
ലോകം നിർമ്മിത ബുദ്ധിയ്ക്കപ്പുറത്തേക്ക് നീങ്ങുന്ന കാലഘട്ടമാണിത്. എന്നാൽ അനാസ്ഥയുടേയും അവഗണനയുടേയും ഫലമായി മനുഷ്യ ജീവൻ വരെ പൊലിയുന്ന സംഭവങ്ങളും ആവർത്തിക്കുന്നു. വീഴ്ച വരുത്തിയവരും ഉത്തരവാദിത്വപ്പെട്ടവരും ഇതിനെ വിശേഷിപ്പിക്കുന്നത് സംവിധാനത്തിന്റെ പിഴവെന്ന രീതിയിലാണ്. 'സിസ്റ്റം എറർ" ആണുണ്ടായതെന്ന് പറയും. ഒരു വശത്ത് പ്രതിഷേധങ്ങളും മറുവശത്ത് ന്യായീകരണങ്ങളും കൊഴുക്കും. നഷ്ടം, നഷ്ടപ്പെടുന്നവർക്കും അവരുടെ കുടുംബത്തിനും മാത്രമാകും. ഇത്തരമൊരു 'സിസ്റ്റം എറർ" ആണ് സൂരജ് ലാമയെന്ന ഇതര സംസ്ഥാനക്കാരന്റെ തിരോധാനത്തിന് വഴിവച്ചത്. ഇത് കേരളത്തിലെ സംവിധാനത്തിന്റെ മാത്രം പിഴവല്ല. ഇന്ത്യൻ അധികൃതരും കുവൈറ്റ് അധികൃതരുമെല്ലാം ഒരുപോലെ ഉത്തരവാദികളാണ്. ഒരു കുടുംബം ദുഃഖത്തിലാണ്. ലാമയെ കണ്ടെത്താൻ സമയവും പണവും ചെലവഴിച്ച് കോടതി കയറുകയാണിവർ... ലാമ കാണാമറയത്തു തന്നെയാണ്.
കുവൈറ്റിൽ ബിനിസസ് നടത്തിയിരുന്ന സൂരജ് ലാമയ്ക്ക് (59) അവിടുത്തെ വിഷമദ്യ ദുരന്തത്തിൽ ഓർമ്മ നഷ്ടപ്പെട്ടിരുന്നു. കൊൽക്കത്ത സ്വദേശിയായ ലാമയുടെ കുടുംബം ബംഗളൂരുവിലാണ് താമസിക്കുന്നത്. എന്നാൽ ഇദ്ദേഹത്തെ കുവൈറ്റ് അധികൃതർ കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു. വീട്ടുകാർക്ക് ഇതേക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. കഴിഞ്ഞ ഒക്ടോബർ 5ന് കൊച്ചിയിൽ വിമാനമിറങ്ങിയ സൂരജ് ലാമ ആലുവ മെട്രോ സ്റ്റേഷനിലും കളമശേരി, തൃക്കാക്കര ഭാഗങ്ങളിലും അലഞ്ഞു. 8ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് കളമശേരി ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ ആരാലും ശ്രദ്ധിക്കാതെ നടക്കുന്ന ലാമയുടെ ദൃശ്യങ്ങൾ ഒക്ടോബർ 10ന് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ലാമ കൊച്ചിയിലുണ്ടെന്നറിഞ്ഞ് വീട്ടുകാർ അടുത്തദിവസം എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഭാര്യ നെടുമ്പാശേരി പൊലീസിൽ പരാതിനൽകിയിരുന്നു. തിരോധാനമുണ്ടായിട്ട് ഇപ്പോൾ ഒരു മാസം പിന്നിട്ടിരിക്കുകയാണ്...
ഹൈക്കോടതി ഇടപെടൽ
സൂരജ് ലാമയെ കാണാനില്ലെന്നറിയിച്ച് മകൻ സാന്റോൺ ലാമ പത്രപരസ്യവും വാർത്തയും നൽകിയതോടെയാണ് വിഷയം പുറംലോകം അറിയുന്നത്. പൊലീസ് ഇരുട്ടിൽത്തപ്പിയ സാഹചര്യത്തിൽ മകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. തിരോധാനത്തിലേക്ക് നയിച്ച സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ഇപ്പോൾ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. അന്വേഷണത്തിനായി എറണാകുളം റൂറൽ എ.എസ്.പിയുടെ നേതൃത്വത്തിൽ കോടതി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
സർക്കാരിന്റെയും സംസ്ഥാന പൊലീസ് മേധാവിയുടെയും കൊച്ചി വിമാനത്താവള കമ്പനിയുടെയുമടക്കം വിശദീകരണം തേടുകയും ചെയ്തു. അന്വേഷണത്തിൽ മകൻ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങളും പരിഗണിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകി.
സൂരജ് ലാമയെ കണ്ടെത്താൻ സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിലും വയോജന കേന്ദ്രങ്ങളിലുമടക്കം പരിശോധന നടത്തണമെന്നാണ് ഹൈക്കോടതിയുടെ ഒടുവിലത്തെ നിർദ്ദേശം. കേസിൽ മനുഷ്യക്കടത്ത് വിരുദ്ധ സ്ക്വാഡിനെയും സാമൂഹിക നീതി വകുപ്പിനെയും സ്വമേധയാ കക്ഷി ചേർത്തു. എല്ലാ അഭയകേന്ദ്രങ്ങളുടെയും സൂപ്രണ്ടുമാർക്ക് ലാമയുടെ ചിത്രം സഹിതം ഇ- മെയിൽ അയച്ച് വിവരങ്ങൾ തേടാൻ കോടതി നിർദ്ദേശിച്ചു. ലാമയുടെ കുടുംബം ബംഗളൂരുവിലായതിനാൽ ആരെങ്കിലും ട്രെയിൻ കയറ്റിവിട്ടിരിക്കാൻ സാദ്ധ്യതയുണ്ട്. അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ടതാണെന്നും നിരീക്ഷിച്ചു.
സിസ്റ്റത്തിന്റെ വീഴ്ചകൾ
ഇന്ത്യയുമായി എല്ലാ നയതന്ത്ര ബന്ധങ്ങളുമുള്ള രാജ്യമാണ് കുവൈറ്റ്. ഓർമ്മ നഷ്ടപ്പെട്ട ലാമയെ എമർജൻസി സർട്ടിഫിക്കറ്രിലാണ് കയറ്റി അയച്ചത്. പൗരന്മാരെ നാടുകടത്തുമ്പോൾ വ്യക്തമായ വിവരം കൈമാറുകയെന്ന സാമാന്യ മര്യാദ പോലും കുവൈറ്റ് പാലിച്ചില്ലെന്നു വേണം കരുതാൻ. വീട്ടുകാർക്കും യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ബെംഗളൂരുവിൽ വിലാസമുള്ള സൂരജ് ലാമയെ കൊച്ചിയിലേക്കാണ് വിമാനം കയറ്റിവിട്ടതെന്നതും വിചിത്രമായി. എമർജൻസി സർട്ടിഫിക്കറ്റിൽ നാടുകടത്തുന്നവരെ കുറഞ്ഞപക്ഷം നിരീക്ഷിക്കുകയെങ്കിലും ചെയ്യുകയെന്നത് വിമാനത്താവളത്തിലെ ഇന്റലിജൻസിന്റെ ചുമതലയാണ്. എന്നാൽ സൂരജ് ലാമ സാധാരണ യാത്രക്കാരനെ പോലെ പുറത്തുകടന്നു. രണ്ടാമത്തെ സിസ്റ്റം എറർ! രണ്ടു ദിവസത്തിലധികം ആലുവയിലും പരിസരത്തും അലഞ്ഞുനടന്ന സൂരജ് ലാമയെ തൃക്കാക്കര പൊലീസാണ് കളമശേരി മെഡിക്കൽ കോളേജിലാക്കിയത്. ഇതുവരെയുള്ള വിവരങ്ങൾ വച്ച് ഏറ്റവും വലിയ വീഴ്ചയുണ്ടായത് മെഡിക്കൽ കോളേജ് അധികൃതർക്കാണ്. പൊലീസ് നിർദ്ദേശപ്രകാരമെത്തിച്ച ലാമയെ ഡിസ്ചാർജ് ചെയ്തപ്പോൾ ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചില്ലെന്നതാണ് ഗുരുതരമായ അലംഭാവം. പൊലീസ് നേരിട്ട് വന്നില്ലെന്നും ആംബുലൻസിൽ കയറ്റിവിടുകയായിരുന്നുവെന്നും മറുവാദമുണ്ട്. ആരാലും ശ്രദ്ധിക്കാതെ ആശുപത്രി പരിസരത്ത് തുടർന്നശേഷം സൂരജ് ലാമ നടന്നിറങ്ങുന്നതാണ് സി.സി.ടിവിയിൽ പതിഞ്ഞ അവസാനദൃശ്യം. ഹൈക്കോടതി ഇടപെടലിന് ശേഷവും പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാണ് കുടുംബത്തിന്റെ വാദം. 'മാൻ മിസ്സിംഗ്" കേസെന്ന നിലയിലാണ് എസ്.ഐ.ടിയുടെ അന്വേഷണം. അതിഥി മന്ദിരങ്ങളിലും വയോജന കേന്ദ്രങ്ങളിലും ഉൾപ്പെടെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. തുടർന്നാണ് വിപുലമായ അന്വേഷണത്തിന് കോടതി നിർദ്ദേശിച്ചത്. പൊലീസിനെ കുറ്റപ്പെടുത്തേണ്ട സമയമല്ലെന്നും ആളെ കണ്ടെത്തുകയാണ് പ്രധാനമെന്നും ഹർജിക്കാരെ ഓർമ്മിപ്പിക്കുകയും ചെയ്തു.
ഏതായാലും സൂരജ് ലാമയെ കാണാതായിട്ട് ഒരു മാസം പിന്നിട്ടുകഴിഞ്ഞു. അന്വേഷണ പുരോഗതി തിങ്കളാഴ്ച അറിയിക്കാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്തെങ്കിലും തുമ്പു ലഭിക്കുമെന്നും, കുടുംബവുമായുള്ള ലാമയുടെ സമാഗമം വൈകാതെ ഉണ്ടാകുമെന്നും പ്രത്യാശിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |