SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.05 PM IST

കേന്ദ്ര ബഡ്ജറ്റ്: കൊല്ലത്തിന് പ്രതീക്ഷിക്കാൻ ഏറെ

Increase Font Size Decrease Font Size Print Page

highway

നി‌ർമ്മല സീതാരാമൻ ഞായറാഴ്ച അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ഒന്നും തരാതെ നിരാശപ്പെടുത്തിയെന്ന് ഇവിടത്തെ ഭരണ, പ്രതിപക്ഷ കക്ഷികൾ ഒരേശബ്ദത്തിൽ വിലപിക്കുമ്പോൾ കൊല്ലത്തിന്റെ വ്യവസായ, വാണിജ്യ വികസനത്തിന് ഏറെ പ്രതീക്ഷയേകുന്ന പദ്ധതികളുണ്ടെന്നത് കൊല്ലത്തിനുള്ള പ്രത്യേക കരുതലായി മാറി. കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഒരു ധാതു ഇടനാഴി പ്രഖ്യാപനം കൊല്ലത്തിന് ഏറെ പ്രതീക്ഷയേകുന്നതാണ്. രാജ്യത്തെ ഏറ്റവുമധികം ധാതുമണൽ ശേഖരമുള്ള കൊല്ലം തീരം ബഡ്ജറ്റിൽ പ്രഖ്യാപിച്ച ധാതു ഇടനാഴിയുടെ സംസ്ഥാനത്തെ കേന്ദ്രമായി മാറുമെന്നതിൽ സംശയമില്ല. അതുപോലെ തോട്ടണ്ടി ഉല്പാദനത്തിൽ 2030 ഓടെ സ്വയം പര്യാപ്തതയിലെത്തി ഇന്ത്യൻ കശുഅണ്ടിയെ ആഗോള പ്രീമിയം ബ്രാൻഡാക്കുമെന്ന പ്രഖ്യാപനവും ഫലത്തിൽ കൊല്ലത്തിന് ഉത്തേജകമേകുന്നതാണ്. കശുഅണ്ടി വ്യവസായത്തിൽ കേരളത്തിന്റെ ഹബ്ബായ കൊല്ലം ഇപ്പോൾ വ്യവസായത്തിൽ നേരിടുന്ന കടുത്ത പ്രതിസന്ധിക്ക് ബഡ്ജറ്റിലെ പ്രഖ്യാപനം ഊർജ്ജമേകുമെന്നാണ് കരുതുന്നത്. കശുഅണ്ടി വ്യവസായികൾ ബഡ്ജറ്റ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുവെന്നതു തന്നെ അതിനുള്ള തെളിവാണ്.

ഏറ്റവുമധികം ധാതു നിക്ഷേപം കൊല്ലത്ത്

'കറുത്ത സ്വർണം' എന്നറിയപ്പെടുന്ന കേരളത്തിലെ കരിമണൽ വ്യവസായം കേന്ദ്രീകരിച്ചിട്ടുള്ളത് കൊല്ലത്താണ്. നീണ്ടകര മുതൽ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി വരെയുള്ള തീരമേഖലയിലാണ് ഏറ്റവുമധികം കരിമണൽ അഥവ ധാതു നിക്ഷേപം ഉള്ളത്. നിലവിൽ കൊല്ലം ചവറയിൽ ധാതുമണൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന രണ്ടു പൊതുമേഖലാസ്ഥാപനങ്ങളാണ് ഐ.ആർ.ഇ യും കെ.എം.എം.എല്ലും. കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതി യാഥാർത്ഥ്യമായാൽ ധാതുക്കളുടെ ഖനനവും ധാതുക്കൾ വേർതിരിക്കാനുമുള്ള കൂടുതൽ സൗകര്യം നിലവിലുള്ള സ്ഥാപനങ്ങളിൽ ഏർപ്പെടുത്തുകയോ അതല്ലെങ്കിൽ പുതുതായ സ്ഥാപനങ്ങൾ ഉണ്ടാകാനോ ഉള്ള സാദ്ധ്യതയാണ് തെളിയുന്നത്. വേർതിരിച്ചെടുക്കുന്ന ധാതുക്കൾ ഉപയോഗിച്ച് വിവിധ ഉല്പന്നങ്ങളുടെ നിർമ്മാണ ഫാക്ടറിക്കുള്ള സാദ്ധ്യതയുമുണ്ട്. ഇപ്പോൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ യും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം. എല്ലും മാത്രമാണ് നീണ്ടകര മുതൽ തോട്ടപ്പള്ളി വരെയുള്ള ധാതുമണൽ ഖനനം നടത്തി ധാതുക്കൾ വേർതിരിക്കുന്ന പ്രക്രിയ നടത്തുന്നത്. കരിമണലിൽ നിന്ന് മോണസൈറ്റ്, ഇൽമനൈറ്റ്, റൂട്ടൈൽ, സിർക്കോൺ, സില്ലിമനൈറ്റ് തുടങ്ങിയ അമൂല്യ ധാതുക്കളാണ് വേർതിരിച്ചെടുക്കുന്നത്. ഇതിൽ പലതും പ്രതിരോധ മേഖലയിലും ബഹിരാകാശ ഗവേഷണ മേഖലയിലും ഉപയോഗിക്കുന്ന അത്യപൂർവ ധാതുക്കളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. ഐ.ആർ. ഇ മോണസൈറ്റിൽ നിന്ന് റെയർ എർത്ത് വേർതിരിച്ച് വിവിധ വ്യവസായ സംരംഭങ്ങൾക്ക് കൈമാറുന്നു. കെ.എം.എം.എൽ ആകട്ടെ, ഇൽമനൈറ്റിൽ നിന്ന് പെയിന്റ് നിർമ്മാണത്തിനുള്ള അസംസ്കൃത വസ്തുവായ ടൈറ്റാനിയം ഡയോക്സൈഡും ടൈറ്റാനിയം സ്പോഞ്ചും നിർമ്മിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകളിൽ ഉപയോഗിക്കുന്ന കാന്തം, പ്രതിരോധ ഉപകരണങ്ങൾ, ഇലക്ട്രിക് ഉപകരണങ്ങൾ, ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയവയുടെ നിർമ്മാണത്തിനെല്ലാം ഈ ധാതുക്കൾ അത്യാവശ്യമാണ്. ടൈറ്റാനിയത്തിന്റെ ലോഹ അയിരുകളായ ഇൽമനൈറ്റിനും റൂട്ടൈലിനും വൻ സാമ്പത്തിക പ്രാധാന്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ രാജ്യത്ത് ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനുമാണ് ധാതു ഇടനാഴി വികസിപ്പിക്കുന്നതിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഈ രംഗത്തേക്ക് കൂടുതൽ സ്വകാര്യ സംരംഭകർ കൂടി കടന്നു വന്നാൽ അത് വ്യവസായ വികസനത്തിനും അതുവഴി കൂടുതൽ തൊഴിൽ സാദ്ധ്യതക്കുമുള്ള വഴിയാണ് തുറക്കുന്നത്. കേരളം കൂടാതെ ഒഡിഷയിലും തമിഴ്നാട് തീരത്തുമാണ് വ്യാപക ധാതുമണൽ നിക്ഷേപം ഉള്ളത്.

കശുഅണ്ടി മേഖലയും പ്രതീക്ഷയിൽ

തോട്ടണ്ടി ഉല്പാദനത്തിൽ സ്വയംപര്യാപ്തതയിലെത്തി ഇന്ത്യൻ കശുഅണ്ടിയെ ആഗോള പ്രീമിയം ബ്രാൻഡാക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനമാണ് കശുഅണ്ടി മേഖലയ്ക്ക് വലിയ ആശ്വാസമാകുന്നത്. കേരളത്തിൽ വ്യാപകമായി കശുമാവ് വച്ചു പിടിപ്പിച്ച് ഇവിടത്തെ ഫാക്ടറികൾക്ക് ആവശ്യമായ തോട്ടണ്ടി ഉല്പാദിപ്പിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിൽ കശുഅണ്ടി ഫാക്ടറികൾ പ്രവർത്തിപ്പിക്കാൻ പ്രതിവർഷം 25 ലക്ഷം മെട്രിക് ടൺ തോട്ടണ്ടി വേണം. എന്നാൽ ആഭ്യന്തര ഉല്പാദനം 8 ലക്ഷം മെട്രിക് ടണ്ണോളം മാത്രമാണ്. ബാക്കിയുള്ള തോട്ടണ്ടി വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. വ്യവസായികളിൽ ഏറെയും ആഫ്രിക്കയിൽ നിന്ന് തോട്ടണ്ടി ഇറക്കുമതി ചെയ്താണ് കഴിഞ്ഞ കാലങ്ങളിൽ വ്യവസായം നടത്തി വന്നത്. എന്നാൽ ഇപ്പോൾ വിയറ്റ്നാം പോലെയുള്ള രാജ്യങ്ങളും ചില ആഫ്രിക്കൻ രാജ്യങ്ങളും സ്വന്തമായി തോട്ടണ്ടി സംസ്ക്കരണം തുടങ്ങിയതോടെ തോട്ടണ്ടിക്ക് ഡിമാന്റും വിലയും ഏറി. ഇറക്കുമതി ചെയ്ത തോട്ടണ്ടി ഉപയോഗിച്ച് വ്യവസായം നടത്തുന്നത് ലാഭകരമല്ലാതായി മാറി. കൊല്ലത്ത് മുമ്പ് 800 ഓളം സ്വകാര്യ കശുഅണ്ടി ഫാക്ടറികളുണ്ടായിരുന്നിടത്ത് ഇന്ന് 100 ൽ താഴെ ഫാക്ടറികൾ മാത്രമാണുള്ളത്. അതുപോലെ മൂന്ന് ലക്ഷത്തിലേറെ തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 50,000 ഓളം തൊഴിലാളികൾ മാത്രമായി ചുരുങ്ങി. കശുഅണ്ടിയുടെ ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിച്ച് സ്വയംപര്യാപ്തത നേടുകയെന്നതാണ് ഇനിയുള്ള പോംവഴി. കേന്ദ്രബഡ്ജറ്റിലെ നിർദ്ദേശ പ്രകാരം കൂടുതൽ കശുമാവ് തൈകൾ വച്ചു പിടിപ്പിച്ചാൽ 2030 ഓടെ തോട്ടണ്ടി ഉല്പാദനത്തിൽ വൻ കുതിപ്പ് നേടാനാകുമെന്നാണ് പ്രതീക്ഷ. അഗ്രികൾച്ചറൽ ആന്റ് പ്രോസസ്ഡ് എക്സ്പോർട്ട് വികസന അതോറിറ്റി വഴി പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കശുഅണ്ടി വ്യവസായ മേഖലയിൽ വലിയ മാറ്റം സൃഷ്ടിക്കാനുതകുന്ന പദ്ധതിയെ കൊല്ലത്തെ കശുഅണ്ടി വ്യവസായികളും കയറ്റുമതിക്കാരും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. പദ്ധതി ഫലപ്രദമായി നടപ്പാക്കിയാൽ കശുഅണ്ടി വ്യവസായം പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുമെന്ന് വ്യവസായികൾ പറയുന്നു.

സ്വാഗതം ചെയ്ത് എൻ.കെ പ്രേമചന്ദ്രൻ എം.പി

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തിന് ഒന്നും കിട്ടിയില്ലെന്ന് യു.ഡി.എഫും എൽ.ഡി.എഫും ഒരേ സ്വരത്തിൽ പ്രതികരിക്കുമ്പോൾ അപൂർവ ധാതുക്കളുടെ ശേഖരമുള്ള കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് റെയർഎർത്ത് മിനറൽ കോറിഡോർ സ്ഥാപിക്കാനും കശുഅണ്ടി ഉല്പാദനം വർദ്ധിപ്പിക്കാനുമുള്ള ബഡ്ജറ്റ് നിർദ്ദേശത്തെ എൻ.കെ പ്രേമചന്ദ്രൻ എം.പി സ്വാഗതം ചെയ്തത് ശ്രദ്ധേയമായി. കശുഅണ്ടി മേഖലയുടെ പ്രതിസന്ധി പരിഹരിക്കാൻ കശുഅണ്ടി ഉല്പാദനം വർദ്ധിപ്പിക്കാൻ പ്രഖ്യാപിച്ച പദ്ധതി സ്വാഗതാർഹമാണ്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിച്ച് മിനറൽ കോറിഡോർ സ്ഥാപിക്കുമ്പോൾ ഖനനവും വേർതിരിക്കലും പൂർണമായും പൊതുമേഖലയിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്മാർട്ട് പദ്ധതിയാണ് അപൂ‌ർവ്വ ധാതു ഇടനാഴി എന്നതെങ്കിലും കേരളത്തിലെ അപൂർവ ധാതു നിക്ഷേപം എത്രത്തോളം ഉണ്ടെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാൽ ഇതിന്റെ സാദ്ധ്യതകൾ കൂടുതൽ കണ്ടെത്തിയാൽ അത് കേരളത്തിന് നേട്ടമാകുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരും അഭിപ്രായപ്പെടുന്നത്. 'ആമ ബഡ്ജറ്റെന്നും എയിംസ് എവിടെ എന്നും ചോദിച്ച് കേരളത്തിലെ യു.ഡി.എഫും എൽ.ഡി.എഫും മത്സരിച്ച് കേന്ദ്ര ബഡ്ജറ്റിനെതിരെ പ്രചരണ കോലാഹലങ്ങൾ നടത്തുന്നതിനിടെ ചില നിർദ്ദേശങ്ങളെങ്കിലും കൊല്ലത്തിന്റെ വ്യവസായ ഉന്നമനം സംബന്ധിച്ച് ഏറെ പ്രതീക്ഷ പകരുന്നതാണ്.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY