
ശിശുക്കളെ ലൈംഗിക ചൂഷണത്തിൽ നിന്ന് സംരക്ഷിക്കാൻ 2012-ൽ കൊണ്ടുവന്ന പോക്സോ നിയമം ((പ്രൊട്ടക്ഷൻ ഒഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്) ഒരു മഹത്തായ നിയമനിർമ്മാണമാണ്. 18 വയസിനു താഴെയുള്ള കുട്ടികൾക്ക് അതു നൽകുന്ന സംരക്ഷണം വിലമതിക്കാനാവാത്തതാണ്. എന്നാൽ, അടുത്ത കാലത്തായി സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ചില സുപ്രധാന നിരീക്ഷണങ്ങൾ; പ്രത്യേകിച്ച്, സമ്മതത്തോടെയുള്ള കൗമാരബന്ധങ്ങളിൽ ഈ നിയമം പ്രയോഗിക്കുന്നതിനെക്കുറിച്ച് ഒരു പുനർവിചിന്തനം ആവശ്യപ്പെടുന്നുണ്ട്.
യഥാർത്ഥ ലൈംഗിക അതിക്രമങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ രൂപകല്പന ചെയ്ത ഈ നിയമം ചിലപ്പോഴെങ്കിലും
കൗമാരത്തിലെ നിഷ്കളങ്ക പ്രണയങ്ങളെ ക്രിമിനൽ കുറ്റമാക്കുന്നുണ്ടോ എന്ന ചോദ്യമാണ് നീതിന്യായ വ്യവസ്ഥ ഉയർത്തുന്നത്. ഈ വൈരുദ്ധ്യം പരിഹരിക്കാൻ നിയമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. പോക്സോ നിയമത്തിലെ പ്രധാന പ്രശ്നം, ലൈംഗിക ബന്ധത്തിന് സമ്മതം നൽകാനുള്ള പ്രായപരിധി യാതൊരു ഇളവുകളുമില്ലാതെ 18 വയസായി നിശ്ചയിച്ചിരിക്കുന്നു എന്നതാണ്. നിയമപരമായ ഈ കാർക്കശ്യം കാരണം, 17 വയസുള്ള ഒരു കൗമാരക്കാരൻ സമ്മതത്തോടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽപ്പോലും നിയമത്തിന്റെ കണ്ണിൽ അതൊരു കുറ്റകൃത്യമാണ്. ഇത്, പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്ത കൗമാരക്കാർ (ഉദാഹരണത്തിന്, 17 വയസുള്ള പെൺകുട്ടിയും 18 വയസുള്ള ആൺകുട്ടിയും) തമ്മിലുള്ള ബന്ധങ്ങളെപ്പോലും ലൈംഗിമായ വേട്ടയാടലായി (predatory abuse) കണക്കാക്കാൻ കാരണമാകുന്നു.
നിയമം ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് സുപ്രീം കോടതി പലതവണ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും ആർ. മഹാദേവനും ചില ജാമ്യാപേക്ഷകൾ പരിഗണിക്കുന്നതിനിടെ, സമ്മതത്തോടെയുള്ള കൗമാര ബന്ധങ്ങളിൽ ഈ നിയമം ഉപയോഗിച്ച് 'പ്രതികാരം" തീർക്കുന്ന നിരവധി സംഭവങ്ങൾ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളിൽ നിയമനടപടികൾ ആരംഭിക്കുന്നത് ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാക്കുന്ന ഗുരുതര പ്രത്യാഘാതങ്ങൾ ജസ്റ്റിസ് നാഗരത്ന പ്രത്യേകം എടുത്തുപറഞ്ഞു.
നിയമത്തിന്റെ കർശനതയും സങ്കീർണമായ സാമൂഹിക യാഥാർത്ഥ്യങ്ങളും ഏറ്റുമുട്ടുമ്പോൾ കോടതിക്കു പോലും ബുദ്ധിമുട്ടുണ്ടാകുന്നു. ഈ സാഹചര്യങ്ങളിൽ, ശിക്ഷയുടെ കാഠിന്യം കുറയ്ക്കുന്നതിന് സുപ്രീം കോടതിക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം (സമ്പൂർണ നീതി ഉറപ്പാക്കാനുള്ള അധികാരം) ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്.
പരിഹാര
ചർച്ചകൾ
നിയമത്തെ എങ്ങനെ സന്തുലിതമാക്കാം എന്നതിനെക്കുറിച്ച് നിലവിൽ രണ്ട് പ്രധാന നിർദ്ദേശങ്ങളാണ് മുന്നിലുള്ളത്. ഒന്ന്: സമ്മതത്തിനുള്ള പ്രായം കുറയ്ക്കുക. കൗമാരക്കാരെ സംരക്ഷിക്കുന്നതിനൊപ്പം, നിയമപരമായ ദുരുപയോഗം തടയാൻ വേണ്ടി സമ്മതത്തിനുള്ള പ്രായം 16 വയസായി കുറയ്ക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നു.
ജുഡിഷ്യൽ വിവേചനാധികാരമാണ് രണ്ടാമത്തെ പരിഹാര നിർദ്ദേശം. നിയമ കമ്മിഷൻ, 2023-ലെ റിപ്പോർട്ടിൽ പ്രായപരിധി 18-ൽ നിലനിറുത്താൻ ശുപാർശ ചെയ്തെങ്കിലും 16-നും 18-നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾ തമ്മിലുള്ള consensual ബന്ധങ്ങളിൽ ശിക്ഷ വിധിക്കുമ്പോൾ 'മാർഗനിർദ്ദേശമുള്ള വിവേചനാധികാരം" (guided judicial discretion) കോടതിക്ക് നൽകണം എന്ന് നിർദ്ദേശിച്ചു. ഇത് യഥാർത്ഥ ലൈംഗിക കുറ്റവാളികളെയും, കൗമാരക്കാരായ പങ്കാളികളെയും വേർതിരിച്ചറിയാൻ സഹായിക്കും. എന്നാൽ നിയമം ലഘൂകരിക്കുന്നത് കുട്ടികൾക്കു കിട്ടേണ്ട സംരക്ഷണം കുറയ്ക്കുമെന്ന നിലപാടിൽ കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുന്നു.
പദങ്ങളും
വ്യക്തതയും
പ്രായപരിധിക്കു പുറമെ, ഓൺലൈൻ ചൂഷണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലും കോടതി ഇടപെട്ടു. ഹരീഷ് Vs ഇൻസ്പെക്ടർ ഒഫ് പോലീസ് ആൻഡ് അനദർ (2024 സെപ്റ്റംബർ) എന്ന കേസിൽ, 'ശിശു അശ്ലീലത" (child pornography) കാണുന്നതും കൈവശംവയ്ക്കുന്നതും കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. അതിലുപരിയായി, child pornography എന്ന പദത്തിനു പകരം 'ശിശു ലൈംഗിക ചൂഷണവും ദുരുപയോഗ വസ്തുക്കളും" (Child Sexual Exploitation and Abuse Material- CSEAM) എന്ന പദം ഉപയോഗിക്കാൻ നിയമത്തിൽ മാറ്റം വരുത്തണമെന്നും പാർലമെന്റിനോട് ശുപാർശ ചെയ്തു.
സുപ്രീം കോടതിയുടെ ഈ ഇടപെടലുകൾ നിയമം മാറേണ്ടതിന്റെ അനിവാര്യതയാണ് കാണിക്കുന്നത്. 17 വയസുള്ള കുട്ടിയുടെ സമ്മതത്തെ അസാധുവാക്കുമ്പോൾ, സംരക്ഷണം നൽകാൻ ഉദ്ദേശിച്ച നിയമം ചൂഷണമില്ലാത്ത ബന്ധങ്ങളിൽ പങ്കാളിയായ കൗമാരക്കാരനെ ക്രിമിനലാക്കി മാറ്റുന്നു. ഇത് പലപ്പോഴും യുവജീവിതം നശിക്കാൻ കാരണമാകുന്നു.
പോക്സോ നിയമം ദുർബലമാകാതിരിക്കാൻ, പാർലമെന്റ് അടിയന്തരമായി ഇടപെടണം. യഥാർത്ഥ വേട്ടക്കാരനെതിരെ ശക്തമായി പ്രതികരിക്കാനും, അതേസമയം പ്രണയിക്കുന്നവരെ വെറുതെ വിടാനും കഴിയുന്ന തരത്തിൽ നിയമത്തിന് വിവേകം നൽകണം.
ഇതിനായി, നിയമ കമ്മിഷൻ നിർദ്ദേശിച്ചതുപോലെ, ചൂഷണമില്ലാത്ത, പ്രായത്തിൽ വലിയ വ്യത്യാസമില്ലാത്ത ബന്ധങ്ങളിൽ ജുഡിഷ്യൽ വിവേചനാധികാരം നൽകുന്ന ഭേദഗതികൾ കൊണ്ടുവരണം. അപ്പോൾ മാത്രമേ പോക്സോ നിയമത്തിന് അതിന്റെ യഥാർത്ഥ ലക്ഷ്യമായ 'കുട്ടിയുടെ ഏറ്റവും നല്ല താത്പര്യം" പൂർണമായി സംരക്ഷിക്കാൻ കഴിയൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |