SignIn
Kerala Kaumudi Online
Tuesday, 11 November 2025 9.06 AM IST

ദേശീയപാതയോരത്തെ വിറപ്പിച്ച് കാട്ടാന

Increase Font Size Decrease Font Size Print Page
wild

എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത 544 എന്നും വാർത്തകളിൽ നിറഞ്ഞുനിൽക്കും. അടിപ്പാതകളുടെ പണിതീരാത്തതിനാലുളള വൻഗതാഗതക്കുരുക്കും ടോൾപ്ളാസകളിലെ സംഘർഷങ്ങളും കുതിരാൻ ടണലിന്റെ പ്രശ്നങ്ങളുമെല്ലാം ദേശീയപാതയിലെ യാത്രക്കാരെ വട്ടംകറക്കാറുണ്ട്. ഇപ്പോൾ പുതിയ പ്രശ്നം കുതിരാൻ ടണലിന് സമീപത്തെ കാട്ടാനശല്യമാണ്. നിലവിൽ യാത്രക്കാർക്കും വാഹനങ്ങൾക്കുമൊന്നും പ്രശ്നം സൃഷ്ടിച്ചിട്ടില്ലെങ്കിലും രണ്ടാഴ്ച മുമ്പ്, ടണലിന് തൊട്ടടുത്ത് ഇരുമ്പുപാലത്ത് വീടുകൾക്കരികെ കാട്ടാനയാക്രമണമുണ്ടായത് വലിയ ഭീതിയാണ് സൃഷ്ടിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം കാട്ടാനയെ തുരത്താൻ പോയ വനംവാച്ചർക്ക് ആനയുടെ ആക്രമണത്തിൽ കാലൊടിഞ്ഞു. ഐക്കരമേപ്പുറത്ത് ഫിലിപ്പിന്റെ കാലാണ് ഒടിഞ്ഞത്. കുതിരാൻ ക്ഷേത്രപരിസരത്തുനിന്ന് റോഡിലൂടെ വന്ന ആന ഇരുമ്പുപാലം കഴിഞ്ഞതിനുശേഷം ചാക്കോള തരിശ് എന്ന പ്രദേശത്തേക്കു കടന്നു. പുലർച്ചെ രണ്ടുവരെ ആന പ്രദേശത്ത് ഭീതി സൃഷ്ടിച്ച് ഓടിനടന്നു. പ്രദേശവാസികൾ ഫോൺ വിളിച്ച് മറ്റുള്ളവരോട് പുറത്തിറങ്ങരുത് എന്നറിയിക്കുകയായിരുന്നു. ഇതിനിടയിൽ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പടക്കംപൊട്ടിച്ച് ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിരണ്ട ആന തിരിഞ്ഞോടുകയായിരുന്നു. ഇതിനിടെ വാച്ചർ ഫിലിപ്പിനെ ആക്രമിച്ചു. ഈ സംഭവത്തിന് ഒരാഴ്ച മുൻപേ ഈ ആന പ്രദേശത്ത് തമ്പടിക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നു. ശബരിമലയിലേക്ക് പോകുന്ന അയ്യപ്പഭക്തർ കുതിരാൻ ശാസ്താക്ഷേത്രത്തിലേക്കുവരുന്നത് നാട്ടുകാർ തടഞ്ഞ് തിരിച്ചയയ്ക്കുകയാണ്.

ടണൽ ആനത്താര

ഇല്ലാതാക്കി?

മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാൻ ടണൽ തുറന്നതോടെ കുതിരാൻ ക്ഷേത്രത്തിനു മുൻപിലൂടെയുള്ള പഴയ ദേശീയപാത പൂർണമായും ഉപേക്ഷിക്കപ്പെട്ടിരുന്നു. മുൻകാലങ്ങളിലെ ഏറ്റവും പ്രധാന ആനത്താരയായിരുന്നു ഇത്. പീച്ചി വന്യജീവിസങ്കേതത്തിൽനിന്ന് ആനക്കൂട്ടം വാഴാനി വനമേഖലയിലേക്ക് കടന്നുപോയിരുന്നത് ഈ ആനത്താരയിലൂടെയായിരുന്നു. പീച്ചി വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ സൗരോർജ വൈദ്യുതിവേലികൾ സ്ഥാപിച്ച ശേഷം വാഴാനി വനമേഖലയിൽനിന്ന് തിരിച്ചെത്തുന്ന കാട്ടാനകൾ ഇവിടെ പ്രവേശിക്കാൻ ശ്രമിക്കുകയും ഷോക്കേറ്റ് ജനവാസ കേന്ദ്രത്തിലേക്ക് ഭീതിയിൽ ഓടിയെത്തുന്നതുമാണ് പ്രശ്‌നത്തിന് കാരണമെന്നാണ് ഒരു നിഗമനം. പ്രശ്‌നം പരിഹരിക്കാൻ ഒരു മാസത്തോളം വൈദ്യുതവേലി ഒഫ് ചെയ്ത് കാത്തിരുന്നെങ്കിലും ഭയന്ന് ആനകൾ വേലി മറികടക്കാൻ തയ്യാറായില്ലെന്നും പറയുന്നു. തുടർച്ചയായി കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്കേൽക്കുകയും വനംവകുപ്പിന്റെ ജീപ്പ് നശിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ റവന്യുമന്ത്രി കെ. രാജനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടക്കമുള്ള സംഘം കുതിരാനിൽ കാട്ടാന ആക്രമണം നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. കാട്ടാന ആക്രമണം രൂക്ഷമായ ശേഷമാണ് ആർ.ആർ.ടി യുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള ആലോചന വന്നത്. ആർ.ആർ.ടി യുടെ പ്രവർത്തനം ശക്തിപ്പെടുത്തുമ്പോൾ പൊങ്ങണംകാട്, പട്ടിക്കാട് മേഖലകളിൽ ഒഴികെ മറ്റു മേഖലകളിലേക്ക് എത്താൻ കഴിയില്ലെന്ന സാഹചര്യം വന്നപ്പോൾ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ആർ.ആർ.ടി ക്ക് പ്രത്യേകമായി ഒരു വാഹനം ഒരുക്കി. ഈ ഘട്ടത്തിൽ ഡി.എഫ്. ഒ യുടെയും പീച്ചി വൈൽഡ് ലൈഫ് വാർഡന്റെയും നേതൃത്വത്തിൽ ഏത് അപകടമുണ്ടായാലും അപ്പോൾത്തന്നെ ഒരു വോയ്സ് മെസേജിലൂടെ അത് അറിയിക്കാനും വനം വകുപ്പിന്റെ സേവനം ലഭ്യമാക്കുന്നതിനായി പ്രദേശത്തെ മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. പ്രദേശത്തിലൂടെയുള്ള രാത്രി യാത്രയ്ക്ക് നിയന്ത്രണമുണ്ടാകണമെന്നും അത്യാവശ്യ രാത്രിയാത്രകൾ വനം വകുപ്പിന്റെ അനുവാദത്തോടെയോ സഹായത്തോടെയോ നടത്തണമെന്നും നിർദ്ദേശിച്ചിരുന്നു.

ഒടുവിൽ കുങ്കിയാനകളും

ഒടുവിൽ, കുതിരാനിലെ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുകൊമ്പനെ തുരത്താൻ വയനാട്ടിൽ നിന്നും രണ്ട് കുങ്കിയാനകളെയും ഇരുമ്പുപാലത്ത് എത്തിച്ചു. വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് എത്തിച്ചത്. കാട്ടാന ജനവാസമേഖലയിൽ ഇറങ്ങുന്നതിനാൽ രണ്ടു മാസമായി ജനങ്ങൾ ഭീതിയിലാണ്. കൊമ്പൻ ഭീതി പരത്തിയ സാഹചര്യത്തിലാണ് കാട്ടാനയെ തുരത്താൻ കുങ്കിയാനയെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പീച്ചി ഡി.എഫ്.ഒ വനം വകുപ്പിന് കത്തെഴുതിയത്. ടണലിനോട് ചേർന്നുള്ള ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാന് മദപ്പാടുള്ളതിനാൽ മയക്കുവെടി വെയ്ക്കുന്നത് അടക്കമുള്ള നടപടികൾ അപകടകരമാണെന്നാണ് വിദഗ്ധർ പറയുന്നത്.

ആന നിലവിൽ ജനവാസ മേഖലയിൽ ഇല്ലെന്നാണ് വിവരം. ജനങ്ങളെ രാത്രിസമയങ്ങളിൽ ആന വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിക്കുകയും ആവശ്യമുള്ളവരെ വനംവകുപ്പ് തന്നെ കൊണ്ടുവിടുകയുമാണ് ചെയ്യുന്നത്. ആന മദപ്പാടിലായതിനാൽ കുങ്കിയാനകളെ ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള ദൗത്യം വിജയിക്കില്ല. ആനയെ ട്രാക്ക് ചെയ്യാനുള്ള ശ്രമം കുങ്കിയാനകളെ ഉപയോഗപ്പെടുത്തി നടക്കുന്നുണ്ട്. ഡ്രോൺ പരിശോധനകളും തുടരുന്നുമുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘവും സ്ഥലത്തുണ്ട്. പ്രദേശവാസികളുടെ നിരന്തരമായ പരാതിയിലാണ് ആനയെ തുരത്താനുള്ള ശ്രമം വനംവകുപ്പ് ഊർജിതമാക്കിയത്. ആനയെ നിരീക്ഷിച്ച് സ്ഥാനം മനസിലാക്കിയതിന് ശേഷമാകും മറ്റ് നടപടികളിലേക്ക് കടക്കുകയെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.

വനത്തിലൂടെ

ടണലുകൾ ഗുണകരമോ?

കുതിരാൻ ടണൽ വന്നതിന് ശേഷമാണ് കാട്ടാനശല്യം വർദ്ധിച്ചതെന്നും വനത്തിലൂടെ പാതകളും തുരങ്കങ്ങളും ഉണ്ടാക്കുന്നത് ഗുണകരമാണോ അല്ലയോ എന്ന് ആലോചിക്കേണ്ടതിലേക്കാണിത് ശ്രദ്ധ ക്ഷണിക്കുന്നതെന്നുമായിരുന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം. ഇതേക്കുറിച്ച് ഗൗരവത്തോടെ ആലോചിക്കണമെന്നും റോഡുകളുടെ ആവശ്യം വരുമ്പോൾ സമ്മർദ്ദം ചെലുത്തി തുരങ്കങ്ങൾ ഉണ്ടാക്കുകയും മുന്നറിയിപ്പുകൾ അവഗണിക്കുകയും ചെയ്യുന്നതാണ് അപകടങ്ങൾക്ക് കാരണമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മന്ത്രി നേരിട്ടെത്തിയാണ് ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ചത്.

TAGS: KUTHIRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.