SignIn
Kerala Kaumudi Online
Sunday, 16 November 2025 7.38 PM IST

ജീവനെടുത്ത കെടുകാര്യസ്ഥത

Increase Font Size Decrease Font Size Print Page
sa

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയിൽ വലിയ മണ്ണിടിച്ചിലിൽ വീട് തകർന്ന് ഗൃഹനാഥന് ദാരുണാന്ത്യമുണ്ടായത്. ഉന്നതിയിലെ നെടുമ്പിള്ളികുടി ബിജുവാണ് (46) മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഭാര്യ സന്ധ്യയുടെ (39) ഇടതുകാൽ മുറിച്ചുമാറ്റി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇടതുകാലിൽ രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളെ ബാധിച്ചേക്കാമെന്ന ആശങ്കയെ തുടർന്നാണ് മുറിച്ചുമാറ്റിയത്. അന്നേദിവസം രാത്രി 10.30 നായിരുന്നു 100 അടിയിലേറെ ഉയരമുള്ള മൺതിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് ദേശീയ പാതയിലേക്കും അടിഭാഗത്തുള്ള ഒമ്പത് വീടുകളിലേക്കും പതിച്ചത്. വെള്ളിയാഴ്ച ചെറിയ തോതിൽ മണ്ണിടിച്ചിലുണ്ടായതിനാൽ പ്രദേശത്തുള്ള 26 കുടുംബങ്ങളെ പിറ്റേന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ബിജുവും ഭാര്യയും സഹോദരൻ താമസിക്കുന്ന കുടുംബവീട്ടിലേക്കും മാറിയിരുന്നു. വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കാനും പ്രധാനപ്പെട്ട രേഖകൾ എടുക്കുന്നതിനുമായി ഇരുവരും വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി മണ്ണിടിച്ചിലുണ്ടാകുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ സഹോദരന്റെ കുടുംബമാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. നാലര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് കോൺക്രീറ്റ് പാളികൾക്കിടയിൽ കുടുങ്ങിയ സന്ധ്യയെ പുറത്തെത്തിച്ചത്. ശേഷം അഞ്ച് മണിയോടെ ഫയർഫോഴ്സിന്റെയും ദേശീയ ദുരന്ത നിവാരണ അതോറിട്ടിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർന്ന വീടിന്റെ അവശിഷ്ടങ്ങൾ നീക്കിയാണ് ബിജുവിനെ പുറത്തെടുത്തത്. ഉടൻ തന്നെ അടിമാലിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചിരുന്നു. ഭർത്താവ് മരിച്ച വിവരം സന്ധ്യ ഇനിയും അറിഞ്ഞിട്ടില്ല. ഏക മകൻ ആദർശ് കഴിഞ്ഞ ഒക്ടോബറിൽ അസുഖബാധിതനായി മരിച്ചതിന്റെ ദുഃഖത്തിൽ നിന്ന് കരകയറും മുമ്പാണ്

സന്ധ്യയ്ക്ക് അടുത്ത ആഘാതം. മകൾ ആര്യ കോട്ടയത്ത് നഴ്സിംഗ് വിദ്യാർത്ഥിയാണ്.

പിന്നിൽ അശാസ്ത്രീയ മണ്ണെടുപ്പ്

കൂമ്പൻപാറ ലക്ഷം വീട് ഉന്നതിയിൽ ഒരു ജീവൻ പൊലിയാനിടയാക്കിയ മണ്ണിടിച്ചിലിന് പിന്നാലെ കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണവുമാണെന്ന ആക്ഷേപവും ശക്തമാണ്. ദേശീയപാതയുടെ നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗം വീതികൂട്ടുന്ന പ്രവൃത്തിയാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പാതയുടെ നിർമ്മാണത്തിനായി മണ്ണെടുത്തതിനെ തുടർന്ന് 50 അടിയിലേറെ ഉയരത്തിൽ കട്ടിംഗ് ഉണ്ടായി. അതിനു മുകളിൽ അടർന്നിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചാണ് അപകടം. വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് മണ്ണ് ചെത്തിയെടുത്തത് മലയ്ക്ക് വലിയതോതിൽ ഇളക്കം തട്ടാൻ കാരണമായി. ഇതാണ് മഴ പെയ്യാതിരുന്നിട്ടും മണ്ണിടിച്ചിലുണ്ടായത്. മലയുടെ മുകളിൽ രൂപപ്പെട്ട വിള്ളലുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ വലിയ യന്ത്രങ്ങൾ കയറ്റി ഇടിച്ചതാണ് ദുരന്തത്തിന് പൂർണമായ കാരണമെന്നാണ് ആരോപണം. ഒരാൾക്ക് ഇറങ്ങാവുന്നത്ര വിള്ളൽ അവിടെ മുമ്പുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

ദേശീയപാത അതോറിട്ടി വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചില്ലെന്നാണ് ഉയരുന്ന പ്രധാന വിമർശനം. വലിയ മലയുടെ അടിവാരങ്ങളിൽ കരിങ്കല്ല് ഉപയോഗിച്ച് സുരക്ഷാമതിൽ നിർമ്മിക്കുന്നതിനു പകരം, അഞ്ചടി പൊക്കത്തിൽ കോൺക്രീറ്റ് പാളി നിർമ്മിക്കുകയും അത് മതിലിൽ ചാരിവച്ച് കോൺക്രീറ്റ് ഉപയോഗിച്ച് യോജിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നടന്നത്. ഇതിലെ അപകടസാദ്ധ്യത പ്രദേശവാസികൾ മുമ്പും ചൂണ്ടിക്കാട്ടിയിരുന്നു. അപകട സമയത്ത് മഴയില്ലാതിരുന്നതും വലിയ ദുരന്തം ഒഴിവാകാൻ കാരണമായി. മഴ പെയ്തിരുന്നെങ്കിൽ മണ്ണിടിച്ചിലിന്റെ വ്യാപ്തി വലുതാകുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ താഴെയുള്ള 22 വീടുകൾ പൂർണമായും ഒലിച്ചുപോകുന്ന സ്ഥിതിയുണ്ടായാനെ. അപകടത്തെത്തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ടെന്നും ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. എന്നാൽ, അശാസ്ത്രീയമായ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിയമനടപടികൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ജോലികളാണ് നടക്കുന്നതെന്ന മറുപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അതേസമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും നിർമ്മാണത്തിൽ അപാകതകളില്ലെന്നുമാണ് ദേശീയപാത അതോറിട്ടിയുടെ വിശദീകരണം.


ദേശീയപാതാ നിർമ്മാണത്തിന് വിലക്ക്

മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ദേശീയപാത 85 നിർമ്മാണം നിറുത്തിവയ്ക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടിരുന്നു. ദുരന്ത സാദ്ധ്യതയുള്ള ദേശീയപാതയും മറ്റ് പ്രദേശങ്ങളും സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക ടീം രൂപീകരിച്ചു. ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ, ദേശീയപാത അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ, ദേവികുളം തഹസിൽദാർ എന്നിവർക്ക് രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. പഠന റിപ്പോർട്ട് ലഭ്യമാകുന്നത് വരെ മണ്ണിടിച്ചിൽ ദുരന്ത സാദ്ധ്യതയുള്ള എൻ.എച്ച് 85 ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർക്ക് നിർദേശം നൽകി.

ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

അടിമാലിയിലെ മലയിടിച്ചിലിന്റെ അപകട കാരണങ്ങളെക്കുറിച്ച് വിദഗ്ദ്ധ സംഘം സമഗ്രാന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, ഹസാഡ് അനലിസ്റ്റ്, സോയിൽ കൺസർവേഷൻ ഓഫീസർ, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ, തഹസിൽദാർ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ ജില്ലാ കളക്ടർ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ദേശീയപാത അതോറിട്ടിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പിഴവുണ്ടായെന്ന ആരോപണത്തിന്റെ നിജസ്ഥിതി മനസിലാക്കണം. ആവശ്യമായ തുടർനടപടികൾ സ്വീകരിച്ച് അപകടം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം. ദുരന്തത്തിൽ മരിച്ചയാളുടെ കുടുംബത്തിന് ആശ്വാസ ധനം നൽകുന്നത് കളക്ടർ പരിശോധിക്കണം. അപകടത്തിൽ പരിക്കേറ്റയാൾക്ക് ധനസഹായം നൽകാനുള്ള സാദ്ധ്യതയും പരിശോധിക്കണം. വിദഗ്ദ്ധ സംഘം സമർപ്പിക്കുന്ന ശുപാർശയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തയ്യാറാക്കി ഒരു മാസത്തിനുള്ളിൽ കമ്മിഷനിൽ സമർപ്പിക്കണം. വിദഗ്ദ്ധ സംഘത്തിന്റെ റിപ്പോർട്ടും ഇതിനൊപ്പം ഹാജരാക്കണം. എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ പ്രത്യേക റിപ്പോർട്ട് സമർപ്പിക്കണം. ദുരന്തനിവാരണ ചുമതലയുള്ള ഡപ്യൂട്ടി കളക്ടർ, ദേശീയപാതാ വിഭാഗം (മൂവാറ്റുപുഴ), പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ, എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ എന്നീ ഉദ്യോഗസ്ഥർ ഡിസംബറിൽ തൊടുപുഴ റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മിഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു.

TAGS: ADIMALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.