ഒരു മാദ്ധ്യമ പ്രവർത്തകനെക്കുറിച്ച് മറ്റൊരു മാദ്ധ്യമ പ്രവർത്തകൻ എഴുതുന്നത് അപൂർവം. എത്ര പ്രഗത്ഭനായാലും ഒരു മാദ്ധ്യമ പ്രതിഭ മാദ്ധ്യമങ്ങളിൽ വാഴ്ത്തപ്പെടുന്നത് മരണാനന്തരം മാത്രം. പക്ഷെ, കഴിഞ്ഞയാഴ്ച തൊണ്ണൂറ് പിന്നിട്ട, പി. രാജൻ എന്ന മാദ്ധ്യമ പ്രവർത്തകനെക്കുറിച്ച് ഇവിടെ എഴുതാതെ വയ്യ. പുഴങ്കര രാജൻ എന്ന പി. രാജൻ, അദ്ദേഹത്തെ അറിയുന്ന മാദ്ധ്യമ പ്രവർത്തകർക്കും രാഷ്ട്രീയ നേതാക്കൾക്കും പ്രിയങ്കരനായ രാജേട്ടൻ. ഇടയ്ക്ക് ഏതാനും വർഷം തിരുവനന്തപുരത്ത് ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ അദ്ദേഹത്തിന്റെ പത്രപ്രവർത്തനം ഏറെയും എറണാകുളം കേന്ദ്രീകരിച്ചായിരുന്നു. സജീവ മാദ്ധ്യമ പ്രവർത്തനം ഇല്ലെങ്കിലും ഇന്നും എറണാകുളത്തു തന്നെ താമസം. ഇടയ്ക്കൊക്കെ വാർത്താ ചാനലുകളിലെ അന്തിച്ചർച്ചകളിൽ, പഞ്ഞി പോലെ നരച്ച് സമൃദ്ധമായി മുടിയുള്ള വെളുത്ത് സുമുഖനായ അദ്ദേഹം വാചാലനാവാറുണ്ട്. ആർഭാടവും ആരവവും ഇല്ലാതെ, വിരലിലെണ്ണാവുന്ന വേണ്ടപ്പെട്ടവർ രാജേട്ടന്റ നവതി ദിനത്തിൽ അദ്ദേഹത്തോടൊപ്പം ഒത്തു കൂടി.
'മാതൃഭൂമി"യിൽ മാത്രമാണ് പി. രാജൻ പണിയെടുത്തത്. കുറെക്കാലം നിയമകാര്യ ലേഖകൻ. പിന്നെ അസിസ്റ്റന്റ് എഡിറ്റർ ആയിരിക്കെയാണ്, സുഖകരമല്ലാത്ത സാഹചര്യത്തിൽ പത്രം വിടാൻ അദ്ദേഹം നിർബന്ധിതനാവുന്നത്. പിന്നീട് നീണ്ട നിയമയുദ്ധം. വിട്ടുവീഴ്ചകൾക്ക് ഒരിക്കലും രാജേട്ടൻ തയ്യാറല്ല; അന്നും ഇന്നും. മറ്റ് മാദ്ധ്യമങ്ങളിലൊന്നും ചേക്കേറാൻ അദ്ദേഹം കൂട്ടാക്കിയില്ല. ജീവിതം അതുകൊണ്ട് ഒരു സന്ധിയില്ലാ സമരമായി. അത് അദ്ദേഹം ഒരു ലഹരിയായി ആസ്വദിക്കുന്നുണ്ടോ എന്ന് തോന്നിപ്പോയിട്ടുണ്ട്, പലപ്പോഴും.
പത്രപ്രവർത്തനത്തിലേക്ക് കടന്നില്ലെങ്കിൽ രാജേട്ടൻ ഒരു മികച്ച രാഷ്ട്രീയ നേതാവ് ആയേനെ. അദ്ദേഹത്തിനു പക്ഷെ വ്യക്തമായ രാഷ്ട്രീയമുണ്ട്. അക്കാരണത്താൽ ശക്തമായ രാഷ്ട്രീയ വീക്ഷണവും സ്വന്തം. നല്ലൊരു കോൺഗ്രസുകാരനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. വേറിട്ട് ചിന്തിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന, ഖദർധാരിയായ കോൺഗ്രസുകാരൻ. പക്ഷെ, എഴുപതുകളിൽ കോൺഗ്രസിലെ പരിവർത്തനവാദികൾക്കൊപ്പം ചേർന്നു. "എം. എ. ജോൺ നമ്മെ നയിക്കും" എന്ന് നാടുനീളെ ചുവരെഴുത്ത് നടത്തി, ഔദ്യോഗിക കോൺഗ്രസ് നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർത്തിയവർ സ്വയം വിളിച്ചതാണ് പരിവർത്തനവാദികൾ എന്ന്. ആരെയും ആകർഷിക്കുന്നവയായിരുന്നു അവർ കേരളത്തിലുടനീളം ചുവരുകളിൽ എഴുതിയിട്ട ആഴമുള്ള മുദ്രാവാക്യങ്ങൾ.
'പരിപാടിയിലുള്ള പിടിവാശിയാണ് പരിവർത്തനവാദിയുടെ പടവാൾ", 'പാർട്ടി പൂജിക്കാനുള്ള വിഗ്രഹമല്ല, പ്രയോഗിക്കാനുള്ള ആയുധം", 'കലാലയങ്ങൾ പഠിപ്പിക്കാനുള്ളതല്ല, പഠിക്കാനുള്ളത് ", 'മതമാണ് രോഗം, വർഗീയത രോഗലക്ഷണം" എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുടെ പിന്നിലെ മസ്തിഷ്കം പരിവർത്തനവാദി നേതാവ് എം. എ. ജോണിന്റേതും, പത്രപ്രവർത്തകൻ പി. രാജന്റേതും ആയിരുന്നു. 'നിർണയം' എന്ന അവരുടെ മുഖവാരികയുടെ പിന്നിലും പി. രാജൻ സജീവപങ്കു വഹിച്ചു. പരസ്യങ്ങൾ സ്വീകരിക്കില്ലെന്നു തീരുമാനിച്ച പ്രസിദ്ധീകരണം എന്ന സവിശേഷതയും 'നിർണയം" വാരികയ്ക്കുണ്ടായിരുന്നു.
വേതനമൊന്നും പറ്റാതെയാണ് രാജനും മറ്റും അതിൽ പ്രവർത്തിച്ചത്. അതിൽ എഴുതിയ ഒരു ലേഖനമാണ് അടിയന്തരാവസ്ഥയിൽ അദ്ദേഹം അഴികൾക്കുള്ളിൽ അടയ്ക്കപ്പെടാൻ ഇടയാക്കിയത്. "ഇന്ത്യയുടെ അടിയന്തരം" എന്ന ശീർഷകത്തിൽ രാജൻ എഴുതിയ ലേഖനം ലഘുലേഖയായി സംസ്ഥാനത്തൊട്ടാകെ പ്രചരിച്ചു. പരിവർത്തനവാദികളെക്കാളേറെ ആർ.എസ്.എസുകാരാണ് രാജന്റെ ലഘുലേഖ പ്രചരിപ്പിച്ചത്. ഫലം രാജന്റെ അറസ്റ്റും തുടർന്നുള്ള ജയിൽവാസവും. അടിയന്തരാവസ്ഥയിൽ, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്വന്തം നാടായ കേരളത്തിൽ രണ്ടോ മൂന്നോ പത്രപ്രവർത്തകർ മാത്രമാണ് അകത്തായത്. അവരിൽ ആദ്യത്തെയാൾ പി. രാജൻ. മറ്റുള്ളവർ ആർ.എസ്.എസുകാർ.
രാഷ്ട്രീയ പശ്ചാത്തലമുള്ള പി. രാജന് നല്ലൊരു രാഷ്ട്രീയ നേതാവ് ആവാമായിരുന്നു. രാജനു പിന്നാലെ വന്നവരാണ് എ. കെ. ആന്റണിയും വയലാർ രവിയും ഉമ്മൻചാണ്ടിയും വി.എം. സുധീരനും അടങ്ങുന്ന നേതൃനിര. പക്ഷെ ആ രംഗം തനിക്ക് തെല്ലും യോജിച്ചതല്ലെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ടാവാം. അതുകൊണ്ടാണല്ലോ മുഴുവൻ സമയ മാദ്ധ്യമ പ്രവർത്തകനാവാൻ രാജേട്ടൻ തീരുമാനിച്ചത്. പക്ഷേ, പത്രരംഗത്ത് ജ്വലിച്ചുനിൽക്കുന്ന സമയത്ത് അദ്ദേഹത്തിന് പത്രത്തോട് വിട പറയേണ്ടിവന്നു എന്നത് വിധി വൈപരീത്യം. തന്റെ വ്യക്തി ജീവിതത്തിലെയും മാദ്ധ്യമ ജീവിതത്തിലെയും ഏറ്റവും മോശം ഓർമ്മയും ഏറ്റവും നല്ല ഓർമ്മയും പത്രസ്ഥാപനത്തിൽ നിന്ന് പിരിച്ചുവിട്ടതാണെന്ന് അദ്ദേഹം കരുതുന്നു. തിരിഞ്ഞു നോക്കുമ്പോൾ രാജേട്ടന് പശ്ചാത്താപമില്ല. ആത്യന്തികമായ വിജയം തന്റേതാണെന്ന് അദ്ദേഹം അടിയുറച്ച് വിശ്വസിക്കുന്നു, അവകാശപ്പെടുന്നു. ആ വിശ്വാസത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങളും നിരത്തുന്നു.
രാഷ്ട്രീയ വിശ്വാസങ്ങളിൽ രാജേട്ടന് ഒരു സ്വാഭാവിക പരിണാമം സംഭവിച്ചിട്ടുണ്ടെന്നു തോന്നിയാൽ അത്ഭുതമില്ല. പക്ഷെ, രാഷ്ട്രീയ ബന്ധങ്ങൾകൊണ്ട് അദ്ദേഹം ഒന്നും നേടാൻ ശ്രമിച്ചില്ല. ഒട്ട് നേടിയുമില്ല. നന്നേ ചെറുപ്പത്തിൽത്തന്നെ കോൺഗ്രസ് ആദർശങ്ങളിൽ ആകൃഷ്ടനായത് ഒരുപക്ഷെ, അച്ഛന്റെ സ്വാധീനംകൊണ്ട് കൂടിയാവാം. രാജന്റെ അച്ഛൻ വട്ടപ്പറമ്പിൽ നാരായണ മേനോൻ തികഞ്ഞ ഗാന്ധിയനും കോൺഗ്രസുകാരനും ആയിരുന്നു. പിന്നാക്ക ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം വിലക്കിയിരുന്ന കാലത്ത്, സ്വന്തം മകന് ദളിതരുടെ അമ്പലത്തിൽ വച്ച് ചോറൂണ് നടത്തിച്ച പുരോഗമനവാദി. പത്രപ്രവർത്തനത്തിലുള്ള താത്പര്യവും രാജൻ പിതാവിൽ നിന്ന് ആർജ്ജിച്ചതാവാം. നാരായണ മേനോൻ
'ദീനബന്ധു"വിന്റെ പത്രാധിപർ ആയിരുന്നു.
കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടായി പി. രാജന് ആഭിമുഖ്യം ഹിന്ദുത്വ ആശയങ്ങളോടാണ്. ഒരു യുക്തിവാദി കൂടി ആയി അറിയപ്പെട്ടിരുന്ന വ്യക്തിക്ക് ഹിന്ദുത്വവാദത്തോട് ആഭിമുഖ്യം ഉണ്ടായതിൽ ഒരു വൈരുദ്ധ്യമില്ലേ എന്ന ചോദ്യം ഉന്നയിക്കുന്നവരുണ്ട്. അതിന് രാജന് മറുപടിയുണ്ട്. ഹിന്ദുത്വം മാതാധിഷ്ഠിതമല്ല എന്നും ഹിന്ദു മതം എന്നൊന്നില്ല എന്നുമാണ് ആ മറുപടി. മാത്രമല്ല, പണ്ടു മുതൽക്കേ തനിക്ക് ഹൈന്ദവ സംസ്കാരത്തിൽ അഭിമാനമുണ്ടെന്നും രാജൻ വാദിക്കുന്നു. ഹിന്ദുത്വ സൈദ്ധാന്തികൻ പി. പരമേശ്വർജിയുമായി രാജൻ പണ്ട് സമ്പർക്കം പുലർത്തുകയും സംവദിക്കുകയും ചെയ്യുക പതിവായിരുന്നു. പക്ഷെ ഈശ്വര വിശ്വാസി ആണെന്നോ അല്ലെന്നോ രാജൻ സമ്മതിക്കില്ല. 'ഈശ്വരനെ നിർവചിക്കൂ" എന്നാവും അപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |