
ആറളം ഫാമിലെയും ആദിവാസി പുനരധിവാസ മേഖലയിലെയും കാട്ടാനകളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാനുള്ള ആനമതിൽ പൂർത്തീകരണം എങ്ങുമെത്താത്തതിനാൽ ജനജീവിതം ദുസ്സഹമായി തന്നെ തുടരുകയാണ്. 2019 ജനുവരി ആറിന് അന്നത്തെ മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ച ആനമതിൽ പദ്ധതിയുടെ നിർമ്മാണം ആറുവർഷത്തിനു ശേഷവും ഇഴഞ്ഞാണ് നീങ്ങുന്നത്. 2023 ഒക്ടോബറിൽ ബഹുജന പ്രതിഷേധം ഉയർന്നതോടെ വീണ്ടും പ്രഖ്യാപനം നടത്തിയിട്ടും നിർമാണത്തിൽ കാര്യമായ പുരോഗതിയില്ല. പത്തു വർഷത്തിനിടെ 14 പേരാണ് ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടടിയിൽ മരിച്ചത്. ഇവരിൽ പതിനൊന്നും ആദിവാസികളാണ്. വന്യജീവി ശല്യം രൂക്ഷമായതോടെ സർക്കാർ നൽകിയ ഭൂമിയിൽ വാസയോഗ്യമല്ലെന്ന് മനസിലാക്കി പലരും വീടൊഴിഞ്ഞ് പോകുകയാണ്. ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാതെ ആദിവാസികൾ ഭയപ്പാടോടെയാണ് കഴിയുന്നത്.
നിലച്ച ഓപ്പറേഷൻ ഗജമുക്തി;
മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ് ആവിഷ്‌കരിച്ച ഓപ്പറേഷൻ ഗജമുക്തി പദ്ധതി നിലച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ആറളം ഫാമിലെ കാർഷിക വിളകളെയും ആദിവാസി പുനരധിവാസ മേഖലയിലെ ജനങ്ങളെയും സംരക്ഷിക്കാൻ നടപ്പാക്കിയ പദ്ധതി രണ്ടു ഘട്ടങ്ങളിലായി പത്തോളം ആനകളെ വനത്തിലേക്ക് തുരത്തിയെങ്കിലും, അവ കൂട്ടത്തോടെ മടങ്ങിയെത്തി നാശം വിതക്കുന്നതാണ് നിലവിലെ അവസ്ഥ. നാൽപതോളം ആനകൾ ഫാം താവളമാക്കി സ്ഥിരം നാശം വിതയ്ക്കുന്നതായാണ് ജീവനക്കാരും പുനരധിവാസ മേഖലയിലെ താമസക്കാരും പറയുന്നത്. ആറളം ഫാമിലും പുനരധിവാസ മേഖലയിലും ആനക്കലിക്ക് അറുതിയില്ലെന്ന് പ്രദേശവാസികൾ ആശങ്കയോടെ ചൂണ്ടിക്കാട്ടുന്നു.
ആറളം പുനരധിവാസ കേന്ദ്രം പത്താം ബ്ലോക്കിൽ രാവിലെ ശുദ്ധജലം ശേഖരിക്കാൻ പോയ റിഞ്ചു രാജനും ഭാര്യ അശ്വതിയും ആനയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടതും ഭാഗ്യത്തിനാണ്. എല്ലാ ദിവസവും വെള്ളം ശേഖരിക്കാൻ പോകുമ്പോൾ ഇവർക്കൊപ്പം രണ്ടു വയസുകാരൻ മകനും ഉണ്ടാവാറുണ്ട്. ആ ദിവസം മകൻ ഉണരാൻ വൈകിയതിനാൽ ആനയുടെ മുന്നിൽപ്പെടാതെ രക്ഷപ്പെട്ടു എന്നത് ആശ്വാസമാണ്.
ഭീതിയോടെ മലയോരം
കേരള- കർണാടക അതിർത്തി ഗ്രാമമായ പേരട്ടയും കാട്ടാന ഭീതിയിലാണ്. മാക്കൂട്ടം ബ്രഹ്മഗിരി വനമേഖലയിൽ നിന്ന് എത്തിയ കാട്ടാന തുടർച്ചയായി മേഖലയിൽ നാശം വിതക്കുകയാണ്. രണ്ടാഴ്ചയായി ഒറ്റയാൻ കൊമ്പൻ വനാതിർത്തി മേഖലയിലും ജനവാസ മേഖലയിലുമായി ചുറ്റിത്തിരിയുന്നു. പേരട്ട സെന്റ് ആന്റണീസ് പള്ളി പരിസരത്ത് ഇറങ്ങിയ ആന തോണ്ടുങ്കൽ എലിസബത്ത്, കരിയാട്ട് ഷീബ, ഷെഫീഖ് എന്നിവരുടെ കൃഷിയിടത്തിൽ ഇറങ്ങിയാണ് വിളകൾ നശിപ്പിച്ചത്. പുലർച്ചെ ഹോട്ടൽ ജോലിക്ക് പോവുകയായിരുന്ന ഷെഫീഖാണ് കൃഷിയിടത്തിൽ ആനയെ കണ്ടത്. സമീപവാസികളെ വിവരം അറിയിച്ചതിനാൽ പാൽ, പത്രവിതരണക്കാരും ദൂരെ ദിക്കുകളിൽ ജോലിക്ക് പോകുന്നവരും ആനയുടെ മുന്നിൽപ്പെടാതെ രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് ചുറ്റിത്തിരിയുന്ന കാട്ടാന കൂട്ടുപുഴ സ്‌നേഹഭവൻ മുറ്റത്ത് രണ്ട് തവണയെത്തി വാഴയും പട്ടിക്കൂടും അടക്കം തകർത്ത് തിരികെപ്പോയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് കൂട്ടുപുഴ പാലം വഴി ചെക് പോസ്റ്റ് വരെ എത്തിയ ആനയെ ചെക്ക്പോസ്റ്റിലുള്ളവർ തുരത്തി അപകടം ഒഴിവായിരുന്നു.
കേരളത്തോട് ചേർന്ന കർണാടക ബ്രഹ്മഗിരി വനമേഖലയിൽ ഒമ്പതോളം ആനകൾ ഉണ്ടെന്നാണ് കർണാടക വനംവകുപ്പും പറയുന്നത്. ഇതിൽപ്പെട്ട ആനയാണ് കൂട്ടംതെറ്റി ജനവാസ മേഖലയിൽ എത്തിയതെന്നാണ് വനംവകുപ്പ് അധികൃതർ സംശയിക്കുന്നത്. കർണാടക അതിർത്തിയോട് ചേർന്ന് കേരള അതിർത്തിയിൽ 400 മീറ്റർ ഭാഗമാണ് സോളാർ തൂക്കുവേലി സ്ഥാപിക്കാനുള്ളത്. പ്രതിരോധ മാർഗങ്ങൾ ഒന്നുമില്ലാത്ത ഭാഗങ്ങളിലൂടെയാണ് ആനകൾ ജനവാസ മേഖലയിൽ പ്രവേശിക്കുന്നത് എന്നാണ് പ്രദേശവാസികൾ പറയുന്നത്. കർണാടക വനത്തിൽ നിന്നിറങ്ങുന്ന ആന അതിർത്തിയിലെ സോളർ വേലി തകർത്താണ് കേരളത്തിലെ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത്. ആറളത്ത് ആർ.ആർ.ടി.യുടെ ആന തുരത്തലും തിരിച്ചെത്തലും തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ആനപ്പേടിക്ക് പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
കണക്കുകൂട്ടാനാവാത്ത നഷ്ടം
ഈ വർഷം ജനുവരി മുതൽ ജൂലായ് വരെ മാത്രം 25.17 കോടിയുടെ വിള നാശമാണുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 189 തെങ്ങുകൾ നശിപ്പിച്ചു. ഫാമിൽ ഇതുവരെ കായ്ഫലമുള്ള 5,000ത്തിലധികം തെങ്ങുകളാണ് നശിപ്പിക്കപ്പെട്ടത്. ആറുവർഷത്തിനിടെ 12,000 തെങ്ങുകളാണ് കാട്ടാനകൾ തകർത്തത്. ഫാമിലെ തെങ്ങുകൃഷിയുടെ മൂന്നിൽ രണ്ട് ഭാഗവും ആനക്കൂട്ടം ഇല്ലാതാക്കി. കാപ്പി, കൊക്കോ, കുരുമുളക്, കമുക് എന്നിവയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. മഞ്ഞൾക്കൃഷിയും ആനകൾ നശിപ്പിക്കാൻ തുടങ്ങിയത് പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നു. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ സാധാരണ ഗതിയിൽ നശിപ്പിക്കാത്ത കൃഷിയാണ് മഞ്ഞൾ. കഴിഞ്ഞ ഏഴുവർഷത്തെ നഷ്ടം 85 കോടിയിലധികമാണ്. തെങ്ങ്, കവുങ്ങ്, കുരുമുളക്, കശുമാവ്, കൊക്കോ എന്നിങ്ങനെ ഫാമിൽ കൃഷി ചെയ്ത എല്ലാത്തരം വിളകളും വന്യമൃഗങ്ങൾ നശിപ്പിച്ചു.
നഷ്ടത്തിന്റെ കണക്ക്:
ജനുവരി: 2.32 കോടി
ഫെബ്രുവരി: 1.71 കോടി
മാർച്ച്: 3.83 കോടി
ഏപ്രിൽ: 6.96 കോടി
മേയ്: 3.24 കോടി
ജൂൺ: 5.49 ലക്ഷം
ജൂലായ്: 7 കോടി
പ്രശ്നം ആനമതിലിൽ
മാത്രം ഒതുങ്ങുന്നതല്ല
കാട്ടാനശല്യം മൂലം ആറളം ഫാം തരിശാകുമ്പോഴും ഫാമിനെ രക്ഷിക്കാൻ അധികൃതർ തുടരുന്ന നിസ്സംഗതയിൽ നിരാശരാണ് ആറളത്തെ തൊഴിലാളികളും ജീവനക്കാരും. ഒരോ തവണയും ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുമ്പോൾ മാത്രം ഫാമിലേക്കെത്തുന്ന അധികാരികൾ, ഒരിക്കൽപ്പോലും തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കുന്നില്ലെന്നാണ് ജനങ്ങൾ പറയുന്നത്.
ആറളത്തെ പ്രശ്നം കേവലം ആനമതിലിൽ മാത്രം ഒതുങ്ങുന്നതല്ല. കൃത്യമായ വൈദ്യുതി ലഭിക്കാത്തതും ഫോണിന് റെയ്ഞ്ച് ഇല്ലാത്തതും ആശുപത്രികളിലേക്ക് പോകാൻ വാഹന സൗകര്യമില്ലാത്തതും അടക്കം നിരവധിങ്ങളും ഫാമിലുള്ളവർ അനുഭവിക്കുന്നുണ്ട്. വാഗ്ദാനങ്ങൾ പാഴാകുമ്പോൾ ആറളം ഫാമിലെയും പുനരധിവാസ മേഖലയിലെയും ജനങ്ങൾ ചോദിക്കുന്നത് ഒറ്റ ചോദ്യം മാത്രമാണ് ''ഞങ്ങളുടെ ജീവന് എന്താണ് വില?'' കേരളത്തിലെ തന്നെ മാതൃകാപരമായ ആദിവാസി പുനരധിവാസ പദ്ധതിയെന്ന് പറയപ്പെട്ട ആറളം ഇന്ന് ആദിവാസികൾക്ക് ദുരിത ജീവിതമാണ് സമ്മാനിക്കുന്നത്. ബ്ലോക്ക് 7, 10, 11 എന്നിവിടങ്ങളിലായി താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ ഓരോ ദിവസവും ഭീതിയിലാണ് ഉറങ്ങാൻ പോകുന്നത്. വെള്ളം എടുക്കാൻ പോകുമ്പോൾ, തോട്ടത്തിൽ പണിക്ക് പോകുമ്പോൾ, കുട്ടികളെ സ്‌കൂളിലേക്ക് അയക്കുമ്പോൾ എല്ലാ നിമിഷവും കാട്ടാനയുടെ ഭീതിയാണ് മനസിൽ.
ആവശ്യങ്ങൾ
ആനമതിൽ നിർമാണം അടിയന്തിരമായി പൂർത്തിയാക്കൽ
ആനമതിൽ പൂർത്തിയാകുന്നതുവരെ സോളാർ തൂക്കുവേലി, വൈദ്യുത വേലി തുടങ്ങിയ താൽക്കാലിക പരിരക്ഷണ സംവിധാനങ്ങൾ
നഷ്ടപരിഹാര സംവിധാനം വേഗത്തിലാക്കൽ:
അതിർത്തി പ്രദേശത്തെ ആന കടന്നുവരുന്നത് തടയാൻ കർണാടക വനം വകുപ്പുമായി സംയുക്ത നടപടികൾ വേണം.
വൈദ്യുതി, വാഹന സൗകര്യം, ആശുപത്രി, മൊബൈൽ നെറ്റ്വർക്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |