
മന്നത്ത് പദ്മനാഭനെപ്പോലുള്ള മഹാരഥന്മാരിൽ തുടങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡിന് എത്രയോ അദ്ധ്യക്ഷന്മാർ വന്നുപോയി. അവരാരും തന്നെ കഴിഞ്ഞ ദിവസം നിയമിതനായ കെ. ജയകുമാറിനെപ്പോലെ ചർച്ച ചെയ്യപ്പെട്ടിരുന്നില്ല. പതിവിനു വിപരീതമായി, പക്ഷെ ജയകുമാറിന്റെ നിയമനം വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. ഒരു വിവാദത്തിനും വഴി കൊടുത്തിട്ടുള്ള വ്യക്തിയല്ല അദ്ദേഹം. അതുകൊണ്ടു തന്നെ ദേവസ്വം ബോർഡ് പ്രസിഡന്റായി അദ്ദേഹം നിയമിക്കപ്പെട്ടത് വിവാദ വിഷയമാവേണ്ടതില്ല.
നിയമന നീക്കം പുറത്തുവന്നപ്പോൾ മുതൽ ജയകുമാറിന്റെ നേട്ടങ്ങൾ പ്രകീർത്തിച്ച് മാദ്ധ്യമങ്ങൾ അദ്ദേഹത്തിന് 'ക്ലീൻ ചിറ്റ്" നൽകുകയാണ്, ഇടതു ജനാധിപത്യ മുന്നണി ഭരണത്തിന്റെ മിക്ക നടപടികളെയും പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന പ്രതിപക്ഷത്തെ ഐക്യ ജനാധിപത്യ മുന്നണി ജയകുമാറിന്റെ നിയമനത്തെ എതിർക്കുകയോ വിമർശിക്കുകയോ ചെയ്തില്ല. ദേവസ്വം കാര്യങ്ങളിൽ ഏറെ താത്പര്യം കാട്ടുന്ന ഭാരതീയ ജനതാ പാർട്ടിയോ സഖ്യകക്ഷികളോ പോലും വലിയ എതിർപ്പൊന്നും പ്രകടിപ്പിച്ചില്ല.
വലിയ വിവാദത്തിന് ഇടയാകുമെന്ന് പൊതുവെ കരുതിയിരുന്നതാണ് ദേവസ്വം ബോർഡിന്റെ പുനഃസംഘടന. പഴയ പ്രസിഡന്റിന് കാലാവധി നീട്ടിക്കൊടുക്കാൻ ഇടയ്ക്ക് ആലോചനയുണ്ടായി. അതിനായി ഓർഡിനൻസ് പുറപ്പെടുവിക്കുന്നതു സംബന്ധിച്ചും ആലോചനകൾ നടന്നു. പല രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ പരിഗണിക്കപ്പെടുന്നതായി വാർത്തകൾ വന്നു. അത്തരം വാർത്തകളെയാകെ അപ്രസക്തമാക്കിക്കൊണ്ടാണ് ഇടതുമുന്നണി സർക്കാറിൽ നിന്ന് ഒരു അത്ഭുതമുണ്ടായത്. രാഷ്ട്രീയക്കാരെയൊക്കെ മാറ്റിനിറുത്തി ഒരു റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥനെ ദേവസ്വം ഭരണം ഏല്പിച്ച നടപടി അപ്രതീക്ഷിതമായിരുന്നു. അതിനു പിന്നിലെ ബുദ്ധി ആരുടേതായാലും അതേപ്പറ്റി എഴുതാതെ വയ്യ; അഭിനന്ദിക്കാതെയും വയ്യ.
ജയകുമാർ അദ്ഭുതങ്ങൾ പ്രവർത്തിക്കുമെന്നോ ദേവസ്വം ബോർഡ് എന്ന 'ഈജിയൻ തൊഴുത്ത്" ശുദ്ധിയാക്കുമെന്നോ ഉള്ള വ്യാമോഹം കൊണ്ടല്ല, പാർട്ടിക്കാരനല്ലാത്ത ഒരു വ്യക്തിയെ, അതും അധികം ചീത്തപ്പേര് കേൾക്കാത്ത ഒരു ഉദ്യോഗസ്ഥനെ നിയമിക്കുക വഴി ഇടതുമുന്നണി സർക്കാരിന്റെ പ്രതിയോഗികളെ പോലും, പ്രതികരിക്കുന്നതിന് മുമ്പ് രണ്ടു വട്ടമെങ്കിലും ആലോചിക്കാൻ നിർബന്ധിതരാക്കുന്ന തന്ത്രത്തിനു മുന്നിൽ നമിക്കാതിരിക്കാനാവില്ല എന്നതുകൊണ്ടാണ് അത്.
ഗതകാല ചലച്ചിത്ര സംവിധായകൻ എം. കൃഷ്ണൻ നായരുടെ മകൻ ജയകുമാർ ഭാഗ്യവാനാണ്. വിവാദങ്ങളിൽപ്പെട്ടിട്ടില്ല എന്ന കാരണത്താൽ മാത്രമല്ല; സ്വയം വിവാദങ്ങൾ സൃഷ്ടിക്കുകയോ, വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയോ ചെയ്യാതിരിക്കുക എന്നത് നിസാര കാര്യമല്ല. അതും, ഏതാണ്ട് അരനൂറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിൽ. പല തലങ്ങളിൽ, പല ലാവണങ്ങളിൽ മാറി മാറി അദ്ദേഹം നിയമിക്കപ്പെട്ടു. അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണല്ലോ അതും. മലയാളത്തിലും ആംഗലേയത്തിലും പ്രാവീണ്യം. നല്ല കവി, ഗാനരചയിതാവ്, മികച്ച പ്രസംഗകൻ, സർവോപരി സുന്ദരൻ... അങ്ങനെയങ്ങനെ നീളുന്നു ജയകുമാറിന്റെ തൊപ്പിയിലെ തൂവലുകൾ.
ഇടതുമുന്നണിക്കും വലതുമുന്നണിക്കും ഒരുപോലെ സ്വീകാര്യൻ. ഈ രണ്ട് മുന്നണികളിലും പെടാത്ത കക്ഷികൾക്കും ജയകുമാറിനെക്കുറിച്ച് പരാതിയൊന്നുമില്ല. തനിക്ക് രാഷ്ട്രീയമില്ല എന്ന് അടുത്തിടെ ഒരു 'യൂ ട്യൂബ്" അഭിമുഖത്തിൽ അദ്ദേഹം അവകാശപ്പെട്ടിരുന്നു. പക്ഷെ കമ്മ്യൂണിസത്തെക്കുറിച്ച് തനിക്കുള്ള മതിപ്പ് അദ്ദേഹം തുറന്നുപറഞ്ഞു. കേരളത്തിന് കമ്മ്യൂണിസം നൽകിയ സംഭാവനകളെക്കുറിച്ച് ആ അഭിമുഖത്തിൽ അദ്ദേഹം വാചാലനാവുന്നുണ്ട്. പദവികൾ നൽകി ജയകുമാറിന്റെ സേവനം ഉറപ്പുവരുത്തുന്നതിൽ ഇടതായാലും വലതായാലും, മാറി മാറി വന്ന സർക്കാരുകൾ മടിച്ചിട്ടില്ല.
ചീഫ് സെക്രട്ടറിയായി റിട്ടയർ ചെയ്ത ജയകുമാറിന് മലയാളം സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറായി നിയമനം നൽകിയത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ്. സർവീസിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രം നിയമിച്ചിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി ) മേധാവി ആയിട്ട്, ഡയറക്ടർ ജനറൽ എന്ന പദവി ഡയറക്ടർ എന്നു പരിഷ്കരിച്ച്, റിട്ടയർ ചെയ്ത ജയകുമാറിനെ നിയമിച്ചത് പിണറായി വിജയൻ. അതേ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോൾ ദേവസ്വം ബോർഡ് അദ്ധ്യക്ഷനായി ജയകുമാറിനെ അവരോധിച്ചതും.
പുതിയ സ്ഥാനലബ്ദ്ധി ഒരു നിയോഗമാണെന്നാണ് ജയകുമാർ വിശേഷിപ്പിക്കുന്നതും വിശ്വസിക്കുന്നതും. കമ്മ്യൂണിസത്തെ വാഴ്ത്തുമ്പോഴും അദ്ദേഹം ഒരു ഉറച്ച വിശ്വാസിയും ഉത്തമ ഭക്തനുമാണ്. തന്റെ വിശ്വാസം ദേവസ്വം ബോർഡ് മേധാവിയായി ചുമതലയേൽക്കുന്ന ജയകുമാറിനെ രക്ഷിക്കുമോ എന്നതാണ് ഇനി അറിയാനിരിക്കുന്നത്. ദേവസ്വം ബോർഡ് ഇന്ന് ശബരിമല സ്വർണ്ണക്കൊള്ളയുടെ കളങ്കത്തിൽ മുങ്ങി നിൽക്കുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണ കട്ടിളപ്പാളികൾ ചെമ്പാക്കി മാറ്റിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായി. നേരത്തെയും ചില അറസ്റ്റുകൾ നടന്നു. വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തികൾ അറസ്റ്റിലാവാനാണ് സാദ്ധ്യത.
അപകടകരമായ ഈ സാഹചര്യത്തിലാണ് ജയകുമാർ ദേവസ്വം ബോർഡിന്റെ അമരക്കാരനാവുന്നത്. അഴിമതി കാരണം ബോർഡിന്റെ അലകും പിടിയും തകർന്നിരിക്കുകയാണ്. ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടമാണിത്. പുതിയ പ്രസിഡന്റിന് കനത്ത വെല്ലുവിളി ഉയർത്തുന്നതാണ് ഈ പ്രതിസന്ധി. 'കോടതി പരിശോധിച്ചു വരുന്ന വിഷയം" എന്ന് പറഞ്ഞ് സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗുരുതര സംഭവ വികാസങ്ങളെക്കുറിച്ച് വാചാലമായ മൗനത്തിലാണ് ഇത് എഴുതുന്നത് വരെ പുതിയ പ്രസിഡന്റ്.
ജയകുമാറിന്റെ ഭാഷാജ്ഞാനമോ കവിത്വമോ ഒന്നുമല്ല ദേവസ്വം ബോർഡിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ സഹായമാവുക. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും കാര്യശേഷിയും, സർവോപരി നിഷ്പക്ഷതയുമാണ് ഇനി മാറ്റുരയ്ക്കപ്പെടുന്നത്. അഴിമതി മൂലം ചീഞ്ഞു നാറുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജയകുമാറിന്റെ 'ചന്ദനലേപ സുഗന്ധ" പ്രയോഗം ഫലപ്രദമാകുമോ? എന്തുതന്നെ ആയാലും ഒരു കാര്യം ഉറപ്പ്- തന്റെ ചില മുൻഗാമികളെ പോലെ സോപാനത്തിനു സമീപം, ദേവനോ ദേവിക്കോ മുന്നിൽ കൈ കൂപ്പാതെ, നിഷേധത്തോടെ ഇരു കയ്യും കെട്ടി നിൽക്കില്ല, പുതിയ ദേവസ്വം ബോർഡ് അദ്ധ്യക്ഷൻ കെ. ജയകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |