SignIn
Kerala Kaumudi Online
Saturday, 25 October 2025 3.26 PM IST

സ്ത്രീ സുരക്ഷ വാക്കുകളിൽ

Increase Font Size Decrease Font Size Print Page
dsa

സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട അതിക്രമങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. കൊച്ചുകുട്ടികൾ മുതൽ വയോധികമാർ വരെ സമാനതകളില്ലാത്ത അതിക്രമങ്ങൾക്ക് ഇരയാകുന്നു. അതിനാൽത്തന്നെ ഓരോ തവണയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴും ഒരു ഞെട്ടലുമില്ലാത്ത അവസ്ഥയിലേക്കും സമൂഹം എത്തിത്തുടങ്ങി. ഒരു രാജ്യത്തെ വിലയിരുത്തുമ്പോൾ ഏറ്റവും മുൻഗണന നൽകേണ്ടതും സ്ത്രീ സുരക്ഷയ്ക്കാണ്. എന്നാൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ അരങ്ങേറുന്ന പല സംഭവങ്ങളും മാദ്ധ്യമങ്ങളിൽപ്പോലും വാർത്തയാകുന്നില്ലെന്നതാണ് സത്യം.

മനുഷ്യക്കടത്ത്, ലൈംഗിക അടിമത്തം, നിർബന്ധിത ഗാർഹിക ജോലി, നിർബന്ധിത വിവാഹം, പെൺ ഭ്രൂണഹത്യ എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിൽ മോശം സാഹചര്യങ്ങളാണെന്ന് വിവിധ അന്താരാഷ്ട്ര ഏജൻസികളുടെ പഠനങ്ങളിൽ പറയുന്നത്. നിയമങ്ങൾ കർശനമാകുമ്പോഴും സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറവ് വന്നിട്ടില്ല. ഈ വർഷം ആഗസ്ത് വരെ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ 12,244 കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് സംസ്ഥാന ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം സ്ത്രീകൾക്കെതിരായ 18,887 കേസുകളാണ് സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2023, 2022 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 18,980, 18,943 എന്നിങ്ങനെയായിരുന്നു. ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിട്ട അതിക്രമങ്ങളാണ് ഈ വർഷം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്, 2814 എണ്ണം. കഴിഞ്ഞ വർഷം ഇത് 4,515 ആയിരുന്നു, 2023, 2022 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 4710, 4998 എന്നിങ്ങനെയായിരുന്നു. സ്ത്രീകളെ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട 2,688 കേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം ഇത് 4,286 ആയിരുന്നു.

സ്ത്രീധന

പരാതികൾക്കും കുറവില്ല

2014 പീഡന പരാതികളാണ് ഈ വർഷം രജിസ്റ്റർ ചെയ്തത്. 2024, 2023, വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 2901, 2562 എന്നിങ്ങനെയായിരുന്നു. അഞ്ച് സ്ത്രീധന മരണങ്ങളും ഈ വർഷം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം മൂന്ന് സ്ത്രീധന മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട 643 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞവർഷം കേസുകളുടെ എണ്ണം 695 ആയിരുന്നു. 2023, 2022 വർഷങ്ങളിൽ 679, 572 കേസുകളും റിപ്പോർട്ട് ചെയ്തു. ഈ വർഷം സ്ത്രീകളെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് 74 പരാതികളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇത് 121 ആയിരുന്നു. ലോകത്ത് ഒരു മിനിറ്റിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നുണ്ട്. യു.എൻ റിപ്പോർട്ട് പ്രകാരം 736 ദശലക്ഷം സ്ത്രീകൾ ശാരീരിക-മാനസിക പീഡനങ്ങൾക്ക് ഇരയാകുന്നു.

വിദ്യാഭ്യാസപരമായും സാമൂഹികമായും വളരെ മുന്നിൽ നിൽക്കുന്ന കേരളത്തിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങളും മരണങ്ങളും ലജ്ജാകരമാണെന്നതിൽ തർക്കമില്ല. ജാതി-മത-വർഗ ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്ന മാറ്റപ്പെടേണ്ട വ്യവസ്ഥയാണ് സ്ത്രീധനം. നിലവിലെ നിയമ സംവിധാനങ്ങൾക്ക് ഈ വിപത്തിനെ തടയാൻ സാധിക്കുന്നില്ല.

മാറ്റം വരണം

സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ ആക്രമിച്ച വ്യക്തിയുടെ മേലല്ല, മറിച്ച് ഇരയാക്കപ്പെട്ട സ്ത്രീയുടെ മേൽ കുറ്റം ചാർത്തുന്ന സമീപനവും സമൂഹത്തിലുണ്ട്. ഈ ചിന്താഗതി മാറേണ്ടത് അനിവാര്യമാണ്.
തൊഴിലിടങ്ങളിലും സ്ത്രീകൾ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. സ്ത്രീകളോട് തങ്ങളുടെ കരുത്ത് കാണിക്കുക, അപമാനിക്കുക, ഭയപ്പെടുത്തുക തുടങ്ങിയവയാണ് ലൈംഗിക അതിക്രമത്തിലൂടെ ഇത്തരം പ്രവർത്തികൾ ചെയ്യുന്ന പുരുഷന്മാർ ഉദ്ദേശിക്കുന്നത്. കാലിഫോർണിയ പോളിടെക്നിക് സ്‌റ്റേറ്റ് സർവകലാശാലയിലെ ഡോ. ഷോൺ ബേർണിന്റെ അഭിപ്രായ പ്രകാരം തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത് സ്ത്രീകളുടെ മേൽ ആധിപത്യം സ്ഥാപിക്കുക എന്നതാണ്. സ്ത്രീകൾ തങ്ങൾ നേരിടുന്ന ചൂഷണങ്ങൾ തുറന്നുപറയാൻ മുന്നോട്ട് വരികയും അതുവഴി ചൂഷകർ ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണം. ദുരനുഭവങ്ങൾ തുറന്ന് പറയുന്നത് കുടുംബത്തിനും ഭാവി ജീവിതത്തിനും ദോഷം ചെയ്യുമെന്ന് പെൺകുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന രീതിയാണ് പലയിടങ്ങളിലും കാണുന്നത്. ഇത് അനുവദിച്ചുകൂടാ. സ്ത്രീകൾ ആധുനിക വസ്ത്രധാരണത്തിന് പകരം പരമ്പരാഗത രീതി സ്വീകരിച്ച് രാത്രിയിലുള്ള സഞ്ചാരം അവസാനിപ്പിച്ച് വീട്ടിലിരുന്നാൽ പൂർണമായും സുരക്ഷിതരാകുമെന്ന ഇടുങ്ങിയ ചിന്താഗതിക്കും മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു കൃത്യം നടക്കുമ്പോൾ മാത്രം നീതിബോധം ഉണരുന്ന അധികൃതർ കൃത്യം നടക്കാതിരിക്കാനുള്ള വഴികളാണ് തേടേണ്ടത്.

ലോകോരോഗ്യ സംഘടന പറയുന്നത് പ്രകാരം 15 വയസ് മുതൽ 49 വയസ് വരെയുള്ള സ്ത്രീകളിൽ 30 ശതമാനം സ്ത്രീകളും മാനസിക-ശാരീരിക പീഡനം നേരിടുന്നുണ്ട്. ഇന്ത്യയിൽ ഒരു ലക്ഷം സ്ത്രീകളിൽ 58 സ്ത്രീകൾ അതിക്രമങ്ങൾക്ക് ഇരയാവുന്നു. ഗാർഹികാതിക്രമ നിയമവും തൊഴിലിടങ്ങളിലെ ലൈംഗിക പീഡന വിരുദ്ധ നിയമവും നിലവിലുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ഫലപ്രദമാകുന്നുവെന്ന പരിശോധന അനിവാര്യമാണ്. ഒരു സ്ത്രീയ്ക്ക് ഒറ്റയ്ക്ക് യാത്രചെയ്യാൻ പോലുമുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ടോ എന്നത് ചർച്ച ചെയ്യപ്പെടേണ്ടതാണ്.

TAGS: WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.