SignIn
Kerala Kaumudi Online
Wednesday, 12 November 2025 3.10 PM IST

ഡോ. പല്‌പുവിന്റെ 162-ാം ജന്മവാർഷികം ഇന്ന്, പതറാതെ പൊരുതിയ പടനായകൻ

Increase Font Size Decrease Font Size Print Page
palpu

സവർണരും അവർണരും തമ്മിലുള്ള വൈരുദ്ധ്യത്തിന്റെ പശ്ചാത്തലത്തിലാണ് ഡോ. പല്‌പു, സ്വന്തം ജീവിതത്തിനുമേൽ അടിച്ചേല്പിക്കപ്പെട്ട അന്ധകാരത്തോട് പൊരുതി ജയിച്ചത്. അതോടൊപ്പം സവർണ മേധാവിത്വത്തിന്റെ ജാതി മർദ്ദനങ്ങളും വിവേചനങ്ങളും അനുഭവിച്ചുപോന്ന ബഹുഭൂരിപക്ഷം വരുന്ന അവർണരുടെ മോചനത്തിനായും അദ്ദേഹം യത്നിച്ചു. അതിനായി ഒരു പ്രക്ഷോഭകാരിയുടെ മനഃസ്ഥൈര്യമാണ് ചെറുപ്പം മുതലേ പല്പു പ്രകടിപ്പിച്ചത്. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ ബീജാവാപം ചെയ്യപ്പെട്ടതും പിൽക്കാലത്തെ പ്രക്ഷോഭങ്ങൾക്ക് കരുത്തു നൽകിയതുമായ ഈ പ്രവണതയാണ് ഡോ. പല്‌പുവിനെ മറ്റ് സാമൂഹ്യ പരിഷ്കർത്താക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

നിശ്ചയദാർഢ്യത്തിന്റെ പടത്തലവനായി, പോരാട്ടങ്ങൾക്ക് വീര്യം പകരാൻ തക്കതായ കുടുംബ പശ്ചാത്തലവും അദ്ദേഹത്തിനുണ്ടായിരുന്നു. ജാതിയിൽ താണവനെന്ന കാരണത്താൽ, അഭിഭാഷകനാകാൻ വേണ്ട പരിശീലനം നേടിയിട്ടും ആ ജോലി ലഭിക്കാൻ കഴിയാതെ വന്ന അച്ഛൻ. തിരുവിതാംകൂറിൽ ഉദ്യോഗത്തിനുവേണ്ട യോഗ്യത നേടിയിട്ടും അതുകിട്ടാതെ മദിരാശിയിൽ ഉയർന്ന ഉദ്യോഗം നോക്കിയ ജ്യേഷ്ഠൻ, ജ്യേഷ്ഠനെപ്പോലെ തന്നെ സ്വന്തം നാട്ടിൽ ജോലി കിട്ടാതെ മൈസൂരിൽ പോയി ഉയർന്ന ഉദ്യോഗത്തിലിരിക്കാൻ കഴിഞ്ഞ അനുജൻ, ഇത്തരമൊരു സാംക്രമികമായ സാമൂഹിക യുക്തിരാഹിത്യത്തിന്റെ ദുരവസ്ഥയാണ് ഡോ. പല്‌പുവും അനുഭവിച്ചത്.

വിവേചനങ്ങളോട്

സന്ധിയില്ലാതെ

സാമൂഹ്യബോധവും സാമർത്ഥ്യവും മികവുമുള്ള വിദ്യാർത്ഥിയായിരുന്നിട്ടും, പരീക്ഷകളിൽ സവർണ വിദ്യാർത്ഥികളെ പിന്തള്ളി ഉന്നതവിജയം കരസ്ഥമാക്കിയിട്ടും, മെഡിക്കൽ വിദ്യാഭ്യാസ പ്രവേശന പരീക്ഷയിൽ ഒന്നാം സ്ഥാനക്കാരനായിരുന്നിട്ടും ഈഴവ സമുദായത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ അദ്ദേഹത്തിന് തിരുവിതാംകൂറിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന് പ്രവേശനം നിഷേധിക്കപ്പെട്ടു. അത്യന്തം ഹീനവും നിന്ദ്യവുമായ ഈ ജാതിഭ്രാന്തിന്റെ തീച്ചൂളയിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ അദ്ദേഹം മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്നാണ് ഉന്നതപഠനം പൂർത്തിയാക്കിയത്.

ജാതീയമായും, സാമൂഹികമായും സാമ്പത്തികമായും വളരെയേറെ ക്ളേശങ്ങളും പ്രതിസന്ധികളുണ്ടായിട്ടും അദ്ദേഹം തളർന്നില്ല. എല്ലാ തടസങ്ങളെയും അതിജീവിച്ച അദ്ദേഹം മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് എൽ.എം.എസ് (Licentiate in Medicine and Surgery) പാസായി, ഡോക്ടറായി തിരുവിതാംകൂറിൽ മടങ്ങിയെത്തി. എന്നിട്ടും അയിത്ത ജാതിക്കാരനായി ജനിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് തിരുവിതാംകൂർ മെഡിക്കൽ സർവീസിൽ ഉദ്യോഗം ലഭിച്ചില്ല. തുടർന്നാണ് അദ്ദേഹം മൈസൂറിലേക്കു പോയത്. അവിടെ ഗവൺമെന്റ് മെഡിക്കൽ സർവീസിൽ അദ്ദേഹം ഉദ്യോഗത്തിൽ പ്രവേശിക്കുകയും ചെയ്തു.

ബാംഗ്ളൂരിലെ

കരുണാമയൻ

1898-ൽ പ്ളേഗ് രോഗം ബാധിച്ച് ശ്‌മശാനതുല്യമായിത്തീർന്ന ബാംഗ്ളൂർ നഗരത്തിൽ ശവങ്ങളുടെയും മരണാസന്നരുടെയും ഇടയിൽ ദൈവത്തിന്റെ ദാസനായും ശ്രീനാരായണ ഗുരുവിന്റെ ദൂതനായും നിന്നുകൊണ്ട് ആത്മശാന്തിയുടെ സങ്കീർത്തനങ്ങൾ തീർത്ത ഡോ. പല്‌പുവിന്റെ സേവനമഹത്വം അനുകരണീയമാണ്. അതുപോലെ തന്നെ ബാംഗ്ളൂർ പട്ടണത്തിലെ തെരുവോരങ്ങളിൽ ഭക്ഷണവും വസ്‌ത്രവുമില്ലാതെ തളർന്നും വിറങ്ങലിച്ചും കിടന്നിരുന്ന യാചകരെ രാത്രികാലങ്ങളിൽ അവരറിയാതെ മേൽത്തരം പുതപ്പുകൊണ്ട് പുതപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ കാരുണ്യസ്പർശം യാദൃച്ഛികമല്ല. കാരണം, താൻ ചവിട്ടിക്കയറിയ പടവുകളിലേക്ക് തിരിഞ്ഞുനോക്കാൻ അദ്ദേഹം സദാ സന്നദ്ധനായിരുന്നു.

ദൗർബല്യം പാപമാണെന്നും മരണതുല്യമാണെന്നും അതിനാൽ എല്ലാ തരത്തിലുമുള്ള ദൗർബല്യങ്ങളിൽ നിന്നും മോചനം നേടി നിർഭയത്വവും ശക്തിയും സംഭരിക്കണമെന്നും ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദനെ പരിചയപ്പെടാനും പരിചരിക്കാനും കഴിഞ്ഞതായിരുന്നു ഡോ. പല്‌പുവിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവ്. ആ മഹാമനീഷിയുടെ ഉപദേശങ്ങൾ ശ്രവിച്ച് ഊർജ്ജസ്വലനായി തന്നെ സമീപിച്ച ഡോ. പല്‌പുവിന്റെ പുരോഗമനാശയങ്ങളെയും വിമോചന ചിന്തകളെയും സാമൂഹിക വീക്ഷണത്തെയും കർമ്മമാർഗത്തെയും ഏകോപിപ്പിച്ചത് ശ്രീനാരായണ ഗുരുവായിരുന്നു. ഒപ്പമുണ്ടായിരുന്ന, ചിന്നസ്വാമിയെന്ന് പരക്കെ അറിയപ്പെട്ടിരുന്ന കുമാരനാശാനെയും ഡോ. പല്‌പുവിനെയും ഒന്നിപ്പിച്ചുകൊണ്ടാണ് പിന്നീട് ഗുരുദേവൻ സാമൂഹ്യ നവോത്ഥാനത്തിന്റെ വീഥിക്ക് വീതി കൂട്ടിയത്.

സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമായി പരിലസിക്കുന്ന അരുവിപ്പുറത്തെ ദാർശനിക മണ്ണിൽ നിന്ന് ഉദയംകൊണ്ട ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തിന്റെ സംസ്ഥാപനത്തിനും വളർച്ചയ്ക്കും ദൗത്യനിർവഹണത്തിനും ആളും അർത്ഥവുമായി നിലകൊണ്ടതും ഡോ. പല്‌പുവായിരുന്നു. ആ ചുവടുകൾ എക്കാലവും ഉറച്ചതായിരുന്നു. ചരിത്രത്തിൽ ഉറച്ചുനിൽക്കുന്ന ആ കാല്‌പാടുകൾ ഒരു കാലത്തും മാഞ്ഞുപോകുന്നതോ മറച്ചുവയ്ക്കാൻ കഴിയുന്നതോ അല്ല. പക്ഷേ ആ പാദമുദ്രകൾ കാണണമെങ്കിൽ സത്യസന്ധമായി മനസും കണ്ണും തുറന്നുവയ്ക്കണം. മനസിൽ തട്ടാതെ കണ്ണുമാത്രം തുറന്നിരിക്കുന്ന ഒരു സമൂഹത്തിൽ ആ കാല്‌പാടുകൾ വേണ്ടവിധം ദൃശ്യമായിത്തീരണമെന്നില്ല.

പിന്തുടരേണ്ട

പാദമുദ്ര

ധാർമ്മിക മൂല്യങ്ങളിൽ യാതൊരു വിട്ടുവീഴ്‌ചയും അനുവദിക്കാത്ത ഡോ. പല്‌പുവിന്റെ പ്രകൃതം എക്കാലവും സാമൂഹ്യസേവനത്തിനിറങ്ങുന്നവർക്ക് ഒരു മഹാമാതൃകയാണ്. അവസരസമത്വമുള്ളൊരു ആധുനിക സമൂഹത്തെ ഹൃദയാകാശത്തിൽ പതിപ്പിച്ചുകൊണ്ടാണ് അദ്ദേഹം എന്നും സാമൂഹ്യരംഗത്ത് നിലകൊണ്ടത്. എന്നാൽ സാമൂഹ്യപരിഷ്‌കർത്താക്കളെയും നവോത്ഥാന നായകരെയും അനുസ്‌മരിക്കുന്ന കാര്യത്തിൽ ഒട്ടും പിശുക്കു കാണിക്കാത്ത കേരളത്തിൽ ഡോ. പല്‌പുവിന്റെ സ്‌മരണയും സംഭാവനയും മാത്രം മങ്ങിപ്പോകുന്നത് ഒരു പ്രകാരത്തിലും നീതികരിക്കാവുന്നതല്ല.

അതേസമയം, എത്രതന്നെ തമസ്‌കരിക്കാൻ നോക്കിയാലും ആദർശശുദ്ധിയും കർമ്മശുദ്ധിയുമുള്ള ഡോ. പല്‌പു എന്ന മനുഷ്യസ്‌നേഹി ഇന്നും സമൂഹമനസിൽ ശോഭിതമായി നിലകൊള്ളുന്നതിന്റെ കാരണം വ്യക്തമാണ്. ഗുരുദേവ ദർശനത്തിന്റെ സാമൂഹികതലത്തെ ഇത്രമാത്രം ഉൾക്കൊള്ളുകയും ഇത്രകണ്ട് വ്യാപരിപ്പിക്കുകയും ഇത്രയും പരിവർത്തനപ്പെടുത്തുകയും ചെയ്തവരിൽ അദ്വിതീയനായിരുന്നു അദ്ദേഹം. ചരിത്രത്തിന്റെ താളുകളിൽ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ പ്രമുഖ സ്ഥാനം വഹിച്ചവരിൽ ഒരാളെന്ന നിലയിലും അദ്ദേഹത്തിന്റെ മഹാവ്യക്തിത്വം പ്രകീർത്തിക്കപ്പെടുന്നു.

(ഡോ. പല്‌പു ഗ്ളോബൽ മിഷൻ ചെയർമാനാണ് ലേഖകൻ)

TAGS: PALPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.