SignIn
Kerala Kaumudi Online
Friday, 14 November 2025 1.41 PM IST

'കൊടുങ്കാറ്റുകളോട് പൊരുതാൻ സമയമായി!' മെലിഞ്ഞ ഖജനാവിന്റെ മികച്ച കാര്യദർശി

Increase Font Size Decrease Font Size Print Page
kn

നല്ലൊരു ധനമന്ത്രിയാകാൻ വേണ്ട സവിശേഷ ഗുണങ്ങൾ എന്തൊക്കെയാണെന്ന ചോദ്യത്തിന് ചരിത്രത്തിലെ ഒരു ഉത്തരം പറയാം. ചോദ്യം ഉന്നയിച്ചത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും അദ്ദേഹം അഭിപ്രായം ആരാഞ്ഞത് മൊറാർജി ദേശായിയോടും.

മൊറാർജി അക്കമിട്ട സദ്ഗുണങ്ങൾ ഇപ്രകാരമായിരുന്നു: 1) നല്ല ആത്മവിശ്വാസത്തോടൊപ്പം പ്രധാനമന്ത്രിയുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും കഴിയുന്ന ആളായിരിക്കണം. 2) ഭരണ കക്ഷിയിൽപ്പെട്ടതും, ആ പാർട്ടിയുടെ ആശയങ്ങളിൽ ഉറച്ച വിശ്വാസവും അവ പ്രാവർത്തികമാക്കാനുള്ള ഇച്ഛാശക്തിയും ഒത്തുചേരുന്ന വ്യക്തിയായിരിക്കണം. 3) ധനമന്ത്രിയുടെ സ്വഭാവ ദാർഢ്യത്തിൽ നാടിനുള്ള വിശ്വാസം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിയണം. 4) സ്വയം ബുദ്ധിമാനാകുന്നതിനൊപ്പം,​ വിദഗ്ദ്ധരുടെ ഉപദേശം തേടാനുള്ള വിവേകവും ധനമന്ത്രിക്ക് ഉണ്ടാകണം. ഈ മറുപടിയോട് പൂർണ്ണമായും യോജിക്കാൻ കഴിഞ്ഞ പണ്ഡിറ്റ് നെഹ്രു, മൊറാർജിയെ അമാന്തമൊന്നും കൂടാതെ തന്റെ മന്ത്രിസഭയിലെ ധനമന്ത്രിയായി നിയമിക്കുകയും ചെയ്തു (1958).

മൊറാർജി കോറിയിട്ട മഹിമകൾ സംസ്ഥാന ധനമന്ത്രിമാർക്കും ബാധകമാകുമെന്ന് കരുതിയാൽ കേരളത്തിന്റെ ധനമന്ത്രിയായ കെ.എൻ. ബാലഗോപാലിന്റെ കാര്യത്തിൽ ഈ കണ്ണികളെല്ലാം ഒത്തുചേരുന്നുണ്ട്. കടുത്ത ധനഞെരുക്കങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന സംസ്ഥാന ഖജനാവിനെ പ്രതിസന്ധികളുടെ ഗർത്തത്തിലേക്ക് വഴുതിവീഴാതെ സംരക്ഷിച്ചതും, വളർച്ചയ്ക്കും ക്ഷേമത്തിനും വേണ്ട ഫണ്ട് സ്വരൂപിച്ച് എത്തിക്കാൻ കഴിയുന്നതും നല്ല ധനമന്ത്രിക്കു വേണ്ട ഗുണഗണങ്ങൾ അദ്ദേഹത്തിനുണ്ട് എന്നതിന്റെ സാക്ഷ്യപ്പെടുത്തലുകളാണ്.

പ്രഖ്യാപനം; ഒപ്പം പ്രയോഗവും

ഏറ്റവും ഒടുവിൽ സർവതല സ്പർശിയായ ക്ഷേമ പദ്ധതികളുടെ ഒരു നിര പ്രഖ്യാപിച്ചതിനു പിന്നിലും ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഗൃഹപാഠവും, അതിന്റെ ബലത്തിൽ അദ്ദേഹം നൽകിയ ഉറപ്പും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ടാകണം. ഒരു വർഷം 10,000 കോടി രൂപ വേണ്ടിവരുന്ന, മിനി ബഡ്ജറ്റ് എന്ന് വിശേഷിക്കപ്പെടുന്ന ആ ക്ഷേമവിജ്ഞാപനങ്ങളുടെ സൗന്ദര്യമേറുന്നത് അവ ഉടനടി നടപ്പിലാകുന്നു എന്നതിലാണ്. സാധാരണയുള്ള ബഡ്ജറ്റ് പദ്ധതികൾ പ്രവൃത്തിപഥത്തിലെത്താൻ മാസങ്ങൾ വേണ്ടിവന്നേക്കും. എന്നാൽ ഇവിടെ പ്രഖ്യാപനത്തോടൊപ്പം പ്രയോഗവും സംഭവിക്കുന്നു എന്നത് നല്ല അനുഭവമാകുന്നു.

ധനപരമായ ദൃഢീകരണത്തിലൂടെയേ സമ്പദ്ഘടനയ്ക്ക് വളർച്ചയുടെയും ക്ഷേമത്തിന്റെയും വഴികളിലൂടെ സഞ്ചരിക്കാനാവൂ. പക്ഷേ പല കാരണങ്ങളാൽ ഖജനാവിന്റെ ശാക്തീകരണം ക്ലേശകരമായിത്തീർന്ന കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഒരു പ്രധാന കാരണം കേന്ദ്രത്തിന്റെ നികുതിവിഹിതവും ഗ്രാന്റുകളും കുറയുകയോ, നിന്നുപോവുകയോ ചെയ്തതാണ്. പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് (1995- 2000) കേന്ദ്രം നൽകുന്ന 100 രൂപയിൽ 3.8 രൂപ കേരളത്തിന് കിട്ടിയിരുന്നു; ഇപ്പോഴത് 1.9 രൂപയായി കുറഞ്ഞു.

കേന്ദ്ര സർക്കാർ കാണാത്തത്

റവന്യു കമ്മി നികത്താനായി അനുവദിച്ചിരുന്ന ഗ്രാന്റ് നിറുത്തലാക്കിയതിനാൽ 19,000 കോടി രൂപ നഷ്ടപ്പെട്ടു. 2017-ൽ ജി.എസ്.ടി വന്നപ്പോഴുണ്ടായ വരുമാന നഷ്ടം നികത്താനായി നൽകിവന്നിരുന്ന സംഖ്യയും അഞ്ചുവർഷത്തിനു ശേഷം കിട്ടാതെയായി. ജി.എസ്.ടി വഴി ഒരു വർഷം ഏറ്റവും കുറഞ്ഞത് 8000 കോടിയുടെ വരുമാനനഷ്ടം കേരളത്തിന് ഉണ്ടാകുന്നു എന്നാണ് കണക്കാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ കടം വാങ്ങൽ പരിധിയും നിബന്ധനകളും കേന്ദ്രം കടുപ്പിച്ചു. പശ്ചാത്തല മേഖലയിൽ ഭൗതിക സ്വത്തുക്കൾ പടുത്തുയർത്തുന്ന കിഫ്ബിയുടെ ബാദ്ധ്യതകളെ സർക്കാരിന്റെ മറ്റു കടങ്ങളെപ്പോലെ കണ്ടു. ഈ നിക്ഷേപം വഴി വന്നുചേർന്ന ആസ്തി നിർമ്മാണവും വരുമാനങ്ങളും കേന്ദ്ര സർക്കാർ കാണാതെ പോയി.

ഈ രംഗയോജനത്തിൽ സംസ്ഥാനത്തിന്റെ സ്വന്തം വരുമാനം കാര്യക്ഷമമായി ഉയർത്തിക്കൊണ്ടുള്ള ധന ദൃഢീകരണത്തിനാണ് ധനമന്ത്രി ഊന്നൽ നൽകിയത്. അതിൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കാനും കഴിഞ്ഞു. 2020- 21ൽ 54,987കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ തനത് (നികുതി + നികുതിയേതര) വരുമാനം 2024- 25ൽ 95,000 കോടി രൂപയ്ക്കുമേൽ ഉയർത്താൻ കഴിഞ്ഞു. മൊത്തം വരുമാനത്തിൽ തനത് വരുമാനത്തിന്റെ പങ്ക് 70 ശതമാനത്തിനു മുകളിലേക്ക് ഉയർത്താനും സാധിച്ചു. നികുതി ചോർച്ച തടയാനുള്ള ശ്രമവും ഇതിനൊപ്പം കാര്യമായി നടന്നു. ഉദാഹരണമായി,​ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ബാർ ഹോട്ടലുകൾ 3078 കോടി രൂപയുടെ നികുതി വെട്ടിച്ചത് കണ്ടെത്തുകയും,​ അതിൽ 2648 കോടി രൂപ വസൂലാക്കുകയും ചെയ്തു. വിവിധ മിന്നൽ പരിശോധനകളിലൂടെ വിറ്റുവരവ് താഴ്‌ത്തിക്കാണിച്ചതും നികുതി വെട്ടിച്ചതും കണ്ടെത്താനായി.

കടക്കെണിയിൽ നിന്ന് മുക്തി

തനത് വരുമാനത്തിലുണ്ടായ വർദ്ധനവ് സർക്കാരിന്റെ ചെലവിടൽ രംഗത്തും പ്രതിഫലിച്ചു. ഇപ്പോഴത് ഒരു വർഷം 1,65,000 കോടി രൂപയായി ഉയർന്നിരിക്കുന്നു. തീർച്ചയായും കടത്തിന്റെ സംഖ്യ ഉയർന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ ഈ രംഗത്തും ചില ശുഭസൂചനകൾ ലഭ്യമാണ്. അഞ്ചുവർഷം കൂടുമ്പോൾ സർക്കാരിന്റെ കടം ഇരട്ടിക്കുന്ന ദീർഘകാലമായുള്ള പ്രവണതയ്ക്ക് വിരാമമിടാൻ കഴിഞ്ഞിട്ടുണ്ട്. കടമെടുപ്പിൽ കേരളം അപകടാവസ്ഥയിൽ അല്ലെന്നാണ് പത്തുവർഷത്തെ ധനസ്ഥിതിയെക്കുറിച്ച് പഠിച്ച കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് സാക്ഷ്യപ്പെടുത്തുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക് പലിശ നിരക്കിനേക്കാൾ ഉയർന്നുനിൽക്കുന്നത് കടത്തിന്റെ അനുപാതം ഉയരാതെ കാക്കുമെന്നും പറയുന്നു.

പുതിയ ക്ഷേമപദ്ധതികളുടെ പ്രഖ്യാപനത്തോടെ തനത് വരുമാനം വർദ്ധിപ്പിക്കാനുള്ള യജ്ഞങ്ങൾക്ക് ആക്കം കൂടും. പല ഡിപ്പാർട്ട്‌മെന്റുകളിലായി 25,​000 കോടി രൂപയുടെ കുടിശ്ശിക പിരിച്ചെടുക്കാനുണ്ട്. ജി.എസ്.ടി യുടെ പ്രവർത്തനരംഗത്തെ ചില പരിമിതികൾ മറികടക്കാനുണ്ട്. ഇ- വേ ബില്ലുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാം. സംസ്ഥാനങ്ങൾ തമ്മിൽ പങ്കിടുന്ന ഐ.ജി.എസ്.ടിയിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം കേരളത്തിന് നഷ്ടമുണ്ടാകുന്നത് തടയാനുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഗുണകരമാകും. സ്റ്റാമ്പ്ഡ്യൂട്ടി- രജിസ്‌ട്രേഷൻ ഫീസ് ഉയർന്നു നിൽക്കുന്നുണ്ടെങ്കിലും അതിലൂടെയുള്ള വരുമാനത്തിൽ കുറവുണ്ടാകുന്ന പ്രവണതയാണ് കഴിഞ്ഞ വർഷങ്ങളിൽ കാണുന്നത്. രജിസ്‌ട്രേഷൻ നിരക്ക് പരിഷ്‌കരണവും ഭൂമിയുടെ ന്യായവില നിർണയത്തിലെ പ്രശ്ന പരിഹാരങ്ങളും കൂടുതൽ തനത് വരുമാനത്തിന് വഴിയൊരുക്കും.

ചുരുക്കത്തിൽ, കവി പാടിയതുപോലെ 'തീരത്തു കൂടിയുള്ള നടത്തം തുടരാനാവില്ലെന്നും, കൊടുങ്കാറ്റുകളോട് പൊരുതാനുള്ള സമയമായിരിക്കുന്നു" എന്നുമുള്ള തിരിച്ചറിവാണ് ധനമന്ത്രിയെ നയിക്കുന്നത്.

TAGS: KNB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.