SignIn
Kerala Kaumudi Online
Sunday, 16 November 2025 6.40 AM IST

പാലക്കാടൻ കോട്ട കാക്കാൻ മുന്നണികൾ

Increase Font Size Decrease Font Size Print Page
sdf

കൃഷിയും രാഷ്ട്രീയവും ജീവവായുവായ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല, പാലക്കാട്. ഇവിടത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ചരിത്രത്തിനെപ്പോഴും ചുവപ്പ് നിറമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ലക്ഷ്യമിടുന്ന ഇടതുമുന്നണി തദ്ദേശപ്പോരിന് മാസങ്ങൾക്ക് മുമ്പേ അണിയറ നീക്കങ്ങൾ സജീവമാക്കിയിരുന്നു. നിയമസഭയിലേക്ക് ശക്തമായ തിരിച്ചുവരവ് ആഗ്രഹിക്കുന്ന യു.ഡി.എഫും ഒട്ടും പുറകിലല്ല. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഏറെ സ്വാധീനമുള്ള ജില്ലകളിലൊന്നാണ് പാലക്കാട്. തദ്ദേശ അങ്കത്തിനിറങ്ങുമ്പോൾ പാലക്കാട് നഗരസഭ വലിയ ഭൂരിപക്ഷത്തോടെ നിലനിറുത്താൻ മാത്രമല്ല, സമീപ പഞ്ചായത്തുകളിൽക്കൂടി ശക്തിതെളിയിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

ജില്ലാ പഞ്ചായത്ത് ചരിത്രം

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഇന്നുവരെയുള്ള ചരിത്രം ഇടതുപക്ഷത്തിന് അനുകൂലമാണ്. 1991ൽ ആദ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന മന്ത്രി എ.കെ. ബാലനിൽ ആരംഭിച്ച ഭരണചക്രം എപ്പോഴും ചലിപ്പിച്ചത് ഇടതുപക്ഷം തന്നെ. ജില്ലാ പഞ്ചായത്തിലെ മൃഗീയ ഭൂരിപക്ഷം നിലനിറുത്താൻ തന്നെയാണ് എൽ.ഡി.എഫ് കളത്തിലിറങ്ങുന്നത്. ആകെയുള്ള 30 ഡിവിഷനിൽ 27 എണ്ണവും ഇടതുപക്ഷത്താണ്. ശേഷിക്കുന്ന മൂന്നിൽ കോൺഗ്രസിന് സ്വന്തമായുള്ളത് ഒരെണ്ണം മാത്രം, തിരുവേഗപ്പുറ. ബാക്കി രണ്ടും മുസ്ലിം ലീഗിന്റെ അക്കൗണ്ടിലാണ്. തെങ്കരയും അലനെല്ലൂരും. ജില്ലാപഞ്ചായത്തിൽ മുമ്പ് ഒമ്പത് സീറ്റുവരെ നേടിയ ചരിത്രമുള്ള യു.ഡി.എഫിന് ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാൻ കുറച്ചൊന്നുമല്ല വിയർപ്പൊഴുക്കേണ്ടി വരിക.

ജില്ലാ പഞ്ചായത്തിന്റെ വികസനവും സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളും ഇടതടവില്ലാതെ ജനങ്ങളിലേക്കെത്തിച്ച് ജില്ലാ പഞ്ചായത്ത് വിജയിച്ച് കയറാനാണ് ഇടതുപക്ഷം ഒരുങ്ങുന്നത്. രാജ്യത്ത് ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് ചെറുകിട ജലവൈദ്യുത പദ്ധതി തുടങ്ങിയത് പാലക്കാട്ടാണ്. മൂന്ന് മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന മീൻവല്ലം പദ്ധതി. ഇതിന്റെ ലാഭവിഹിതം കൂടി ഉപയോഗിച്ച് നിർമ്മിച്ച പാലക്കുഴി ജലവൈദ്യുത പദ്ധതിയും പൂർത്തിയാക്കി പുതുതായി തച്ചമ്പാറ പാലക്കയത്ത് ലോവർ വട്ടപ്പാറ പദ്ധതിക്കും തുടക്കമിട്ടു കഴിഞ്ഞു. ജില്ലാ പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ രംഗത്തും മുന്നിലാണ് ഇടതുപക്ഷം. പരിചയസമ്പന്നരുടെ കരുത്തും യുവത്വത്തിന്റെ ചടുലതയും സമ്മേളിക്കുന്ന സ്ഥാനാർത്ഥി പ്രഖ്യാപനമാണ് എൽ.ഡി.എഫിന്റേത്.

എന്നാൽ, മറുപക്ഷത്താകട്ടെ കോൺഗ്രസിൽ സീറ്റ് വിഭജനം പൂർത്തിയായെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനം നീളുകയാണ്. പലയിടങ്ങളിലും ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തവണ ജില്ലാ പഞ്ചായത്തിന്റെ 31 ഡിവിഷനിൽ 25 സീറ്റിൽ കോൺഗ്രസും ആറിൽ മുസ്ലിം ലീഗും മത്സരിക്കാൻ ധാരണയിലെത്തിയിട്ടുണ്ട്. പുതുതായി വന്ന പറളി ഡിവിഷൻ കൂടി നൽകി ലീഗ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം അഞ്ചിൽ നിന്നും ആറാക്കി ഉയർത്തി. പക്ഷേ, കഴിഞ്ഞ തവണ യു.ഡി.എഫിന്റെ ഭാഗമായി നിന്ന് ജില്ലാ പഞ്ചായത്തലേക്ക് മത്സരിച്ച സി.എം.പി, കേരള കോൺഗ്രസ്, നാഷണൽ ജനതാദൾ എന്നീ ഘടകകക്ഷികൾക്ക് സീറ്റ് പ്രഖ്യാപിച്ചില്ല. അവർക്ക് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ സീറ്റ് നൽകുമെന്നാണ് കാരണം പറഞ്ഞത്.

എന്നാൽ, ജില്ലാ പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായതിന്റെ വാർത്തവന്നതിനു ശേഷം സി.എം.പിക്ക് സീറ്റ് നൽകേണ്ടതായി വന്നു. ഇതേതുടർന്ന് കഴിഞ്ഞ തവണ അവർ മത്സരിച്ച പുതുപ്പരിയാരം സീറ്റ് കൊടുക്കാൻ ധാരണയിലെത്തി. ഫലത്തിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം ഇരുപത്തിനാലായി. കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ചത് 22 സീറ്റിലാണ്.

ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ കാര്യമായൊരു മുന്നേറ്റം നടത്താൻ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. നഗരസഭകൾ കേന്ദ്രീകരിച്ചാണ് ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടുതലും വർദ്ധിച്ചുവരുന്നത്. പഞ്ചായത്തുകളിലും ബി.ജെ.പി നിലമെച്ചപ്പെടുത്തുന്നുണ്ട്. പക്ഷേ, ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളിൽ അത് കാര്യമായി പ്രതിഫലിക്കുന്നില്ല. ഇത്തവണ അത് മറികടക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്. ചില പോക്കറ്റുകളിൽ തങ്ങളുടെ സ്വാധീനം അറിയിക്കാനാണ് ഇത്തവണ ബി.ജെ.പി ശ്രമം.

നെല്ല് വില മുതൽ

ബ്രൂവറിവരെ
നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെമി ഫൈനലെന്ന് വിശേഷിപ്പിക്കുന്ന തദ്ദേശപ്പോരിന് കളമൊരുങ്ങിയതോടെ ജില്ലയുടെ മുക്കിലും മൂലയിലും ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കും തുടക്കമായി. മുന്നണികൾ സ്ഥാനാർത്ഥി പ്രഖ്യാപനവും ബൂത്ത് കമ്മിറ്റി പ്രവർത്തങ്ങളും ഗൃഹസന്ദർശനങ്ങളും ചുവരെഴുത്തും ഫ്‌ളെക്സ് സ്ഥാപിക്കലും തകൃതിയാണ്. ജില്ലാപഞ്ചായത്തിലെ വിധിയെഴുത്ത് ഒരു സൂചനയാണെന്ന് എൽ.ഡി.എഫും യു.ഡി.എഫും വ്യക്തമാക്കുന്നു. 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിന്റെ സൂചനയാകും ഈ തിരഞ്ഞെടുപ്പ് വിധിയെന്ന് അവർ ഇരുവരും അടിവരയിട്ട് പറയുന്നു. അതിനാൽ കരുതലോടെയാണ് രാഷ്ട്രീയ പാർട്ടികളുടെ ഒരോ നീക്കങ്ങളും. ദേശീയ സംസ്ഥാന രാഷ്ട്രീയങ്ങൾക്കപ്പുറം പ്രാദേശികമായ വിഷയങ്ങളാണ് ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിനെ ബാധിക്കുകയെന്ന് മൂന്നുമുന്നണികൾക്കും നന്നായി അറിയാം.

കാർഷിക ജില്ലയായ പാലക്കാട്ടെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം നെല്ല് സംഭരണം തന്നെയാണ്. നെല്ല് സംഭരണ വില വൈകുന്നത്, വന്യമൃഗശല്യം, തെരുവുനായ ശല്യം, സപ്ലൈക്കോ സബ്സിഡി സാധനങ്ങളുടെ കുറവ്, എലപ്പുള്ളി ബ്രൂവറി തുടങ്ങി സകലതും ചർച്ചയാകും. എന്നാൽ, ക്ഷേമപെൻഷൻ വർദ്ധനവ്, മറ്റ് ക്ഷേമ പ്രവൃത്തകൾ, നാടിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മാലിന്യ സംസ്കരണം, റോഡ് - കളക്റ്റിവിറ്റിയുടെ വർദ്ധനവ്, കുടിവെള്ള ക്ഷാമം പരിഹരിച്ചത് ഉൾപ്പെടെയുള്ളവ ജനങ്ങളിലേക്ക് എത്തിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതു നീക്കം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി.പി.ഐയുമായി പലയിടത്തും തർക്കമുണ്ടായിരുന്നെങ്കിലും ഇത്തവണ ഘടകകക്ഷികളുമായി പ്രശ്നങ്ങളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കി കളത്തിലിറങ്ങാനായത് എൽ.ഡി.എഫിന് കരുത്താകുന്നുണ്ട്. അതേസമയം, മണ്ണാർക്കാട്, കൊഴിഞ്ഞാമ്പാറ, വല്ലപ്പുഴ പോലെയുള്ള മേഖലകളിലെ പ്രാദേശിക തർക്കങ്ങൾ സി.പി.എമ്മിനു തിരിച്ചടിയായേക്കും. സംസ്ഥാന സർക്കാരിനെതിരെ വ്യക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്നും അത് തങ്ങൾക്ക് അനുകൂലമാകുമെന്നും യു.ഡി.എഫ് പ്രതീക്ഷക്കുന്നു. ജില്ലയിൽ സി.പി.എം വിമതരെ ഒപ്പം നിർത്താൻ യു.ഡി.എഫ് പലയിടത്തും ശ്രമങ്ങളും നടത്തുന്നുണ്ട്. നെല്ലുസംഭരണത്തിലെ വീഴ്ചകൾ കർഷകരെ ഇടതുസർക്കാരിൽ നിന്ന് അകറ്റി. ഇടതുപക്ഷം ഭരിച്ചിരുന്ന തദ്ദേശസ്ഥാപനങ്ങൾ പലതും ക്ഷേമപ്രവർത്തനങ്ങൾ രാഷ്ട്രീയം നോക്കിയാണു നൽകിയത്. ഇതു പൊതുജനങ്ങൾക്കിടയിൽ എതിർപ്പിനു കാരണമായി. ന്യൂനപക്ഷവിഭാഗങ്ങളുടെ വോട്ട് ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്നും യു.ഡി.എഫ് കരുതുന്നു.

ജില്ലാ പഞ്ചായത്തിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും ശക്തിതെളിയിക്കാനാണ് ബി.ജെ.പി ഇറങ്ങുന്നത്. തുടർച്ചയായ മൂന്നാംഭരണമാണ് പാലക്കാട് നഗരസഭയിൽ ബി.ജെ.പി ലക്ഷ്യമിടുന്നത്. പക്ഷേ, പലയിടങ്ങളിലും സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനുണ്ട്, ചിലയിടങ്ങളിൽ തർക്കം രൂക്ഷമാണെന്നത് ബി.ജെ.പിക്ക് തലവേദയാകുന്നുണ്ട്.

TAGS: ELECTION 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.