SignIn
Kerala Kaumudi Online
Saturday, 27 July 2024 9.23 PM IST

സൃഷ്ടിയുടെ ദിവ്യനൃത്തം

f

സകല ദർശന സമ്പ്രദായങ്ങളും ശാസ്ത്രങ്ങളും ഒരേ വ്യാപ്തിക്കുള്ളിൽ വരുന്ന സമഗ്ര ദർശനമാണ് ശ്രീനാരായണ ഗുരുവിന്റേതെന്ന് നടരാജ ഗുരു കണ്ടു. ദൈവവും വേദവും ശാസ്ത്രവും പ്രമാണങ്ങളും അദ്ദേഹത്തിന് നാരായണ ഗുരു മാത്രമായിരുന്നു. ഗുരുദർശനത്തെ എല്ലാക്കാലത്തേക്കുമായി വ്യാഖ്യാനിക്കുകയാണ് നടരാജഗുരു ചെയ്തത്

ശ്രീനാരായണ ഗുരുദേവന്റെ ശിഷ്യൻ എന്ന നിലയിൽ മാത്രം നടരാജ ഗുരുവിനെ വിലയിരുത്തിയാൽ, അദ്ദേഹത്തിന്റെ സംഭാവനകളുടെ ചെറിയൊരംശം മാത്രമേ ആകുന്നുള്ളൂ. ഗുരുവിന് സ്വയം പൂർണ്ണമായി സമർപ്പിച്ച് ശിഷ്യത്വം സ്വീകരിച്ച നടരാജഗുരു,​ അതുവഴി സന്യാസം സ്വീകരിക്കുകയായിരുന്നു. നാരായണ ഗുരു അതിൽ അസാധാരണത്വമൊന്നും കണ്ടതുമില്ല. 'നീ സന്യാസിയാകുന്നതുകൊണ്ട് ആശ്രമത്തിന് കൂടുതലായി ഒരു സോപ്പിന്റെ ചെലവു കൂടിയല്ലേയുള്ളൂ" എന്നായിരുന്നു ഗുരുദേവന്റെ പ്രതികരണം!

ഏതു ജീവിത മൂല്യത്തെയും ചെറിയ ലാഭത്തിനായി കൈവെടിയുന്ന, ലൗകിക താത്പര്യങ്ങളിൽ പ്രബലരായ മനുഷ്യർക്ക് മനസ്സിലാകുന്ന ഒരു കർമ്മപദ്ധതിയിലും ഇണങ്ങി നിൽക്കാൻ നടരാജ ഗുരുവിനു കഴിഞ്ഞില്ല. ഗുരു തന്നെ പറഞ്ഞത് ഇങ്ങനെ: 'ജീവിതം ഒരു തുറുങ്കാണ്. വിരുദ്ധങ്ങളായ ലൗകിക താത്പര്യങ്ങൾ എപ്പോഴും അതിൽ ആത്മാവിന്റെ സ്വച്ഛന്ദമായ വിഹാരത്തെ വിഘാതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരു തരത്തിലല്ലെങ്കിൽ വേറൊരു തരത്തിൽ എല്ലാവരും ബദ്ധരാണ്. നമ്മുടെ വാക്കുകൾ, വിചാരങ്ങൾ കർമ്മങ്ങൾ ഇവയെല്ലാം സമുദായത്തിന്റെ താത്പര്യങ്ങൾക്കുള്ളിൽ ചുരുക്കി നിറുത്തിക്കൊള്ളണം. അതിനു തയ്യാറായില്ലെങ്കിൽ എന്തു ചെയ്യണമെന്ന് സമുദായത്തിനറിയാം. സോക്രട്ടീസിന് വിഷം കൊടുത്തു, നബിയെ മദീനയിലേക്കോടിച്ചു, ക്രിസ്തുവിനെ ക്രൂശിച്ചു, ബ്രൂണോയെ അഗ്നിക്കിരയാക്കി, റൂസ്സോയെയും വോൾട്ടയറേയും ഭ്രഷ്ടരാക്കി."

മരണരഹസ്യവും

നചികേതസും


നാരായണ ഗുരുവിന് തന്റെ ശിഷ്യനെ നന്നായി മനസ്സിലാകുമായിരുന്നു. അതുകൊണ്ടു തന്നെയാണ് നടരാജ ഗുരുവിനെ ബന്ധിച്ചിരുന്ന എല്ലാ പാശങ്ങളും അറുത്ത് മുക്തനാക്കി,​ യൂറോപ്പിലേക്കയച്ചത്. ഇവർ തമ്മിലുള്ള ഗുരുശിഷ്യ ബന്ധം, കഠോപനിഷത്തിലെ ഗുരുയമനെയും ശിഷ്യൻ നചികേതസ്സിനെയും പോലെയാണെന്ന് ഗുരു മുനിനാരായണ പ്രസാദ് പറയുന്നുണ്ട്. ഈ ലോകത്തിൽ ഒരു മനുഷ്യനു ലഭിക്കാവുന്ന എല്ലാ സുഖസൗകര്യങ്ങളും വച്ചുനീട്ടിയിട്ടും നശ്വരമായതൊന്നും തനിക്കു വേണ്ടെന്നും,​ മരണത്തെക്കുറിച്ചുള്ള രഹസ്യമാണ് തനിക്ക് അറിയേണ്ടതെന്നും നചികേതസ് ഉറച്ചുനിന്നു. അതുപോലെ രാജകീയമായ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചാണ് നാരായണ ഗുരുവിന്റെ ശിഷ്യനാകാൻ നടരാജഗുരു തയ്യാറായത്.

തന്റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് ലഭിക്കുമായിരുന്ന ഉന്നത ഉദ്യോഗവും,​ അതുവഴി ലഭിക്കുമായിരുന്ന സാമൂഹ്യ പദവിയുമൊക്കെ തുച്ഛമായി തള്ളുകയും,​ അതിനെല്ലാമുപരി അമൂല്യമായതാണ് നാരായണ ഗുരുവിന്റെ സത്യദർശനത്തിന്റെ അന്തർരഹസ്യമെന്നും മനസ്സിലാക്കി,​ അതിനായി സമർപ്പിക്കുകയും അത് ലോകത്തെവിടെയും ഉള്ളവർക്കു വേണ്ടി രചിക്കുകയും ജീവിതംകൊണ്ടും പ്രഭാഷണങ്ങളിലൂടെയും പകർന്നു നൽകുകയും ചെയ്തു.
ആധുനിക ലോകത്തിന് നടരാജ ഗുരു നൽകിയ സംഭാവനകളിൽ ഏറ്റവും പ്രധാനം,​ താൻ കണ്ടെത്തിയ ചിന്താരീതിയും അറിവിന്റെ സമഗ്രതയും വരുംതലമുറയ്ക്ക് പകർന്നു നൽകുവാനായി നാരായണ ഗുരുകുല ഫൗണ്ടേഷൻ സ്ഥാപിച്ചതാണ്. അറിവിന്റെ മാത്രം പിൻബലത്തിൽ നിലനിന്നു പോരുന്ന ഈ പ്രസ്ഥാനം നൂറു വർഷം പിന്നിട്ടിരിക്കുന്നു. പിൻഗാമികളായ ഗുരു നിത്യചൈതന്യതിയും ഗുരു നാരായണ പ്രസാദും ഒരർത്ഥത്തിൽ നടരാജഗുരുവിന്റെ സംഭാവന തന്നെയാണ്. ഈ അർത്ഥത്തിൽ കഴിഞ്ഞ 100 വർഷമായി ഗുരുകുലം ചെയ്തുവരുന്ന നിവൃത്തിമാർഗ്ഗം എന്ന അമൂല്യ സാമൂഹ്യ സേവനം പരോക്ഷമായി നടരാജഗുരുവിന്റെ സംഭാവനയാണ്.

ഉത്തമ ഗുരുവും

ഉത്തമ ശിഷ്യനും

ഒരേസമയം അത്യന്തം ആധുനികനും പുരാതന ഋഷിമാരുടെ പ്രതിനിധിയുമായിരുന്നു നടരാജഗുരു. തന്റെ തത്വചിന്ത പോലെ തന്നെ പൂർവചരിത്രവും ഭാവിയിലെ സാദ്ധ്യതയും ഒരിടത്തു കേന്ദ്രീകരിച്ച് ഒന്നായി നിന്നിരുന്നു. പുറമേയുള്ളതെന്നും അകമേയുള്ളതെന്നും വേർതിരിക്കാനാവാത്ത സമഗ്ര വ്യക്തിത്വമായിരുന്നു ഗുരുവിന്റേത്. ഒരു ഗുരു എന്ന നിലയിൽ സ്വധർമ്മം പാലിക്കുന്നതിൽ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. പാശ്ചാത്യ വിദ്യാഭ്യാസം നേടിയ ഗുരു അമേരിക്കയിലും യൂറോപ്പിലും മറ്റുമുള്ള ഗവേഷണ സ്ഥാപനങ്ങളും ഗ്രന്ഥശാലകളും പ്രയോജനപ്പെടുത്തി എം.എ, എൽ.ടി, ഡി.ലിറ്റ്, എം.ആർ.എസ്.ടി ബിരുദങ്ങൾ കരസ്ഥമാക്കി ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷമെടുത്ത തീരുമാനങ്ങൾ നടരാജ ഗുരുവിനെ ഒരേസമയം ഒരുത്തമ ഗുരുവും ശിഷ്യനുമാക്കി!

'ഞാനുണ്ടാകും" എന്ന് സ്വന്തം ഗുരുവിനു കൊടുത്ത വാക്ക് അന്വർത്ഥമാക്കിക്കൊണ്ട്, നാരായണ ഗുരുവിന്റെ അന്തർദർശനത്തെ പാശ്ചാത്യവും ആധുനിക ശാസ്ത്രത്തിന് നിരക്കുന്നതുമായ ശൈലിയിലേക്കു പകർത്തി ലോകത്തിനു പരിചയപ്പെടുത്തുക എന്നത് ജീവിതവ്രതമായി അദ്ദേഹം ഏറ്റെടുത്തു. സകല ദർശന സമ്പ്രദായങ്ങളും സകല ശാസ്ത്രങ്ങളും ഒരേ വ്യാപ്തിക്കുള്ളിൽ വരുന്നതായ സമഗ്ര ദർശനമാണ് ഗുരുവിന്റേതെന്ന് നടരാജ ഗുരു കണ്ടു. ഗുരു നിത്യചൈതന്യതി ഒരിക്കൽ നടരാജ ഗുരുവിനെക്കുറിച്ച് പറഞ്ഞു: 'ദൈവവും വേദവും ശാസ്ത്രവും പ്രമാണങ്ങളും എല്ലാം അദ്ദേഹത്തിന് നാരായണ ഗുരു മാത്രമായിരുന്നു. തന്റെ ജീവിതത്തിന് ഒറ്റ അർത്ഥമേ നടരാജഗുരു കണ്ടിരുന്നുള്ളൂ. അത്,​ ഗുരുദേവന്റെ വാക്കും വഴിയുമറിഞ്ഞ്,​ ആ വഴി നടക്കുന്നതും ആ വാക്കിന്റെ അഗാധതയിലേക്ക് വെളിച്ചം വീഴ്ത്തി അത് വേറൊരുവന് പരിചിതമാക്കിക്കൊടുക്കുന്നതും മാത്രം!"

ദൈവത്തിന്റെ

നിർവചനം

ദൈവം എന്ന വാക്കിനു പകരം 'ദി അബ്സൊല്യൂട്ട്' എന്നാണ് നടരാജ ഗുരു ഉപയോഗിച്ചത്. അതിനെ ഗുരു ഇങ്ങനെ നിർവചിക്കുന്നു: 'എല്ലാറ്റിനെയും അവയെ സംബന്ധിച്ചുണ്ടാകുന്ന എല്ലാ ആശയങ്ങളെയും പരസ്പരവൈരുദ്ധ്യം കൂടാതെ ഒരുപോലെ ഉൾക്കൊള്ളുന്ന നിഷ്പക്ഷ സത്തയാണ് പരംപൊരുൾ. സത്യം, വാസ്തവികത, യാഥാർത്ഥ്യം, സത്ത് എന്നൊക്കെ പറയുന്നത് ഇതിന്റെ ഓരോരോ ഭാവത്തെയാണ്. പരംപൊരുൾ അഥവാ ബ്രഹ്മം ഒരു നിഷ്പക്ഷ സത്യമാണ്. അപ്പോൾ അതിനെ അറിയാൻ ശ്രമിക്കുന്നവരും ഒരു നിഷ്പക്ഷ തലത്തിൽ നിൽക്കണം. ദ്വൈതങ്ങൾ നിരാകരിച്ച് രണ്ടും സന്ധിക്കുന്ന നിഷ്പക്ഷതലത്തിൽ എത്തണം. അതിനായുള്ള ഒരു സമീപനരീതിയും നടരാജഗുരു കൊണ്ടുവന്നു. അതാണ് 'ഡയലക്ടിക്കൽ മെത്തഡോളജി'.

പണ്ടുതൊട്ടേ ലോകചിന്തയിൽ മറഞ്ഞുകിടന്ന ഈ ചിന്താരീതിയെ ആധുനിക ലോകത്തിന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചുകൊണ്ട് ചിന്താലോകത്തിന് തനതായ ഒരു സംഭാവന നൽകാൻ ഗുരുവിനു കഴിഞ്ഞു. പ്ലേറ്റോ ഈ സമീപനത്തെ ഡയലക്റ്റിക് എന്നു വിളിക്കുകയും,​ 'കോപ്പിംഗ്സ്റ്റോൺ ഒഫ് വിസ്ഡം' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഈ ചിന്താരീതി ഒരർത്ഥത്തിൽ നാരായണഗുരു നെടുനാൾസൗഖ്യം ഉണ്ടാകാനായി മുന്നോട്ടുവച്ച 'നടുനില' തന്നെയാണ്. ഏഴിമല നാരായണ ഗുരുകുലത്തിൽ വച്ച് ലോക സമാധാന സമ്മേളനം- 'വേൾഡ് പീസ് ത്രൂ യൂണിറ്റ് അണ്ടർസ്റ്റാൻഡിംഗ്' തുടർച്ചയായി അഞ്ചുവർഷം നടത്തിയത് ലോകഹിതത്തിനു വേണ്ടിയായിരുന്നു.


ചുരുക്കത്തിൽ,​ ആദിനാരായണനിൽ തുടങ്ങി നാരായണ ഗുരുവിലെത്തിനിൽക്കുന്ന ജ്ഞാനത്തിന്റെ അനുസ്യൂതമായ ഒഴുക്കിനെ ഭാവിയിലേക്കും തടസ്സമില്ലാതെ ഒഴുകുവാൻ അനുവദിക്കുന്നതിനും,​ മനുഷ്യന്റെ ബൗദ്ധികാന്വേഷണങ്ങളും കണ്ടെത്തലുകളും വൈജ്ഞാനിക മേഖലയെ സമ്പുഷ്ടമാക്കുന്നതോടൊപ്പം ഈ ജ്ഞാനപ്രവാഹത്തിലെ കുമിളകളായി ചേർത്തുവയ്ക്കുന്നതിനും നടരാജഗുരു മറന്നില്ല. സൃഷ്ടിയുടെ ദിവ്യനൃത്തത്തിന്റെ അനാവരണമായിരുന്നു,​ നടരാജഗുരുവിന്റെ ജീവിത നിയോഗം.

(1973 മാർച്ച് 19- നായിരുന്നു നടരാജ ഗുരുവിന്റെ വിയോഗം)​ ​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NADARAJAGURU
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.