SignIn
Kerala Kaumudi Online
Saturday, 08 November 2025 8.53 AM IST

ഡ്രൈവിംഗ് കുട്ടിക്കളിയല്ല

Increase Font Size Decrease Font Size Print Page
eqw

സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണവും റോഡുകളുടെ നിലവാരവും മെച്ചപ്പെട്ടതോടെ അപകടങ്ങളും വർദ്ധിക്കുകയാണ്. തിരക്കുപിടിച്ച ജീവിതത്തിൽ സുരക്ഷയ്ക്കായുള്ള പല നിർദ്ദേശങ്ങളും മറന്ന് മിനിട്ടുകൾ ലാഭിക്കാൻ, സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്തേണ്ടി വരുന്നു. ഒരോ വർഷവും 1.35 ദശലക്ഷം ട്രാഫിക്ക് മരണങ്ങളാണ് ആഗോളതലത്തിൽ സംഭവിക്കുന്നതെന്നാണ് ലോകരോഗ്യ സംഘടന പറയുന്നത്. റോഡപകടങ്ങളിൽ രാജ്യത്ത് ഒരുദിവസം ഏകദേശം 426 പേരാണ് മരിക്കുന്നതെന്നും 100 റോഡപകടങ്ങൾ നടക്കുമ്പോൾ അതിൽ 44 എണ്ണവും ഇരുചക്ര വാഹന യാത്രക്കാർക്കാണ് സംഭവിക്കുന്നതെന്നുമാണ് നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഈ വർഷം ആഗസ്ത് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 32,658 റോഡപകടങ്ങൾ റിപ്പോർട്ട് ചെയ്തെന്ന് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 2,408 പേർ മരിക്കുകയും 37,021 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 48,834 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3,880 പേർ മരിക്കുകയും 54,796 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2023-ൽ 48,068 വാഹനാപകടങ്ങളിലായി 4,084 പേർ മരിക്കുകയും 54,286 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2022ൽ 43,910 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 4,317 പേർ മരിച്ചപ്പോൾ 49,307 പേർക്ക് പരിക്കേറ്റു.

റോഡപകടങ്ങളുടെ കണക്ക് പരിശോധിച്ചാൽ 18-35 വയസിനിടയിലുള്ളവരാണ് 85 ശതമാനവും മരണപ്പെടുന്നത്. ഇതിൽത്തന്നെ 70 ശതമാനവും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്ത് അപകടത്തിൽപ്പെടുന്നവരാണ്. കൂടുതലും ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. മേട്ടോർ വാഹന വകുപ്പിന്റെ കണക്ക് പ്രകാരം ആകെ 1.66 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് 1.08 കോടിയും ഇരുചക്ര വാഹനങ്ങളാണ്. എ.ഐ ക്യാമറകളുടെ വരവോടെ ഹെൽമെറ്റ് ധരിക്കുന്നരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതാണ് മരണസംഖ്യ കുറയ്ക്കാൻ പ്രധാന ഘടകമായത്. ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞാൽ ലോറികളും സ്വകാര്യ ബസുകളുമാണ് അപകടത്തിൽപ്പെടുന്നവയിൽ കൂടുതലും. അമിത വേഗം, മദ്യപിച്ച് വണ്ടിയോടിക്കുക, തെറ്റായ ദിശയിൽ ഡ്രൈവ് ചെയ്യുക, ഡ്രൈവർമാരുടെ അശ്രദ്ധ, റോഡിന്റെ ശോചനീയാവസ്ഥ, മൊബൈൽ ഫോണിൽ സംസാരിച്ച് വണ്ടി ഓടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ.

വേണം റോഡ്

സംസ്‌കാരം

ഉൾക്കൊള്ളാൻ സാധിക്കുന്നതിലധികം വാഹനങ്ങളാണ് ഇന്ന് നിരത്തിലിറങ്ങുന്നത്. ഇതിന് മുഖ്യകാരണം കൊവിഡ് മഹാമാരിയുടെ വരവോടെ ജനങ്ങൾ പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ വിമുഖത കാണിച്ചതാണ്. ഒരു വീട്ടിൽത്തന്നെ ഒന്നിലധികം വാഹനങ്ങളുള്ള സാഹചര്യമായി. വാഹനങ്ങളൊന്നാകെ നിരത്തിലിറങ്ങുമ്പോൾ അപകട സാദ്ധ്യതയും ക്രമേണ വർദ്ധിച്ചു. ബോധവത്ക്കരണത്തിലൂടെ മാത്രമേ റോഡിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും സംസ്‌കാരത്തെ സംബന്ധിച്ചും കൃത്യമായ അവബോധം വളർത്തിയെടുക്കാൻ സാധിക്കൂ. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ, സ്‌കൂൾ ബസ് ഡ്രൈവർമാർ, പ്രൈവറ്റ് ബസ് ഡ്രൈവർമാർ എന്നിവർക്ക് ബോധവത്ക്കരണ ക്ലാസുകൾ ബന്ധപ്പെട്ട അധികൃതർ കൃത്യമായി നൽകി വരുന്നുണ്ട്. ഈ അദ്ധ്യായന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി പെരിന്തൽമണ്ണ താലൂക്കിലെ എല്ലാ സ്‌കൂൾ ബസ് ഡ്രൈവർമാർക്കും ക്ലാസ് നൽകിയിരുന്നു.

ഒരു സ്‌കൂൾ ബസ് ഡ്രൈവർക്ക് പരിശീലനം നൽകുന്നത് 100 കുട്ടികൾക്ക് നൽകുന്നതിന് തുല്ല്യമാണ്. കുട്ടികളിൽ മികച്ച റോഡ് സംസ്‌കാരം വളർത്തിയെടുക്കാൻ കഴിയുന്നത് സ്‌കൂൾ ബസ് ഡ്രൈവർമാരിലൂടെയാണ്. അവരുടെ ഓരോ ഡ്രൈവിംങ് ശൈലികളും കുട്ടികളുടെ ഇളം മനസ്സിൽ ആഴത്തിൽ സ്പർശിക്കും. ഉദാഹരണത്തിന്, സീബ്രാ ലൈനിൽ ഡ്രൈവർ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനായി നിർത്തിക്കൊടുത്താൽ കുട്ടികൾക്കും അതേക്കുറിച്ച് മനസ്സിലാകും. അതുപോലെ, നിയമം പാലിക്കാതിരുന്നാൽ അതാണ് ശരിയെന്ന ധാരണ അവരിൽ രൂപപ്പെടും.

വാഹനം ഓടിക്കാനുള്ള ലൈസൻസ് ലഭിക്കുക എന്നതിനപ്പുറത്തേക്ക് റോഡ് നിയമങ്ങളെക്കുറിച്ചും റോഡിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ഭൂരിഭാഗം പേരും ബോധവാന്മാരല്ല. വാഹനം ഓടിക്കുന്നവർ മാത്രമല്ല, കാൽനട യാത്രക്കാരും പാലിക്കേണ്ട ചില മര്യാദകളുണ്ട്. ഉദാഹരണത്തിന്, റോഡിന്റെ ഏത് വശത്തിലൂടെയാണ് നാം നടക്കേണ്ടത് എന്നുപോലും പലർക്കും അറിയില്ല. തിരക്കേറിയ കവലകളിലും റെയിൽ ക്രോസിംഗുകളിലും ഇടുങ്ങിയ റോഡുകളിലും റോഡ് മര്യാദകൾ മറന്ന് വാഹനം ഓടിക്കുന്ന മോശം സംസ്‌കാരമാണ് പലർക്കും ഇ ടയിലുള്ളത്.

ഓരോ ജീവനും അമൂല്യം

രൂപമാറ്റം വരുത്തി വാഹനങ്ങൾ നിരത്തിലിറക്കുന്നതും നിത്യ സംഭവമാണ്. സൈലൻസർ അഴിച്ചുമാറ്റി ഘോര ശബ്ദമുള്ളവ ഘടിപ്പിക്കുക, ബൈക്കിലെ രണ്ട് മിററുകളും അഴിച്ച് മാറ്റുക, ടയറുകളും ഫ്യുവലുകളും മാറ്റുക തുടങ്ങിയവയെല്ലാം നിത്യകാഴ്ചയാണ്. ഇതെല്ലാം നിയമ ലംഘനങ്ങളും അപകടത്തിലേക്ക് നയിക്കാവുന്നവയുമാണ്. ഓരോ ജീവന്റെ തുടിപ്പും അമൂല്യമാണ്. ഒരു നേരത്തെ അശ്രദ്ധ കൊണ്ട് ഇല്ലാതാക്കരുത് ഒരു ജീവനും. കൃത്യമായ റോഡ് നിയമങ്ങൾ പാലിച്ച് ഒരുമിച്ച് മികച്ച റോഡ് സംസ്‌ക്കാരം നമുക്ക് വളർത്തിയെടുക്കാം.

TAGS: DRIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.