SignIn
Kerala Kaumudi Online
Thursday, 20 November 2025 4.24 AM IST

തൂക്കുകയറിനും ഹസീനയ്‌ക്കുമിടയിൽ ഇന്ത്യയെന്ന അഭയകേന്ദ്രം

Increase Font Size Decrease Font Size Print Page
as

പാകിസ്ഥാനെ തോൽപ്പിച്ച്,​ 1971-ലെ യുദ്ധത്തിൽ പശ്‌ചിമ പാകിസ്ഥാനിൽ നിന്ന് ഇന്നത്തെ ബംഗ്ളാദേശ് രൂപീകരിച്ചതു മുതൽ അവിടത്തെ കാര്യങ്ങളിൽ ഒരു കാരണവരെപ്പോലെ ഇന്ത്യയുടെ ശ്രദ്ധയും കരുതലുമുണ്ട്. 'ബംഗാബന്ധു" എന്ന് അറിയപ്പെടുന്ന അവരുടെ ആദ്യ പ്രസിഡന്റ് ഷേഖ് മുജീബുർ റഹ്‌മാനും അദ്ദേഹത്തിന്റെ അവാമി ലീഗ് പാർട്ടിയും അന്നുമുതൽ ഇന്ത്യയോട് കൂറുകാട്ടി.

പശ്ചിമ പാകിസ്ഥാൻ ഉണങ്ങാത്ത മുറിവായി കൊണ്ടുനടക്കുന്ന പാകിസ്ഥാൻ ബംഗ്ളാദേശിൽ കലാപമുണ്ടാക്കി സമാധാനം കെടുത്താൻ ശ്രമിക്കുമ്പോഴെല്ലാം അതിന്റെ പ്രകമ്പനങ്ങൾ ഇന്ത്യയിലുമെത്തും. 1975 ആഗസ്റ്റ് 15ന് പാക് പിന്തുണയോടെ നടന്ന പട്ടാള അട്ടിമറിയെ തുടർന്ന് മുജീബുർ റഹ്‌മാൻ കൊല്ലപ്പെട്ടപ്പോഴുണ്ടായതിന് സമാനമായ സാഹചര്യമാണ് 2024-ൽ മകൾ ഷേഖ് ഹസീനയും നേരിട്ടത്.

മുജീബുർ റഹ്‌മാൻ കൊല്ലപ്പെട്ടപ്പോൾ ഭാര്യ ബീഗം ഫസിലത്തുന്നീസ,​ മക്കളായ ഷേഖ് കമാൽ, ഷേഖ് ജമാൽ, ഷേഖ് റസൽ (പത്തു വയസ്) എന്നിവർക്കൊപ്പം ഷേഖ് ഹസീനയ്‌ക്കും സഹോദരി ഷേഖ് റഹാന സിദ്ധിഖിനും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയിൽ അഭയം നൽകി. 1979 വരെ ഇന്ത്യയിൽ താമസിച്ചാണ് ഹസീന അവാമി ലീഗ് പാർട്ടിയെ പട്ടാള ഭരണത്തിനെതിരെ സജ്ജമാക്കിയത്. 2024 ആഗസ്റ്റിൽ മറ്റൊരു അട്ടിമറിയിലൂടെ രാജ്യം വിടേണ്ടിവന്ന ഹസീന ഇന്ത്യയിലേക്കു തന്നെ എത്തിയതോടെ ചരിത്രം ആവർത്തിച്ചു. പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും കൊലപ്പെടുത്തിയവർ ഹസീനയ്‌ക്കും കൊലക്കയറൊരുക്കി കാത്തിരിക്കുമ്പോൾ സംരക്ഷണ കവചമൊരുക്കുന്നതും ഇന്ത്യ തന്നെ.

മോദി- ഹസീന

കെമിസ്ട്രി

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ 2014-ൽ അധികാരമേറ്റതു മുതൽ ഹസീനയുമായും ബംഗ്ളാദേശുമായുള്ള ബന്ധം ഊഷ്‌മളമാക്കി നിലനിറുത്തിയിരുന്നു. പ്രതിരോധ സഹകരണം, അഖൗറ - അഗർത്തല അതിർത്തി റെയിൽപ്പാത അടക്കം പ്രാദേശിക കണക്ടിവിറ്റി, വ്യാപാരം, ഊർജ്ജ മേഖലകളിലെ സഹകരണം, ജലവിഭവ മാനേജ്മെന്റ്, അതിർത്തി പരിപാലനം, മയക്കുമരുന്ന് കള്ളക്കടത്തും മനുഷ്യക്കടത്തും തടയൽ തുടങ്ങിയ വിഷയങ്ങളിൽ ധാരണയുണ്ടാക്കുന്നതിൽ ഇരു പ്രധാനമന്ത്രിമാർക്കും സാധിച്ചു. നദീജലം പങ്കിടൽ തർക്കം അവസാനിപ്പിക്കാൻ കഴിഞ്ഞതാണ് വലിയ നേട്ടം.

കൂടാതെ ബംഗ്ലാദേശ് ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി മാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1800 കോടി ഡോളറായി വളർന്നു. കൊവിഡ് കാലത്തും ഇരുരാജ്യങ്ങൾക്കുമിടയിലെ കണക്‌ടിവിറ്റി തടസപ്പെട്ടിരുന്നില്ല.

തന്ത്രപരമായ

സഹകരണം

പ്രധാനമന്ത്രിയായിരിക്കെ പ്രാദേശിക സുരക്ഷ അടക്കം തന്ത്രപരമായ വിഷയങ്ങളിൽ ഇന്ത്യയ്‌ക്കൊപ്പം നിന്നയാളാണ് ഹസീന. അവിടത്തെ ഇന്ത്യാ വിരുദ്ധ കലാപകാരികൾക്കും മുമ്പ് ബംഗ്ലാദേശ് സുരക്ഷിത താവളമാക്കിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദ സംഘടനകൾക്കുമെതിരെ അവർ ശക്തമായ നിലപാടെടുത്തു.

എതിരാളികളായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബി.എൻ.പി) പാകിസ്ഥാൻ അനുകൂല നിലപാടിന് വിരുദ്ധമായി ഹസീന സർക്കാർ ഇന്ത്യാ അനുകൂല നിലപാട് നിലനിറുത്തി. ദീർഘകാലമായി നിലനിന്ന ഉഭയകക്ഷി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് അനുകൂലമായ ഒരു അന്തരീക്ഷം അവർ വളർത്തിയെടുത്തു.

പാകിസ്ഥാനും

ചൈനയും?

ഇന്ത്യയോട് അതിർത്തി പങ്കിടുന്ന ബംഗ്ളാദേശിന്റെ തന്ത്രപരമായ പ്രധാന്യം മൂലം ചൈനയ്‌ക്കും മേഖലയിൽ താത്‌പര്യമുണ്ട്. 2024-ൽ ഹസീനയുടെ പുറത്താകലിന് വഴിതെളിച്ച് ബംഗ്ളാദേശ് നാഷണൽ പാർട്ടിയും ബംഗ്ലാദേശ് ജമാഅത്തെ പാർട്ടിയും പിന്തുണച്ച പ്രക്ഷോഭത്തിനു പിന്നിൽ പാകിസ്ഥാന്റെയും ചൈനയുടെയും കരങ്ങളുണ്ടെന്നു തന്നെ ഇന്ത്യ വിശ്വസിക്കുന്നു. ഇന്ത്യ നിക്ഷേപമിറക്കിയ റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന വികസന പദ്ധതികളിൽ ചൈനയും പാകിസ്ഥാനും കൈവയ്‌ക്കുന്നത് ശുഭസൂചകമല്ല.

പ്രതീക്ഷിച്ച

വധശിക്ഷ

ഹസീനയെയും അവാമി ലീഗിനെയും ഇല്ലാതാക്കാൻ പ്രക്ഷോഭങ്ങളുടെ ഉത്തരവാദിത്വം അടിച്ചേല്പിച്ച് കടുത്ത ശിക്ഷ പുതിയ ഭരണകൂടം ചുമത്തുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. അതിനായി തട്ടിക്കൂട്ടിയ പ്ളാറ്റ്ഫോമാണ് അന്താരാഷ്‌ട്ര ക്രൈംസ് ട്രൈബ്യൂണൽ എന്ന ഐ.സി.ടി. 'അന്താരാഷ്‌ട്രം" പേരിൽ മാത്രം. ബംഗ്ലാദേശിന്റെ സ്വന്തം നിയമങ്ങൾക്കു കീഴിൽ സൃഷ്ടിക്കപ്പെട്ട ആഭ്യന്തര കോടതി മാത്രമാണിത്. ഐക്യരാഷ്ട്ര സഭയുടെ പിന്തുണയുള്ള ഒരു സ്ഥാപനമല്ല; അന്താരാഷ്ട്ര ഉടമ്പടികളിലൂടെ സൃഷ്ടിക്കപ്പെട്ടതുമല്ല.

അതുകൊണ്ടുതന്നെ,​ 2024 ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പേരിൽ ന്യായമായ വിചാരണ കൂടാതെയാണ് ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷ ചൂണ്ടിക്കാട്ടി ഷേഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തുടർന്ന നിലപാടുകളും താത്‌പര്യങ്ങളും പരിഗണിച്ചുകൊണ്ടേ ഇന്ത്യയ്‌ക്ക് തീരുമാനമെടുക്കാനാകൂ.

കുറ്റവാളികളെ കൈമാറാനുള്ള ഇന്ത്യ- ബംഗ്ലാദേശ് ഉടമ്പടിയുടെ ആറാം വകുപ്പ് പ്രകാരം,​ കുറ്റം രാഷ്ട്രീയ പ്രേരിതമാണെങ്കിൽ കൈമാറേണ്ടതില്ലെന്ന് പറയുന്നു. ഹസീനയും അവാമി ലീഗും കുറ്റാരോപണങ്ങൾ പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ചിട്ടുമുണ്ട്. ഇക്കാരണങ്ങളാൽ ബംഗ്ലാദേശിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഹസീനയെ വിട്ടുനല്കാൻ കഴിയില്ലെന്ന് ഇന്ത്യയ്‌ക്ക് വ്യക്തമാക്കാം. നിയമപരമായ സങ്കീർണതകൾ, രാഷ്ട്രീയ പരിഗണനകൾ, മനുഷ്യാവകാശ ആശങ്കകൾ എന്നിവ ചൂണ്ടിക്കാട്ടി ഹസീനയെ കൈമാറാൻ ഇന്ത്യ തയ്യാറാകില്ലെന്നും ഉറപ്പാണ്.

ഷെയ്ഖ് ഹസീന

എവിടെയുണ്ട്?​

2024 ആഗസ്റ്റിൽ ഇന്ത്യയിലെത്തിയ ഹസീന ഡൽഹി അതിർത്തിയിലെ ഹിൻഡൻ വിമാനത്താവളത്തിൽ നിന്ന് എങ്ങോട്ടു പോയെന്ന് ആർക്കും അറിയില്ല. ഹസീനയുടെ മകളും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) തെക്കുകിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്‌ടറുമായ സൈമ വാസെദ് ഡൽഹിയിലുണ്ട്. ഒരുപക്ഷേ,​ മകളുടെ പരിരക്ഷയിലാകാം ഹസീനയെന്നും കേൾക്കുന്നു.

ഇന്ത്യയുടെ പിന്തുണയോടെ മകളെ മുന്നിൽ നിറുത്തി ബംഗ്ളാദേശ് വിഷയം അന്താരാഷ്‌ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഹസീനയ്‌ക്കു കഴിയും. ഹസീനയുടെ,​ ഇപ്പോൾ യു.എസിലുള്ള മകൻ സജീബ് അഹമ്മദ് വാസേദ് അവാമി ലീഗിന്റെ ഉന്നത നേതാവാണ്. മക്കൾക്കൊപ്പം ചേർന്ന് ഹസീന ബംഗ്ളാദേശിലുണ്ടായ തിരിച്ചടിക്ക് പരിഹാരം കാണുമോയെന്നും അവാമി ലീഗിനെ തിരിച്ചു കൊണ്ടുവരുമോ എന്നും വരുംനാളുകളിൽ അറിയാം.

TAGS: KHASEEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.