിരുന്നവർ നിരാശരായി. അങ്ങനെ കുറെയെണ്ണത്തിന്റെ കിളിയും പോയി. ഉദാഹരണത്തിന് 36 വാർഡുകളിൽ ചുരുങ്ങിയത് 72 ആളുകളെങ്കിലും പത്മശ്രീ കിട്ടാതെപോയ പ്രാഞ്ചിയേട്ടനും പ്രാഞ്ചിയേച്ചിമാരുമായി ബോധമില്ലാതെ രണ്ടുമണിക്കൂർ നേരം വീണു കിടന്നു. ആരൊക്കെയോ വെള്ളം തളിച്ചപ്പോൾ കിട്ടിയ പാതി ബോധവുമായി എഴുന്നേറ്റു ഓടിയത് അതാത് പാർട്ടി ഓഫീസുകളിലെ പ്രാദേശിക ചാണക്യൻമാരുടെ കസേരച്ചുവട്ടിലേക്ക്.. രച്ചിക്കണം സ്വാമി രച്ചിക്കണം.. ചാണക്യ നേതാക്കൾ താടി ചൊറിഞ്ഞ് മൂട്ടിൽ കൈയും വച്ച് അങ്ങോട്ടുമിങ്ങോട്ടും നടന്നു..
'എന്റെ പേരിൽ നായരുണ്ട്.
നിന്റെ പേരിൽ മാപ്പ്ളയുണ്ട്..
ഓന്റെ കഴുത്തിൽ കുരിശുമുണ്ട്
എനിക്ക് മാത്രം എനിക്കു മാത്രം
വാർഡിലിടമില്ലാ.. വാർഡിലിടമില്ലാ"
എന്ന പാട്ടുപാടേണ്ട അവസ്ഥയിലെത്തി. നിനക്കും ഒരു ദിവസം വരും മകനേയെന്ന് സ്വയം പറഞ്ഞ് എന്നും മണത്ത് നോക്കുന്ന അലമാരയിൽ അടുക്കിവച്ച വെളുത്ത കുപ്പായങ്ങൾ തന്നെ നോക്കി പരിഹസിക്കുന്നതായി ആർക്കൊക്കെയോ തോന്നിത്തുടങ്ങി. ഇന്നലെവരെ ഒന്നായിരുന്ന എല്ലാ പാർട്ടികളിലെയും ചാണക്യന്മാർ പരസ്പരം കാണാത്തവിധം ദൂരെ ദൂരെ ഒളിച്ചു കൂടിയിരുന്നു.. മുകളിലേക്ക് നോക്കി താഴോട്ട് നോക്കി കണ്ണുമടച്ച് ശ്വാസം മുകളിലേക്ക് വലിച്ച് പതുക്കെ താഴോട്ട് വിട്ടു. എന്നിട്ട് ഓരോ പാർട്ടിക്കാരോടും അവരവരുടെ ചാണക്യന്മാർ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു. 'പ്രിയപ്പെട്ടവരേ.. ആദ്യമായി എന്നോടും നിങ്ങളോടും എനിക്കുണർത്താനുള്ളത് സീറ്റ് കിട്ടാതെ പോയ ആരും തന്നെ ആത്മഹത്യ ചെയ്യരുതേ എന്നാണ്. അതിനുള്ള അവസരം നമുക്കിനിയും കൈവരുമെന്ന് ഞാൻ ഉറപ്പ് തരുന്നു. അടുത്ത സീറ്റ് പ്രതീക്ഷിച്ച് നിങ്ങളിൽ പലരും സ്വന്തം കൈയിൽ നിന്നു ചെലവാക്കിയും വായ്പ വാങ്ങിയും മറ്റ് ചിലർ അഞ്ചോ പത്തോ സെന്റ് സ്ഥലം പോലും എഴുതിക്കൊടുത്തും സേവനങ്ങൾ നടത്തിയതായി ഏവർക്കുമറിയാം.. അതൊക്കെ ഒരു പ്രതീക്ഷയിലായിരുന്നുവല്ലോ..
നിർഭാഗ്യവശാൽ നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് പല വാർഡുകളും സംവരണ സീറ്റുകളായി മാറിയത്. താഴേന്ന് മേലോട്ട് നോക്കിയാലും മേലേന്ന് താഴോട്ട് നോക്കിയാലും പെണ്ണ് കേസും, ബാങ്ക് നിയമന കോഴക്കേസും, കൊലക്കേസും അഴിമതിക്കേസും മാത്രമാണ് നമ്മുടെ ഇക്കാലയളവിലെ കൈമുതൽ. എതിർപക്ഷം ഒരു പീഡനക്കേസിൽ വരുമ്പോ അവരുടെ രണ്ട് പീഡനക്കേസ് നമ്മൾ പുറത്തുകൊണ്ടുവരും. അവര് ഒരു കോടിയുടെ അഴിമതി പറയുമ്പോൾ നമ്മൾ രണ്ടുകോടിയുടെ അഴിമതി തിരിച്ചു പറയും. കാലം മാറി കഥയും മാറി. മതം പറഞ്ഞ ഭിന്നിപ്പുകൾ ആവശ്യത്തിലധികം നമ്മളിലുമുണ്ട്. നേരേ ചൊവ്വേ ജയിക്കാൻ സാദ്ധ്യതയില്ല എന്ന് നമുക്ക് തന്നെ ബോദ്ധ്യവുമുണ്ടല്ലോ.. ആയതിനാൽ നമുക്ക് ലഭ്യമായ സംവരണ സീറ്റുകളിൽ അതാത് പ്രദേശത്തെ ഗോത്ര വിഭാഗത്തിലെ ആളുകളെയോ, സ്ത്രീകളെയോ നിറുത്തി പിൻസീറ്റ് ഡ്രൈവിംഗ് നടത്താമെന്ന പ്രത്യാശയാണ് പലർക്കും. അങ്ങനെയെങ്കിലും സമാധാനിക്കുക തന്നെ. പ്രതീക്ഷകളെല്ലാം തകർന്നു. ഒരു സംവരണം കൊണ്ടുണ്ടായ പുകിലുകൾ.
ഇപ്പോൾ ഗോത്ര ജനങ്ങൾ തന്നെയാണ് നമ്മുടെ തുറുപ്പ് ചീട്ട്. അതാവുമ്പോൾ അവരുടെ വോട്ടെങ്കിലും നമുക്ക് ഉറപ്പിക്കാം. പക്ഷേ, ഗോത്രജനതകൾ ഇപ്പോൾ പണ്ടത്തെപ്പോലെയല്ല. അവർ സമൂഹത്തിന്റെ മുഖ്യധാരയിലാണ്. നമ്മുടെ നവോത്ഥാന നായകർ ഇവിടെ പട നയിച്ചതിന് ഫലം കണ്ടെത്തിയിരിക്കുന്നു. എല്ലാവർക്കും അത്യാവശ്യം വിദ്യാഭ്യാസം കിട്ടി. നട്ടെല്ല് വളയാതെ അനീതിക്കെതിരെ വിരൽചൂണ്ടാൻ അവർ പഠിച്ച് കഴിഞ്ഞു. വിപ്ളവകാരമായ മാറ്റം. വാർഡുകളിൽ നല്ലൊരു ശതമാനം ഇതു പോലെ ആദിവാസി- സ്ത്രീ സംവരണമായപ്പോൾ ഗോത്രജനതയെയും സ്ത്രീകളെയും അന്വേഷിച്ച് നടപ്പാണ് മൂന്നുകക്ഷികളും. ജില്ലയിലെ ഉന്നതികൾ കയറിയിറങ്ങി നടപ്പാണ് രാഷ്‌ട്രീയ പാർട്ടിക്കാർ. പറ്റിയവരെ സ്ഥാനാർത്ഥിയാക്കാൻ. തളരരുത്, അത് കർമ്മഫലമാണെന്ന് തിരിച്ചറിയുക. ഇതിലും വലുത് നേരിട്ടവരല്ലെ നമ്മൾ, നിപ്പയെ,കൊവിഡിനെ, പ്രളയത്തെ.. അങ്ങനെ എന്തിനെയെല്ലാം അതിജീവിച്ചവരാണ് നമ്മൾ. ആദിവാസികളായ സ്ഥാനാർത്ഥികളെ കണ്ടെത്താൻ മറ്റു പാർട്ടിക്കാർക്കു മുന്നേ ഉന്നതികളിലേക്ക് കൊച്ചു വെളുപ്പാൻ കാലത്ത് ഇറങ്ങി തിരിക്കുന്നവരെക്കൊണ്ട് നിറഞ്ഞിട്ടുണ്ട് നാട്ടുപാതകൾ. അങ്ങനെ, ചാണക്യ വാക്കുകളുടെ ഊർജവും ഉൾക്കൊണ്ട് രാഷ്ട്രീയക്കാർ വയനാട് മുഴുവൻ ഗോത്ര ജനവിഭാഗത്തിന് പിന്നാലെ ഓടുകയാണ്. സ്ഥലത്തെ ആസ്ഥാന കവിയെന്ന് പേരുള്ള ഹാരീസ് ടി.കെ ഇത്തരം അഭിപ്രായങ്ങൾ പങ്കുവച്ച് കഴിയുമ്പോഴേക്കും ഗ്രാമചായക്കടയിൽ ആള് ഏറെകൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |