(ഇന്നലത്തെ കുറിപ്പിന്റെ തുടർച്ച)
ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ പുതിയ വ്യവസ്ഥകൾ പ്രകാരം താഴെ പറയുന്ന തരത്തിൽ ഭൂഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതാണ്. കമ്പോളവില + 100 ശതമാനം സാന്ത്വന പ്രതിഫലം + 12ശതമാനം അധിക കമ്പോളവില എന്നിവയ്ക്ക് ഭൂഉടമകൾ അർഹരാണ്. ഉദാഹരണത്തിന് കമ്പോളവില ഒരു ലക്ഷം രൂപയാണെങ്കിൽ (1,00,000+ 1,00,000 + 36 ശതമാനം അധിക കമ്പോളവില = 2,24,000 - 2,72,000) രണ്ടു ലക്ഷത്തി എഴുപത്തിരണ്ടായിരം രൂപ വരെ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. കൂടാതെ സർക്കാർ നിയമാനുസൃതം നിശ്ചയിക്കുന്ന മറ്റ് പുനരധിവാസ പാക്കേജിനും അർഹതയുണ്ട്.
എന്നാൽ, 2014 ജനുവരി ഒന്നിനു ശേഷം 2015 ജൂലായ് എട്ടിലാണ് കേരള സർക്കാർ ചട്ടം രൂപീകരിച്ചത്. അപ്പോൾത്തന്നെ പ്രധാനപ്പെട്ട വകുപ്പ് 64-ൽ പറയുന്ന റഫറൻസ് അതോറിട്ടി രൂപീകരിക്കാൻ കാലതാമസം വരുത്തി പാവപ്പെട്ട ഉടമകളെ ഭൂമി വിട്ടുനൽകാൻ നിർബന്ധിതരാക്കുകയാണ്. യഥാർത്ഥത്തിൽ നിയമാനുസൃത കമ്പോള വിലയും മറ്റ് ആനുകൂല്യങ്ങളും നൽകാതെ ഭൂഉടമകളെ പാക്കേജ് പദ്ധതി എന്ന പേരിൽ വഞ്ചിക്കുകയും അവരിൽനിന്ന് ആസൂത്രിതമായി ഭൂമി കൈയടക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം നടപടി സ്റ്റേറ്റ് സ്‌പോൺസർ ചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്.
പഴയ നിയമ പ്രകാരം (ലാൻഡ് അക്വിസിഷൻ ആക്ട് 1894) പൊതു ആവശ്യത്തിനെടുത്ത ഭൂമിയുടെ ഭൂരിഭാഗം കേസുകളിലും യഥാർത്ഥ കമ്പോളവിലയും നിയമാനുസൃത ആനുകൂല്യങ്ങളും കേരള ഹൈക്കോടതിയും സുപ്രീംകോടതിയും പുനർനിർണയിച്ച് നൽകിയിട്ടുണ്ട്. പൊതു ആവശ്യത്തിന് ഭൂമി എടുക്കുന്നതിന് ആരും എതിരല്ല. എന്നാൽ, അതിന് പുതിയ നിയമം പറയുന്ന കമ്പോള വിലയും നിയമാനുസൃത ആനുകൂല്യങ്ങളും നൽകണം. കൂടാതെ, സർക്കാർ നിശ്ചയിക്കുന്ന വില ഭൂഉടമകൾക്ക് സ്വീകാര്യമല്ലെങ്കിൽ വകുപ്പ് 64-ൽ പറയുന്ന റഫറൻസ് അതോറിട്ടിയിൽ നഷ്ടപരിഹാരത്തുകയെക്കുറിച്ചുള്ള തർക്കം വിചാരണ ചെയ്ത് കൂടുതൽ നഷ്ട പരിഹാരത്തുക ലഭ്യമാക്കാനുള്ള നടപടികളാണ് സർക്കാർ ചെയ്യേണ്ടത്.
കൊച്ചിയിൽ മെട്രോ റെയിലിനായി ഭൂമി ഏറ്റെടുത്തത് 450 ഭൂഉടമകളിൽ നിന്നാണ്. പലരും പുതിയ നിയമത്തിന്റെ ആനുകൂല്യങ്ങളറിയാതെ 'നെഗോഷിയേറ്റഡ് പർച്ചേസ്" എന്ന ചതിക്കെണിയിൽ വീഴുകയായിരുന്നു. നഷ്ടപരിഹാര ഇനത്തിൽ സർക്കാർ 1500 കോടിയോളം രൂപ ഭൂഉടമകളിൽനിന്ന് കൊള്ളയടിക്കുകയാണ് ചെയ്തത്. ഇപ്പോഴും നിരവധി കേസുകൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് അവകാശമുണ്ട്. എന്നാൽ ഭൂഉടമകൾക്ക് സർക്കാർ നിശ്ചയിക്കുന്ന നഷ്ടരിഹാരം ചോദ്യം ചെയ്യാൻ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും 2013-ലെ ആക്ട് നൽകുന്ന അവകാശം നഷ്ടപ്പെടുത്തി 'നെഗോഷിയേറ്റഡ് പർച്ചേസ്/ലാന്റ് പൂളിംഗ്" എന്ന വഞ്ചനയിൽ കുടുങ്ങാതിരിക്കുക.
(ലേഖകൻ കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനാണ്.)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |