
' ഇന്ദു", പൊട്ടക്കുഴിപട്ടം, പട്ടം, തിരുവനന്തപുരം, ഈ മേൽവിലാസം ഒരു വീടിന്റെ പേര് മാത്രമായിരുന്നില്ല, സൗഹൃദങ്ങളുടെ ലോകത്തേക്ക് തുറന്നുവച്ച ഒരിക്കലും അടയ്ക്കാത്ത വാതിൽ കൂടിയായിരുന്നു. ഗൃഹനാഥൻ സി.ആർ രാജശേഖരൻ പിള്ള (സി.ആർ.ആർ) യാത്രയായിരിക്കുന്നു. ഇനി ഒരിക്കലും മടങ്ങിവരാത്ത യാത്ര. വയസ് 84 പിന്നിട്ടിരുന്നെങ്കിലും അദ്ദേഹം പിന്തുടർന്ന ജീവിതശൈലി വാർദ്ധക്യ സഹജമായ അവശതകളൊന്നും ഉണ്ടാക്കിയിരുന്നില്ല. വളരെ ആക്ടീവായിരുന്നു. ഒരുറക്കം കഴിഞ്ഞപ്പോൾ പിന്നെ ഉണർന്നില്ല.
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അമരക്കാരിൽ ഒരാൾ. എഫ്.എഫ്.എസ്.ഐ കേരളത്തിൽ സ്റ്റേറ്റ് ലെവൽ ഓഫീസ് തുറന്നപ്പോൾ ആദ്യ സെക്രട്ടറി ആയിരുന്നു സി.ആർ.ആർ. മൂന്നു ടേമിലായി ആറുവർഷം. നൂതന ആശയങ്ങളും ഉജ്ജ്വല സംഘാടന മികവും പ്രകടമാക്കി സി.ആർ.ആർ, ഫിലിം സൊസൈറ്റി മൂവ്‌മെന്റിനെ സജീവമാക്കി. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനുള്ള അസാമാന്യ വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. ഔദ്യോഗിക കാര്യങ്ങൾ ശരിയാക്കുന്നതിലും അദ്ദേഹത്തിന്റെ മികവ് എടുത്തു പറയേണ്ടതാണ്. ചലച്ചിത്രയുടെ എക്സിക്യുട്ടീവ് അംഗമായിരുന്നു. തലസ്ഥാനത്ത് അടുത്തിടെ ഫിലിം ഫെഡറേഷൻ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണൻ സി.ആർ.ആറിനെ ഉപഹാരം നൽകി ആദരിച്ചിരുന്നു.
ഗോവയിൽ രാജ്യത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഐ.എഫ്.എഫ്.ഐ ) പങ്കെടുക്കുന്നതിനിടെയാണ് ഞാൻ സി.ആർ.ആറിനെ പരിചയപ്പെടുന്നത്. പ്രകൃതിയുടെ ഉപാസകൻ. പ്രകൃതി ചികിത്സയിൽ വിശ്വസിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. പൂർണ്ണമായും വെജിറ്റേറിയൻ. രാവിലെ മാർക്കറ്റിൽ പോയി പച്ചക്കറി വാങ്ങിവരും. അരിഞ്ഞ് സാലഡാക്കി 'ഗോവ ഗ്യാംഗിലെ" (ഗോവയിൽ ചലച്ചിത്രോത്സവം കാണാൻ തിരുവനന്തപുരത്തു നിന്നും പതിവായി ഒരു തീർത്ഥാടനം പോലെ പോകുന്ന സംഘത്തിലെ അംഗങ്ങൾ) എല്ലാവർക്കും നൽകും. 'കഴിക്ക് ആശാനെ... നല്ല ഗുണമുള്ളതാണ്." എന്നു ചിരിച്ചുകൊണ്ട് പറയും. കുട്ടനാട്ടുകാരനാണ്. ആശുപത്രിയിൽ പോയ ചരിത്രം ഇല്ല. അലോപ്പതി മരുന്ന് നമുക്ക് പറ്റില്ലെന്ന് കട്ടായം പറയും. കടുത്ത പനി വന്നപ്പോഴും ചിക്കൻ ഗുനിയ വന്നപ്പോഴും പ്രകൃതി ചികിത്സയിൽ അഭയം തേടി. കരിക്കിൻ വെള്ളം, പഴവർഗങ്ങൾ ഒക്കെയായി സധൈര്യം നേരിടും. അടുത്തകാലം വരെയും രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് ഓടുമായിരുന്നു. തിരികെ വന്ന് യോഗ ചെയ്തശേഷം പത്രപാരായണം. കേരള കൗമുദിയടക്കം അഞ്ചു പത്രങ്ങൾ പതിവായി വായിക്കും. ലോകകാര്യങ്ങളിലടക്കം നല്ല ധാരണയാണ്. തിരുവനന്തപുരത്തിന്റെ വികസനത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. തിരുവനന്തപുരം പേട്ട റെയിൽവെ സ്റ്റേഷനിൽ എല്ലാ ട്രെയിനുകളും നിറുത്തണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ അധികൃതരെ നിരന്തരം ബന്ധപ്പെട്ടിരുന്നു. പൊതു വിഷയങ്ങളിൽ കേരള കൗമുദിയിൽ കുറിപ്പുകളും എഴുതിയിട്ടുണ്ട്.
സിനിമയായിരുന്നു പൊതു ചർച്ച. ഗോവ ഗ്യാംഗ് മാസത്തിലൊരിക്കലെങ്കിലും പൊട്ടക്കുഴിയിലെ 'ഇന്ദു" വിൽ ഒത്തുചേർന്നിരുന്നു. ഘോരഘോരമായ ചർച്ചയിൽ ഒരു റഫറിയെപ്പോലെ ആതിഥേയന്റെ എല്ലാ മര്യാദകളോടും സി.ആർ.ആർ സജീവമാകും. വെജിറ്റേറിയനാണെങ്കിലും എല്ലാവർക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഭക്ഷണം ആ വീട്ടിൽ വിളമ്പുമായിരുന്നു. തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ നടക്കുമ്പോൾ ഗോവ ഗ്യാംഗിലെ അംഗങ്ങൾ തിരുവനന്തപുരത്ത് ഒരു ഹോട്ടൽ മുറി തന്നെ ഫെസ്റ്റിവൽ തീരുന്നതുവരെ എടുത്തിടുമായിരുന്നു. വിവിധ ജില്ലകളിൽ നിന്നെത്തുന്ന സഹൃദയരായ ചലച്ചിത്രാസ്വാദകർക്ക് അവിടെ വന്നു പോകാമായിരുന്നു.
പരിചയപ്പെട്ട് അധികം വൈകാതെ ഞങ്ങൾ ഉറ്റ സുഹൃ ത്തുക്കളായി മാറി. പിന്നെ എന്റെ ആരോഗ്യ കാര്യങ്ങളിലായി ശ്രദ്ധ. ഏത് വിഷയവും എത്ര നേരം വേണമെങ്കിലും സംസാരിച്ചിരിക്കുമായിരുന്നു. അത്ര അറിവുണ്ടായിരുന്നു. ഭാവഗായകൻ പി. ജയചന്ദ്രന്റെ വലിയ ആരാധകനായിരുന്നു. പാട്ടും, യാത്രകളും ഇഷ്ടവിഷയമാണ്. മറ്റുള്ളവരെ സഹായിക്കാൻ നൂറു മനസായിരുന്നു. പ്രത്യേകിച്ചും പാവപ്പെട്ടവരെ.
എൽ.ഐ.സിയിൽ ഉന്നത ഉദ്യോഗസ്ഥനായിട്ടാണ് സർവീസിൽ നിന്ന് വിരമിച്ചത്. ഭാര്യ റിട്ട. അദ്ധ്യാപിക പരേതയായ എം.കെ. ഇന്ദിരാഭായ്. മക്കൾ അനിലും സുനിലും. ഇരുവർക്കും വിദേശത്താണ് ജോലി. സഹായഭ്യർത്ഥനയുമായി മുന്നിൽ വരുന്നവരെയാരെയും നിരാശരാക്കിയില്ല. സ്വജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമാകണമെന്ന തത്വത്തിൽ എന്നും വിശ്വസിച്ചു. പ്രായം 84 എന്നു കേൾക്കുമ്പോൾ മരിക്കാനുള്ള പ്രായമായില്ലേ എന്നു ചോദിക്കുന്നവരുണ്ടാകാം. പക്ഷെ രാജശേഖരൻപിള്ളയുടെ വേർപാട് അപ്രതീക്ഷിതമാകുന്നത്, അദ്ദേഹം നിത്യജീവിതത്തിൽ പുലർത്തിയ ഊർജ്ജസ്വലത കൊണ്ടുകൂടിയായിരുന്നു. വീട്ടിലെ ടെറസിൽ കൃഷിയുണ്ടായിരുന്നു. വിളവ് അയൽപ്പക്കക്കാർക്കൊക്കെ വീതിച്ചു നൽകും. നാലു ദിവസം മുമ്പാണ് അവസാനമായി കണ്ടത്. മരിക്കുന്നതിനു രണ്ടു ദിവസം മുമ്പും ഫോണിൽ സംസാരിച്ചിരുന്നു. സ്നേഹസൗഹൃദങ്ങളുടെ ഒത്തു ചേരലുകൾ, പങ്കുവച്ച ചിരിയുടെ മുഴക്കങ്ങൾ സംസാരിച്ചിരുന്ന നിമിഷങ്ങൾ. എല്ലാം നിശ്ചലമാകുന്നു. സൗഹൃദത്തിന്റെ ഒരു തീർത്ഥയാത്ര അവസാനിച്ചിരിക്കുന്നു.
വിട പ്രിയപ്പെട്ട രാജശേഖരൻ പിള്ള ചേട്ടൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |