SignIn
Kerala Kaumudi Online
Wednesday, 08 May 2024 1.05 PM IST

പല്ല് കൊഴിഞ്ഞ കടുവ...!

loka

ലോകായുക്തയെ പല്ലുകൊഴിഞ്ഞ കടുവ എന്ന് വിശേഷിപ്പിച്ചാൽ തെല്ലും അതിശയോക്തിയുണ്ടാവില്ല. സാധാരണക്കാർക്ക് പണച്ചെലവില്ലാതെ അഴിമതി വിരുദ്ധ പോരാട്ടം നടത്താവുന്ന ഏക സംവിധാനമായിരുന്ന ലോകായുക്തയുടെ ചിറകരിഞ്ഞിരിക്കുകയാണ് സർക്കാർ. നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതി ബിൽ രാഷ്ട്രപതി അംഗീകരിച്ചതോടെ, ജുഡിഷ്യൽ അന്വേഷണ കമ്മിഷന്റെ നിലവാരത്തിലേക്കാവുകയാണ് ലോകായുക്ത. ഉത്തരവുകൾ സർക്കാരിന് പുനഃപരിശോധിച്ച് തള്ളാമെന്നു വന്നതോടെ ഉത്തരവുകളുടെ സാംഗത്യം ഇല്ലാതായിരിക്കുകയാണ്.

4.08കോടിയാണ് ലോകായുക്തയുടെ ഓഫീസ് പ്രവർത്തനത്തിന് പ്രതിവർഷം സർക്കാർ ചെലവിടുന്നത്. ലോകായുക്ത സംവിധാനത്തിനായി സർക്കാർ ഒരു വർഷം ചെലവഴിക്കുന്നത് 8.57 കോടിയും. ജസ്റ്റിസുമാരായ ലോകായുക്ത അംഗങ്ങളുടെ ശമ്പളം മാത്രം 7.15 കോടിയാണ്. 87.79 ലക്ഷമാണ് ജീവനക്കാരുടെ ശമ്പളം. യാത്രപ്പടി 11.30 ലക്ഷം, ഓഫീസ് സൗകര്യങ്ങൾക്ക് 19 ലക്ഷം, ഇന്ധനത്തിന് 12 ലക്ഷം എന്നിങ്ങനെയാണു മറ്റു ചെലവുകൾ. ഇത്രയും പണം മുടക്കി പല്ലില്ലാത്ത ഈ അഴിമതിവിരുദ്ധ സംവിധാനത്തെ പോറ്റണോ എന്നതാണ് സമൂഹത്തിൽ ഉയരുന്ന ചോദ്യം.

പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് വിധിക്കാനുള്ള അധികാരമാണ് നിയമഭേദഗതിയിലൂടെ ഇല്ലാതാക്കിയത്. സുപ്രീംകോടതി/ഹൈക്കോടതി മുൻ ചീഫ്ജസ്റ്റിസ് തലവനും ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാർ ഉപലോകായുക്തമാരുമായ അർദ്ധജുഡിഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ഉത്തരവുകൾക്ക് ഇനി പ്രസക്തിയുണ്ടാവില്ല. മുഖ്യമന്ത്രി, നിയമസഭ, സ്പീക്കർ എന്നിവർക്ക് പരിശോധിച്ച് ഉത്തരവുകൾ തള്ളിക്കളയാം. ഇവിടങ്ങളിലെല്ലാം ഭൂരിപക്ഷതീരുമാനം നടപ്പാവുമെന്നതിനാൽ ലോകായുക്തയുടെ നീതിനിർവഹണം അട്ടിമറിക്കപ്പെടുമെന്നുറപ്പ്. റിട്ട. ചീഫ് ജസ്റ്റിസടക്കമുള്ളവർ വിചാരണയും തെളിവെടുപ്പും നടത്തി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ സർക്കാരിന് തള്ളാനാവുമെന്നതിനാൽ ലോകായുക്തയുടെ ശൗര്യം പോവും. പൊലീസിലെ ഐ.ജി തലവനായ ലോകായുക്ത അന്വേഷണ ഏജൻസി അന്വേഷിച്ച് അഴിമതി കണ്ടെത്തുന്ന നടപടി പ്രഹസനമായി മാറും. ലോകായുക്തയുടെ ജുഡീഷ്യൽ പ്രഖ്യാപനത്തിന്റെ ശരിയും തെറ്റും ഭരണസംവിധാനം പരിശോധിക്കപ്പെട്ടാൽ ഉത്തരവുകളുടെ പ്രസക്തിയില്ലാതാവും ലോകായുക്തയ്ക്ക് ഭരണഘടനാപരമായ സംവിധാനങ്ങളെ അയോഗ്യമാക്കാൻ കഴിയില്ലെന്ന വ്യവസ്ഥയാണ് ഒഴിവാക്കുന്നതെന്നും ഇങ്ങനെയൊരു വ്യവസ്ഥ ലോകത്തെവിടെയുമില്ലെന്നുമാണ് സർക്കാർ ന്യായം. മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലെന്ന ന്യായം പറഞ്ഞ് ഭൂപരിഷ്കരണ നിയമം ഇല്ലാതാക്കുമോ എന്നാണ് പ്രതിപക്ഷത്തിന്റെ മറുചോദ്യം.

പൊതുസേവകനെതിരെ ആരോപണം തെളിയുകയും ജോലിയിൽ തുടരാൻ പാടില്ലെന്ന് ലോകായുക്ത പ്രഖ്യാപിക്കുകയും ചെയ്താൽ ഉടനടി രാജിവയ്ക്കണമെന്ന പതിന്നാലാം വകുപ്പാണ് ഭേദഗതി ചെയ്തത്. അഴിമതിക്കേസിൽ കുറ്റം തെളിഞ്ഞതായി ലോകായുക്ത ഉത്തരവിട്ടാൽ പോലും ഇനി മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കേണ്ടി വരില്ല. മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഉത്തരവിട്ടാൽ നിയമസഭയാണ് അപ്പീൽ അതോറിട്ടി. നിയമസഭയിൽ ഭൂരിപക്ഷമുള്ളതിനാൽ മുഖ്യമന്ത്രിക്കെതിരായ ഉത്തരവ് തള്ളും. മന്ത്രിമാർക്കെതിരെ ഉത്തരവു വന്നാൽ മുഖ്യമന്ത്രിയാണ് അപ്പീൽ അതോറിറ്റി. ഉത്തരവ് മുഖ്യമന്ത്രിക്കു തള്ളാം. എം.എൽ.എമാർക്കെതിരെയാണെങ്കിൽ സ്പീക്കർക്കു തീരുമാനം എടുക്കാം. ഫലത്തിൽ സർക്കാരിനെതിരെ അഴിമതിനിരോധന നിയമപ്രകാരം ലോകായുക്ത ഉത്തരവു വന്നാലും അത് തള്ളിക്കളയാം. സർക്കാരിന് സ്വന്തം കേസിൽ സ്വന്തമായി വിധിപറയാൻ സാഹചര്യമുണ്ടാവുമെന്നും പ്രതിപക്ഷത്തെ വേട്ടയാടാനുള്ള ആയുധമാക്കുമെന്നും ആശങ്കയുമുണ്ട്.

നിയമഭേദഗതിക്ക് രാഷ്ട്രപതി അനുമതി നൽകിയതോടെ, രാഷ്ട്രീയ പാർട്ടി ഭാരവാഹികളെ ലോകായുക്തയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി. ഇതുവരെ രാഷ്ട്രീയ പാർട്ടികളിലെ സംസ്ഥാന ഭാരവാഹികൾക്കെതിരെ ലോകായുക്തയ്ക്കു കേസെടുക്കാനും വിധി പുറപ്പെടുവിക്കാനും അധികാരമുണ്ടായിരുന്നു. പൊതുസേവകരുടെ അഴിമതി തെളിഞ്ഞാൽ അവരുടെ നിയമനാധികാരി അതിലെ നിർദേശം നടപ്പാക്കിയശേഷം ലോകായുക്തയെ അറിയിക്കണമെന്നായിരുന്നു ഇതുവരെയുള്ള നിയമം. ഗവർണർ, മുഖ്യമന്ത്രി, സർക്കാർ എന്നിവരാണു നിയമനാധികാരികൾ. ഭേദഗതി വന്നതോടെ ഉത്തരവ് അപ്പലേറ്റ് അതോറിട്ടികൾ പരിശോധിച്ച് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം. നടപ്പാക്കണമെന്ന് നിർബന്ധമില്ല. 90 ദിവസത്തിനകം ലോകായുക്തയെ തീരുമാനം അറിയിക്കണമെന്നു മാത്രം. ലോകായുക്ത കുറ്റക്കാരെന്നു കണ്ടെത്തിയാലും ഭരണകക്ഷിക്കു വേണ്ടപ്പെട്ടവരെങ്കിൽ രക്ഷിച്ചെടുക്കാം. ലോകായുക്തയുടെ തീർപ്പിനുമേൽ ഗവർണറുടെ അധികാരം പൂർണമായി ഇല്ലാതായി.

മന്ത്രിമാർക്കും ഉന്നത സർക്കാരുദ്യോഗസ്ഥർക്കുമെതിരേ പ്രധാനപ്പെട്ട 3 കേസുകൾ ലോകായുക്തയിലുണ്ട്. തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം, കൊവിഡ് കാലത്തെ പി.പി.ഇ കിറ്റ് ഇടപാട്, മിയാവാക്കി വനം പദ്ധതി തുടങ്ങിയവ സംബന്ധിച്ച കേസുകളാണിവ. മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് എതിർകക്ഷികൾ. ഉത്തരവ് എതിരായാൽ മുഖ്യമന്ത്രിയുടെ മുന്നിലേക്ക് ഫയലെത്തും. പരിശോധിച്ച് തള്ളാനും അവസരമാവും. ലോകായുക്ത ഉത്തരവിനെ മറികടക്കാൻ നിയമഭേദഗതിയിലൂടെ സർക്കാരിനു കഴിയും. ഭേദഗതിപ്രകാരം ലോകായുക്തയാവാൻ സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ്ജസ്റ്റിസോ വേണ്ട. പകരം ഹൈക്കോടതി ജഡ്‌ജി മതി. ലോകായുക്തയിൽ ജഡ്ജിമാർക്ക് സേവനത്തിന് പ്രായപരിധിയില്ലായിരുന്നു. ഭേദഗതിയിലൂടെ 70വയസാക്കിയിട്ടുണ്ട്.

ലോകായ്കുത ഭേദഗതി അംഗീകരിച്ചാൽ അത് പല്ലില്ലാത്ത ശുപാർശാ സമിതിയാക്കി മാറുമെന്ന് ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകിയിരുന്നതാണ്. 2023 നവംബർ 15ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.വി നാഗരത്ന തിരുവനന്തപുരത്ത് ലോകായുക്ത ദിനാഘോഷം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗവും കത്തിൽ ചൂണ്ടിക്കാട്ടി. നിയമഭേദഗതിയിലൂടെ ലോകായ്കുതയെ പല്ലുകൊഴിഞ്ഞ കടുവയാക്കുന്നത് പ്രോത്സാഹിപ്പിക്കരുത് എന്നായിരുന്നു പ്രസംഗം. ഗവർണറുടെ എതിർപ്പ് തള്ളിയാണ് ലോകായുക്ത ഭേദഗതി രാഷ്ട്രപതി അംഗീകരിച്ചത്.

ലോകായുക്തയുടെ

അധികാരം

പൊതുപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭരണകർത്താക്കളുടെയും അഴിമതി, സ്വജനപക്ഷപാതം, അധികാരദുർവിനിയോഗം എന്നിവയെക്കുറിച്ച് സാധാരണക്കാർക്ക് പരാതിപ്പെടാനും അതിന്മേൽ സർക്കാരിന്റെ അനുമതിയില്ലാതെ കേസെടുക്കാനും കഴിയുന്ന ഏക സംവിധാനം. മുൻപ് അഴിമതിയെക്കുറിച്ച് പരാതികിട്ടിയാൽ വിജിലൻസിന് കേസെടുക്കാമായിരുന്നു. നിയമന അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ കേസും അന്വേഷണവും പാടില്ലെന്ന ചട്ടഭേദഗതി വന്നതോടെ, വിജിലൻസിന് സർക്കാർ അനുമതിയില്ലാതെ കേസെടുക്കാനാവില്ല. വിജിലൻസ് കോടതിക്ക് കേസെടുക്കാനും സർക്കാരിന്റെ അനുമതി വേണം. ലോകായുക്തയിലാവട്ടെ, കാര്യമായ പണച്ചെലവില്ലാതെ ആർക്കുവേണമെങ്കിലും ഹർജിനൽകാം. വെള്ളപേപ്പറിൽ 150രൂപയുടെ കോർട്ട്ഫീ സ്റ്റാമ്പൊട്ടിച്ച പരാതികൾ ലോകായുക്ത സ്വീകരിക്കും.

സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ മുൻ ചീഫ്ജസ്റ്റിസ് തലവനായും ഹൈക്കോടതിയിലെ രണ്ട് മുൻ ജഡ്ജിമാർ ഉപലോകായുക്തയായും ജില്ലാ ജഡ്ജി രജിസ്ട്രാറും സബ് ജഡ്ജി ഡെപ്യൂട്ടി രജിസ്ട്രാറുമായ അർദ്ധജുഡീഷ്യൽ അധികാരങ്ങളോടെയുള്ള ഉന്നതസമിതിയാണ് ലോകായുക്ത. പൊലീസിലെ ഐ.ജി തലവനായ അന്വേഷണ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ച് അഴിമതി കണ്ടെത്തും. ഇരുകക്ഷികളുടെയും വാദംകേട്ടും തെളിവെടുപ്പ് നടത്തിയും രേഖകൾ പരിശോധിച്ചും ലോകായുക്ത പുറപ്പെടുവിക്കുന്ന ഉത്തരവാണ് സർക്കാരിന് പുനഃപരിശോധിച്ച് തള്ളാനാവുക. മന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങളും ഭരണപരമായെടുക്കുന്ന നടപടികളും അതിലുണ്ടായ വീഴ്ചകളും അന്വേഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKAYUKTA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.