
മഹാനായ സർദാർ വല്ലഭായ് പട്ടേലിനെ അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷിക ദിനത്തിൽ ഓർക്കുമ്പോൾ അദ്ദേഹത്തിന്റെ പേരിലുള്ള ഒരു ദേശീയ സ്ഥാപനത്തിൽ പരിശീലനം നേടാനും, അവിടെ സേവനമനുനുഷ്ഠിക്കാനും അവസരം ലഭിച്ചതിൽ നിറഞ്ഞ അഭിമാനം തോന്നുന്നു. ഹൈദരാബാദിലുള്ള, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ നാഷണൽ പൊലീസ് അക്കാഡമിയാണ് ആ സ്ഥാപനം. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുന്ന ഘട്ടത്തിൽ, സ്വതന്ത്ര ഭാരതം അഭിമുഖീകരിച്ച സമാനതകളില്ലാത്ത ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷാ ഭീഷണികളെ കാര്യക്ഷമമായി ചെറുക്കുന്നതിനും നമ്മുടെ രാജ്യഭരണത്തിന് ശക്തമായ അടിത്തറ പാകുന്നതിനും പ്രവാചക തുല്യമായ ദീർഘവീക്ഷണത്തോടെയും, അസാധാരണമായ ഭരണ വൈഭവത്തോടെയും ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന സർദാർ പട്ടേൽ സ്വീകരിച്ച എത്രയോ മഹത്തായ ചുവടുവയ്‌പുകളിൽ ഒന്നു മാത്രമാണ് ദേശീയ ഐ.പി.എസ് പരിശീലനകേന്ദ്രം.
സ്വതന്ത്രഭാരതം സ്വയംഭരണത്തിന് പ്രാപ്‌തമല്ലെന്നും, കിടമത്സരങ്ങളിൽപ്പെട്ട് രാജ്യംതന്നെ ഇല്ലാതാകുമോ എന്ന് ആശങ്കപ്പെടണമെന്നും പ്രവചിച്ചവരിൽ രണ്ടാം ലോക യുദ്ധത്തിൽ ബ്രിട്ടനെ നയിച്ച വിൻസ്റ്റൻ ചർച്ചിലിനെപ്പോലുള്ളവരും ഉൾപ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കോളനി ഭരണത്തിൽ നിന്ന് സ്വതന്ത്രമായ പല ആഫ്രോ- ഏഷ്യൻ രാജ്യങ്ങളുടെയും പിൽക്കാല അവസ്ഥ നോക്കിയാൽ വിൻസ്റ്റൻ ചർച്ചിലിനെ പോലുള്ളവരുടെ ഭവിഷ്യവാണി തീർത്തും യുക്തിഹീനമായിരുന്നുവെന്നു പറഞ്ഞ് നിരസിക്കാനാകില്ല. സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയുടെ കാര്യത്തിലാകട്ടെ, തെക്ക് തിരുവിതാംകൂർ മുതൽ വടക്ക് കാശ്‌മീർ വരെയും, കിഴക്ക് ത്രിപുര മുതൽ പടിഞ്ഞാറ് ജുനഗഡ് വരെയും വ്യാപിച്ചുകിടന്ന 550-ൽപ്പരം നാട്ടുരാജ്യങ്ങളെയെല്ലാം ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുക എന്ന വെല്ലുവിളി നേരിടേണ്ടിവന്നു.
ആ വെല്ലുവിളി നേരിടുന്നതിൽ, സർദാർ പട്ടേൽ പ്രകടിപ്പിച്ച നേതൃപാടവവും, ഭരണപരമായ മികവും ലോക ചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്തതാണ്. അക്കാര്യത്തിൽ അദ്ദേഹത്തിന്റെ വലംകൈ ആയി പ്രവർത്തിച്ച വി.പി. മേനോന്റെ വാക്കുകൾ പ്രസക്തമാണ്. 'The handling of the rulers by the Sardar was the foremost factor in the sucess of the accession Policy." അതായത്, ഭരണാധികാരികളെ കൈകാര്യം ചെയ്യുന്നതിൽ സർദാർ പ്രകടിപ്പിച്ച രീതിയായിരുന്നു സംയോജന നയം വിജയിക്കുന്നതിന്റെ ഏറ്റവും വലിയ ഘടകം. അനുനയത്തിലൂടെയും, ആരോഗ്യകരമായ ആശയവിനിമയത്തിലൂടെയും ഒട്ടുമിക്ക രാജ്യങ്ങളെയും, സ്വതന്ത്ര ഭാരതത്തിന്റെ ദേശീയ താത്‌പര്യത്തിന് കീഴ്‌പ്പെടുക എന്ന ലക്ഷ്യത്തിലെത്തിക്കാൻ ആ ഭരണതന്ത്രജ്ഞതയ്ക്ക് സാധിച്ചു.
എന്നാൽ, അനുനയത്തിന്റെ ഭാഷയ്ക്ക് വഴങ്ങാൻ മടിച്ച ഭരണാധികാരിക്കു മുന്നിൽ രാഷ്ട്രത്തിന്റെ ശക്തി കരുത്തിന്റെ ഭാഷയിൽത്തന്നെ പ്രയോഗിച്ച് ബോദ്ധ്യപ്പെടുത്താൻ സർദാർ പട്ടേലിന് ഒരു ചാഞ്ചല്യവും ഇല്ലായിരുന്നു. ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്ന കാര്യത്തിൽ നിസാമിന്റെ നിലപാട് തടസം സൃഷ്ടിച്ചപ്പോൾ 1948 സെപ്തംബറിൽ 'ഓപ്പറേഷൻ പോളോ" എന്നറിയപ്പെടുന്ന 'പൊലീസ് ആക്‌ഷ"നിലൂടെ ലക്ഷ്യം നേടി. അതായിരുന്നു സർദാർ പട്ടേൽ എന്ന 'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ."
രാജാവും
ദാസനും
തിരുവിതാംകൂറിന്റെ ലയനവുമായി ബന്ധപ്പെട്ട, അല്പം കൗതുകകരമായ ഒരു കാര്യം സാന്ദർഭികമായി ചൂണ്ടിക്കാണിക്കട്ടെ. ഇന്ത്യൻ യൂണിയനിൽ നിന്നു വേറിട്ട് ഒരു സ്വതന്ത്ര രാഷ്ട്രമായി നിലനിൽക്കാനുള്ള അന്നത്തെ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ മോഹം കുപ്രസിദ്ധമാണല്ലോ. അതുകൊണ്ടുതന്നെ ലയന ചർച്ചകൾ തുടക്കത്തിൽ ഫലപ്രദമായില്ല. ചർച്ചകളിൽ തന്ത്രങ്ങളും കുതന്ത്രങ്ങളുമെല്ലാം കടന്നുവന്നു. ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനെതിരായ തിരുവിതാംകൂറിന്റെ ഒരു വാദഗതി ഇങ്ങനെ പോയി- തിരുവിതാംകൂർ രാജാവ് ശ്രീപത്മനാഭ ദാസനാണെന്നും, അതുകൊണ്ട് രാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനുള്ള തീരുമാനമെടുക്കാൻ ദാസൻ മാത്രമായ രാജാവിന് അധികാരമില്ലെന്നും! അതിനും സർദാർ പട്ടേലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന് മറുപടിയുണ്ടായിരുന്നു: 'വിദേശികളായ ബ്രിട്ടീഷ് സാമ്രാജ്യത്തോട് തിരുവിതാംകൂർ വിധേയത്വം പുലർത്തുന്നതിൽ ശ്രീപത്മനാഭന് എതിർപ്പില്ലായിരുന്നെങ്കിൽ, സ്വതന്ത്ര ഭാരതത്തിന്റെ ഭാഗമാകുന്നത് ശ്രീപത്മനാഭനെ സന്തോഷിപ്പിക്കുകയേയുള്ളൂ."
നമ്മുടെ ദേശീയ സ്വാതന്ത്ര്യ സമരം മഹത്തുക്കളായ എത്രയോ വ്യക്തികളെ നാടിന് സംഭാവന ചെയ്തിട്ടുണ്ടെന്ന് നമുക്കറിയാം. സ്വാതന്ത്ര്യം എന്ന സ്വപ്നസാക്ഷാത്കാരത്തിനു ശേഷം രാജ്യം എങ്ങനെ മുന്നോട്ടു പോകണം എന്ന് നിശ്ചയിക്കുന്നതിൽ ഭരണസംവിധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ദീർഘവീക്ഷണത്തോടും പ്രായോഗിക ബുദ്ധിയോടും കൂടി ദർശനം ചെയ്യുവാനും ചിന്തിക്കുവാനും കഴിഞ്ഞു എന്നതാണ് സർദാർ വല്ലഭായ് പട്ടേലിന്റെ മഹത്വം. രണ്ടാം ലോകയുദ്ധം അതിന്റെ അന്ത്യഘട്ടത്തോടടുക്കുമ്പോൾത്തന്നെ ഭാരതത്തിന്റെ സ്വാതന്ത്ര്യം അകലെയല്ല എന്ന് വ്യക്തമായിരുന്നു.
വലിയ ത്യാഗങ്ങളിലൂടെ സ്വാതന്ത്ര്യം നേടി, ദേശീയ താത്‌പര‌്യങ്ങൾ മുൻനിറുത്തി ഉദാത്തമായ കുറെ പ്രഖ്യാപനങ്ങൾ നടത്തിയതുകൊണ്ടുമാത്രം ഒരു പ്രശ്നവും പരിഹരിക്കപ്പെടില്ലെന്നും, അതിന് കാര്യക്ഷമതയുള്ള ഒരു സിവിൽ സർവീസിനെ സൃഷ്ടിച്ചേ മതിയാകൂ എന്നുമുള്ള ബോദ്ധ്യം സർദാർ പട്ടേലിനുണ്ടായിരുന്നു. എന്നു മാത്രമല്ല, ഇന്ത്യയിലെ സാഹചര്യത്തിൽ, സിവിൽ സർവീസ് രൂപീകരണത്തിൽ, ഒരു അഖിലേന്ത്യാ സ്വഭാവം നൽകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം മനസിലാക്കി. അക്കാലത്ത് ഇന്ത്യയിൽ പല പ്രദേശങ്ങളിലും ജാതി, മതം, ഭാഷ തുടങ്ങി വ്യത്യസ്ത കാരണങ്ങളുടെ പേരിൽ അതിവൈകാരിക സാഹചര്യങ്ങൾ ഉടലെടുക്കുന്നതും അത് രാജ്യത്തിന്റെ ഐക്യത്തെ ദുർബലപ്പെടുത്തുന്നതുമായ അവസ്ഥയെ ചെറുക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. അതുകൊണ്ടാണ് ഐ.എ.എസ്, ഐ.പി.എസ് എന്നീ ആൾ ഇന്ത്യാ സർവീസുകളുടെ രൂപീകരണത്തിന് സർദാർ പട്ടേൽ മുൻകൈയെടുത്തത്.
ഇന്ത്യൻ സിവിൽ
സർവീസ്
നിയമനത്തിനും, പരിശീലനത്തിനും മറ്റും കേന്ദ്ര സർക്കാരിന് വലിയ പങ്ക് വഹിക്കാൻ കഴിയുന്ന ഒരു ഭരണ സംവിധാനത്തിന് രാജ്യത്തിന്റെ പല ഭാഗത്തും ഉടലെടുക്കുന്ന വിഘടന ശക്തികളെ ദുർബലപ്പെടുത്താൻ കഴിയും എന്നായിരുന്നു പ്രായോഗിക ബുദ്ധിയായ സർദാർ പട്ടേലിന്റെ ദർശനം. സ്വാതന്ത്ര്യത്തിനു മുമ്പ്, 1946-ൽ നിലവിൽ വന്ന ഇടക്കാല ഗവൺമെന്റിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുമ്പോൾത്തന്നെ ആൾ ഇന്ത്യാ സർവീസ് എന്ന ആശയം അന്നത്തെ പ്രോവിൻഷ്യൽ സർക്കാരുകളെക്കൊണ്ട്, അവരുടെ എതിർപ്പുകളെ മറികടന്ന് അംഗീകരിപ്പിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ഭരണഘടനാ നിർമ്മാണ സഭയിലും ആൾ ഇന്ത്യാ സർവീസിനു വേണ്ടി ശക്തമായി വാദിച്ചത് സർദാർ പട്ടേൽ ആയിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്തു തന്നെ ഉദ്യോഗസ്ഥ ധാർഷ്ട്യത്തിന്റെ ദുരനുഭവങ്ങൾ നേരിട്ടിട്ടുള്ള പല നേതാക്കളും ഇക്കാര്യത്തിൽ എതിർപക്ഷത്തായിരുന്നു. 1949 ഒക്ടോബർ 10-ന് സർദാർ പട്ടേൽ കോൺസ്റ്റിസ്റ്റുവന്റ് അസംബ്ളിയിൽ പറഞ്ഞു. 'You will not have a united India, if you do not have a good All - India Service which has the independence to speak out its mind." സ്വതന്ത്രമായി ആശയങ്ങൾ പ്രകടിപ്പിക്കുവാൻ കഴിവുള്ള ശ്രേഷ്ഠമായ ഒരു ആൾ ഇന്ത്യാ സർവീസ് ഇല്ലെങ്കിൽ ഐക്യത്തോടെയുള്ള രാജ്യംതന്നെ ഇല്ലാതാകും എന്നു വാദിച്ചത് ദീർഘവീക്ഷണമുള്ള ഒരു ഭരണാധികാരിയുടെ നിശ്ചയദാർഢ്യമാണ് പ്രകടമാക്കുന്നത്.
ജനാധിപത്യ ഭരണത്തിൽ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഇന്നും പ്രസക്തമാണ്. അദ്ദേഹം പറഞ്ഞത്, 'Today my Secretary can write against my views." എന്നു മാത്രമല്ല തന്റെ അനിഷ്ടം ഭയന്ന് സത്യസന്ധമായ അഭിപ്രായം രേഖപ്പെടുത്താൻ കഴിവില്ലാത്ത ഉദ്യോഗസ്ഥരെയല്ല തനിക്കാവശ്യം എന്നാണ്. 1950-ൽ, സ്വാതന്ത്ര്യം കിട്ടി മൂന്നു വർഷത്തിനുശേഷം, സർദാർ പട്ടേൽ ഈ ലോകത്തോട് വിടപറഞ്ഞു. സ്വതന്ത്ര ഭാരതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ എത്ര മഹത്തായ സംഭാവനകളാണ് ആ കർമ്മയോഗി നൽകിയത്! തന്റെ രാജ്യത്തെ മറ്റെല്ലാറ്റിനും ഉപരിയായി സ്നേഹിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ ഓർമ്മ, കാലഘട്ടത്തിന്റെ പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാൻ ഓരോ പൗരനും പ്രചോദനമാണ്.
ഏകതാ പ്രതിമ
(സ്റ്റാച്യു ഒഫ് യൂണിറ്റി)
ഗുജറാത്തിലെ കേവാഡിയ പട്ടണത്തിനടുത്ത്, നർമദയുടെ തീരത്താണ് ഏകതാ പ്രതിമ. സർദാർ വല്ലഭായ് പട്ടേലിന്റെ, 787 അടി ഉയരമുള്ള ഈ പ്രതിമയാണ് ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ (പ്രതിമ ഉറപ്പിച്ചിരിക്കുന്ന 190 അടി ഉയരമുള്ള ബേസ് ഉൾപ്പെടെ)
സർദാർ സരോവർ അണക്കെട്ടിന് അഭിമുഖമായി നർമദാ നദിയിലെ ചെറു ദ്വീപായ സാധു ബെറ്റിൽ നിലകൊള്ളുന്നു
2013 ഒക്ടോബർ 31-ന്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നിർമ്മാണം തുടങ്ങി. മോദി പദ്ധതി പ്രഖ്യാപിച്ചത് 2010-ൽ.
ശില്പി റാം വി. സുതർ രൂപകല്പന ചെയ്തു. നിർമ്മാണം ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ് ടി)
ആകെ ചെലവ് 2989 കോടി രൂപ
നിർമ്മാണത്തിന് ഉപയോഗിച്ചത് ആകെ 25,000 മെട്രിക് ടൺ സ്റ്റീലും 90,000 ക്യൂബിക് മീറ്റർ കോൺക്രീറ്റും 1,700 ടണ്ണിലേറെ വെങ്കലവും.
2018 ഒക്ടോബർ 31- ന് പട്ടേലിന്റെ 143 -ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു
പ്രതിമയുടെ ഉൾവശത്ത് 153 മീറ്റർ ഉയരത്തിൽ, സന്ദർശകർക്കായി വ്യൂവിംഗ് ഗാലറി ഒരുക്കിയിട്ടുണ്ട്.
പ്രതിമയുടെ താഴ്ഭാഗത്ത് മ്യൂസിയം. സർദാർ പട്ടേലിന്റെ ജീവിതവും സംഭാവനകളും അടുത്തറിയാം.
വൈകുന്നേരങ്ങളിൽ ലേസർ ഷോ. ഇതുവരെ 2.5 കോടിയിലേറെ സന്ദർശകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |