കോഴിക്കോട് ജില്ലയിലെത്തുന്ന ഏതൊരാളും ആദ്യമെത്തുന്ന സ്ഥലങ്ങളിലൊന്നാണ് പാളയം മാർക്കറ്റ്. ഉപ്പ് മുതൽ കർപ്പൂരം വരെ വിൽപ്പന നടന്നിരുന്ന ഒരിടം. കേരളത്തിലെ ഏറ്റവും പുരാതനവും തിരക്കേറിയതുമായ പഴം പച്ചക്കറി മാർക്കറ്റുകളിൽ ഒന്നെന്ന ഖ്യാതിയും പാളയത്തിന് തന്നെയാണ്. കാലങ്ങൾ കടന്നുപോയതോടെ സ്ഥലപരിമിതി, സൗകര്യമില്ലായ്മ തുടങ്ങിയ സാഹചര്യങ്ങൾ മാർക്കറ്റിനെയും ബാധിച്ചു തുടങ്ങി. ഇതോടെ കോഴിക്കോടിന്റെ വ്യാപാര കേന്ദ്രത്തിന്റെ മുഖമായ പാളയം മാർക്കറ്റിനെ കെെപിടിച്ചുയർത്താൻ ഭരണകൂടം മുന്നിട്ടിറങ്ങി. ഒടുക്കം ആയിരങ്ങൾ സാക്ഷിയായി മുഖ്യമന്ത്രി പിണറായി വിജയൻ കല്ലുത്താൻ കടവിൽ ആധുനിക രീതിയിൽ നിർമ്മിച്ച ന്യൂ മാർക്കറ്റ് നാടിന് സമർപ്പിച്ചതോടെ രണ്ടു പതിറ്റാണ്ട് നീണ്ട കോഴിക്കോടിന്റെ സ്വപ്‌നം കൂടിയാണ് യാഥാർത്ഥ്യമായത്. പാളയത്ത് നിന്ന് മാറില്ലെന്ന കച്ചവടക്കാരുടെ എതിർപ്പും ഭൂമി ഏറ്റെടുക്കലിലെ അടക്കം പ്രതിസന്ധികൾ അതിജീവിച്ചാണ് നഗരചിത്രം മാറ്റി വരക്കുന്ന ബൃഹദ്പദ്ധതി കോർപറേഷൻ നടപ്പിലാക്കിയത്. പഴം- പച്ചക്കറി മാർക്കറ്റ് മാറ്റാനുള്ള പ്രവർത്തനം അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോഴും പാളയം വിട്ടുപോവില്ലെന്ന നിലപാടിലുറച്ചായിരുന്നു വ്യാപാരികൾ. ഇന്നലെ ഉദ്ഘാടന വേദിയിലും പ്രതിഷേധവുമായി തൊഴിലാളികളെത്തി. കല്ലുത്താൻ കടവിൽ വാഹനങ്ങൾ എത്തുന്നതിനും മറ്റും മതിയായ സൗകര്യമില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. കല്ലുത്താൻ കടവിലെ ചേരിനിവാസികളെ പുനരധിവസിപ്പിച്ച് അഞ്ചര ഏക്കർ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാർക്കറ്റിന്റെ നിർമ്മാണം. സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റുകളിലൊന്നാണിത്. 100 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർണമായും പ്രാവർത്തികമാക്കിയിരിക്കുന്നത്. കല്ലുത്താൻ കടവ് ഏരിയ ഡെവലപ്‌മെന്റ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കിയത്.
സ്വപ്നം പൂവിട്ടത് 2005- ൽ
കല്ലുത്താൻ കടവ് കോളനി നിവാസികൾക്കായി ഫ്ലാറ്റും സ്ഥലപരിമിതിയിൽ പ്രവർത്തിക്കുന്ന പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റി നിർമ്മിക്കാനുമുള്ള പദ്ധതി 2005-ലാണ് കോർപറേഷൻ ആവിഷ്‌ക്കരിച്ചത്. കല്ലുത്താൻകടവിലെ ചേരി നിവാസികളെ പുനരധിവസിപ്പിച്ചതിന്റെ പിന്നാലെ 2009-ൽ തറക്കല്ലിട്ട് മാർക്കറ്റ് സമുച്ചയത്തിന്റെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. പിന്നീട് സ്ഥലം ഏറ്റെടുക്കുന്നതിലെ പ്രശ്‌നങ്ങൾ കാലതാമസമുണ്ടാക്കി. ഇതിനിടെ പ്രതിഷേധവുമായി മാർക്കറ്റിലെ തൊഴിലാളികളും രംഗത്തെത്തി. പാളയം കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ച് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും കടകളടച്ച് പണിമുടക്കിയും പ്രതിഷേധ പ്രകടനങ്ങൾ നടത്തിയും മേയറെ വളഞ്ഞും തൊഴിലാളികൾ പ്രതിഷേധമറിയിച്ചു. കല്ലുത്താൻകടവിൽ വാഹനങ്ങൾ എത്തുന്നതിനും മറ്റും മതിയായ സൗകര്യമില്ലെന്നും പാളയം പച്ചക്കറി മാർക്കറ്റ് ആധുനിക രീതികളോടെ പാളയത്തു തന്നെ പുനർനിർമിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ പദ്ധതിയുമായി കോർപറേഷൻ മുന്നോട്ട് പോകുകയായിരുന്നു. പാളയം മാർക്കറ്റിലെ മുഴുവൻ പേരെയും എല്ലാ സൗകര്യങ്ങളുമുറപ്പാക്കി, ആശങ്കകൾ പരിഹരിച്ച്, പുനരധിവസിപ്പിക്കാനാണ് കോർപറേഷൻ ലക്ഷ്യമിട്ടത്.
അത്യാധുനിക സൗകര്യങ്ങൾ
കോർപറേഷന്റെ പി.പി.പി മാതൃകയിലുള്ള പദ്ധതിയിൽ ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമ്മാണം നടത്തിയത് കല്ലുത്താൻ കടവ് ഏരിയ ഡെവലപ്മെന്റ് കമ്പനി (കാഡ്കോ) ആണ്. 100 കോടി ചെലവഴിച്ചാണ് മാർക്കറ്റിന്റെ നിർമാണം. അഞ്ചര ഏക്കറിൽ ആറ് കെട്ടിടങ്ങളിലായാണ് മാർക്കറ്റും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളത്. കെട്ടിടങ്ങളിൽ താഴെ നിലയിലാണ് പച്ചക്കറി മാർക്കറ്റ്. ശീതീകരണ സംവിധാനം, വിശ്രമ കേന്ദ്രം, ശൗചാലയം തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുണ്ട്.
പുതിയ മാർക്കറ്റിൽ 300-ലധികം കടമുറികളാണുള്ളത്. പാളയത്ത് കോർപറേഷൻ വാടക കെട്ടിടങ്ങളിലെ 153 കച്ചവടക്കാരെയാണ് ഇങ്ങോട്ട് മാറ്റുക. ഇതിന്റെ വാടക കോർപറേഷനാണ് നിശ്ചയിക്കുക. ഇതിന് പുറമെ 40 ഉന്തുവണ്ടിക്കാരും 80 തട്ടുകച്ചവടം ചെയ്യുന്നവരുമുണ്ട്. ഓപ്പൺ മാർക്കറ്റിൽ ഇൗ വിഭാഗത്തിനെല്ലാം സൗകര്യമുണ്ട്. മറ്റ് കെട്ടിടങ്ങളിലുള്ളവർക്കും ഇവിടെ കച്ചവട മുറികൾ കിട്ടും. പാളയത്തിനേക്കാൾ കൂടുതൽ സൗകര്യങ്ങളോടെ കച്ചവടക്കാർക്ക് ഇവിടെ കച്ചവടം ചെയ്യാനുമാകും. മാർക്കറ്റിൽ പ്രധാന ബ്ലോക്കിന്റെ മുകൾ ഭാഗത്തുൾപ്പെടെ അഞ്ഞൂറോളം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. മൂന്നരലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമിച്ച കെട്ടിടത്തിൽ മുന്നൂറിലധികം പഴം- പച്ചക്കറി കടകൾക്ക് സൗകര്യമുണ്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് മീഞ്ചന്ത- അരയിടത്തുപാലം ബൈപാസിൽ നിന്നു നേരിട്ടു വാഹനങ്ങൾക്ക് കയറാം. കെട്ടിടത്തിനു മുകളിലേക്ക് ഓട്ടോ, ഗുഡ്സ് വാഹനങ്ങൾക്ക് കയറാൻ മൂന്ന് റാംപുകളുമുണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിനു ലൈസൻസുള്ള 153 കച്ചവടക്കാർക്ക് ന്യൂ മാർക്കറ്റിൽ മുറികളും ഒരുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |