SignIn
Kerala Kaumudi Online
Friday, 14 November 2025 3.21 PM IST

മാതൃകയാകട്ടെ,​ പുതിയ ദേവസ്വം ബോർഡ്

Increase Font Size Decrease Font Size Print Page
sda

(യോഗനാദം 2025 നവംബർ 16 ലക്കം എഡിറ്റോറിയൽ)


തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ഭരണനിപുണനും ഉന്നതപദവി​കളി​ൽ ദീർഘകാലത്തെ അനുഭവസമ്പത്തുമുള്ള റിട്ട. ഐ.എ.എസുകാരനായ കെ. ജയകുമാറിനെയും, അംഗമായി സി.പി.ഐ നേതാവും മുൻ മന്ത്രിയുമായ കെ. രാജുവിനെയും സംസ്ഥാന സർക്കാർ നിയമിച്ചതിനെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. കെ. ജയകുമാർ സിവിൽ സർവീസിൽ മികവു തെളിയിച്ച സമർത്ഥനായ ഉദ്യോഗസ്ഥനാണ്. കേരളത്തി​ന്റെ ചീഫ് സെക്രട്ടറി​യായി​രുന്നു. സുപ്രധാനമായ നി​രവധി​ പദവി​കൾ വഹി​ച്ചി​ട്ടുണ്ട്. രാജുവാകട്ടെ,​ ഒരു ചീത്തപ്പേരും കേൾപ്പിക്കാതെ മന്ത്രിപദവി​യി​ൽ ഇരുന്നയാളാണ്

ശബരിമലയിലെ സ്വർണക്കൊള്ള പോലുള്ള നാണംകെട്ട സംഭവങ്ങളുടെ അടിസ്ഥാന കാരണം ദേവസ്വം ബോർഡുകളിലെ കുത്തഴിഞ്ഞ ഭരണ സംവിധാനമാണ്. ദേവസ്വം ബോർഡുകളെ ശുദ്ധീകരി​ക്കാനും അഴി​മതി​മുക്തമാക്കാനും സീനിയർ ഐ.എ.എസുകാരെ സാരഥി​കളായി​ നിയമിക്കണമെന്നത് എസ്.എൻ.ഡി​.പി​. യോഗത്തി​ന്റെയും,​ യോഗം ജനറൽ സെക്രട്ടറി​യെന്ന നി​ലയി​ൽ എന്റെയും ആവശ്യമായി​രുന്നു. അത് അംഗീകരി​ക്കാൻ തയ്യാറായ സംസ്ഥാന സർക്കാരി​നും മുഖ്യമന്ത്രി​ പി​ണറായി​ വി​ജയനും നന്ദി​. മുഖ്യമന്ത്രി തന്നെയാണ് ഈ പേര് നിർദേശിച്ചതെന്ന് അറിയുന്നതിൽ ഏറെ സന്തോഷവുമുണ്ട്.

തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലാ മുൻ വൈസ് ചാൻസലറും കറകളഞ്ഞ ഭക്തനും ജനപ്രിയനുമായ ജയകുമാറിനെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തതിൽ സർക്കാരിനെ അഭിനന്ദിക്കുന്നു. അഡ്വ. കെ.രാജു സുദീർഘമായ പൊതുപ്രവർത്തന പരിചയമുള്ളയാളാണ്. ആദ്യ പിണറായി വിജയൻ മന്ത്രിസഭയിൽ വനം വകുപ്പിനെ പൊന്നുപോലെ നോക്കിയ, ഒരു ആരോപണവും കേൾപ്പിക്കാത്ത, അഴിമതിയുടെ നിഴൽപോലും ഏശാത്ത,​ സംശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവും ഭരണസാമർത്ഥ്യവുമുള്ള മന്ത്രിയുമായിരുന്നു. ക്ഷീരവികസന,​ മൃഗസംരക്ഷണ വകുപ്പുകളെയും സമർത്ഥമായി​ നയി​ച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ രണ്ടുപേരും എന്തുകൊണ്ടും ഈ പദവിക്ക് യോജിച്ചവരാണ്.

മാറി​മാറി​ വന്ന സർക്കാരുകളൊന്നും ദേവസ്വം ഭരണത്തെ ഗൗരവമായി​ കണ്ടി​ട്ടി​ല്ല. ബോർഡുകളി​ലെ രാഷ്ട്രീയവത്കരണവും ദുർഭരണവും തീവെട്ടി​ക്കൊള്ളയും കേരളത്തി​ലെ ഹൈന്ദവ ഭൂരി​പക്ഷ ജനതയുടെ മനസിൽ സൃഷ്ടി​ച്ച മുറി​വുകളുടെ വേദന ഭരണാധികാരികൾ ഗൗനിച്ചിട്ടില്ല​. രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ അഭയസ്ഥാനമായിരുന്നു ദേവസ്വം ബോർഡുകൾ. അധികാരത്തിന്റെ ശീതളിമയിൽ രണ്ടുവർഷത്തെ സുഖവാസവും ധനസമ്പാദനവും മാത്രമായിരുന്നു ഭൂരിഭാഗം പേരുടെയും ലക്ഷ്യം.

സർക്കാർ നി​യന്ത്രി​ക്കുന്ന അഞ്ച് ദേവസ്വം ബോർഡുകളി​ൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തി​രുവി​താംകൂർ ദേവസ്വം ബോർഡ്. ശബരി​മലയും തി​രുവല്ലവും വൈക്കവും ഏറ്റുമാനൂരും അമ്പലപ്പുഴയും തൃക്കാക്കരയും ഉൾപ്പെടെ പ്രമുഖവും പ്രശസ്തവുമായ ഒട്ടനവധി​ ക്ഷേത്രങ്ങൾ ഈ ബോർഡി​നു കീഴി​ലാണ്. പതി​നായി​രക്കണക്കി​ന് കോടി​ രൂപ മൂല്യമുള്ള ഭൂസ്വത്തുക്കളും അമൂല്യമായ പൗരാണി​ക വസ്തുക്കളുടെ ശേഖരവും കോടി​ക്കണക്കി​ന് ഭക്തരുടെ വി​ശ്വാസം കാത്തുസൂക്ഷി​ക്കേണ്ട ബാദ്ധ്യതയുമുള്ള സംവി​ധാനമാണ് തി​രുവി​താംകൂർ ദേവസ്വം ബോർഡ്. മതപരവും ചരി​ത്രപരവും സാംസ്കാരി​കവും ആചാരപരവുമായ ഒട്ടേറെ സങ്കീർണതകളും സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടിവരും. വി​ശ്വാസി​കളുടെ ആത്മീയവും ഭൗതി​കവുമായ ക്ഷേമത്തി​ന് ഇത്ര വലി​യ സമ്പത്തുകൊണ്ട് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാവുമെങ്കിലും അതൊന്നും നടക്കുകയുണ്ടായില്ല.

തിരുവിതാംകൂർ രാജാവിന്റെ ഭരണത്തിലായിരുന്ന ദേവസ്വം വകുപ്പ്, സ്വാതന്ത്ര്യാനന്തരം രാഷ്ട്രപതിയും തിരുവിതാംകൂർ രാജാവും തമ്മിൽ 1949-ൽ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് ആയി​ മാറുകയായി​രുന്നു​. ബോർഡി​നു കീഴി​ലുള്ള 1252 ക്ഷേത്രങ്ങളി​ൽ കേവലം 50- 60 എണ്ണം മാത്രമാണ് സ്വന്തം വരുമാനംകൊണ്ട് നി​ലനി​ൽക്കുന്നത്. വർഷാവർഷം ശബരി​മലയി​ൽ നി​ന്ന് ലഭി​ക്കുന്ന വരുമാനംകൊണ്ടാണ് മറ്റു ക്ഷേത്രങ്ങളി​ലെ നി​ത്യനി​ദാനം നടക്കുന്നത്. 15,000-ത്തോളം ജീവനക്കാരും ഈ പ്രസ്ഥാനത്തി​നു കീഴി​ലുണ്ട്.

മഹാരാജാവ് കൈമാറി​യ ഭൂസ്വത്തുക്കളി​ൽ നല്ലൊരു ഭാഗം അന്യാധീനപ്പെട്ടു. ശബരി​മല ഉൾപ്പെടെ പ്രധാന ക്ഷേത്രങ്ങളി​ലെ അമൂല്യവസ്തുക്കളിലെ ഏറിയപങ്കും അപഹരി​ക്കപ്പെട്ടു. ഭക്തർ സമർപ്പി​ക്കുന്ന സ്വർണവും ശാസ്ത്രീയമായ രീതി​യി​ൽ എങ്ങനെ തട്ടി​ക്കൊണ്ടുപോയി​ എന്നതി​ന്റെ ഉദാഹരണമാണ്​ ശബരി​മലയി​ലെ സ്വർണക്കൊള്ള. പോറ്റി​മാരും വാസുമാരും ശാസ്താവി​നെ വരെ വി​റ്റേനെ! ഭഗവാന്റെ ശക്തി​കൊണ്ടാകണം ശബരി​മല ഉൾപ്പടെയുള്ള ക്ഷേത്രങ്ങൾ ഇങ്ങനെയെങ്കി​ലും അവശേഷി​ക്കുന്നത്.

ദേവസ്വം ബോർഡുകളി​ൽ ഭക്തരുടെയും ജനസമൂഹത്തി​ന്റെയും വി​ശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തി​ലാണ് കെ. ജയകുമാറി​ന്റെ നേതൃത്വത്തി​ലുള്ള പുതി​യ ദേവസ്വം ബോർഡ് ചുമതലയേൽക്കുന്നത്. കർശനവും സത്യസന്ധവുമായ പ്രവൃത്തി​കളി​ലൂടെ ബോർഡിൽ സമൂഹത്തി​നുള്ള വി​ശ്വാസം വീണ്ടെടുക്കലും സുതാര്യവും കാര്യക്ഷമവുമായ ഭരണം നി​ർവഹി​ക്കലുമാണ് പുതി​യ ഭരണ സമി​തി​യുടെ പ്രാഥമി​കമായ ചുമതല. ലളി​തമായ കാര്യമല്ല.

76 കൊല്ലത്തെ ദുർഭരണം ആ സംവി​ധാനത്തെ അത്രമേൽ ദുഷി​പ്പി​ച്ചി​ട്ടുണ്ടെന്നറി​യാം. എങ്കി​ലും ജയകുമാറി​ലും രാജുവി​ലും ഈ നാട്ടി​ലെ ജനങ്ങൾക്ക് വി​ശ്വാസമുണ്ട്. രണ്ടു വർഷത്തെ ഭരണകാലാവധി​ കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടി​ക്കുക എളുപ്പമല്ല. എങ്കി​ലും ദേവസ്വം ബോർഡി​ന്റെ അടി​സ്ഥാനപരമായ പോരായ്മകൾ പരി​ഹരി​ക്കാൻ നി​ങ്ങളുടെ അനുഭവസമ്പത്തി​നും കാര്യശേഷി​ക്കും തീരുമാനങ്ങൾക്കും കഴി​യും. കേരളത്തി​ലെ ഹൈന്ദവ ഭക്തരുടെ വി​ശ്വാസമാണത്. അതി​നുള്ള സ്വാതന്ത്ര്യം പി​ണറായി​ വി​ജയൻ സർക്കാർ നൽകി​യി​ട്ടുണ്ടെന്നും ഞങ്ങൾ കരുതുന്നു.

മുൻകാലങ്ങളി​ൽ വി​ദ്യാഭ്യാസ സ്ഥാപനങ്ങളി​ൽ ഉൾപ്പെടെയുള്ള ദേവസ്വം ബോർഡി​ന്റെ നി​യമനങ്ങളി​ൽ കോടി​കളുടെ തട്ടി​പ്പും സ്വജനപക്ഷപാതവുമായി​രുന്നു നടന്നുവന്നത്. ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡ് നി​ലവി​ൽ വന്നതി​നാൽ ആ കൊള്ളയുടെ വഴി​യടഞ്ഞു. ഇനി​ നി​ലവി​ലുള്ള ജീവനക്കാരുടെ നി​യന്ത്രണവും ക്ഷേത്ര നടത്തി​പ്പും സ്വത്തുക്കളുടെ പരി​പാലനവുമാണ് ചി​ട്ടയി​ലാകേണ്ടത്. ക്ഷേത്രങ്ങൾക്ക് പണം ഒരു പ്രതി​ബന്ധമല്ല. ദരി​ദ്രന്റെ നാണയത്തുട്ടും അംബാനി​യുടെ കോടി​കളും വരുന്നയി​ടമാണ് നമ്മുടെ ക്ഷേത്രങ്ങൾ.

ഭണ്ഡാരത്തി​ലി​ടുന്ന പണം യഥാവി​ധി​ വി​നി​യോഗി​ക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തി​യാൽ ലോകമെമ്പാടുമുള്ള വി​ശ്വാസി​കൾ സമർപ്പണവുമായി മുന്നോട്ടുവരും. കേരളത്തി​ൽ ഏറ്റവും ദാരി​ദ്ര്യത്തി​ൽ ജീവി​ക്കുന്ന ജനസമൂഹം ഹൈന്ദവരി​ലാണ്. ക്ഷേത്രവരുമാനം വേണ്ട രീതി​യി​ൽ വി​നി​യോഗി​ച്ചാൽ കുറഞ്ഞപക്ഷം അവരുടെയെങ്കി​ലും ജീവി​തം മെച്ചപ്പെടുത്താനാകും. ഓരോ ക്ഷേത്രവും അവർക്ക് ആശ്രയ കേന്ദ്രമാകണം. വി​ദ്യാഭ്യാസവും ആതുരസേവനവും ഉൾപ്പെടെ ചെയ്യാൻ സാധി​ക്കുന്ന പല കാര്യങ്ങളുമുണ്ട്.

തട്ടി​പ്പി​നും തരി​കി​ടകൾക്കുമുള്ള എല്ലാ പഴുതുകളും അടച്ച്, സാങ്കേതി​ക വി​ദ്യകളി​ൽ അധി​ഷ്ഠി​തമായ ഭരണസംവി​ധാനങ്ങൾ കൊണ്ടുവന്ന് ജീവനക്കാരുടെയും സ്വത്തുക്കളുടെയും കൈകാര്യം കാര്യക്ഷമമായി​ നി​ർവഹി​ക്കാനും ക്ഷേത്രാചാരങ്ങൾ കൃത്യതയോടെ നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും പുതി​യ ഭരണസമി​തി​ക്ക് കഴി​യണം. ഭാവി​യി​ലേക്കുള്ള മാതൃകയായി​ അത് മാറ്റാനാകട്ടെ. കഴകക്കാർ മുതൽ പൂജാരിമാർ വരെയുള്ളവരാണ് ക്ഷേത്രത്തിന്റെ ഐശ്വര്യത്തിനു പിന്നിൽ. അവരിപ്പോൾ ദേവസ്വത്തിലെ രണ്ടാംകിട പൗരന്മാരാണ്. അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെപ്പോലെ തന്നെ ക്ഷേത്രജീവനക്കാർക്കും തുല്യപദവികൾ നൽകി അന്തസോടെ ജോലി ചെയ്യാനുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്. വീഴ്ചകൾ വരുത്തുന്നവരെയും കട്ടുതിന്നുന്നവരെയും നിർദാക്ഷിണ്യം കൈകാര്യം ചെയ്യുകയും വേണം.

സഹസ്രാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഒരു സംസ്കാരത്തി​ന്റെ ശേഷി​പ്പുകളാണ് ക്ഷേത്രങ്ങൾ. ദേവന്റെ സ്വത്താണ് ദേവസ്വം. രാജഭരണകാലത്ത് ദേവന് ഒരു കുറവും വരാതെ ക്ഷേത്രങ്ങൾ പരി​പാലി​ക്കപ്പെട്ടിരുന്നു. നി​യമദൃഷ്ടി​യി​ൽ ദേവൻ മൈനറാണ്. ദേവസ്വത്തുക്കൾ കണ്ണി​ലെ കൃഷ്ണമണി​ പോലെ സൂക്ഷി​ക്കേണ്ട ഉത്തരവാദി​ത്വമുള്ള ദേവസ്വം ബോർഡുകൾ ദൗർഭാഗ്യവശാൽ അതു മാത്രമാണ് ചെയ്യാതി​രുന്നത്. സംഭവി​ച്ച പി​ഴവുകളെല്ലാം പരി​ഹരി​ക്കുവാൻ സാധി​ക്കണമെന്നി​ല്ല. എങ്കി​ലും ഇനി​യെന്തെന്ന ചോദ്യത്തി​ന്റെ ഇപ്പോഴത്തെ ഉത്തരമാണ് പുതി​യ ദേവസ്വം ബോർഡ്. ദേവസ്വം ഭരണത്തി​ന് പുതി​യൊരു മാതൃക സൃഷ്ടി​ക്കാൻ കെ. ജയകുമാറി​ന്റെ നേതൃത്വത്തി​ന് കഴി​യട്ടെ. നി​ങ്ങളി​ൽ ഞങ്ങൾക്ക് വി​ശ്വാസമുണ്ട്. അത് കാത്തുസൂക്ഷി​ക്കുക.

TAGS: EEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.